ക്യാപ്റ്റന്‍, വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ' സീക്രട്ട് ഓഫ് വിമന്‍'. മലയാള സിനിമയില്‍ പൊതുവേ കാണപ്പെടുന്ന പതിവ് സ്ത്രീകഥാപാത്രങ്ങളുടെ വാര്‍പ്പ് മാതൃകയില്‍ നിന്നു മാറി നിന്നു കൊണ്ട് അത്തരം കാഴ്ചപ്പാടുകളെ ഒന്നാകെ ഉടച്ചു കളയുന്ന ചിത്രമാണ് ' സീക്രട്ട് ഓഫ് വിമന്‍'. സ്ത്രീ അബലയാണെന്നും സംരക്ഷിക്കപ്പെടേണ്ടവളാണെന്നും എന്നും പുരുഷന് വിധേയപ്പെട്ട് നില്‍ക്കണമെന്നുമൊക്കെയുള്ള സമൂഹത്തിലെ ഉറച്ചു പോയ ബോധ്യങ്ങളെ പാടേ നിരാകരിച്ചു കൊണ്ടാണ് ഈ സിനിമ സ്‌ക്രീനില്‍ എത്തുന്നത്.
റിലീസ് ചെയ്യും മുമ്പ് നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണ് ' സീക്രട്ട് ഓഫ് വിമന്‍'. ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചു. നിരവധി ഫിലിംഫെസ്റ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഇമോഷണല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ കഴിയുന്ന രണ്ട് സ്ത്രീകളുടെ ജീവിതവും സമൂഹത്തില്‍ പുരുഷനില്‍ നിന്നും നേരിടേണ്ടി വരുന്ന ചില നിശബ്ദവും അല്ലാത്തതുമായ വേട്ടയാടലുകളുമാണ് തുറന്നു കാട്ടുന്നത്. വിഷമയമാകുന്ന ബന്ധങ്ങളെ, അത് ബന്ധനങ്ങളായി മാറുമ്പോള്‍ ആ ബന്ധത്തെ കൈകാര്യം ചെയ്യുന്ന രീതിയും ഇതില്‍ വരച്ചിടുന്നുണ്ട്.
വ്യത്യസ്തരായ രണ്ടു സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം. എല്ലാ വിധ സുഖസൗകര്യങ്ങളോടും കൂടിയ സമൂഹത്തിലെ അപ്പര്‍ ക്‌ളാസ് ഫാമിലിയിലെ അംഗമാണ് ജീന. പക്ഷേ അവള്‍ക്ക് ഒരു പുരുഷന്‍ കാരണം ജീവിതത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുന്നു. ഷീലയാകട്ടെ ഇല്ലായ്മകളോടു പടവെട്ടിയുള്ള ജീവിതമാണ്. എന്നും ക്ഷ്ടപ്പാടുകള്‍ക്കിടയിലൂടെയാണ് അവളുടെ ജീവിതം മുന്നോട്ടു പോകുന്നത്. അതിന്റെ കൂടെ ആഭാസന്‍മാരുടെ വെറിപിടിച്ച നോട്ടങ്ങള്‍ക്കിടയില്‍ തന്നെ സംരക്ഷിച്ചു നിര്‍ത്താനുള്ള ശ്രമകരമായ യത്‌നത്തിലാണ് അവള്‍. സ്ത്രീകളുടെ ജീവിതം ഇങ്ങനെ കൂടിയാണെന്നും എല്ലാ സ്ത്രീകളും ഇരകളെല്ലെന്നും എല്ലാ പുരുഷന്‍മാരും വേട്ടക്കാരും കാമാന്ധന്‍മാരുമല്ലെന്നും ചിത്രം വ്യക്തമാക്കുന്നു.
ഷഹബാസ് അമന്റെ 'നഗരമേ തരിക നീ തിരികെയെന്‍ ഹൃദയം' എന്ന പതിഞ്ഞ ഗാനത്തോടെയാണ് ചിത്രത്തിന്റെ തുടക്കം. എന്നാല്‍ ഗാനം പൂര്‍ണ്ണമാകുമ്പോള്‍ ചിത്രത്തിന്റെ ആകെയുള്ള മൂഡിലേക്ക് പ്രേക്ഷകര്‍ വീണുപോകും. ദൃശ്യങ്ങള്‍ പ്രേക്ഷകനില്‍ സൃഷ്ടിക്കുന്ന ഒരു അസ്വസ്ഥതയുണ്ട്. അതോടൊപ്പം സസ്‌പെന്‍സും
നിഗൂഢതയും ചിത്രത്തിന്റെ പിരിമുറുക്കമേറ്റുന്നു. പിന്നീടങ്ങോട്ട് ഈ പിരിമുറുക്കവുമായാണ് കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകനും സഞ്ചരിക്കുന്നത്. അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കയറി വന്ന് സ്വസ്ഥത നശിപ്പിക്കുന്ന പുരുഷനെ രണ്ട് തലങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ എങ്ങനെയ കൈകാര്യം ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ സാരാശം. വാക്കിലും നോക്കിലും മൗനത്തിലും ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഢത, പ്രേക്ഷകന് ഒരിക്കലും പിടിതരാതെ മാറി പോകുന്ന സസ്‌പെന്‍സ് ഇതെല്ലാം ചിത്രത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.
നിരഞ്ജന അനൂപും സുമദേവിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എല്‍ദോ ആയി മിഥുന്‍ വേണുഗോപാലും സെന്തില്‍ ആയി അധീഷ് ദാമോദരനും എത്തുന്നു. ഇവരെ കൂടാതെ അജു വര്‍ഗ്ഗീസ്, ശ്രീകാന്ത് മുരളി, പൂജമഹേഷ് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ സാക്കിര്‍ മണോലി, എല്‍ദോ, അങ്കിദ് ഡിസൂസ, ജിതേന്ദ്രന്‍, ശില്‍പ ജോസഫ്, ഉണ്ണി ചെറുവത്തൂര്‍, രാഘവന്‍, റഫീക്ക് ചൊക്‌ളി, സജിന്‍ ജോര്‍ജ്ജ്, കലേഷ്, സാജന്‍, ബിനീഷ് വെട്ടിക്കിളി, റോണി വില്‍ഫ്രഡ്,ജിത്തു, ബാബു ചന്ദ്രബോസ്, ജിജു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
പ്രജേഷ് സെന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. പ്രജേഷ് സെണ്‍ മുവീ ക്‌ളബ്ബാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലെബിസണ്‍ ഗോപിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജാനകി ഈശ്വറാണ് ചിത്രത്തിലെ ഗാനരചനയും ആലാപനവും. അനില്‍ കൃഷ്ണയാണ് സംഗീതം. ഗൗരവമാര്‍ന്ന പ്രമേയം ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ ഹൃദയത്തില്‍ തീര്‍ച്ചയായും ഈ ചിത്രം ഇടം നേടും.