Image

വിപ്ലവ കാണ്ഡം (കഥ : ജിൻസൻ ഇരിട്ടി )

Published on 14 January, 2025
വിപ്ലവ കാണ്ഡം (കഥ : ജിൻസൻ ഇരിട്ടി )

കീഴ്പ്പള്ളിയിലെ ചാവറപ്പെരുന്നാളിന്റെ അന്നാണ്   അവസാനമായി കെ. സി  ജോസിനെ    കണ്ടത്ത് .വിപ്ലവം തലക്ക്  പിടിച്ച് പാൽ  ചുരം കേറിയതിന്   ശേഷം അങ്ങേര് കത്തി നിൽക്കുവല്ലാരുന്നോ.ബ്രണ്ണൻ കോളേജിന്റെ വരാന്തയിൽ തുടങ്ങിയ ബന്ധമാണ് . അന്ന് പിള്ളാര് കെ .സി .ജോസിനെ     വിളിച്ചോണ്ടിരുന്നത് വിപ്ലവ  നേതാക്കളെ ജനങ്ങൾ  വിളിച്ചോണ്ടിരുന്നതുപോലെ പേര് ഷോർട്ടാക്കി സഖാവ്  കെ.സിയെന്നാണ് . ആറടി പൊക്കം . തീപ്പന്തം പോലെ ജ്വലിച്ചു നിൽക്കുന്ന ചുരുളൻ മുടി .  മുദ്രാവാക്യത്തിന് വെടിയുണ്ടയുടെ ശബ്ദം.  കെ.സി  മുദ്രാവാക്യം വിളിക്കുന്നത്   കേട്ടാൽ പിള്ളാര്  ക്ലാസ് റൂമിന്ന് പോലുമിറങ്ങി വന്നു പോകും .
‘‘ സഖാവേ മുദ്രാവാഖ്യം വിളിക്കുമ്പോ അടിവയറ്റിന്ന്   വരണോം, എന്നാലെ ഏറ്റു വിളിക്കുന്നവന്റെ നെഞ്ച് കത്തുള്ളൂ ’’ , ബ്രണ്ണൻ വരാന്തയിൽ നിന്ന് കെ .സി  മുഷ്ടി ഉയർത്തി  പറഞ്ഞപ്പോൾ ബേബി, ഒരു സമര പോരാളിയുടെ ആവേശത്തോടെ ആ തീ നെഞ്ചിലേറ്റുവാങ്ങി .പിന്നെ ബേബി ,കെ.സിക്കൊപ്പം  ബ്രണ്ണനിൽ  തീക്കാറ്റായി .
കീഴ്പ്പള്ളിപ്പെരുന്നാളിന്റെ ആൾക്കൂട്ടങ്ങൾക്കിടയിൽ കെ.സി  തലയെടുപ്പുള്ള   ഒറ്റയാനെ പോലെ മുന്നിൽ നിൽക്കുമ്പോൾ പഴയ മുദ്രാവാക്ക്യം തീ പന്തമായി ബേബിയുടെ  ചുറ്റിലും ഭ്രമണം  ചെയ്യുന്നത് അയാൾ കണ്ടു.
'‘ സഖാവെന്താ ഇവിടെ ? ’’,  കീഴ്പ്പള്ളിപ്പെരുന്നാളിന് സ്ഥിരം  കൊട്ടാറുള്ള വളയംകോട് ബാന്റ് മേള  ടീം ആവേശത്തിൽ കൊട്ടി കയറുന്നതിനിടയിൽ  ബേബി  ചോദിച്ചു .മറുപടിയായി ബാന്റ് മേളത്തിനൊപ്പം  ബേബിയുടെ  കൈ പിടിച്ചു കെ.സി   രണ്ട്  ചുവട് തുള്ളി . ബേബിക്ക്  ഒന്നും പിടി കിട്ടിയില്ലെങ്കിലും ‘അഴകിയ ലൈല’ എന്ന പാട്ടേറെയിഷ്ടമായതുകൊണ്ട്  ബേബിയും കൂടെ  തുള്ളി . പെട്ടന്ന് അവർക്കിടയിൽ കയറി   വന്ന രാഘവൻ  പോലീസിന്റെ മുഖം  കണ്ടതും  വലതു  കയ്യിൽ മുറുക്കെ പിടിച്ചിരുന്ന  കെ. സിയെ  കാണാണ്ടായി . ബേബിക്ക്  ഒരു കാര്യം ഉറപ്പായി .എന്തോ കേസ് ഒപ്പിച്ചിട്ടുള്ള  വരവാണ് .   പ്രദക്ഷിണം കഴിഞ്ഞ്  ,ഏലീയാസിന്റെ ഉന്തു വണ്ടിന്ന് മേടിച്ച   ചൂടൻ കടലയും  കൊറിച്ചുകൊണ്ട്   പള്ളി മുറ്റത്തു  ഗാനമേള കണ്ടുകൊണ്ടിരിക്കുമ്പോഴും   ബേബി   തലങ്ങും  വിലങ്ങും കെ.സിയെ  തിരയുന്നുണ്ടായിരുന്നു .കാണാത്തപ്പോൾ പോയിട്ടുണ്ടാവുമെന്നു  വിചാരിച്ചു . അവിടിവിടെയായി കുടിമ്മാരുടെ വെറും  അവിഞ്ഞ തുള്ളലൊഴിച്ചാൽ ഗാനമേള അറുബോറാണന്ന്  ബേബിക്ക് തോന്നി . അയാൾ, കടല കൊറിച്ചുകൊണ്ട്  ഇറങ്ങി നടന്നു . 
ആറളം പോലീസ്റ്റേഷന്റെ വളവിലെത്തിയപ്പോൾ ഈയ്യാംപാറ്റകൾ വളഞ്ഞ  വിളക്ക് മരത്തിനു  കീഴെ  തണ്ടർ ബോൾട്ടിന്റെ ഒരു ജീപ്പ് നിർത്തിയിട്ടിരിക്കുന്നത് കണ്ടു . അതിൽ മൂന്നാല് പട്ടാള വേഷം ധരിച്ച പോലീസുകാരുമുണ്ട് . ബേബി  ജീപ്പിലേക്കു തുറിച്ചു നോക്കുന്നത് കണ്ട് അതിലൊരാൾ പുറത്തേയ്ക്ക് തലയിട്ട്, പുരികമുയർത്തി എന്തുവേണമെന്ന അർത്ഥത്തിൽ രൂക്ഷമായി നോക്കി . ബേബി  പെട്ടന്ന് തല വെട്ടിച്ച്  വേഗം ഇരുട്ടിലേക്ക് നടന്നു .അപ്പോൾ  ബേബിക്ക്   തന്റെ താടി രോമങ്ങൾ ഓർമ്മ വന്നു .രൂപത്തിൽ താനിപ്പോൾ ഒരു നക്സലൈറ്റ് ആയിട്ടുണ്ടാവുമോയെന്ന്  ആലോചിച്ചു നടന്നു . ജാൻസി  പ്രസവത്തിന് അവളുടെ വീട്ടിൽ പോയത്  ശരിക്കും മുഖത്തു കാണാനുണ്ട് . ബേബി നീണ്ട താടി രോമങ്ങളിൽ വിരലിട്ടു കറക്കി .
'‘ അല്ല ,ശെരിക്കും എന്നെ കാണാനിപ്പോ ഒരു  നക്സലിനെ പോലെയൊണ്ടോ ? ’',വിട്ടു മറാത്ത സന്ദേഹങ്ങളിൽ ബേബി  വട്ടം കറങ്ങി . നീണ്ട മുടിയിലും , താടിരോമങ്ങളിലും  വീണ്ടും തടവി അല്ലാന്നു ഉറപ്പു വരുത്താൻ ശ്രമിച്ചു   .അപ്പോൾ   അരയിൽ നിന്ന് മുണ്ട്   ഊർന്നു വീഴാറായതറിഞ്ഞ്  കൈയിൽ പിടിച്ചിരുന്ന  സഞ്ചി ബാലൻസ് ചെയ്തുകൊണ്ട് മുണ്ടു  മുറുക്കി കുത്തി.
'‘ ഏയ് , ഓരോ പൊട്ട ചിന്തകള് ’’, ബേബി  സ്വയം പരിഹസിച്ചു ചിരിച്ചു.
ഇടശ്ശേരി കുന്നിറങ്ങുബോൾ , കപ്പിലുമാം  തോട്ടത്തിലെ ഇരുട്ടിൽ  നിന്നാരോ   പേര് വിളിക്കുന്നത് കേട്ട് ബേബി തിരിഞ്ഞു നോക്കി .സാക്ഷാൽ  സഖാവ് കെ. സി !. മുള്ളല്  നിർത്തി ,ചുണ്ടിൽ  എരിഞ്ഞു നിൽക്കുന്ന  ബീഡി കയ്യിൽ എടുത്തു കൊണ്ട് കെ.സി   അടുത്തേക്ക്   വന്നു.
'' ഞാൻ ഇന്നെ കാത്തു നിക്കുവാരുന്നു. ആറളം ഫാമി പോകാനാ ഞാൻ ശെരിക്കും വന്നേ  '', കെ സി പറയാൻ വന്നത് പെട്ടന്ന്  നിർത്തി  കെട്ടു പോയ ബീഡി ചുണ്ടിൽ തിരുകിട്ട് തണുപ്പ് പിടിച്ചു  കത്താതെ നിന്ന ലാബ് കുലുക്കി കത്തിക്കാൻ ശ്രമിച്ചു . 
ബേബിക്ക് ഒന്നും മനസിലായില്ല . അയാൾ അന്താളിച്ചു നിന്നു. പാൽചുരത്തെ പ്രവർത്തനം നിർത്തി   ജെ.എൻ.യുവിൽ പഠിക്കാൻ ഡൽഹിക്കു വണ്ടി കേറിയ കെ.സിയെന്തിനാ ഈ പാതിരാത്രി പുഴ കടന്ന് ആദിവാസി കമ്മ്യൂണിറ്റി കൂട്ടമായി താമസിക്കുന്ന ആറളം  ഫാമിലേക്ക് പോകുന്നേന്ന് ചോദിക്കാൻ  ബേബിയുടെ  നാവിന്റെ തുഞ്ചത്ത് വന്നെങ്കിലും വേണ്ടന്ന് വച്ചു. അപ്പോഴാണ്   രാത്രിയിൽ ആറളം ഫാമിൽ ,കയ്യിൽ കിട്ടിയാൽ  കാച്ചാൻ കാത്തിരിക്കുന്ന വിരളി പൂണ്ട കാട്ടാനകളെക്കുറിച്ചോർത്തത് .   കഴിഞ്ഞ മാസം കൂടി, വാറ്റ് കുടിക്കാൻ വന്നപ്പോൾ തടഞ്ഞതിന്  ഒരു കള്ള വാറ്റുകാരനെ ആന  തീർത്തതാണ് . 
'‘ ആനയെ സൂക്ഷിച്ചോണം കേട്ടോ '', ബേബിയുടെ കണ്ണുകളിൽ ചെറിയ  ഭയം നിഴലിച്ചു :
'‘ കീട്ടിയാ ചവിട്ടിയരച്ചു കളയും ’’
നീണ്ട ശ്രമത്തിനൊടുവിൽ ലാബ് കത്തിച്ച് ,ബീഡി  പുകച്ചിട്ട് കെ .സി  പറഞ്ഞു:
'‘ ഓ എനക്ക്  അനയെക്കാ   പേടി  മനുഷ്യരെയാ. ഇന്ന് ഇനി എന്തായാലും  ആടെ പോയിട്ടു കാര്യയില്ല ‘’
'‘ എന്നാ  വീട്ടിലേക്ക് പോരെ  ഞാനൊറ്റയ്ക്കാ .ജാൻസി പ്രസവത്തിന് അവളടെ വീട്ടിൽ പോയേക്കുവാ ’’,
സഞ്ചിയിൽ പത്ര കടലാസിൽ   പൊതിഞ്ഞു കിടന്ന   ബിബറേജിൽ നിന്നു മേടിച്ച   കുപ്പിയിലേക്ക് ബേബിയുടെ കണ്ണ് പാളി:
'‘ ഒന്ന് മിന്നിക്കാനിതേ ഇവനും ഉണ്ട് ’’ , ബേബി സഞ്ചിയിൽ നിന്ന്  കുപ്പി  കയ്യിൽ എടുത്തു . സീസർ ബേബിയുടെ കയ്യിൽ ഇരുന്നു മിന്നി . പക്ഷെ കെ.സിയുടെ   മുഖത്ത്   അത്ര ഉത്സാഹം കണ്ടില്ല 
'‘  ഇൻറെ  കുടുംബത്തിലേക്കിപ്പോ  ഒരാളുടെ വരാൻ പോകുന്നല്ലേ .അടിപൊളി  ’’
ബേബി  ചിരിച്ചിട്ട് ആകാശത്തു  കത്തി നിൽക്കുന്ന നക്ഷത്രങ്ങളിലേക്കു നോക്കി . അതിൽ ഒരെണ്ണം ഒരു പ്രത്യേക  വെളിച്ചത്തിൽ  ബേബിയെ  നോക്കി മിന്നിയത് അയാൾ മാത്രം കണ്ടു.
'‘ബ്രണ്ണൻ കോളേജിന്ന് പിരിഞ്ഞ ശേഷം നമ്മൊളൊരു തവണ കണ്ടിട്ടുണ്ട്. ഓർമ്മയുണ്ടോ ? ’’
കെ.സി  ഒന്നാലോചിച്ചു
'‘അതെ , എനക്കോർമ്മയുണ്ട് സത്യന്റെ കല്യാണത്തിന് ’’
പെട്ടന്ന് അവർക്കിടയിൽ നിശബ്ദമായ ഒരു  വിഷാദം കനത്തു . കുറച്ചു നേരത്തേയ്ക്ക് ആകാശത്തു നക്ഷത്രങ്ങൾ കാണാണ്ടായി . അവരൊന്നും മിണ്ടാതായി . കെ.സി വീണ്ടും   കെട്ടുപോയ ബീഡി കത്തിച്ചു .
'‘എന്നാലും സത്യനെങ്ങനാ മരിച്ചേ ?  ’’
കെ. സി  ഒന്നും പറയാതെ ഒരു പ്രതിഷേധം പോലെ  ബീഡി ആഞ്ഞു വലിച്ചു. .ബേബി ,കെ.സിയുടെ ഒപ്പമെത്താൻ  രണ്ടു ചുവടു നീട്ടി വച്ചു: 
'‘പോലീസ് കാര് കൊന്നതാന്നും , അതല്ല സുഖയില്ലാതെ മരിച്ചതാന്നും പറയുന്നു ’’
ഇരുട്ടിലും കെ.സി യുടെ മുഖം  വല്ലാതെ ദേക്ഷ്യം കൊണ്ട് ചുവന്നത് ബേബി  കണ്ടു 
'‘ പോലീസുകാര് കൊന്നയന്നെ.അല്ലാണ്ടെന്താ.നായിന്റെ മക്കള് ’’
കെ.സിയുടെ വാക്കുകളിലെ അമർഷം ബേബിയുടെ നെഞ്ചിലേക്കും പടർന്നു . ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്തു സത്യൻ തന്റെ  രണ്ടു വര്ഷം സീനിയറായിരുന്നു . യൂണിറ്റ് കമ്മിറ്റിയിൽ ചേരുമ്പോൾ സത്യൻ പ്രസിഡന്റായിരുന്നു . 
‘‘ സത്യം  പറയുന്നതിനേക്കാ വലിയ വിപ്ലവയില്ല  സഖാവേ ’’ എന്ന്  ബ്രണ്ണൻ കോളേജിൽ  വച്ചൊരിക്കൽ തന്നോട് പറഞ്ഞ സത്യനെ പോലീസ് കൊന്നിട്ടുണ്ടെങ്കിൽ സത്യന്റെ വാക്കുകൾ അത്രയ്ക്ക് പോലീസിനെയും, ഭരണ കുടത്തെയും അസ്വസ്ഥമാക്കിട്ടുണ്ടാകുമെന്ന്    ബേബിക്ക് തോന്നി . കൽപ്പറ്റ ആദിവാസി സമരത്തിൽ സത്യന്റെ ഫോട്ടോ പത്രത്തിൽ കണ്ടത് ബേബി ഓർമിച്ചു  .  ഇരുട്ട് കനത്തു . കെ.സി  ഒന്നും മിണ്ടാതെ ,എരിയുന്ന  ബീഡിക്കൊപ്പം   ഞെഞ്ചിൽ  കത്തി കയറുന്ന  നെരിപ്പോടിനോട് കലഹിച്ചു കൊണ്ട് നടന്നു . 
ബേബി, വിട്ട് പോയതെന്തോ   ചോദിക്കാനുള്ളത് പോലെ കെ.സിയെ നോക്കി . കെ.സി  അടുത്ത ബീഡി കത്തിച്ചു . 
'‘ അല്ല ,എനിക്ക് മനസിലാകണില്ല , ജെ.എൻ.യു വിൽ റിസേർച്ചു ചെയ്യുന്ന താനി   രാത്രി ആറളം ഫാമി പോണോങ്കി അതിനൊരു ശക്തമായ കാരണയില്ലാണ്ടിരിക്കുവോ ? ’’
കെ.സി യുടെ യാത്രയിലെന്തോ ഒളിഞ്ഞിരിപ്പുണ്ടന്ന  മട്ടിൽ ബേബി ചോദിച്ചപ്പോൾ കെ.സിക്കു ചിരി  വന്നു :
'‘ജെ.എൻ.യുവിലെ എന്റെ റിസേർച് ആറളം ഫാമിലെ ആദിവാസി മുന്നേറ്റത്തെ   കുറിച്ചാ ’’
ബ്രണ്ണൻ ഹോസ്റ്റലിലെ ഒന്നിച്ചുള്ള പുറത്തു പറയാൻ കൊള്ളാത്ത  പഴയ തമാശകളുടെ   കാലം ഉള്ളിൽ തെളിഞ്ഞു കത്തുന്നതുകൊണ്ട്   കെ.സി  ആ പറഞ്ഞത് വിശ്വസിക്കണോ , വേണ്ടയോയെന്ന്  ബേബി സംശയിച്ചു.

'‘ഫാമിലെ കൈതക്കൊല്ലിലുള്ള കൈമയാണന്നെ സഹായിക്കുന്നെ. ഓനെ കാണാനാ ഞാൻ പെരുന്നാളിന് വന്നേ. പക്ഷെ ഓൻ മാമന് സുഖയില്ലാന്ന് കേട്ട്  മാന്തവാടിക്ക് പോയന്നാ ഓന്റെ   കെട്ടിയോള് പള്ളി  വച്ച് കണ്ടപ്പോൾ  പറഞ്ഞെ .ഇനി രണ്ടിയിസം    കഴിഞ്ഞേവരുള്ളത്രേ '' ,കെ.സി അടുത്ത പുക എടുത്തിട്ട് പറഞ്ഞു: 
'' ഇയ്യ് ഈടെയുള്ളപ്പോൾ  ഇന്റെടുത്ത് കൂടാതെ തിരിച്ചു പോണേ  ശരിയാണാ.കുറെ ആയില്ലേ മ്മള് കൂടിട്ട്   ''  
പഴയ കത്തുന്ന കാലം മനസ്സിൽ തെളിഞ്ഞപ്പോൾ അറിയാതെ ബേബിയുടെ കണ്ണുകൾ  നിറഞ്ഞു . കെ.സി അറിയാതെ കണ്ണുകൾ തുടച്ചിട്ട് ബേബി പഴയ ആ ഇരുപതുകാരന്റെ  ആവേശത്തിൽ  പറഞ്ഞു:
'' പൊളി.നമ്മളിന്ന് തകർക്കും ''
ബേബി കെസിയുടെ  കയ്യിൽ നിന്ന് ഒരു ദിനേശ് ബീഡി മേടിച്ചു കത്തിച്ചു . ആകാശത്തു കറുത്ത മേഘങ്ങൾ നീങ്ങി തുടങ്ങി . റോഡിനു ചുറ്റും മേൽക്കൂര തീർത്ത റബർ മരങ്ങൾക്കിടയിലൂടെ പതുക്കെ നക്ഷത്രങ്ങളെ കാണാൻ തുടങ്ങി . പിന്നിലൂടെ വേഗത്തിൽ  എന്തൊക്കെയോ കുശു കുശുത്തു കൊണ്ട് കടന്ന്  പോയ ആ നാട്ടുകാരല്ലാത്ത ഒരു ടോർച്ചു സംഘം   വെളിച്ചം കയ്യിൽ ഇല്ലാതെ ഇരുട്ടത്ത് നടക്കുന്ന ബേബിയെയും, കെ.സിയെയും ഇടയ്ക്കു  തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു  . 
രണ്ടും  കൂടിയ ഇടവഴിയിലെത്തിയപ്പോൾ കെ.സി നിന്നു.
'' മ്മക്ക് അപ്പുനായരുടെ മല കേറിയാലോ ? '' 
'' ഈ രാത്രിലോ ? '', അപ്പോൾ പെട്ടന്ന് ബേബിക്ക്   ലീലയെ ഓർമ്മ  വന്നു, 
 '' ഉം, ഉം.അവളിപ്പഴും തീയാണല്ലേ ? '' 
'' ആര് ലീലയോ ? ഓളെയൊക്കെ   ഞാനെന്നെ  വിട്ടു '' , കെ.സി  ബീഡി ആഞ്ഞു വലിച്ചു :   
'' ഓൾടെ പൊരയീടയാ  ?''
''ഓ  ഒന്നുവറിയാത്ത പോലെ '', ബേബി   കളിയാക്കികൊണ്ട്  റോഡിന് അരികിലെ തോട്ടിൽ നിന്ന് കൈയ്യിൽ   വെള്ളം കോരിയെടുത്തു  കെ.സി യുടെ മുഖത്തേക്ക്   തേകി :
''ആശാനേ കളി വേണോ . നിങ്ങക്കങ്ങനെ അവളെ മറക്കാനൊക്കത്തില്ലന്ന് എനിക്കറിയാം ''
'' ഒന്ന് പോ  ബേബി ചുമ്മാ   കമത്താതെ .ഓള്  പാലരിഞ്ഞാലിലാ താമസിക്കുന്നേന്നാ  എനക്കറിയുള്ളു   ''  
''അത് പണ്ട് .ഇപ്പം അപ്പുനായരുടെ മല  മണ്ടയ്ക്കാ  താമസം '', 
കാരക്കാട്ട്   തറവാടിന്   മുന്നത്തെ വിളക്കുകാലിന്റെ  അരണ്ട  വെളിച്ചത്തിന്  മുന്നിലേക്ക്   നീങ്ങി നിന്നിട്ട്  ബേബി പറഞ്ഞു : 
''അവളടെ കെട്ടിയോൻ പോലിസാ . അയാളെയാ  നേരത്തെ   പള്ളിൽ  കണ്ടത്   ''
'' അറിയാം ഓനുമായി  ഒരു തവണ  ഞാൻ കലമ്പിട്ടുണ്ട്  ''
''ലീലേടെ പേരിലാണോ ? ''
'' ഒന്ന് പോടെ. ഈയ്യ്   വിചാരിക്കുന്ന പൈങ്കിളി കമ്മ്യൂനിസ്റ്റല്ല ഞാൻ. ഓളെ  സീരിയസായിറ്റാണ് ഞാൻ  പ്രേമിച്ചത്. പിന്നെ എന്നാ പറ്റിയേന്ന് ഇനക്കറിയാലോ ?  ''
ബേബി ഒന്ന് വിളറി,  
''അല്ല,ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു ''
കെ.സി നെറ്റിയിലെ  മുറിപ്പാട് തടവിക്കൊണ്ട് പറഞ്ഞു :
'' അന്ന്  എനക്ക്  ഇന്നെ കൊല്ലാനുള്ള ദേക്ഷ്യയിണ്ടായിരുന്നു ''

കാലം : 2003 
സ്ഥലം : ബ്രണ്ണൻ കോളേജും പരിസര പ്രദേശങ്ങളും 
സന്ദർഭം : കളട്രേറ്റ് മാർച്ചും അനുബന്ധ സംഭവങ്ങളും

വിദ്യാർത്ഥി സമരം കൊടുമ്പിരി  കൊണ്ട് നിൽക്കുന്ന സമയം . കെ.സി യാണ് യൂണിറ്റ് സെക്രട്ടറി . കെ.സി വിപ്ലവറും പ്രണയവയും ഒരുപോലെ ബാലൻസ് ചെയ്തു കൊണ്ടുപോകാൻ പെടാപാട് പെടുന്ന സമയത്താണ്  ഒഴുവാക്കാനാകാത്ത ഒരു കലട്രേറ്റ് മാർച്ച്  വന്നത് . അന്ന് സഖാക്കൻമ്മാർക്കെല്ലാം അടിപൊട്ടി.  കെ.സി അന്ന് എന്തോ  സംഘടനാ  ചുമതലയുമായി കോഴിക്കോട് പോയതിനാൽ സമരത്തിലിൽ നിന്ന് ഒഴുവായി . അന്ന് കെ.സി ഉണ്ടായിരുന്നെങ്കിൽ  സഖാക്കൻമ്മാർക്ക്  രണ്ട്  അടി കൂടുതൽ കിട്ടുമാരുന്നെന്ന്  സഖാവ് ബിജു പറഞ്ഞത് ബേബി ശരിവച്ചു . കാരണം കാക്കി കണ്ടാൽ  കെ.സി ചെകുവേരയാണ് . കളട്രേറ്റ്  റോഡ് ബൊളീവിയൻ കാടും . പിന്നെ  എന്താ സംഭവിക്കാന്ന് ആർക്കും പറയാനൊക്കത്തില്ല  .അന്ന് കെ.സിയുടെ അഭാവത്തിൽ    കളട്രേറ്റ് റോഡ്  വിറപ്പിച്ചത് വെട്ടു ഷാജിയാണ് . 
'' എന്നാലും എന്റെ ഷാജിയെ ,കല്ലെറിയുമ്പോ  ആനക്കൊരു മയത്തിലെല്ലോം കീച്ചി കൂടെടോ '' 
അടികൊണ്ടു നെറ്റിയിൽ അമ്പഴങ്ങാ മുഴയുമായി കോളേജ് വരാന്തയിൽ ഇരിക്കുന്ന ബേബിയെനോക്കി  കളിയാക്കി കൊണ്ട് ഫെബിൻ   പറഞ്ഞു .
'' അവന്റെ കൂടെ നിന്നാ അടി കിട്ടൂല്ലന്നാ വിചാരിച്ചേ,  
നോക്കുമ്പം ഇതേ അവൻ  തന്നെ ആദ്യം കല്ലെടുത്തു കീച്ചുന്നു'', ബേബി ചെറുവിരലിന് കിട്ടിയ ലാത്തിയടിയുടെ വേദനയിൽ നിന്ന് തുള്ളി. 
'' അയ്യേ, ഈയ്യ്  ഇങ്ങനെ ഫിദൽ കാസ്ട്രോയുടെ താടിം വച്ച് കരായാതടാ ബേബി .ഈ സമരുന്ന് പറയുന്നേ പേടി തൂറികൾക്ക്  പറഞ്ഞിട്ടുള്ളയല്ല ''
സബ് ജയിലും,സെൻട്രൽ ജയിലും പുത്തരി അല്ലെന്നു കെ.സിയെ പോലെ  പല  പ്രാവിശ്യം  തെളിയിച്ച   ഷാജിയോട്  ആ പോയിന്റിൽഎതിർക്കാൻ ഒക്കത്തില്ലെന്ന്  ബേബിക്ക് അറിയാം . അതുകൊണ്ടാണ് അത്ര പേടി തൂറി അല്ലെന്നു തെളിയിക്കാൻ സഖാക്കളെ തല്ലി ചതച്ച   പോലീസിനെ തിരിച്ചടിക്കാൻ ഷാജിയോടൊപ്പം   തലശ്ശേരി ടൗണിൽ വച്ച്   സി.ഐ യുടെ ജീപ്പ് എറിഞ്ഞു പൊളിക്കാൻ  കൂടെ കൂടിയത് . ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് പാഞ്ഞു വന്ന്,  ജീപ്പിനു ചുറ്റും നിന്ന് ചറ പറ എറിഞ്ഞുകൊണ്ടുള്ള കടന്നാക്രമണത്തിൽ  പോലീസിന് അടി തെറ്റി . ഏറുകാര്   നാല് പാടും ഓടി . ബേബി,റയിൽവേ പാളത്തിലൂടെ  ഓടി ചിറക്ക കാവ്  കടന്ന് ബ്രണ്ണൻ കോളേജിൽ എത്തുമ്പോൾ കോഴിക്കോടുന്നു തിരിച്ചെത്തി കൊടി മരത്തിനു ചുവട്ടിൽ ഇരുന്നു ദിനേശ് ബീഡി വലിക്കുന്ന കെ.സിയെ കണ്ടു .ബേബിയുടെ വരവ് കാത്തിരുന്നതുപോലെ  ബേബിയെ കണ്ടതും കെ.സി ചാടി എണിറ്റു.  
'' എടാ,എനക്ക്  ഇൻറെയൊരു    സഹായം വേണം .നാളെ ലീലേടെ മംഗല്യാ . ഓള് ഇൻറെ  നാട്ടു കാരിയല്ലേ . ഏതായാലും ഓൾടെ വീട്ടുക്കാര് അടുക്കുല്ല.  ഈയ്യ്  വിചാരിച്ചാ ഓൾടെ വീട്ടുകാരറിയാതെ  ഓളെ വിളിച്ചെറക്കാം ''
ബേബി ഒന്നും പറയാനാവാതെ നിന്ന് കിതച്ചു. 
'' ഓളില്ലാതെ  എനക്ക്  പറ്റുല്ലടാ '' 
ധീര വിപ്ലവകാരി എന്ന് പിള്ളാര്  വിളിക്കുന്ന കെ.സി ആഴ്ചപതപ്പിലെ പൈങ്കിളി കാമുകനെ പോലെ നിരാശയോടെ മുന്നിൽ നില്കുന്നത്  കണ്ട് നെഞ്ച് കുലുങ്ങിയുള്ള  അണപ്പിനിടയിലും  ബേബിക്കു ചിരി വന്നു .ബേബി അണച്ചു കൊണ്ട്  തൊട്ടു മുൻപ് തലശ്ശേരി ടൗണിൽ ഉണ്ടായ കാര്യം പറയാൻ തുടങ്ങിപ്പോൾ ഒരു പോലീസ് ജീപ്പ് അവിടേയ്ക്കു ചീറി പാഞ്ഞു വന്നു . 
''കെ സി ഓടിക്കോ '' 
ബേബി കൊള്ളിയാൻ പോലെ പാഞ്ഞു .കെ.സി കാര്യം അറിയാതെ പകച്ചു നിന്ന സമയം ജീപ്പിൽ നിന്ന് ചാടി ഇറങ്ങിയ   എസ്.ഐയുടെ അതിശക്തമായ ഒരു തൊഴിയിൽ നിലം പരിശായി . 
'' നായിന്റെ മോനെ ,പോലീസ്കാരെ  എറിഞ്ഞിട്ടു  നീ ഏടെ വരെ ഓടുട നാറി '' 
കെ.സി കാര്യം അറിയാതെ അന്താളിച്ചു നിന്നപ്പോൾ അടുത്ത അടി ചെകിടത്ത് വീണു .ബേബി ഓടി കോളേജിന് പുറകിലെ  മലയ്ക്ക് കയറി  . വൈകിട്ടത്തെ സായാഹ്ന പത്രത്തിൽ പോലീസുകാർക്ക് കിട്ടി ഏറിന്റെ കണക്കും , പോയ പല്ലിന്റെ എണ്ണവും വെടിപ്പായിട്ട് എഴുതിട്ടുണ്ടായിരുന്നു . സംഭവുമായി നൂൽ ബന്ധം പോലും ഇല്ലാതിരുന്ന കെസിയെ അവർ ഒന്നാം പ്രതിയായി പ്രഖ്യാപിച്ച്   ആറുമാസം അകത്തിട്ടു . ലീലയുടെ കല്യാണത്തിന്റെ തലേന്ന് രാത്രി     അവളെ വിളിച്ചിറക്കാൻ   ചെന്ന ബേബിയും  സഖാക്കളും തല്ക്കാലം കപ്പ ബിരിയാണി തിന്ന്  ലീലയുടെ  വീട്ടിൽ നിന്ന്  തിരിച്ചു പോരണ്ട വന്നു. ലീലയുടെ അപ്പൻ കീഴ്പ്പള്ളിലെ അറിയപ്പെടുന്ന  ഇടി വീരൻ പോലീസായിരുന്നെങ്കിലും അയാളറിയാതെ ബേബി രാത്രിയിൽ അവളെ കണ്ടു .ബേബി , പോരൂന്നോന്നു ചോദിച്ചതിന് അവള് കത്തി എടുത്തു കുത്തിയില്ലന്നു മാത്രം. അത്രയ്ക്ക് കലിപ്പിലായിരുന്നു ലീല. 
'' എങ്ങോട്ടാ വരണ്ടേ , സെൻട്രൽ ജയിലിലേക്കോ ? '',ലീല ബുക്കിന്റെ കവറിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന      കെ.സിയുടെ ഫോട്ടോ എടുത്തു കീറി ബേബിടെ നേരെ എറിഞ്ഞിട്ടു പറഞ്ഞു: ‘’കാമുകിടെ കല്യാണ തലേന്ന് പോലീസ് ജീപ്പ് ആക്രമിച്ചു ജയിലിൽ പോകുന്ന ലോകത്തെ ആദ്യത്തെ കാമുകനുള്ള ഗിന്നസ്  റെകോഡ് അവനായിരിക്കുന്ന് ഒന്ന് പറഞ്ഞേക്ക്''. 
ബേബി പിന്നെ   ഒരക്ഷരം  മിണ്ടിയില്ല.
'' ഈയ്യ് പൊലീസുകാരെ  എറിഞ്ഞ്  പല്ലു കയ്യിച്ചിട്ടാണ്  ആടെ വരുന്നെന്ന് പറഞ്ഞാ ഞാനും യിൻറെപ്പരം ഓടിയേനെ. എന്നാ ലീല ഇപ്പഴും എനക്ക്
ഒപ്പരം ഉണ്ടായേനെ '', അപ്പുനായരുടെ മലകേറുന്നതിനിടയിൽ മനസ്സിൽ കനത്തു വന്ന നഷ്ടബോധത്തിന്റെ മനഃസ്താപത്തിൽ  കെ.സി വല്ലാതെ വിയർത്തു. നെറ്റിയിൽ ഒലിച്ചിറങ്ങിയ വിയർപ്പ്  പൊന്തക്കാട്ടിൽ തല ഉയർത്തി നിന്ന കമ്മ്യൂണിസ്റ് പച്ചയിൽ തുടച്ചു.
'' ഇന്നെ അന്ന് എന്റെ കയ്യി കിട്ടിയാ ചെള്ളയ്ക്ക്  ഒന്ന് തന്നേനെ''
കെ.സി കലിപ്പിറങ്ങാതെ ഇട വഴിയുടെ ഓരത്തു നിന്ന  റബർ മരത്തിനിട്ട് ഒരു ചവിട്ടു കൊടുത്തു .
'' പോലീസ് അത്ര പെട്ടന്ന് അവിടെ  വരുന്നു വിചാരിച്ചില്ലല്ലോ '', ബേബി സ്വയം ന്യാകരിച്ചു . 
കെ.സി മറുപടി ഒന്നും പറയാതെ അടുത്ത ബീഡി കത്തിച്ചു .
രണ്ടു കയ്യാലയ്ക്ക് അപ്പുറം നിന്ന്    ഷോട്ടർ വെട്ടുകാരൻ , റബറിന്റെ തൊലി  ചെത്തുമ്പോഴുള്ള    'കിർ കിർ' ശബ്ദം അവിടെ ഏറിയും കുറഞ്ഞും  നിന്നു. അവർ ബീഡി വെളിച്ചത്തിൽ മല കയറി  . അരയിൽ വെള്ളി   അരിഞ്ഞാണം ചുറ്റിയതുപോലെ റബറിന്റെ പള്ളയിൽ നിന്ന്   ഒലിച്ചിറങ്ങിയ  പാൽ, തെളിഞ്ഞു തുടങ്ങിയ   നിലാവിൽ തിളങ്ങി . മല കയറി വന്ന മഞ്ഞ്  അവരെ മൂടി . റബർ മരങ്ങൾക്കു ഇടയിലൂടെ തുളച്ചു വന്ന വെളിച്ചത്തെ ചൂണ്ടി കൊണ്ട് ബേബി പറഞ്ഞു:
'' അതാ ലീലേടെ വീട് ''
അത് പറഞ്ഞപ്പോൾ കെ.സിയുടെ കണ്ണുകൾ വിടർന്നത് ബേബി ശ്രദ്ധിച്ചു  .
മനസ്സിൽ ബ്രണ്ണൻ കോളേജ് വീണ്ടും പടികയറി വന്നു .കെ.സി നടത്തം നിറുത്തി.
'' നിങ്ങക്ക് ഇപ്പഴും പൂതിയുണ്ടല്ലേ ? '' 
പ്രായം നാലപ്പത്തി രണ്ടിൽ നിന്ന് ഇരുപതിലേക്കു എത്തിയ ഒരു ചിരി മുഖത്ത് വന്നെങ്കിലും കെ.സി ഗൗരവം വിടാതെ പറഞ്ഞു: 
'' ഈയ്യ് ഓളെ വിട്ടാട്ടെ '' 
ബേബി കെ.സി യുടെ ഉള്ളിലെ കള്ള കാമുകനെ നോക്കി ചിരിച്ചു . അപ്പോൾ ലീലയുടെ വീടിന്റെ പെരിയബറത്തെ വിളക്ക് കാലിനു മുന്നിൽ അത്താഴം കഴിഞ്ഞ്   കൈ കഴുകാൻ വന്ന കൊമ്പൻ മീശക്കാരനെ ചൂണ്ടി ബേബി പറഞ്ഞു: 
''അതാ അവൾടെ ഭർത്താവ് . കൊമ്പൻ വാസൂന്റെ മകൻ കൊമ്പൻ  രാഘവൻ. അപ്പൻ ഭിത്തിയേക്കേറി.ഇവൻ കുറെ പേരെ ലോക്കപ്പിലിട്ട് ചവിട്ടി കൊന്നിട്ടുണ്ട് . ഭൂലോക  നാറിയാ  '' 
‘’ഓൻ തണ്ണി മോന്തിട്ട്  ഓളെ എപ്പഴും ഇടിയാന്നാ മ്മടെ കൂടെ കോളേജിൽ പഠിച്ച    അനില പറഞ്ഞെ '' 
''ആരാടാ നാറി അവിടെ'', റബർ തോട്ടത്തിലെ  കാൽപ്പെരുമാറ്റവും കുശു കുശുപ്പും കേട്ട് ലീലയുടെ വീട്ടിൽ നിന്ന് ഒരലർച്ച പാഞ്ഞു വന്നു.
'' ബേബി ഓടിക്കോ ''
റബർ തോട്ടത്തിലെ അടിക്കാടിനെ ചവിട്ടി മെതിച്ച് കെ.സി ഓടി .പുറകെ ബേബിയും . അവർ ഓടി തളർന്ന്  പട്ടകുട്ടിയുടെ തെരുവത്തോട്ടത്തിൽ പോയി വീണു . ബേബി കിതച്ചു കൊണ്ട് ചോദിച്ചു: 
'' അല്ല , മ്മളെന്തിനാ ഇപ്പം ഓടിത് . അയാളോട് പോയി പണി നോക്കടാ നാറിന്ന് പറഞ്ഞാ പോരാരുന്നോ '' , ബേബി കിതച്ചു കൊണ്ട്  പറഞ്ഞിട്ട്  , എണിറ്റു നിന്ന് ഓട്ടത്തിനിടയിൽ പറിഞ്ഞു പോയ മുണ്ട്   എടുത്തുടുത്തു: '' അയാളെ , ഒതുക്കത്തി കിട്ടിയാ രണ്ടെണ്ണം പൊട്ടിക്കണുന്ന് ഉണ്ടായിരുന്നു '',
ബേബി വായിൽ വന്ന കുറെ  മുട്ടൻ തെറികൾ  പറഞ്ഞിട്ട് പറഞ്ഞു :
'' അവൻ  എന്റെ അപ്പനെ നക്സലെന്നും പറഞ്ഞു ലോക്കപ്പിലിട്ട് തല്ലിയ നാറിയ '' , അയാൾക്കിട്ട് ഇരുട്ടത്തു രണ്ടെണ്ണം കൊടുക്കാൻ പറ്റാത്തതിന്റെ ചുരുക്കിൽ ബേബി തെരുവ പുല്ല് ചുവടോടെ  പറിച്ചെടുത്തു  നിലത്തടിച്ചു .
കെ.സി കിതച്ചുകൊണ്ട് നിലത്തു  കുത്തിയിരിന്നു.
'' ഓനെ പേടിച്ചല്ല ഞാൻ ഓടാൻ പറഞ്ഞെ.എന്നെ  കണ്ടാൽ ഓൻ ഇന്ന് പുതിയെ  കഥയിണ്ടാക്കി ഓളെ കൊന്നെന്ന് വരും.നമ്മളായിട്ടെന്തിനാ ബെറുതെ ''
കെ.സി പറഞ്ഞതിൽ കാര്യമുണ്ടെന്നു ബേബിക്ക് തോന്നി.
വീട്ടിൽ വന്നു കേറിയപ്പോൾ ഭിത്തിയിൽ ചിരിച്ചു കൊണ്ടിരിക്കുന്ന   ചാച്ചനെയും, വെല്ലിച്ചാച്ചനെയും നോക്കികൊണ്ട് ബേബി പറഞ്ഞു: 
"വെല്ലിച്ചാച്ചൻ തീപ്പൊരിയായിരുന്നു , പണ്ട് അടിയന്തരാവസ്ഥക്കാലത്തു ബംഗാളിലെ നക്സൽ  ബാരിലൊക്കെ പോയിട്ടുണ്ട് "
അകത്തെ മുറിയിൽ  ബുക്കുകൾ വച്ച   ഷെൽഫിന്റെ കണ്ണാടിക്കുടിൽ  ഗൗരവത്തിൽ ഇരിക്കുന്ന  ചാരു മജിൻദാറിലും, കനുസന്ന്യാലിലേക്കും കെ.സിയുടെ  നോട്ടം   ഉടക്കിയപ്പോൾ ബേബി പറഞ്ഞു: 
" ആ രണ്ടു പുസ്തകത്തിന്റെ പേരിലാ വെല്ലിച്ചാച്ഛനേം   ചാച്ചനെയും  പോലീസുകാര് കൊണ്ടുപോയി പൂശിത് ", ബേബി  ഇന്ദിരാ  ഗാന്ധിയെയും കരുണാകരനെയും നാല് മുട്ടൻ തെറി വിളിച്ചിട്ടു പറഞ്ഞു : " തലമുറകളായി   ഇരിക്കുന്ന പുസ്തകങ്ങളായതുകൊണ്ടാ  ഞാൻ  അത് എടുത്തു  മാറ്റാത്തെ, ഇനിയിപ്പം ഈ  പുസ്തകത്തിന്റെ  പേരി ആ അടി  എനിക്കൂടെ  കിട്ടുവാണേ കിട്ടട്ടെ"
പണ്ട് ബ്രണ്ണൻ കോളേജിൽ അടി വരുമ്പോൾ ഓടുന്ന ബേബി അല്ല പുതിയ ബേബിയെന്ന് കെ.സിക്ക്  തോന്നി .
രാവിലെ കതകിന് മുട്ട് കേട്ട് സ്വപ്നത്തിലാണെന്നു കരുതി   ബേബി സോഫയിൽ  തിരിഞ്ഞു കിടന്നു  . മുട്ട് നിർത്തുന്നില്ലെന്ന് മനസിലായപ്പോൾ    ഉറക്ക ചടവോടെ നിലത്തു    കിടന്ന ലുങ്കി  നെഞ്ചോപ്പം ചുറ്റി  കതകു തുറന്നതും വെടിയുണ്ട പോലെ   നെഞ്ചിൻകൂട് തകർക്കുന്ന തരത്തിലുള്ള രാഘവൻ   പോലീസിന്റെ തൊഴികൊണ്ട് ബേബി  മലർന്നടിച്ചു നിലത്തു കിടന്നു 
" മുട്ടിയാ തൊറക്കത്തില്ലേടാ നാറി ? " 
ബേബി കാര്യമറിയാതെ നെഞ്ച് തിരുമി  നിലത്തു കുത്തിയിരുന്നു  . പോലീസ്കാര് വീടിന് അകത്തേയ്ക്ക് ഓടി 
"  നിന്റെ കൂടെ ഇന്നലെ കെ.സിയുണ്ടായിരുന്നെന്ന് ഞങ്ങക്കയാം ''
''അയിന് ? ''
അതുകേട്ടു രഘവൻ  പോലീസിന്റെ  കൂടെ ഉണ്ടായിരുന്ന എസ്.ഐ ജോൺസൺ ബേബിടെ ചെവി കല്ലിനിട്ട് ഒന്ന് കൊടുത്തിട്ടു പറഞ്ഞു: 
'' അട്ടപ്പാടി ഭൂസമരത്തിൽ ഒരു പോലീസുകാരനെ തട്ടിയതിൽ രണ്ടാം പ്രതിയാ  അവൻ . നിന്റെ മറ്റേടത്തെ  നാടകം എന്റെ എടുത്തു വേണ്ട നാറി   '' 
സിറ്റുവേഷൻ കയ്യിന്ന് പോയന്ന് ബേബിക്കു മനസിലായി . 
''എന്നാലും എന്റെ കെ.സി നിനക്കെന്നോട് ഒരു വാക്ക് പറയാരുന്നു'', ബേബി സ്വയം പറഞ്ഞിട്ട് അഴിഞ്ഞു വീണ ലുങ്കി എടുത്തു ചുറ്റി  തറയിൽ നിന്ന് എണിറ്റു . അപ്പോൾ അകത്തു നിന്ന് ഏതോ ഒരു   പോലീസുകാരൻ ചാരു മജിന്താറിന്റെയും ,കനു സന്ന്യാലിന്റെയും പുസ്തകങ്ങളുടെ പേര്  ഒരു ഞെട്ടലോടെ ഉച്ചത്തിൽ പറഞ്ഞപ്പോൾ   പാരമ്പര്യമായി കിട്ടാൻ കാത്തിരിക്കുന്ന ഇടിക്കു സമയമായെന്ന്  ബേബിക്ക് മനസിലായി  .
ബേബിയെ ജീപ്പിൽ കയറ്റുബോൾ എസ്.ഐ പറഞ്ഞു : 
''ഇവനെ  സ്റ്റേഷനലിലേക്കു കൊണ്ടുപോകണ്ട  ക്യാമ്പിലേക്ക് എടുത്തോ '' 
അപ്പോൾ ഒരു കാര്യം ഉറപ്പാണ് അറസ്റ്റു രേഖപ്പെടുത്താതെ കുറച്ചു ദിവസം ഇടിച്ചു പിഴിയാനുള്ള പരിപാടിയാണ്  .ഇടി മുറിയിൽ  നട്ടെല്ലിന്  സംഭവിക്കാൻ ഇരിക്കുന്ന  ഇടിവെട്ട് സ്ഫോടനം ഓർത്തപ്പോൾ ബേബി കെ.സിയെ പ്രാകി . ഇതിപ്പം അറിഞ്ഞുകൊണ്ടല്ലെങ്കിലും കെ.സിക്ക് കൊടുത്ത പണിക്ക് തിരിച്ചു കിട്ടിയപോലെയായല്ലോ എന്ന് ക്യാമ്പിലേക്കുള്ള യാത്രയിൽ  പോലീസുകാരുടെ മുട്ടൻ തെറിയും, ഇടയ്ക്ക് ഇടിവെട്ടുപോലെ  പാഞ്ഞു വന്നു കൊണ്ടിരുന്ന   ഇടിയും  മേടിച്ചു  ജീപ്പിൽ ഇരിക്കുമ്പോൾ ബേബിക്ക് തോന്നി.
നാല് ദിവസം കഴിഞ്ഞു ഏന്തി വലിഞ്ഞ്  ക്യാമ്പിന്ന് പോകാൻ ഇറങ്ങിയപ്പോൾ എസ്.ഐ ജോൺസൻ പറഞ്ഞു: '' കേസ് ഒന്നും ചാർജ് ചെയ്തിട്ടില്ല കേട്ടോ ''
''അപ്പോ കിട്ടിയ ഇടിയോ? '' 
'' അതൊരു ബോണസ്സായിട്ട് വച്ചോ '' 
മറുപടിയായി നടു വിരൽ കാണിക്കണമെന്ന് ബേബിക്ക് തോന്നിയെങ്കിലും , ഇനി ഒരു ഇടി കൂടി മേടിക്കാൻ ശരീരത്തിന്  ത്രാണി ഇല്ലാത്തതുകൊണ്ട്  അതിനു മുതിർന്നില്ല.
പുതിയങ്ങാടിയിൽ പുതിയതായി പണി കഴിപ്പിച്ച സുലൈയിമാൻ വൈദ്യരുടെ എണ്ണ പാത്തിയിൽ ശരീരം ഉടഞ്ഞു കിടക്കുമ്പോൾ , വൈദ്യരുടെ സഹായി രമേശൻ ചോദിച്ചു :
'' അപ്പോ, പച്ച ഈർക്കിലി പ്രയോഗം ഇപ്പഴുണ്ടല്ലേ ? '' 
'' പച്ച ഈർക്കലി മാത്രവല്ല, പച്ച മുളകുവുണ്ട് '' 
'' ഉവ്വോ , അപ്പോ നീറിയേലെ ? '' 
''ഇല്ല മധുരിക്കും ''
അത് കേട്ട് ചിരിച്ചു കൊണ്ട് തിരുമ്മല് നിർത്തിട്ടു രമേശൻ പറഞ്ഞു :
'' എത്ര മാറ്റങ്ങള് വന്നെന്ന് പറഞ്ഞാലും ഈ നാറി പോലീസുകാർക്ക്  മാത്രം  ഒരു കുലുക്കോയില്ല''

ബേബി ,സുലൈയിമാൻ വൈദ്യരുടെ എണ്ണപാത്തിയിൽ രണ്ടു മാസം കിടന്നു . അപ്പഴേക്കും ഉമ്മൻചാണ്ടിയെ പുറത്താക്കി   പിണറായി അധികാരത്തിൽ വന്നു .ജയിലിൽ വിചാരണ കാത്തു കിടന്ന  കെ.സിക്ക് എതിരായ കേസ് തള്ളിപ്പോയി .  പക്ഷെ   തിരുമ്മല് കഴിഞ്ഞ് വീട്ടിൽ പോയിട്ടും ഇടയ്ക്കു തൂമ്പ കയ്യിൽ  എടുക്കുമ്പോൾ ബേബിക്ക് നട്ടെല്ലിന്   ലാത്തി മെരുങ്ങുന്ന വേദന വരും . അപ്പോൾ ബേബിക്ക് ക്യാമ്പിലെ ഇരുട്ട് മുറി ഓർമ്മ വരും . കെ.സിയെ പ്രാകും . പോലീസുകാരെ കൊല്ലാൻ തോന്നും . രണ്ടു  ബുക്കുകളും എടുത്തു  കത്തിക്കാൻ തോന്നും . പിന്നെ അപ്പൻ അപ്പൂൻമ്മാരായി കിട്ടിയത് ഈ ബുക്കുകൾ മാത്രമാണല്ലോ എന്ന് ഓർക്കുമ്പോൾ ഷെൽഫിലെ ചില്ലു കൂട്ടിൽ ഇരുന്നു ചിരിക്കുന്ന ചാരു മജിൻദാറിനെയും , കനുസന്ന്യാലിനെയും നോക്കി ബേബിയും ചിരിക്കും .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക