തമിഴകത്തിന്റെ സൂപ്പര്‍താരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയര്‍ച്ചി' നാളെ മുതല്‍ കേരളത്തിലെ 300 ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം ആരംഭിക്കും. രാവിലെ 7 മണിക്കാണ് ചിത്രത്തിന്റെ കേരളത്തിലെ ആദ്യത്തെ ഷോകള്‍ ആരംഭിക്കുക.
ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ റിലീസായി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാളെ ആഗോള റിലീസായി എത്തുന്ന ചിത്രം അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ഒരുക്കിയിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. തൃഷ നായികാ വേഷം ചെയ്യുന്ന ചിത്രം, വമ്പന്‍ ആക്ഷന്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.