ഇപ്‌സ്വിച്ച്: ഓ ഐ സി സി (യു കെ) ഇപ്‌സ്വിച്ച് റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ത്യയുടെ പൈതൃകമായ ഭരണഘടന നിലവില്‍വന്ന 76 - മത് റിപ്പബ്ലിക് ദിനാചാരണവും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും വികാരോജ്വലമായി.
റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിയിലിന്റെ അധ്യക്ഷതയില്‍ ഇപ്‌സ്വിച്ചിലെ ബ്രിട്ടാനിയ സ്‌കൗട്ട് ഹാളില്‍ വച്ച് വൈകുന്നേരം 7 മണിക്ക് ഈശ്വര പ്രാര്‍ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. വൈസ് പ്രസിഡന്റ് നിഷ ജിനീഷ് സ്വാഗതം ആശംസിച്ചു. പ്രഡിഡന്റ് ബാബുമങ്കുഴിയില്‍ ദേശീയ പതാക ഉയര്‍ത്തി.
ഓ ഐ സി സി നാഷണല്‍ ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രസക്തിയും, അഹിംസാ മാര്‍ഗത്തിലൂടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മജിയുടെ രക്ത സാക്ഷി അനുസ്മരണ സന്ദേശവും അദ്ദേഹം നല്‍കി. തുടര്‍ന്ന്, നാഷണല്‍ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രതാപ്, മൊബീഷ് മുരളീധരന്‍, മാര്‍ട്ടിന്‍ പൊറിഞ്ചു, അമല്‍ ജോണ്‍സ്, അര്‍ഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അവരവരുടെ കോണ്‍ഗ്രസ് പ്രവര്‍ത്തന പരിചയങ്ങളും അനുഭങ്ങളും പങ്ക് വെയ്ക്കുന്നതിനുള്ള വേദിയായി ചടങ്ങ് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞത് റീജിയന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് യോഗം വിലയിരുത്തി.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ലഘു ഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു. റീജിയന്‍ ട്രഷറര്‍ ജിന്‍സ് വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനത്തോടെ യോഗം പര്യവസാനിച്ചു.