യു കെ: ഓ ഐ സി സി (യു കെ) - യുടെ ആഭിമുഖ്യത്തില്‍ യു കെയില്‍ വര്‍ധിച്ചു വരുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയും നിയമവശങ്ങള്‍ വിശദീകരിച്ചുകൊണ്ടും ജനുവരി 18ന് (ശനിയാഴ്ച) ഓണ്‍ലൈന്‍ ചര്‍ച്ചാക്ലാസുകള്‍ സംഘടിപ്പിക്കും. യു കെ സമയം രാത്രി 8 മണിക്ക് 'Speak Up Against Domestic Violence' എന്ന് പേരില്‍ സൂം (ZOOM) പ്ലാറ്റ്ഫോം മുഖേന സംഘടിപ്പിക്കുന്ന ചര്‍ച്ചാ ക്ലാസ്സില്‍ ബഹു. കേംബ്രിഡ്ജ് കൗണ്‍സില്‍ മേയറും ഇംഗ്ലണ്ട് & വെയ്ല്‍സ് സീനിയര്‍ കോര്‍ട്ട് സോളിസിറ്ററും യു കെയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ Hon. Rt. Cllr ബൈജു തിട്ടാല, ബഹു. ആഷ്ഫോര്‍ഡ് പാര്‍ലമെന്റ് അംഗം സോജന് ജോസഫ് എംപി, സാമൂഹ്യ പ്രവര്ത്തകന് സിബി തോമസ്, മുന്‍ പോലീസ് ഉദ്യോഗസ്ഥന് ദീപക് സദാശിവന് തുടങ്ങി യു കെയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
അറിഞ്ഞോ അറിയാതെയോ യു കെയില്‍ മലയാളികള്‍ അകപ്പെടുന്ന, പ്രത്യേകിച്ച് ഗാര്‍ഹിക പീഡന വകുപ്പുകള്‍ സംബന്ധമായ കേസുകള്‍ പെരുകുന്നതും ശിക്ഷ ലഭിക്കുന്നത് തുടര്‍ക്കഥയാവുന്ന സാഹചര്യമാണ് ഇപ്പോള്‍ യു കെയില്‍. മലയാളികള്‍ അകപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ദ്ധനവാണ് അടുത്തിടെയായി കണ്ടുവരുന്നതെന്ന് യു കെയിലെ പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ അടുത്തിടെ പറഞ്ഞിരുന്നു.
ഇവിടുത്തെ നിയമവശങ്ങളുടെ അറിവില്ലായ്മ കൊണ്ട് കേസുകളില്‍ അകപ്പെട്ടു പോകുന്നവര്‍ക്കും പരാതിപ്പെടാന്‍ കഴിയാത്തവര്‍ക്കുമായി, ഉത്തരവാദിത്വപെട്ട സംഘടനയെന്ന നിലയിലും സാമൂഹിക പ്രതിബദ്ധതാ വിഷയങ്ങളിലുള്ള ഇടപെടലിന്റെ ഭാഗമായുമാണ് ഓ ഐ സി സി (യു കെ) - യുടെ ആഭിമുഖ്യത്തില്‍ ഒരു വിദഗ്ധ പാനലിനെ അണിനിരത്തിക്കൊണ്ട് ഇത്തരത്തില്‍ ചര്‍ച്ചാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതെന്ന് നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു.
നിരവധി ആളുകള്‍ കേരളത്തില്‍ നിന്നും യു കെയിലേക്ക് കുടിയേറുന്ന ഈ അവസരത്തില്‍, ഇവിടുത്തെ നിയമങ്ങളെയും അവകാശങ്ങളെയും കുറിച്ച് ഒരു അവബോധം സൃഷ്ടിച്ചാല്‍ ഇത്തരത്തിലുള്ള വിഷയങ്ങള്‍ക്ക് ഒരു പരിധി വരെ ശമനമുണ്ടാകും.
സെമിനാറില്‍ പങ്കാളികളാകുന്നവര്‍ക്ക് തങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും വിദഗ്ധരുമായി പങ്കുവയ്ക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും എന്നും ഓ ഐ സി സി (യു കെ) ഭാരവാഹികള്‍ പറഞ്ഞു.
Zoom Link:
https://us06web.zoom.us/j/88675047413?pwd=4GPGwzIcFXqTfE7B773VnchmDobQeL.1
Meeting ID: 886 7504 7413
Passcode: 216739