വാണി എന്നാൽ ശബ്ദം എന്നാണർത്ഥം, വാണി ജയറാം എന്ന പിന്നണി ഗായികയെ വ്യത്യസ്തയാക്കിയിരുന്നതും അവരുടെ ശബ്ദം തന്നെയായിരുന്നു... മറ്റു പല ഗായികമാരുടെയും ശബ്ദത്തിൽ നിന്നും അൽപ്പം മാറിയുള്ള ഒരു സഞ്ചാരം. ഇത് നമുക്ക് ഏറ്റവും അനുഭവവേദ്യമാകുക വയലാറും സലീൽ ചൗധരിയും ഒരുക്കിയ രാഗത്തിലെ...
നാടൻ പാട്ടിലെ മൈന...
നാടോടി പാട്ടിലെ മൈന...
നാടൻ പാട്ടിലെ മൈന
നാരായണക്കിളി മൈന,
ഈ പാട്ട് വാണി ജയറാമിന്റെ
ചുണ്ടുകളിലൂടെ നമ്മുടെ
കാതുകളിൽ എത്തുമ്പോഴായിരിക്കും...
തമിഴ്, തെലുങ്ക് അടക്കമുള്ള ഭാഷകളുടെ ഉച്ചാരണത്തിന്റെ ചെറിയ സ്വാധീനം ഉള്ള ഇവരുടെ ആലാപനത്തിനേ ഒരു പക്ഷേ, ഈ പാട്ടിനെ ഇത്ര മനോഹരമായി അവതരിപ്പിക്കുവാൻ സാധിക്കുമായിരുന്നുള്ളൂ...
ഇതുപോലെതന്നെയാണ് വാണി ജയറാം കൂട്ടുകെട്ടിൽ പിറന്ന യുഗ്മഗാനങ്ങളിൽ ഒന്നായ
എൻ മാനസം എന്നും നിന്റെ ആലയം
എന്നും നിന്റെ ശ്രീപദം..
തേടി വരുന്നു.. ഞാൻ കൂടെ വരുന്നു...
ആലാപനത്തിൽ ഒരു പാത ഇവർക്ക് അവരുടെ അനുഗ്രഹീത ശബ്ദംകൊണ്ട് തന്നെയാണ് ഇവിടെയും തുറക്കുവാൻ സാധിച്ചുവെന്നുള്ളത് നാം അംഗീകരിച്ചു കൊടുക്കേണ്ട ഒരു യാഥാർത്ഥ്യം തന്നെയാണ്. ഇതുകൊണ്ടു തന്നെയാണ് വാണി ജയറാമിന് മലയാള ചലച്ചിത്ര ഗാനരംഗത്ത് ഒരു അദ്വിതീയസ്ഥാനം കൈവരുന്നതും പുതുതലമുറക്കടക്കം ഇപ്പോഴും അവരെ വേറിട്ട് തിരിച്ചറിയുവാൻ സാധിക്കുന്നതും. ശാസ്ത്രീയ സംഗീതത്തോടൊപ്പം ചെറുപ്പത്തിൽത്തന്നെ ഹിന്ദുസ്ഥാനിസംഗീതവും വാണി ജയറാം പഠിച്ചിരുന്നു. ഉസ്താദ് അബ്ദുൾ റഹ്മാനായിരുന്നു ഗുരു. ഇതുതന്നെയാണ് ഈ ഗായികക്ക് ആലാപനത്തിന്റെ വേറിട്ടൊരു വഴി വെട്ടിക്കൊടുത്തതും.. മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്ന് പാടിത്തെളിഞ്ഞാണ് എസ്. ജാനകിയും പി. സുശീലയുമെല്ലാം മലയാളത്തിലേക്ക് കടന്നുവന്നതെങ്കിൽ ഹിന്ദിഗാനാസ്വാദകരുടെ മനം കീഴടക്കിയാണ് വാണി ജയറാം കേരളക്കരയിലെത്തുന്നത്. ഹിന്ദിയിൽ വാണി ജയറാമിനെ പ്രശസ്തയാക്കിയത് മീരാഭജനുകളാണ്. അനേകമനേകം ഭക്തിഗാനങ്ങൾ മനോഹരമായി പാടിയ ഇവർ ക്രിസ്ത്യൻ, മുസ്ലിം ഭക്തിപരവേശം നിറഞ്ഞ ഗാനങ്ങൾ മനോഹരമാക്കിയതിന്റെ ഉദാഹരണങ്ങൾ ഏറെയുണ്ട്. അതി ലൊന്നാണ്...
നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്
നാലു മുളം വീരാളിപ്പട്ടു വേണം
തുളുനാടൻ തള വേണം...
തുളിശ്ശേരി വള വേണം . മാല വേണം
മക്കന വേണം മൈലാഞ്ചി വേണം
കൈയ്യില് മൈലാഞ്ചി വേണം.. എന്ന ഗാനം...
മലയാളത്തിലേക്ക് ഇവരെ ആദ്യമായി പാടാൻ കൊണ്ടു വന്നത് സ്വപ്നം എന്ന സിനിമയിലൂടെ സലീൽ ചൗധരിയായിരുന്നു. ഹിന്ദിയിൽ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ ദക്ഷിണേന്ത്യൻ ഭാഷകളിൽ സജീവമായതോടെ വാണി ജയറാം ചെന്നൈയിലേക്ക് താമസം മാറുക യായിരുന്നു. അങ്ങനെയാണ് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഇവർ സജീവമായത്. കെ.എ. മഹാദേവൻ, എം. എസ്. വിശ്വനാഥൻ, എം. ബി. ശ്രീനിവാസൻ, ഇളയരാജ, എ. ആർ. റഹ്മാൻ, എം കെ അർജ്ജുനൻ, ജെറി അമൽദേവ്, ജോൺസൺ എന്നിവരുടെ സംഗീതസംവിധാനത്തിൽ വരെ വാണിജയറാം മലയാളത്തിൽ അവരുടെ ചുണ്ടനക്കിയിട്ടുണ്ട്. ഹിന്ദിയിൽ മുഹമ്മദ് റഫി, മന്നാഡെ, മുകേഷ് എന്നിവരുടെ കൂടെയാണെങ്കിൽ തെലുങ്കിലും തമിഴിലും എസ്.പി. ബാലസുബ്രഹ്മണ്യം, മലയാളത്തിൽ യേശുദാസ്, പി. ജയ ചന്ദ്രൻ എന്നിവരായിരുന്നു യുഗ്മഗാനങ്ങളിൽ ഇവരുടെ ജോഡികൾ...
മലയാളത്തിലെ ഗായികമാരിൽ വാണി ജയറാമിന്റെ ശബ്ദവും ആലാപനവും ശ്രോതാക്കളെ ആകർഷിക്കുന്ന രീതിയിലുള്ളതായിരുന്നു വെന്നതുകൊണ്ട് ഒരുകാലത്ത് ഇവരുടെ ഗാനങ്ങൾക്കായി കാത്തു നില്ക്കുന്ന പതിനായിരക്കണക്കിന് ശ്രോതാക്കളുണ്ടായിരുന്നു. തമിഴ് നാട്ടിലെ വെല്ലൂരിൽ ജനിച്ച ഇവരുടെ യഥാർത്ഥ പേര് കലൈവാണി എന്നായിരുന്നു. ഹിന്ദി സിനിമയിൽ സജീവമായപ്പോൾ ഭർത്താവ് ജയറാമിന്റെ പേര് കൂടി ചേർത്ത് പരിഷ്ക്കരിച്ചാണ് വാങ്ങി ജയറാമിലെത്തിയത്. സിത്താർ വിദഗ്ധനായ ജയരാമനായിരുന്നു വാണിയുടെ ഭർത്താവ്. മൂന്നു തവണയാണ് ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ പുരസ്കാരം വാണി ജയറാമിന് ലഭിക്കുന്നത്. 1975-ൽ അപൂർവ്വരാഗങ്ങളിലെ ഏഴു സ്വരങ്ങൾ എന്ന ഗാനത്തിനും 1980ൽ ശങ്കരാഭരണത്തിലെ ഗാനത്തിനും 1991ൽ സ്വാതി കിരണം എന്ന ചലച്ചിത്രത്തിലെ ഗാനത്തിനുമായിരുന്നു ആ അംഗീകാരങ്ങൾ. ഏറ്റവും അവസാനം പത്മഭൂഷൺ എന്ന രാജ്യത്തിന്റെ ഏറ്റവും വലിയ മഹനീയ പുരസ്ക്കാരം കേന്ദ്ര ഗവർമെന്റ് അവർക്കായി പ്രഖ്യാപിച്ചിരുന്നു. ആ മഹോന്നത പുരസ്ക്കാരം ഏറ്റുവാങ്ങാൻ നില്ക്കാതെയാണ് വാണി ജയറാം
ഈ ലോകത്തു നിന്ന് വിടവാങ്ങിയത്...