തിരോന്തോരത്തുള്ള ബന്ധുവിന്റെ ആധുനിക വീടിന്റെ ഗ്രാനൈറ്റ് ഇട്ട കോലായിലെ കസേരയിലിരുന്ന്, കടുംനിറങ്ങൾ വാരിവിതറിയ പരസ്യങ്ങൾ നിറഞ്ഞ ദിനപ്പത്രത്തിൽ മനസ്സ് രമിച്ചിരിക്കുക യായിരുന്നു ഞാൻ.
അന്നേരമാണ് വേണ്ടാത്ത ചിലരുടെ സാമീപ്യം ഞാൻ ശ്രദ്ധിച്ചത്.
P.കേശവദേവ് പണ്ട് പറഞ്ഞ "ഓടയിൽ നിന്ന് " പറന്നു വന്ന കുറെ കൊതുകുകൾ എന്റെ ദേഹത്തേയ്ക്ക് "ലാൻഡിംഗ് പെർമിറ്റ് " ചോദിച്ചുകൊണ്ട് എനിക്ക് ചുറ്റും വട്ടമിട്ട് പറന്നു നിൽക്കുന്നു!
റസ്സൂൽ പൂക്കുറ്റിയോ
A R റഹ്‌മാനോപോലെയുള്ള മ്യൂസിക് കമ്പോസർമാർക്ക് പോലും പറ്റാത്തതും കേൾക്കാൻ സുഖമുള്ളതുമായ ഒരു തരം സ്പെഷ്യൽ മ്യൂസിക്,
ഫോൺ വിളിച്ചിട്ട് ആളെ കിട്ടാൻ താമസിക്കുമ്പോൾ മുട്ടുശാന്തിക്കായി ഫോൺ കമ്പനിക്കാർ പ്ലേ ചെയ്യുന്നതുപോലെ, ആ മശകന്മാർ എന്നെ കേൾപ്പിച്ചുകൊണ്ടിരുന്നു.
"ഭയം വേണ്ടേ, വേണ്ട, ജാഗ്രത മതി "
എന്ന്, അക്രമം ചെയ്തിട്ട് ജയിലിൽ പോകുന്ന ഗുണ്ടകളോട് രാഷ്ട്രീയ പിണിയാളുകൾ ധൈര്യപ്പെടുത്തുന്നതുപോലെ, കൊതുകുകളാൽ ചുറ്റപ്പെട്ട ഞാൻ മനോനില കൈവെടിയാതെ എന്നെ സ്വയം ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു.
ഞാനപ്പോൾ പത്രപാരായണത്തിന്
ഇടക്കാലാശ്വാസം അനുവദിച്ചിട്ട്
മശകന്മാരുടെ നേതാവ് എന്ന് തോന്നിയ ഒരു മീശക്കാരൻ
മശകനെ കൈകാട്ടി അടുത്തു വിളിച്ചു ചോദിച്ചു.
"എന്താണ് നിങ്ങളുടെ പ്രശ്നം?"
അയാൾ അന്നേരം അടുത്തേയ്ക്ക് പറന്നുനിന്ന് വളരെ മാന്യമായി എന്നോട് സംസാരിച്ചുതുടങ്ങി.
സാറെ,ഞങ്ങൾ ആരുടെയൊക്കെയോ ദേഹത്തുനിന്നും അടിച്ച ഫ്യൂവൽ തീരാറായി. ഇനി വീണ്ടും ഉടനെ ഫ്യൂവൽ അടിച്ചില്ലെങ്കിൽ കൊതുകരിൽ പലരും ഇന്ധനം തീർന്ന് ക്രാഷ് ആകുമത്രേ.
അതുകൊണ്ട് അവർക്ക് എന്റെ ദേഹത്തുനിന്നും ഉടൻ റീഫ്യൂവലിംഗ് ചെയ്യാൻ ഞാൻ അൽപ്പസമയം അനുവദിക്കണം
അതാണ് ആവശ്യം.
അതായത് ഞാൻ അധ്വാനിച്ച് എന്റെ ദേഹത്ത് ഉണ്ടാക്കിയ ചോര അവർക്ക് ഷെയർ ചെയ്യണമെന്ന്!
ഇതെന്തോന്ന്, ഫേസ്ബുക്കോ, അതോ വാട്സ്ആപ്പോ ആണോ ചോര?
ചേതമില്ലാതെ ചുമ്മാതങ്ങോട്ട് ഷെയർ ചെയ്യാൻ?
ഇവന്മാരുടെ ഈ ഡിമാൻഡ് കേട്ടപ്പോൾ മഹാകവി വള്ളത്തോൾ പാടിയപോലെ ദേഷ്യം കൊണ്ട് "തിളച്ചു ചോര എന്റെ ഞരമ്പുകളിൽ."
എന്റെ ചുറ്റിൽ കണ്ണുരുട്ടി കാണിച്ചുകൊണ്ട് പറന്നു നിന്ന മശകഗുണ്ടയുടെ മുഖത്ത് നോക്കിത്തന്നെ പറഞ്ഞാലോ
"No way,എന്റെ ചോരകുടിക്കാൻ ഞാൻ സമ്മതിക്കില്ല," എന്ന്?
ഒന്നുകൂടി ആലോചിച്ചപ്പോൾ തോന്നി അതുവേണ്ട. ഇന്നത്തെക്കാലത്ത് സംഘടിതശക്തികളെ പ്രകോപിപ്പിക്കാതിരിക്കുകയാണ് നല്ലത് എന്ന് ഗൾഫിൽ നിന്നും വന്ന് കേരളത്തിൽ ഒരു ചെറുകിട ബിസിനസ് നടത്തിയ ഒരു സുഹൃത്ത് പറഞ്ഞത് ഓർമ്മവന്നു.
അയാൾ ഒരു തൊഴിൽ പ്രശ്നം സംബന്ധിച്ച് തൊഴിലാളി നേതാക്കളുമായി ഉടക്കി അവസാനം
അയാൾ അവരോട് തോറ്റ് സ്ഥാപനം പൂട്ടി കുത്തുപാള എടുക്കേണ്ടി വന്ന കാര്യം.
അതുകൊണ്ട് ഞാൻ ലൈൻ ഒന്ന് മാറ്റിപ്പിടിച്ചു. വെള്ളക്കാരൻ പയറ്റിപരീക്ഷിച്ചു വിജയം കണ്ട divide and rule എന്ന തന്ത്രം.
അതിന്റെ കൂടെ അൽപ്പം ജാതിക്കാർഡ് കൂടി ഇറക്കി അങ്ങോട്ട് അവതരിപ്പിച്ചുനോക്കാം.
ജാതി പറഞ്ഞാൽ ഏതവനെ തമ്മിലാണ് തെറ്റിക്കാൻ പറ്റാത്തത്?
ഇറ്റലിയൻ അഗസ്റ്റ ഹെലികോപ്റ്റർ പോലെ എന്റെ മൂക്കിന് നേരെ
പറന്നുനിൽക്കുന്ന കൊതുകുനേതാവിന്റെ ക്ഷമ കെട്ട് അവൻ വല്ല കടുംകൈയ്യും ചെയ്യുന്നതിന് മുൻപേ ഞാൻ ചോദിച്ചു,
അല്ല, നിങ്ങളുടെ ആവശ്യം ഞാൻ പരിഗണിക്കാം.
പക്ഷെ ആമുഖമായിട്ട് ഒന്നു പറഞ്ഞാട്ടെ.
നിങ്ങളുടെ ജാതി ഏതാണ്? അനോഫിലസ് ആണോ അതോ ഡെങ്കിയുടെ ഡീലർ എയിഡസ് അൽഫോഫിറ്റസ് ആണോ?
ചോദ്യം കുറിക്ക് കൊണ്ടു എന്ന് തോന്നുന്നു.
ഡെങ്കി എന്ന് കേട്ടതും മൊട്ടുസൂചിയുടെ മൊട്ടിനോക്കാൾ ചെറുതാണെങ്കിലും
അവന്റെ മൂക്ക് ദേഷ്യം കൊണ്ട് തമിൾനാടൻ തക്കാളി പോലെ ചുവന്നു.
എന്ത് ഡെങ്കിയോ?
സാർ, ഡെങ്കി പരത്തുന്ന എയ്ഡസ് ജാതിയിലുള്ള കൊതുകുകളുടെ കാര്യം മിണ്ടിപ്പോകരുത്.
ആ ജാതി ഇവിടെ ഇറങ്ങിയതുകാരണം വീട്ടു പരിസരങ്ങളിൽ ഒരു ചിരട്ട വെള്ളം പോലും ഞങ്ങളുടെ അനോഫിലസ് ജാതിക്ക് കിട്ടാതായി.
അതിന്?
സാറേ, മനുഷ്യന്മാര് വീട്പരിസരത്ത് ചിരട്ടയിൽ വെള്ളം കണ്ടാൽ പോലും അത് ഉടനെ അവര് കമത്തി കളയുവല്ലേ?
ഞങ്ങൾക്ക് അതുകാരണം മക്കളെ
വളർത്താൻ പെടുന്നപെടാപ്പാട്.
നിങ്ങൾക്കും മക്കളൊക്കെയില്ലേ?
അവരൊക്കെ നാട്ടിലോ വിദേശത്തോ പോയി
"ചോരകുടിച്ചു "സോറി, ജോലിയെടുത്തു നന്നായി വളരണം എന്നല്ലേ സാറേ നിങ്ങളുടെയും ആഗ്രഹം?
ങ്ഹാ..കൊതുകന്മാർക്കും നമ്മൾ മലയാളികളെപ്പോലെ മക്കൾ സെന്റിമെന്റ്സ് അൽപ്പം
കൂടുതലാണെന്ന് തോന്നുന്നല്ലോ.
ആ സെന്റിമെന്റ് കയറിപ്പിടിച്ചാലോ?
ഞാൻ ആലോചിച്ചു.
എങ്ങനെയെങ്കിലും എനിക്ക് ഇവരുടെ കുത്തുകൊള്ളാതെ കുറച്ച് "സമയം ബൈ" ചെയ്യേണ്ടതുണ്ട്.
കാരണം ഈ കൊതുകുകളൊക്കെ
പല രോഗങ്ങളുടെയും ഏജൻസി പണിചെയ്തു കമ്മീഷൻ പറ്റുന്നവരാണല്ലോ.
അടുത്ത ടീ ടേബിളിൽ കിടക്കുന്ന കൊതുക് ബാറ്റ്
കയ്യിലാക്കുന്നതുവരെ ഇവന്മാരുടെ കുത്ത് കൊള്ളാതെ അനുരഞ്ജനസംഭാഷണത്തിന്റെ മറവിൽ കൊതുകന്മാരുടെ അറ്റെൻഷൻ ദിശമാറ്റി വിട്ടേ പറ്റൂ.
കടുവയുള്ളിടത്ത് പോകുമ്പോൾ തോക്ക് നമ്മുടെ കയ്യിൽ തന്നെ വേണം.അല്ലാതെ
ശ്ശോ,വണ്ടിയിൽ തോക്കുണ്ടായിരുന്നു എടുക്കാൻ പറ്റിയില്ല എന്ന് പറഞ്ഞു
പരിതപിച്ചിട്ടു കാര്യമില്ല.
അതുപോലെ കൊതുകിന്റെ സാന്നിധ്യമുള്ളിടത്ത് ഇരിക്കുമ്പോൾ
കൊതുക് ബാറ്റ് കയ്യിൽ കരുതേണ്ടതായിരുന്നു.
പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ വായനാ സൗകര്യത്തിന് വേണ്ടി ഈ ബാറ്റ് ടീ ടേബിളിലേയ്ക്ക് ഞാൻ എറിഞ്ഞതാണ് അബദ്ധമായത്.
അത് കയ്യിൽ എടുക്കുന്നതുവരെ ഇവന്മാരുടെ ഒരു കുത്തുപോലും കൊള്ളരുത്. അതാണ് എന്റെ വാശി.
വേണമെങ്കിൽ എനിക്ക് ഭാര്യയെ വിളിച്ചു വേഗം വന്ന് ആ കൊതുകുബാറ്റ് ഇങ്ങോട്ട് ഒന്നെടുത്തേ എന്ന് പറയാവുന്നതാണ്.
പക്ഷെ ഞാൻ മനഃപൂർവ്വം അതിന് മുതിരാത്തതിന് കാരണമുണ്ട്.
ഇപ്പോഴത്തെ പരിതസ്ഥിതിയിൽ
അകത്തൊള്ളോരേ (ഭാര്യമാരെ)
കഴിവതും ഒന്നിനും ശല്യം ചെയ്യാതിരിക്കുന്നതാണ് പുരുഷന്മാർക്ക് നല്ലത്.
അവർക്ക് പിടിക്കാത്തത് എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ ജാമ്യമില്ലാവാറണ്ട് കിട്ടും.
അതുകൊണ്ട് ഞാൻ ഇപ്പോൾ ഭാര്യ എന്ത് ആവശ്യം പറഞ്ഞാലും ഒരെതിരും പറയാതെ നടത്തിക്കൊടുക്കും. പത്രം ഒക്കെ വായിക്കുന്ന അവൾക്കും അറിയാം
അവൾ ഒരാവശ്യം നൂറുപ്രാവശ്യം പറഞ്ഞാലും കേൾക്കാത്ത ഞാൻ എന്താണ് ഇത്ര പെട്ടെന്ന് ഇങ്ങനെ നല്ലവനായതെന്ന്.
സ്ത്രീ സമത്വം വേണം എന്ന് പറഞ്ഞു പറഞ്ഞു പുരുഷന്റെ
അത് പോയി,അതായത് സമത്വം പോയി,എന്നും ചില പുരുഷകേസ്സരികൾ സ്വകാര്യമായി പരിതപിക്കുന്നുണ്ട്.
എന്തായാലും പൂരുഷമ്മാരുടെ ഭാവി ഇനി എന്നെങ്കിലും നന്നാവുമോ എന്ന് അറിയാവുന്ന ആരെക്കൊണ്ടെങ്കിലും ഒന്ന് "നോക്കിക്കുന്നത് " നല്ലതാണ്.
ചില പൊതുജനാവശ്യങ്ങൾ, ഇപ്പോൾ ശരിയാക്കിത്തരാം എന്നും പറഞ്ഞു ഒന്നും ചെയ്യാതെ കാലം കഴിക്കുന്ന ചില സർക്കാർ ഡിപ്പാർട്മെന്റ് പോലെ, ചോര കൊടുക്കാം എന്നും പറഞ്ഞിട്ട് വെറുതെ ഇരുന്ന് മനോരാജ്യം കാണുന്ന എന്നെ ക്ഷമകെട്ട ഒരു കൊതുകുവീരൻ ദേഷ്യത്തിൽ പാഞ്ഞുവന്നു എന്റെ ഇടതുകയ്യിൽ ആഞ്ഞുകുത്തി.
കുത്തേറ്റു പുളഞ്ഞ ഞാൻ അവന്റെ
നേരെ അടിക്കാൻ ഓങ്ങിക്കൊണ്ട് ശക്തിയായി മുന്നോട്ടഞ്ഞു.
കളരി പഠിച്ചിട്ടുണ്ടാവണം, ആ കൊതുകൻ അസാമാന്യ മെയ് വഴക്കത്തോടെ എന്നെ വെട്ടിച്ചു പറന്നുകളഞ്ഞു.
ബാലൻസ് തെറ്റി കസേരയിൽ നിന്നും മൂക്കും കുത്തിവീണ ഞാനിപ്പോൾ മൂക്കിന് മൂന്ന് സ്റ്റിച്ച് ഇട്ട് ആരുടെയോ ഒരുകുപ്പി രക്തവും സ്വീകരിച്ച് ഫൈവ് സ്റ്റാർ ആശുപത്രിയിലെ പേവാർഡിലാണ്.
രക്തം ഊറ്റിക്കുടിക്കുന്ന ഒരുകൂട്ടരേ ചേസ് ചെയ്ത് ഞാൻ ചെന്നുപെട്ടത് അതുപോലുള്ള മറ്റൊരു കൂട്ടരുടെ കയ്യിൽ!
കസേരയിൽനിന്നും മറിഞ്ഞുവീണ്,മൂക്കിൽ നിന്നും രക്തം ഒലിപ്പിച്ചു കിടന്ന എന്റെ നിലവിളി കേട്ട്, സിറ്റിംഗ് റൂമിലെ ടീവിയിൽ ഉത്സാഹത്തോടെ
" സ്ത്രീ ഒരു വിളക്ക് " കണ്ടുകൊണ്ടിരുന്ന ഭാര്യ ശ്രീലക്ഷ്മി
പതുക്കെ ഓടി വന്നപ്പോഴേക്കും,ഒരുപാധിയും കൂടാതെ,ലാൻഡിങും റീ ഫുവെലിഗും കഴിഞ്ഞ മശകഗണം ഹല്ലേലുയപാടി പറന്നു കഴിഞ്ഞിരുന്നു.