Image

ഫോമാ വെസ്റ്റേൺ റീജിയൻ ഉദ്‌ഘാടനവും കുടുംബസംഗമവും ഫെബ്രുവരി പതിനഞ്ചിന്‌ ലോസ് ആഞ്ചലസിൽ

പന്തളം ബിജു) Published on 06 February, 2025
ഫോമാ വെസ്റ്റേൺ റീജിയൻ ഉദ്‌ഘാടനവും കുടുംബസംഗമവും ഫെബ്രുവരി പതിനഞ്ചിന്‌ ലോസ് ആഞ്ചലസിൽ

ഫോമാ വെസ്റ്റേൺ റീജിയൻ പ്രവർത്തനോദ്‌ഘാടനവും ഫാമിലി നൈറ്റും ഫെബ്രുവരി പതിനഞ്ചാം തീയതി ലോസ് ആഞ്ചലസിൽ വെച്ച് നടത്തപ്പെടും . ശനിയാഴ്ച വൈകിട്ട് കൃത്യം അഞ്ച് മണിയ്ക്ക് ഓറഞ്ച് സിറ്റിയിലെ തന്തൂർ കുസീൻ ഓഫ് ഇന്ത്യയിൽ വെച്ചാണ് ഉദ്‌ഘാടന ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. സംഘടനകളുടെ എണ്ണം കൊണ്ടും  വലിപ്പം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും  അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഫോമാ റീജിയൻ എന്ന ഖ്യാതി കാലാകാലങ്ങളായി സ്വന്തമാക്കി കൊണ്ട് മുന്നേറുന്ന റീജിയന്റെ ഈ പരിപാടി എന്തുകൊണ്ടും വ്യത്യസ്ഥമാക്കുവാനും വിജയപ്രദമാക്കുവാനും  റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ തയ്യാറായിക്കഴിഞ്ഞു .  

ഫോമയുടെ എല്ലാ എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗങ്ങളും, മറ്റു ദേശീയ നേതാക്കളും, പ്രാദേശിക നേതാക്കളും  ഒക്കെ പങ്കെടുക്കന്ന പ്രസ്തുത പരിപാടിയിലേക്ക് റീജിയന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള  എല്ലാ അംഗസംഘടനകളിൽ നിന്നുള്ളവരും  പങ്കെടുക്കും. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ആരംഭിക്കുന്ന താലപ്പൊലിയേന്തിയ മങ്കമാരുടെ  ഘോഷയാത്രയോടെ  ഉദ്‌ഘാടന ചടങ്ങുകൾക്ക് തുടക്കമാകും .  ശേഷം നടക്കുന്ന പൊതുപരിപാടിയിൽ റീജിയന്റെ ഫോമാ പ്രവർത്തനങ്ങൾ ജോൺസൺ ജോസഫ് വിശദീകരിക്കും, ഈ ചടങ്ങിൽ  ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ മുഖ്യാഥിതിയായിരിക്കും. ഫോമായുടെ എല്ലാ എക്സികുട്ടീവ് കമ്മറ്റിയംഗങ്ങളും, റീജിയണിലെ എല്ലാ അസോസിയേഷൻ പ്രസിഡന്റന്മാരും ആശംസകളറിയിക്കും. നൃത്ത-നൃത്യ-നാട്യങ്ങൾ സമ്മേളിക്കുന്ന അതിവിശിഷ്ട രംഗകലകളുടെ കേദാരമാകുന്ന നയന മനോഹര കലാപരിപാടികളോടൊപ്പം മനസ്സിന് കുളിർമയേകുന്ന ആസ്വാദ്യകരമാകുന്ന  സംഗീത സദസ്സും ഉണ്ടാകും .  തുടർന്ന്  നടക്കുന്ന ഇന്ത്യൻ തനിമയാർന്ന സൽക്കാര വിരുന്നും ക്രമീകരിച്ചിട്ടുണ്ട് .  

പതിനഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ച്‌ കിടക്കുന്ന വെസ്റ്റേൺ റീജിയണിലെ മലയാളകളോട്  നമ്മുടെ  സംസ്ക്കാരത്തിന്റെ തനിമ വിളിച്ചോതുവാനും ,  വളർന്നുകൊണ്ടിരിക്കുന്ന  നമ്മുടെ സമൂഹത്തെ ഒരുകുടക്കീഴിൽ ഒരുമിച്ച് കൂട്ടാനുമുള്ള ഫോമായുടെ ദീർഘവീക്ഷണമുള്ള കാഴ്‌ചപ്പാടുകൾക്ക്‌ ഇത്തരം പരിപാടികൾ വലിയ  ഒരു മാർഗ്ഗദര്ശനമാണ് നൽകുന്നത്. അമേരിക്കൻ പ്രാദേശിക സർക്കാർ അതോറിറ്റികളുമായും ഇന്ത്യൻ എംബസിയുമായും കോൺസുലേറ്റുകളുമായും നമ്മുടെ പൊതുജനതാല്പര്യങ്ങളും  അവകാശങ്ങളും സംരക്ഷിക്കാൻ സംഘടനപരമായി ഫോമാ എന്നും മുന്നിട്ടിറങ്ങാറുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: RVP ജോൺസൺ ജോസഫ് : 310986 9672

വാർത്ത നൽകിയത് :(പന്തളം ബിജു)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക