Image

സാക്ഷാത്ക്കാരം (കവിത: വേണുനമ്പ്യാർ)

Published on 14 January, 2025
  സാക്ഷാത്ക്കാരം (കവിത: വേണുനമ്പ്യാർ)

അപാരതയുടെ തീരങ്ങളിൽ
വെറുതെ എന്നെ 
നീ തിരയുന്നു

ഞാനാരാണെന്നറിയുന്ന
ഞാനല്ലാത്ത
വെറും ഞാനല്ലേ
ഈ ഞാൻ

അജ്ഞേയതയുടെ നക്ഷത്രപഥങ്ങളിൽ
വെറുതെ നിന്നെ തേടി
ഞാൻ അലയുന്നു

നീയാരാണെന്നറിയുന്ന
നീയല്ലാത്ത
വെറും നീയല്ലേ
ഈ നീ

എനിക്കും നിനക്കുമിടയിലെ
യാഥാർത്ഥ്യത്തിന്
മൗനാതീതമായ സത്യം
സംഗീതശില്പഗോപുരങ്ങൾ
പണിയട്ടെ


തേടിപ്പിടിക്കാൻ മാത്രം,
ഒരു മാത്ര പോലും
ഞാനും നീയും
വേർപിരിഞ്ഞു കഴിഞ്ഞിട്ടുണ്ടൊ

അദൃശ്യമായ ഒരു പശയാൽ
നമ്മൾ പരസ്പരം
ഒട്ടിക്കപ്പെട്ടിരിക്കുകയല്ലേ
പശ ഭിത്തിയല്ല
രഹസ്യത്തിന്റെ
ചുരുൾ നിവർത്തുന്ന
മായാദർപ്പണം

ഉണ്മയാകട്ടെ
എന്റെയും നിന്റെയും
ആത്മാവിന്റെ
മൂലധനം

മൂലം പോയാൽ
പിന്നെ ധനം കൊണ്ടെന്തു നേടും
ലോകം മുഴുക്കെ വെട്ടിപ്പിടിച്ച്
കാൽക്കീഴിലാക്കിയാലും
ലാഭം ജലരേഖ പോൽ

വേര് ചീഞ്ഞളിഞ്ഞു പോയാൽ
ചെടി കിളിർത്ത് പൂക്കുമൊ
തേൻ നുകരാൻ
പക്ഷികളും ശലഭങ്ങളും വരുമൊ

എന്റെയും നിന്റെയും
ഇടയിലുള്ള വർണ്ണക്കളിത്തിരശ്ശീല
താഴ്ത്തുവാൻ
സ്ഥലകാലത്തിനു
കെൽപ്പില്ല
അപാരതയുടെ
കാന്തികമർദ്ദത്താൽ
സഹജം തൽക്ഷണം
സത്യസാക്ഷാത്ക്കാരം

പൂർണ്ണതയുടെ ഉണർവ്വിൽ
ഈ ലോകം കേവലം നശ്വരമായ 
ഒരു വർണ്ണാഭസ്വപ്നമായി
മാറട്ടെ

വൈഖരിയുടെയും
പശ്യന്തിയുടെയും 
കടവുകൾ ഉപേക്ഷിച്ച്
പരമാനന്ദസാഗരത്തിലെ
ലഹരിത്തിരകളായി
നമുക്ക് ഇളകി മറിയാം

നിജസ്വരൂപത്തിന്റെ
വൃന്ദാവനത്തിൽ
വേണുഗാനവും ശ്രവിച്ച്
പൂകാം പരമവിശ്രാന്തി!

 

Join WhatsApp News
Sudhir Panikkaveetil 2025-01-15 02:38:06
ഭാരതീയ തത്വചിന്തകളും പൈതൃകവും കവിതകളിലൂടെ പ്രതിഫലിപ്പിക്കുക എന്ന ദൗത്യം അനുഗ്രഹീതനായ കവി ശ്രീ വേണു നമ്പ്യാർ നിർ വഹിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും ചിന്തകൾ അവ്യക്തമായി മനസ്സിൽ രൂപമെടുക്കുന്നു. പിന്നെ നമ്മൾ അതിനെ തിരിച്ചറിയുന്നു. (പശ്യന്തി) പിന്നെ അത് വാക്കായി പുറത്തുവരുന്നു. അതാണ് വൈഖരി. പക്ഷെ ഇതുകൊണ്ടൊന്നും പരമമായ ലക്ഷ്യത്തിലേക്ക് നമ്മൾ എത്തുകയില്ല. എല്ലാ ചിന്തകളും പഠനങ്ങളും ആത്മസാക്ഷാത്കാരത്തിലേക്ക് ആയിരിക്കണം. അതാണ് കവി ഇവിടെ പറയുന്നത് പരമാനന്ദസാഗരത്തിലെ ലഹരിതിരകളാകുക എന്ന്. കവി ശ്രീ വേണു നമ്പ്യാർ ഇമലയാളിയുടെ കവിത മത്സരത്തിൽ ജൂറി അവാർഡ് ലഭിച്ചുവെന്നറിഞ്ഞു. അഭിനന്ദനങ്ങൾ
വേണുനമ്പ്യാർ 2025-01-17 13:42:48
ശ്രീ സുധീർ പണിക്കവീട്ടിലിന്റെ അനുഗ്രഹാശിസ്സുകൾ കൊണ്ടാകാം എനിക്ക് ജൂറി അവാർഡ് കിട്ടിയത്. അദ്ദേഹത്തിന്റെ പ്രചോദനമരുളുന്ന വാക്കുകൾ പലപ്പോഴും എനിക്ക് ഊർജ്ജവും ഉത്സാഹവും തന്നിട്ടുണ്ട്. അദ്ദേഹത്തോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക