Image

ഫോമാ നേതാക്കളുടെ കേരള സന്ദര്‍ശനം: നിരവധി പദ്ധതികള്‍ നടപ്പിലാക്കി ചാരിതാര്‍ത്ഥ്യത്തോടെ മടക്കം

എ.എസ് ശ്രീകുമാര്‍-ഫോമാ ന്യൂസ് ടീം Published on 08 February, 2025
ഫോമാ നേതാക്കളുടെ കേരള സന്ദര്‍ശനം: നിരവധി പദ്ധതികള്‍ നടപ്പിലാക്കി ചാരിതാര്‍ത്ഥ്യത്തോടെ മടക്കം

അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമായുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തില്‍, ഫോമാ ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ നടത്തിയ കേരള സന്ദര്‍ശനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജന്മനാടിനോടുള്ള സ്‌നേഹവും പ്രതിബദ്ധതയും പ്രകടമാക്കി.

നാട്ടിലെ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഫോമാ മുന്‍കാലങ്ങളില്‍ നല്‍കിയ സഹായ പരിപിപാടികളുടെ തുടര്‍ച്ചയെന്ന നിലയില്‍ സംഘടയുടെ 2024-'26 ഭരണസമിതിയുടെ കേരള പ്രോജക്ടുകളുടെ തുടക്കമാണിതെന്ന് നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി. ഫോമാ ടീം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് സൗഹൃദം പങ്കുവയ്ക്കുകയുണ്ടായി.  ഫോമാ നടപ്പാകുകന്ന കേരള പ്രോജക്ടുകള്‍ക്കെല്ലാം മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. നോര്‍ക്ക അധികൃതരുമായി കുടിക്കാഴ്ച നടത്തിയ ഫോമാ ടീം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെയും സന്ദര്‍ശിച്ചു. ഫോമാ 2026 നാഷണല്‍ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരനും ടീമിനൊപ്പമുണ്ടായിരുന്നു.

ഫോമായുടെ സാമ്പത്തിക പിന്തുണയോടെ പിറവം രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറവുമായി കൈകോര്‍ത്ത് സംഘടിപ്പിച്ച 13-ാമത് 'അമ്മയോടൊപ്പം' ജീവകാരുണ്യ ചടങ്ങ് നൂറുകണക്കിന് നിര്‍ധന വിധവകളായ അമ്മമാര്‍ക്ക് സ്നേഹോപഹാരങ്ങള്‍ സമ്മാനിച്ച് ചാണ്ടി ഉമ്മന്‍ എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്. നിര്‍ധനരും വിധവകളുമായ അഞ്ഞൂറോളം അമ്മമാര്‍ക്ക് പുതുവര്‍ഷ സമ്മാനമായി വസ്ത്രം, ധാന്യക്കിറ്റ്, നാഗാര്‍ജ്ജുന ആയുര്‍വ്വേദ മെഡിക്കല്‍ കിറ്റ്, സഹായ ധനം എന്നിവയും സ്നേഹവിരുന്നും നല്‍കി.



ഫോമാ, വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ 'ഉന്നതി'യെന്ന ആദ്യ ചാരിറ്റി പ്രോജക്ടിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ പരീശീലനം ലഭിച്ച പട്ടിക വര്‍ഗ മേഖലയിലുള്ള 35 യുവതീ യുവാക്കള്‍ക്ക് ജീവനോപാധിയായി  ടൂള്‍കിറ്റുകള്‍ വിതരണം ചെയ്തു. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ വിമന്‍സ് ഫോറം ട്രഷറര്‍ ജൂലി ബിനോയി, ജോയിന്റ് ട്രഷറര്‍ മഞ്ജു പിള്ള എന്നിവര്‍ ചേര്‍ന്നാണ് ടൂള്‍ കിറ്റുകള്‍ വിതരണം ചെയ്തത്.

സമാനതകളില്ലാത്ത ദുരിതം വിതച്ച വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഫോമാ പങ്കാളിത്തം വഹിച്ചുകൊണ്ട് സാധ്യമായതെല്ലാം ചെയ്യുന്നതിനായി ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വയനാട് ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ അരുണ്‍, മാനന്തവാടി തഹസീല്‍ദാര്‍ അഗസ്റ്റിന്‍ എം.ജെ, കുന്നത്തിടവക വില്ലേജ് ഓഫീസര്‍ അശോകന്‍ ജോര്‍ജ്, മേപ്പാടി പഞ്ചായത്ത് അധികൃര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് എന്ന ചാരിറ്റിപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാവേലിക്കര ബിഷപ് മൂര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിക്കും പിറവത്തെ വ്യക്തിക്കും കാരിത്താസ് ആശുപത്രിയിലെ ഡയാലിസിസ് രോഗിക്കും പിറവം ക്രിസിതുരാജ പ്രെയര്‍ സെന്ററിനും തൊടുപുഴ സ്മിത ആസുപത്രിയിലെ അര്‍ഹതപ്പെട്ടവര്‍ക്കും ഫോമ സഹായം നല്‍കി. നാട്ടിലെത്തുന്ന അമേരിക്കന്‍ മലയാളികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഏറെ നേരം കാത്തുനില്‍ക്കാതെ വേഗത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ്, കാരിത്താസ് ഹോസ്പിറ്റല്‍, മാതാ ഹോസ്പിറ്റല്‍, ആസ്റ്റര്‍ മെഡിസിറ്റി തുടങ്ങിയവരുമായി ഫോമാ ഹെല്‍ത്ത് കാര്‍ഡ് സ്‌കീമില്‍ കരാറൊപ്പുവയ്ക്കുകയുണ്ടായി.  ചികില്‍സയ്ക്ക് നിശ്ചിത ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാക്കുന്ന പദ്ധതിയാണിത്.

കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ ഫോമാ ചിക്കാഗോ റീജിയന്‍, ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും വീല്‍ചെയറുകള്‍ വിതരണം ചെയ്ത യോഗത്തില്‍ സംബന്ധിച്ച് ഫോമാ പിന്തുണ അറിയിക്കുകയും ചെയ്തു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ ശ്രീ, മാധ്യമ രത്‌ന, മീഡിയ എക്‌സലന്‍സ് പുരസ്‌കര വിതരണം, ചിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് കോണ്‍ക്ലേവ്, ഇ മലയാളി ന്യൂസ് പോര്‍ട്ടലിന്റെ കൊച്ചിയിലെ അവാര്‍ഡ് നിശ തുടങ്ങിയ പരിപാടികളില്‍ പങ്കെടുത്ത് ഫോമാ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഫോമായുടെ കേരളാ കണ്‍വന്‍ഷന്‍ സംബന്ധിച്ച ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കുറി അക്ഷര നഗരിയായ കോട്ടയത്താണ് കേരള കണ്‍വന്‍ഷന്‍ അരങ്ങേരുന്നത്. ഈ കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിന് വേണ്ടി വിന്‍ഡ്‌സര്‍ കാസില്‍ ഹോട്ടല്‍ അധികൃതരുമായി ഫോമാ ഭാരവാഹികള്‍ പ്രാരംഭ ചര്‍ച്ച നടത്തി.

കേരള സന്ദര്‍ശനത്തില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് ഫോമാ ഭാരവാഹികള്‍ തങ്ങളുടെ കര്‍മഭൂമിയിലേയ്ക്ക് മടങ്ങിയത്. തുടങ്ങി വച്ച പദ്ധതികള്‍ മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ട മോണിട്ടറിംഗ് നടത്തുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക