Image

സ്‌നേഹസമ്പന്നരാണ് ഈ മക്കള്‍-'നാരായണീന്റെ മൂന്നാണ്‍മക്കള്‍' (റിവ്യൂ)

Published on 10 February, 2025
സ്‌നേഹസമ്പന്നരാണ് ഈ മക്കള്‍-'നാരായണീന്റെ മൂന്നാണ്‍മക്കള്‍' (റിവ്യൂ)

സഹോദര സ്‌നേഹത്തിന്റെയെല്ലാം കാലം കഴിഞ്ഞുവെന്ന് കരുതുന്നവരുടെ മുന്നിലേക്ക്, അതല്ല സത്യമെന്നും സ്‌നേഹബന്ധങ്ങളുടെ ഇഴയടുപ്പം ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട് എന്നോര്മ്മിപ്പിക്കു#ുകയും കാട്ടിത്തരികയുമാണ് 'നാരായണീന്റെ മൂന്നാണ്‍മക്കള്‍' എന്ന ചിത്രം. നവാഗതനായ ശരണ്‍ വേണുഗോപാല്‍ തിരക്കഥയും സംവിധാനവും ഒരുക്കിയ ചിത്രം സഹോദര ബന്ധത്തിന്റെ, സ്‌നേഹത്തിന്റെ ആഴങ്ങള്‍ വ്യക്തമാക്കുന്ന ചിത്രമാണ്. അതോടൊപ്പം തന്നെ മനുഷ്യമനസ്സില്‍ പൂണ്ട് കിടക്കുന്ന അസൂയയും കുടിലതയും ചിത്രം കാട്ടിത്തരുന്നു. സ്‌നേഹബന്ധങ്ങളുടെ ഭിന്നമുഖങ്ങളാണ് ശരണ്‍ വേണുഗോപാല്‍ അഭ്രപാളിയില്‍ പകര്‍ത്തിയെഴുതുന്നത്.

കൊയിലാണ്ടിയിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ പുരാതനമായ തറവാട്ടിലെ നാഥയാണ് നാരായണിയമ്മ. അമ്മ തീര്‍ത്തും കിടപ്പിലായതറിഞ്ഞ് വിദേശത്തും നാട്ടിലുമുള്ള മക്കള്‍ തറവാട്ടില്‍ ഒത്തു ചേരുന്നു. വിശ്വനാണ് മൂത്ത മകന്‍. കുടുംബത്തില്‍ ഒരു മുതിര്‍ന്ന കാരണവരുടെ സ്ഥാനമാണ് അയാള്‍ക്ക്. രണ്ടാമത്തെ മകന്‍ സേതുവാണ് തറവാട്ടില്‍ അമ്മയ്‌ക്കൊപ്പം കഴിയുന്നത്. അമ്മയ്ക്ക് കൂട്ടായി അയാള്‍ സദാ അമ്മയോടൊപ്പം ഉണ്ട്. മൂന്നാമത്തെ മകനായ ഭാസക്കരന്‍ യു.കെയില്‍ സ്ഥിര താമസമാണ്. അന്യമതസ്ഥയായ നഫീസയെ പ്രണയിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഭാസ്‌ക്കരന്‍ പുറത്താക്കപ്പെട്ടിരുന്നു. നഫീസയെ വിവാഹം കഴിച്ച ശേഷം അയാള്‍ പിന്നീട് യു.കെയിലേക്ക് കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തറവാട്ടില്‍ നിന്നു പോയ അയാള്‍ ഇപ്പോള്‍ വന്നിരിക്കുന്നത് അമ്മയുടെ അസുഖവിവരം അറിഞ്ഞാണ്. അയാളുടെയും നഫീസയുടെയും മകന്‍ മുതിന്നതിനു ശേഷമാണ് അവര്‍ ആദ്യമായി നാട്ടിലേക്ക് വരുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം കണ്ടപ്പോഴുള്ള സന്തോഷം മെല്ലെ മെല്ലെ മാഞ്ഞു തുടങ്ങുകയാണ് സഹോദരങ്ങള്‍ക്കിടയില്‍. മൂത്തജ്യേഷ്ഠനായ വിശ്വനാകട്ടെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് തറവാട്ടില്‍ നിന്നും പിണങ്ങിപ്പോയ ഭാസ്‌ക്കരനോട് കുടുംബക്കാര്‍ക്കുള്ള നീരസം പലപ്പോഴും പ്രകടമാക്കുന്നു. സേതുവാകട്ടെ, വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാവരുമായും ഒത്തു ചേര്‍ന്നതിന്റെ സന്തോഷത്തില്‍ മതി മറന്നു നടക്കുകയാണ്. ഭാസ്‌ക്കരന്റെ മകന്‍ നിഖിലും വിശ്വന്റെ മകള്‍ ആതിരയും തമ്മില്‍ ഉറ്റ ചങ്ങാതിമാരായി മാറുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുമ്പോള്‍ കിടപ്പിലായ അമ്മയുടെ രൂപം ഭാസ്‌ക്കരനെ വളരെ വിഷമിപ്പിക്കുന്നു. ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്ന് ഡോക്ടര്‍ വിധിയെഴുതിയിട്ടും അമ്മയുടെ മരണം സഭവിക്കാത്തതില്‍ ആണ്‍മക്കള്‍ ചിന്താക്കുഴപ്പത്തിലാക്കുന്നു. ഭാസ്‌ക്കരനും കുടുംബത്തിനും ലീവ് തീര്‍ന്ന് യു.കെയിലേക്ക് തിരിച്ചു പോകണം. ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അവര്‍ക്കിടയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തല പൊക്കുന്നു.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകാന്‍ ഏറ്റവും അനുയോജ്യരായ താരങ്ങളെ തന്നെയാണ് കത്തെിയിരിക്കുന്നത്. നാരാണീന്റെ മൂന്നാണ്‍മക്കളായി സ്‌ക്രീനില്‍ എത്തിയ അലന്‍സിയര്‍, സുരാജ് വെഞ്ഞാറമൂട്, ജോജുജര്‍ജ്ജ് എന്നിവര്‍ ആ കഥാപാത്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ മികച്ചതാക്കുകയും ചെയ്തു. മത്സരിച്ചുള്ള അഭിനയത്തില്‍ ആരാണ് മുന്നില്‍ എന്നു പറയാന്‍ കഴിയാത്ത വിധം സൂക്ഷ്മമായ ഭാവാഭിനത്തിലൂടെ മൂവരും കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അകന്നു കഴിയുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ കണ്ണിചേര്‍ന്നു കിടക്കുന്ന രക്തബന്ധത്തിന്റെ ശക്തി പല രംഗങ്ങളിലും കാട്ടിത്തരുന്നുണ്ട് ഈ സിനിമ. പലപ്പോഴും പ്രേക്ഷകന്റെ കണ്ണു നിറയ്ക്കാന്‍ പോന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. മരണക്കിടക്കയില്‍ കിടക്കുന്ന അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ സംസ്‌ക്കാരം കഴിഞ്ഞ് ഏത്രയുംവേഗം ജോലിസ്ഥലത്തെത്താന്‍ കാത്തുകിടക്കുന്ന മക്കള്‍ നമുക്കന്യരല്ല. പലപ്പോഴും വിദേശ രാജ്യങ്ങളില്‍ നിന്നും ഓടിപ്പാഞ്ഞെത്തുന്ന അവര്‍ക്ക് ജോലി സംബന്ധമായ, അല്ലെങ്കില്‍ നിലനില്‍പ്പിന്രെ കൂടി പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടായിരിക്കാം അങ്ങനെ. ഒപ്പം പുതുതലമുറയിലെ കുട്ടികള്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങളുടെ യഥാര്‍ത്ഥ ചിത്രവും സംവിധായകന്‍ വരച്ചിടുന്നുണ്ട്.

സുരാജിന്റെ ഭാര്യയായി ഷെല്ലി എം.കുമാറും വിശ്വന്റെ ഭാര്യയായി സജിതാ മഠത്തിലും മികച്ച അഭിനയം കാഴ്ച വച്ചു. യുവത്വത്തിന്റെ പ്രസരിപ്പ് നിറഞ്ഞ നിഖിലിനെയും ആതിരയെയും അവതരിപ്പിച്ച തോമസ മാത്യുവും ഗാര്‍ഗി അനന്തനും കൈയ്യടി നേടുന്നു.  

ഗുഡ് വില്‍ എന്റര്‍ടെയ്ന്റ്‌മെന്റ് ബാനറില്‍ ജോബി ജോര്‍ജ്ജ് തടത്തില്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഗ്രാമീണ ഭംഗി ആവോളമുണ്ട്. മനസ്സിനെ കുളിര്‍പ്പിക്കുന്ന ഗാനങ്ങളും പ്രകൃതി രമണീയതയും കാവും കുളവുമൊക്കയായി ഗൃഹാതുര സ്മരണകള്‍ ഉയര്‍ത്തുന്ന ഒരു ചിത്രം. നല്ല സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക