കൊച്ചി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ബൃഹത് ഫെഡറേഷനായ ഫോമാ, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജുമായി കൈകോര്‍ത്ത് ഫോമാ കുടുംബാംഗങ്ങള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി ആവിഷ്‌കരിച്ചിരിക്കുന്ന മെഡിക്കല്‍ കാര്‍ഡ് പദ്ധതിയുടെ സമര്‍പ്പണം നാളെ (ജനുവരി 15) നടക്കും. രാവിലെ 11-ന് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന പ്രൊഫ. പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ മാത്യു ടി തോമസ് എം.എല്‍.എ, പുഷ്പഗിരി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാ. ലിജു തോമസ്, പുഷ്പഗിരി ഹോസ്പിറ്റല്‍ സി.ഇ.ഒ റവ. ഫാ. ഫിലിപ്പ് പായംപള്ളില്‍, പത്തനംതിട്ട യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ഫോമാ ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ് തുടങ്ങിയവര്‍ സംബന്ധിക്കും.
നാട്ടിലെത്തുന്ന ഫാമാ കുടുംബാംഗങ്ങള്‍ക്കും കേരളത്തിലുള്ള അവരുടെ ബന്ധുക്കള്‍ക്കും വേഗത്തില്‍ വിവിധ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ മെഡിക്കല്‍ കാര്‍ഡ് ഏറെ ഉപകരിക്കുമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. മിതമായ നിരക്കിലുള്ള ആരോഗ്യ സുരക്ഷാ സേവനം, ഹോംകെയര്‍ സര്‍വീസ്, ചെക്കപ്പ്, ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന് മുന്‍ഗണന തുടങ്ങിയവ പ്രദാനം ചെയ്യുന്നതാണ് ഫോമാ-പുഷ്പഗിരി മെഡിക്കല്‍ സ്‌കീം.
ഫോമാ അംഗങ്ങളും അവരുടെ മാതാപിതാക്കളും കുട്ടികളും ആണ് ഈ മെഡിക്കല്‍ കാര്‍ഡിന്റെ ഗുണഭോക്താക്കള്‍. കെ.എ.എസ്.പി, ഇ.എസ്.ഐ, മെഡിസെപ് ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്തവര്‍ക്ക് ഈ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കും. കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും ആരോഗ്യ സേവനം ആവശ്യമുണ്ടെങ്കില്‍ ഫോമായുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ബന്ധുത്വം തെളിയിക്കുന്ന ശുപാര്‍ശ നല്‍കിയാല്‍ മതി.
ഔട്ട് പേഷ്യന്റ് ചെക്കപ്പിനും മറ്റും 'പേഷ്യന്റ് റിലേഷന്‍സ് ഓഫീസറു'ടെ സഹായം ഉണ്ടായിരിക്കും. രോഗനിര്‍ണയത്തിനും മരുന്നിനും ശസ്ത്രക്രിയ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കും 5 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഫൈനല്‍ ബില്ലില്‍ 10 ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്. സ്‌കീമിലൂടെ നിലവാരമുള്ള ചികില്‍സയും മറ്റ് സേവനങ്ങളും താങ്ങാവുന്ന നിരക്കില്‍ രോഗികള്‍ക്ക് ലഭിക്കുമെന്ന് പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പുനല്‍കി.
ഫോമാ-പുഷ്പഗിരി മെഡിക്കല്‍ സ്‌കീമിന്റെ സേവന ആനുകൂല്യങ്ങള്‍, ആവശ്യമുള്ളപ്പോള്‍ വേണ്ടവര്‍ക്കെല്ലാം ലഭിക്കട്ടെയെന്നും ഫോമാ കര്‍മഭൂമിയിലും ജന്‍മനാട്ടിലും സമയബന്ധിതമായി നടപ്പാക്കുന്ന ജനപക്ഷമുഖമുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ മെഡിക്കല്‍ കാര്‍ഡ് പദ്ധതി നടപ്പാക്കിയതെന്നും ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.