ഡാളസ്: അനുഭവസമ്പത്തും, ലാളിത്യവും കൈമുതലായി സാമുവല്‍ മത്തായി ഫോമാ വൈസ് പ്രസിഡന്റ് (2026-2028) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു
വ്യക്തമായ കർമ്മപരിപാടികളുമായാണ് സാമുവൽ മത്തായി മത്സരരംഗത്തു വരുന്നത്. നാട്ടിലെന്നപോലെ ഇവിടെയും പ്രശ്‌നങ്ങള്‍ ധാരാളമായി അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ഫോമ മാറണം. ഇപ്പോഴത്തെ നല്ല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഫോമ എങ്ങനെ ആയിരിക്കണമെന്നുള്ളതിനേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നദ്ദേഹം പറയുന്നു.
ഏറ്റെടുക്കുന്ന ഏതൊരു ജോലിയും ദീര്‍ഘവീക്ഷണത്തോടു കൂടിയും ഉത്തരവാദിത്വത്തോടെയും നിറവേറ്റുന്ന സാമുവൽ മത്തായി സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നു .
ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച് വിദ്യാര്‍ത്ഥി നേതാവായി നേതൃത്വ പാടവം തെളിയിച്ച സാമുവല്‍ മത്തായി ഡാളസ് മലയാളി അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ്, എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വച്ചു.
2020 -2022 -ൽ ഫോമായുടെ നാഷണൽ കമ്മിറ്റിയംഗമായും മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്.
കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കോളേജ് യൂണിറ്റ് സെക്രട്ടറി, അത്ലറ്റിക് സെക്രട്ടറി, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ "രഥം" ത്രൈമാസികയുടെ ജനറൽ എഡിറ്ററായി സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നു.
ഇവിടെയും നാട്ടിലുമായി ഒട്ടനവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നിശബ്ദമായി ചെയ്തു വരുന്നു. അമേരിക്കയിൽ എത്തി അധികം വൈകാതെ തന്നെ സ്വന്തം ബിസിനെസ്സ് ആരംഭിക്കുകയും അവയെല്ലാം ലാഭകരമായി നടത്തുകയും ചെയ്യുന്നു. 2010 മുതലുള്ള എല്ലാ ഫോമാ കൺവെൻഷനുകളിലും സജീവ സാന്നിധ്യമാണ്.
എല്ലാവരോടും സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന, ഫോമയുടെ നന്‍മയും ഉയര്‍ച്ചയും മാത്രം ആഗ്രഹിക്കുന്ന വ്യക്തിത്വത്തിനുടമയാണ്.
വാഗ്ദാനങ്ങളിലല്ല അവ നടപ്പാക്കുന്നതിലാണ് താല്പര്യം എന്നദ്ദേഹം വ്യക്തമാക്കുന്നു. എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിക്കുന്നു.