Image

എയർ ഇന്ത്യ കൊച്ചി - യു കെ ഡയറക്റ്റ് വിമാനങ്ങൾ തുടർന്നും പറക്കും; ഓ ഐ സി സി (യു കെ)യുടെയും യു ഡി എഫ് എം പിമാരുടെയും ഇടപെടലുകൾ ഫലം കണ്ടു; നന്ദി അറിയിച്ച് ഓ ഐ സി സി (യു കെ)

റോമി കുര്യാക്കോസ് Published on 05 February, 2025
എയർ ഇന്ത്യ കൊച്ചി - യു കെ ഡയറക്റ്റ് വിമാനങ്ങൾ തുടർന്നും പറക്കും; ഓ ഐ സി സി (യു കെ)യുടെയും യു ഡി എഫ് എം പിമാരുടെയും ഇടപെടലുകൾ ഫലം കണ്ടു; നന്ദി അറിയിച്ച് ഓ ഐ സി സി (യു കെ)

യു കെ: കൊച്ചി - യു കെ ഡയറക്റ്റ് വിമാന സർവീസുകൾ നിർത്തലാക്കുന്നത് പുനപരിശോധിക്കണമെന്നും 5 ലക്ഷത്തോളം വരുന്ന ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓ ഐ സി സി (യു കെ)യും യു ഡി എഫ് എം പിമാരും നടത്തിയ ഇടപെടലുകൾ ഫലം കണ്ടു. പല കോണുകളിൽ നിന്നുമുള്ള സമ്മർദ്ദം മൂലം കൊച്ചി - യു കെ വിമാന ഡയറക്റ്റ് സർവീസുകൾ നിർത്തലാക്കുന്ന തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറുന്നതിനും സർവീസുകൾ പുനരാരംഭിക്കുന്നതിനുമുള്ള നടപടികൾ എയർ ഇന്ത്യ തുടങ്ങി. വിമാന സർവീസുകൾ തടസ്സം കൂടാതെ നടത്തുന്നതിനും കാലക്രമേണ കൂടുതൽ സർവീസുകൾ ഈ റൂട്ടിൽ ലഭമാക്കുന്നതിനുമായുള്ള പാക്കേജ് നിർദേശങ്ങൾ സിയാൽ എംഡി എസ് സുഹാസ് എയർ ഇന്ത്യ ഗ്രൂപ്പ്‌ തലവൻ എസ് ബാലാജിക്ക്‌ കൈമാറി. ചില സാങ്കേതിക അനുമതികൾക്ക് ശേഷം സർവീസുകൾ തുടരുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. 

കോവിഡ് തുടക്ക കാലത്ത് ആരംഭിച്ച കൊച്ചി - യു കെ എയർ ഇന്ത്യ ഡയറക്റ്റ് വിമാന സർവീസുകൾ മാർച്ച്‌ 28ന് ശേഷം നിർത്തലാക്കുന്നു എന്ന അറിയിപ്പ് ഞെട്ടലോടെയായിരുന്നു യു കെയിലെ മലയാളി സമൂഹത്തിന്റിടയിൽ പടർന്നത്‌. വാർത്ത പരന്ന ഉടനെ ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. പ്രതിവാരം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന വിമാന സർവീസുകൾ നിർത്തലാക്കുന്നത് പുനപരിശോധിക്കണമെന്നും പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നും അഭ്യർത്ഥിച്ചുകൊണ്ടുള്ള നിവേദനം എയർ ഇന്ത്യ സിഇഒ & എംഡി വിൽസൻ ക്യാമ്പൽ, യു കെയിൽ ബഹു. വ്യോമയാന മന്ത്രി മൈക്ക് കെയ്ൻ, ഇന്ത്യൻ ഹൈകമ്മീഷൻ ഓഫീസ്, ബോൾട്ടൻ സൗത്ത് & വാക്ക്ഡൻ എം പി യാസ്മിൻ ഖുറേഷി എന്നിവർക്ക് ഓ ഐ സി സി (യു കെ) നൽകി. ഇന്ത്യ ഗവണ്മെന്റിന്റെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു രാംമോഹൻ നായ്ഡു, ജനപ്രതിനിധികളുടെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ടുള്ള എം പിമാരായ രാഹുൽ ഗാന്ധി, കെ സുധാകരൻ, ഫ്രാൻസിസ് ജോർജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്കും ഓ ഐ സി സി (യു കെ) കൈമാറിയിരുന്നു. നാഷണൽ കമ്മിറ്റിക്ക്‌ വേണ്ടി ദേശീയ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യുസിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. 

വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉറപ്പു നൽകികൊണ്ട്‌ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി, ഓ ഐ സി സി (യു കെ) ക്ക്‌ മറുപടി കത്തും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കേന്ദ്ര വ്യോമയാന മന്ത്രിക്കും നൽകിയിരുന്നു. ഇപ്പോൾ ഗാറ്റ്വിക്കിൽ അവസാനിക്കുന്ന എയർ ഇന്ത്യ വ്യോമ സർവീസ് ബർമിങ്ഹാം / മാഞ്ചസ്റ്റർ എയർപോർട്ടുകൾ വരെ നീട്ടണമെന്ന ഓ ഐ സി സി (യു കെ)യുടെ ആവശ്യവും കെ സുധാകരൻ എംപി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറിയിരുന്നു. യു ഡി എഫ് എം പിമാരായ ഹൈബി ഈഡൻ കേന്ദ്ര വ്യോമയാന മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയും നിവേദനം സമർപ്പിക്കുകയുമുണ്ടായി. എം പിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, എം കെ രാഘവൻ, ആന്റോ ആന്റണി എന്നിവരും പിന്തുണ അറിയിച്ചു രംഗത്തെത്തിയിരുന്നു.

നേരത്തെ, എയർ ഇന്ത്യ വിമാന സർവീസുകളുടെ തുടർച്ചയായ റദ്ദാക്കലുകളും തന്മൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കട്ടി ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി നൽകിയ നിവേദനവും  അധികൃതരുടെ പരിഗണനയിലാണ്. 

കുട്ടികൾ, പ്രായമായവർ, രോഗാവസ്ഥയിൽ ഉള്ളവർ, സ്കൂൾ തുറക്കുന്ന സമയത്ത് യാത്രചെയ്യുന്നവർ എന്നിങ്ങനെ വളരെയേറെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനത്തിൽ എയർ ഇന്ത്യ അധികൃതർ നടത്തിയ പുനർവിചിന്തണം യു കെയിലെ മലയാളി സമൂഹത്തിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

ഓ ഐ സി സി (യു കെ) യുടെയും യു ഡി എഫ് എംപിമാരുടെയും സമയബന്ധിതമായ ഇടപെടലുകൾ പ്രവാസി ലോകത്ത് വലിയ അംഗീകാരത്തിനും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. 

പ്രശ്നപരിഹാരത്തിനായി ഇടപെടുകയും പിന്തുണ അറിയിച്ച എല്ലാവർക്കും പ്രത്യേകിച്ച് ബഹു. വ്യോമയാന മന്ത്രി മൈക്ക് കെയ്ൻ, ആഷ്ഫോർഡ് എം പി സോജൻ ജോസഫ്, കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു രാംമോഹൻ നായ്ഡു, എം പിമാരായ കെ സുധാകരൻ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, ആന്റോ ആന്റണി, എം കെ രാഘവൻ, ഫ്രാൻസിസ് ജോർജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം പി യാസ്മിൻ ഖുറേഷി എന്നിവരോട് ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ പേരിൽ ദേശീയ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് നന്ദി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക