Image

സംഘമിത്രാ കാണ്ഡം - നോവൽ - 7 - പുഷ്പമ്മ ചാണ്ടി, ചെന്നൈ

Published on 12 February, 2025
സംഘമിത്രാ കാണ്ഡം - നോവൽ - 7 - പുഷ്പമ്മ ചാണ്ടി, ചെന്നൈ

രാവിലെ സ്കൂളിൽ കുട്ടികൾക്കായി ഒരു മണിക്കൂർ CBT (കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി) ചെയ്യാൻ സഹായിച്ചിട്ട് അഭിനന്ദൻ പറഞ്ഞ കൃത്യസമയം പതിനൊന്നരക്ക് അവൾ എ & ൻ ഓഫീസിൽ എത്തി . റിസപ്ഷനിൽ പേര് പറഞ്ഞതെ അവർ അഞ്ചാം നിലയിൽ ആദ്യത്തെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു .
അഭിനന്ദന്റെ ഓഫീസ് മുറി .
അകത്തു പ്രവേശിച്ചതും അയാൾ തന്നെയും കാത്തിരിക്കുകയായിരുന്നുവെന്നു   തോന്നി . സ്വാഗതത്തിനു ശേഷം  ഹന്നയെ വിളിച്ചു , കൊണ്ടുവന്ന കടലാസുകൾ ഒരു കോപ്പി വച്ച് എടുത്തു , ഒറിജിനൽ സഹിതം സി. എസ്സ് . ആർ. ഡിപ്പാർട്മെന്റിൽ ഏൽപ്പിക്കാൻ പറഞ്ഞു .

സംഘമിത്ര എഴുനേൽക്കാൻ തുടങ്ങിയപ്പോൾ
" ഒറിജിനൽ തിരികെ വേണ്ടേ ? 
ഒരു ടെൻ മിനിറ്റ്സ് വെയിറ്റ് ചെയ്യൂ , അത് കൂടി തിരികെ വാങ്ങി കൊണ്ടുപൊക്കോളൂ " എന്ന് അഭിനന്ദൻ പറഞ്ഞു.
" കുടിക്കാൻ കാപ്പിയോ , ചായയോ ? "

"എന്താണെങ്കിലും കുഴപ്പമില്ല "

" എന്നാലും "

"കോഫി മതി"

അപ്പോഴാണ്  അവൾ , അരുളും അഭിനന്ദനും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഭിത്തിയിൽ വച്ചിരിക്കുന്നത് കണ്ടത് .
അതിലെ അഭിനന്ദനെ അവൾ തിരിച്ചറിഞ്ഞു.

ഇയാൾ കുറെ മാറിയിരിക്കുന്നു. വർഷങ്ങൾ എത്ര കടന്നുപോയിരിക്കുന്നു .

എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഓഫീസ് മുറി . ശ്രീബുദ്ധന്റെ വിവിധ രൂപങ്ങൾ ആ മുറിയെ കൂടുതൽ ഭംഗിയാക്കി .

അവളുടെ ശ്രദ്ധയെ മുറിച്ചുകൊണ്ടയാൾ ചോദിച്ചു..
" കാപ്പിയിൽ ഷുഗർ ആകാമല്ലോ ?"

കോഫി കൊണ്ടുവന്നത് ഒരു പെൺകുട്ടിയാണ് . നല്ല മുഖശ്രീയുള്ള കുട്ടി . മിത്ര അവളെ നോക്കി മെല്ലെ ഒന്ന് ചിരിച്ചു .

ഇത്രയും സമയം അഭിനന്ദൻ മിത്രയെ ശ്രദ്ധിക്കുകയായിരുന്നു .
എടുത്തു പറയത്തക്ക സൗന്ദര്യമുള്ള ഒരു പെണ്ണല്ല സംഘമിത്ര  , പക്ഷെ അവളിൽ എന്തോ ഒരു ആകർഷണമുണ്ട് . വർഷങ്ങൾക്കു മുൻപേ കണ്ടപ്പോഴും അത് തോന്നിയിരുന്നു . അവളുടെ കണ്ണുകളുടെ ആഴങ്ങളിൽ ജ്വലിക്കുന്നത്  അഗ്നിയാണ്.
അതെ അതാണ് അന്നും തോന്നിയത് . ബാലമുരുകന്റെ  പെണ്ണാണെന്ന് അറിഞ്ഞതുകൊണ്ട് അന്ന് കൂടുതലൊന്നും അന്വേഷിച്ചില്ല.മിത്ര കാപ്പികുടിക്കുന്നതിനിടയിൽ അയാളെ നോക്കി പുഞ്ചിരിച്ചു . അപ്പോൾ അവളുടെ കവിളിൽ തെളിഞ്ഞ നുണക്കുഴി, ദൈവികമായ ഒരു പരിവേഷം ആ മുഖത്തിന് കൊടുത്തപോലെ അയാൾക്ക് തോന്നി .

" തിരക്കില്ലെങ്കിൽ നമുക്ക് ലഞ്ച് ഒന്നിച്ചു കഴിക്കാം "

" കാപ്പി ഇപ്പോൾ കുടിച്ചതല്ലേ യുള്ളൂ  "

" അതിനെന്താ , സ്കൂളിലെ വിശേഷങ്ങൾ , ഭാവി പദ്ധതികൾ ഒക്കെ സംസാരിക്കാം . അന്നു വന്ന കൂട്ടുകാരിയെപ്പോലെ എന്നെയും ഒരു വെൽ വിഷർ ആയി കണ്ടാൽ മതി "
എന്ന് പറഞ്ഞയാൾ മൃദുലമായി പുഞ്ചിരിച്ചു .

അടുത്തകാലത്തെങ്ങും ഇത്രയും സൗമ്യമായി താൻ പുഞ്ചിരിച്ചിട്ടില്ല എന്ന് അയാൾക്ക്‌ തന്നെ തോന്നി .

അയാളുടെ ക്ഷണം സ്വീകരിക്കാതിരിക്കാൻ സാധിച്ചില്ല .

" ഇറ്റാലിയൻ ഫുഡ് ഇഷ്ട്ടമാണോ , കുറച്ചു നാൾ അമേരിക്കയിൽ താമസിച്ച ആളല്ലേ കോണ്ടിനെന്റൽ ഫുഡ് ഒരു ചേഞ്ച് അല്ലേ?"
ഇവിടെ അടുത്തൊരു കോസി , ഇറ്റാലിയൻ സ്ഥലമുണ്ട് ടോസ്ക്കാനോ "

അതിനു പ്രതികരിക്കാതെ സംഘമിത്ര അയാളെ വെറുതെ നോക്കിയിരുന്നു .

എവിടെയോ ഒരു ഒറ്റപ്പെടൽ അയാളിൽ അവൾ കണ്ടു . വിശാലമായ ആകാശം കൈകളിൽ ഒതുക്കിയാലും ഏകാകികളായവരുണ്ട്. അതിലൊരാളാണ് അഭിനന്ദൻ എന്നവൾക്കു തോന്നി .

ചില സമയങ്ങളിൽ മനുഷ്യരുടെ കണ്ണുകൾ  ആത്മാവിന്റെ ഭാഷ  സംസാരിക്കും .
അത് വേഗം കണ്ടെത്താൻ സാധിക്കുന്ന ഒരുവളാണ് മിത്ര.

വാച്ചിൽ നോക്കിയിട്ട് അഭിനന്ദൻ പറഞ്ഞു..
"പന്ത്രണ്ടര ആയി , നമുക്ക് ഇറങ്ങിയാലോ ?"

അയാൾ  വാച്ചിൽ നോക്കിയപ്പോൾ ഓഫീസ് സന്ദർശിച്ച ആദ്യ  ദിവസം അവൾക്ക് ഓർമ്മവന്നു .

സംഘമിത്രക്കായി വാതിൽ തുറന്നുകൊടുത്തു , ലിഫ്റ്റിൽ കയറുമ്പോൾ ഹന്നയെ വിളിച്ചു ടോസ്‌കാനോയിൽ ടേബിൾ ഫോർ ടു ബുക്ക് ചെയ്യാൻ പറഞ്ഞു .

കാർപാർക്കിൽ അയാളുടെ ബെൻസിന്റെ വാതിൽ അവൾക്കായി തുറന്നു . സീറ്റ് ബെൽറ്റ് തേടിയപ്പോൾ ,  അതിടാൻ അവളെ അയാൾ സഹായിച്ചു . 
താൻ കരുതിയപോലെയുള്ള ആളല്ല അഭിനന്ദൻ.
ആദ്യ ദിവസം  തോന്നിയ കോർപ്പറേറ്റ് കമ്പനി  സി ഇ ഓ യുടെ അഹങ്കാരം  അത്രക്കില്ല എന്നു മനസ്സിലായി .

" അഭിനന്ദനെപ്പറ്റി ഒന്നും അറിയില്ല . അയാൾക്ക്‌ ഭാര്യയുണ്ടോ ? കാമുകി ഉണ്ടോ?

റോഡിലേക്ക് ശ്രദ്ധപതിപ്പിച്ചു കൊണ്ട് അയാൾ ചോദിച്ചു .
" കൂട്ടുകാരുമായി വെളിയിൽ പോകാറുണ്ടോ ?"

" ഈ സ്കൂളിന്റെ ചുമതല ഏറ്റെടുത്തതു മുതൽ വേറെ ഒന്നിനും സമയമില്ല . ഓരോ ദിവസവും ഓരോ വെല്ലുവിളികളാണവിടെ   "

" ഈ ചെറിയ പ്രായത്തിൽ എന്തിനാണ് ഇങ്ങനെ ഒരു ജോലി ?"

" അഭിനന്ദൻ  ഈ സ്കൂളിനെ , അവിടുത്തെ കുട്ടികളെ അടുത്തറിഞ്ഞാൽ , നമുക്ക് വേറെ ഒന്നും ചിന്തിക്കാൻ സാധിക്കില്ല .  സാധാരണ കുട്ടികളെ മാതാപിതാക്കൾ ഉപേക്ഷിച്ചാൽകൂടിയും എത്ര വിഷമമാണ് . അപ്പോൾ   ഓട്ടിസം സ്പെക്ട്രമുള്ള   ഒരു കുട്ടിയുടെ കാര്യം ഒന്ന് ചിന്തിച്ചു നോക്കൂ .
ആ അമ്മമാരെ കുറിച്ച് , അവരുടെ കുടുംബത്തെ കുറിച്ച് ,  നിസ്സഹായതയുടെ ചുഴി , കരകയറാൻ വളരെ ബുദ്ധിമുട്ടാണ്".

അവൾ പറഞ്ഞുനിർത്തി .

പെട്ടെന്ന് തന്നെ റെസ്റ്ററാൻറ്റ്  എത്തി. 
അയാൾക്ക്‌ അഭിമുഖമായി ഇരുന്ന സംഘമിത്രയുടെ കണ്ണുകളിൽ
അയാൾ കണ്ടത്  സ്നേഹത്തിന്റെ , കാരുണ്യത്തിന്റെ ഭാവങ്ങൾ ആയിരുന്നു .

മെനു കാർഡിൽ കണ്ണോടിച്ചു കൊണ്ട് അഭിനന്ദൻ ചോദിച്ചു.

"വെജ് ഓർ നോൺ വെജ്"

" രണ്ടും കഴിക്കും "

" ഇഷ്ടമുള്ളത് പറയൂ "
" മിസ്റ്റർ അഭിനന്ദനല്ലേ   ഇവിടെ പരിചയം . നോക്കി പറഞ്ഞോളൂ "
"മിസ്റ്റർ ഒന്നും വേണ്ടായെന്നു ഞാൻ പറഞ്ഞതല്ലേ  , അഭിനന്ദൻ എന്ന് വിളിച്ചാൽ മതി "

ഓഫീസിൽ ആദ്യം ചെന്ന ദിവസവും അയാൾ അത് പറഞ്ഞിരുന്നു .

അയാൾ ഗാർലിക് ബ്രഡ്, ബ്രൂഷേറ്റ, പിന്നെ അവള് അതിനു മുൻപേ കേട്ടിട്ടില്ലാത്ത മീൻ വിഭവം ഒക്കെ ഓർഡർ കൊടുത്തു .

ഗാർലിക് ബ്രഡ് അവളുടെ പ്ലേറ്റിലേക്കു രണ്ടു കഷ്ണം വെച്ചിട്ടു പറഞ്ഞു .
" ഞാൻ ഓർഡർ കൊടുത്തത്, സംഘമിത്രക്ക് ഇഷ്ടമാകും എന്ന് കരുതുന്നു "

"എനിക്ക് ഇറ്റാലിയൻ ഫുഡ് അത്ര പരിചയമില്ല  , പിസ്സ , പാസ്റ്റ ഇതൊക്കെയെ അറിയൂ , പിന്നെ ടിറാമിസു  "

"ഇവിടെ കിട്ടുന്ന ടിറാമിസു സൂപ്പർ ആണ്  , പിന്നെ ഒരിക്കൽ വീട്ടിൽ വരൂ .
ഞാൻ ഒരു നല്ല കുക്ക് ആണ് "

ചിരിച്ചുകൊണ്ട് .അവൾ പറഞ്ഞു

" എനിക്ക് കുക്കിംഗ് അത്ര വശമില്ല, അത്യാവശ്യം വിശപ്പടക്കാൻ വേണ്ടതേ അറിയൂ "

അതിനു മറുപടി പറയാതെ അയാൾ ചോദിച്ചു.

" വീട്ടിൽ ആരൊക്കെയുണ്ട് ?"

" അമ്മ, പിന്നെ മുത്തച്ഛൻ  , അച്ഛൻ സന്യാസി , എവിടെ ഉണ്ടെന്ന് അറിയില്ല.. "

അവളുടെ ഉത്തരത്തിൽ നിന്ന് അച്ഛനോട് അവൾക്കുള്ള അമർഷം  അയാൾക്ക്‌ മനസ്സിലായി .

" സിബ്ലിങ്സ്‌"

അതിനുത്തരം പറയാൻ ഒരു മിനിറ്റ് എടുത്തു.

" സ്കൂളിൽ വന്നപ്പോൾ , സൈലോഫോൺ  വായിച്ച  ഒരു പയ്യനെ കണ്ടില്ലേ , സുമേദ് . അതെന്റെ  സഹോദരനാണ്.. "

അഭിനന്ദന്, സംഘമിത്രയ്ക്ക്  സ്കൂളിനോടുള്ള സമർപ്പണം മനസ്സിലായി . അവളോടുള്ള ബഹുമാനം അത് ഇരട്ടിയാക്കി .

" ഞാൻ എന്തുകൊണ്ടാണ്  ആ സ്കൂളിനോട് ചേർന്ന് നിൽക്കുന്നത് എന്ന് മനസ്സിലായില്ലേ.. ? അവനെ അമ്മയാണ് നോക്കിയിരുന്നത് . വലുതാകുംതോറും മാനേജ് ചെയ്യാൻ ബുദ്ധിമുട്ടായി . പിന്നെ അച്ഛൻ പോയപ്പോൾ മുത്തച്ഛനേയും നോക്കേണ്ട ചുമതല അമ്മയുടേതായി . പാവം അമ്മയെക്കൊണ്ട് എല്ലാം സാധിക്കില്ല . എന്ത് ചെയ്യണം എന്ന് ചിന്തിച്ചിരുന്ന സമയമാണ്  ജനനിയുടെയും , സിത്തുവിന്റേയും , ഈ സ്കൂളിന്റെയും  പത്രവാർത്ത ഇൻറ്റർവ്യൂവിൽ  കണ്ടത് .
പിന്നെ ഒന്നും ആലോച്ചില്ല .
ഞാനും ആ കുടുംബത്തിന്റെ ഭാഗമായി .."

ഇതിനിടയിൽ അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു .
രണ്ടു ടിറാമിസുവിന്  അയാൾ ഓർഡർ കൊടുത്തു .

" സത്യത്തിൽ ഫുൾ ആയി , പക്ഷെ ടിറാമിസു വേണ്ടെന്നു വെക്കാനും തോന്നുന്നില്ല . "

സംഘമിത്ര പുഞ്ചിരിച്ചു .

ആ ചിരിയുടെ പുറകിലെ വേദന അയാളെയും ചെറുതായി ഒന്ന് നൊമ്പരപ്പെടുത്തി .

അഭിനന്ദനെ കുറിച്ച് കൂടുതൽ ചോദിക്കണം എന്നു തോന്നിയെങ്കിലും പിന്നീട് ഒരവസരത്തിലാകാമെന്നു കരുതി .

ഭക്ഷണത്തിനു ശേഷം ഓട്ടോയിൽ  പോകാനൊരുങ്ങിയ അവളെ അയാൾ സ്കൂളിൽ കൊണ്ടാക്കി .സ്കൂട്ടി അയാളുടെ ഓഫീസിലെ സ്റ്റാഫ് തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു .

" സ്കൂളിന്റെ മുൻവശത്തെത്തിയപ്പോൾ അവൾ ചോദിച്ചു..
" ഇറങ്ങുന്നോ ? 
"വരാം അടുത്ത് തന്നെ , ഇന്ന് ഉച്ചക്കുശേഷം ഒരു മീറ്റിങ്ങുണ്ട്" .

അയാൾ വീണ്ടും തൻ്റെ വാച്ചിലേക്ക് നോക്കുമെന്നവൾ കരുതി .
പക്ഷെ അതുണ്ടായില്ല .

പതിവില്ലാത്ത ഉച്ചഭക്ഷണം കൊണ്ടാണെന്ന് തോന്നുന്നു നന്നായിട്ട് ഉറക്കം വരുന്നു .

കുട്ടികളിൽ ചിലരൊക്കെ ഉറങ്ങുന്നു ,  ഒക്യുപേഷണൽ തെറാപ്പി ചെയ്യുന്ന മുറിയിൽ മാത്രം കുട്ടികൾ തുണി സഞ്ചികൾ ഉണ്ടാക്കുന്നുണ്ട് . കൂടെ രണ്ട് അമ്മമാരും ; മെഹറുനിഷയും  വിശാലവും .

ജനനിയുടെ മുറിയിൽ മിത്ര പതുക്കെ എത്തി നോക്കി .
ജനനി ഉറക്കമാണ്  .

സിത്താര അവളുടെ കാലുകൾ രണ്ടും അമ്മയുടെമേൽ വെച്ചു കിടക്കുന്നു .

കാലൊച്ച കേട്ട് ജനനി കണ്ണ് തുറന്നു .അവൾ ഓഫീസിൽ പോയതും ഭക്ഷണം കഴിച്ചതും പറഞ്ഞപ്പോൾ ജനനി പറഞ്ഞു.

" യു ഡിസേർവേസ്‌ എ ചേഞ്ച് .
നന്നായി .
നമ്മൾക്ക് ചെയ്യാൻ സാധിക്കാത്തത് അഭിനന്ദൻ ചെയ്തല്ലോ .

ഡോക്യൂമെൻറ്സിന്റെ ഒറിജിനൽ തിരികെ വാങ്ങിയില്ലയെന്ന്  അപ്പോഴാണ് ഓർത്തത് .
അഭിനന്ദന് അവളൊരു മെസ്സേജ് അയച്ചു.

സ്കൂട്ടി കൊണ്ടുവരുന്ന ആളുടെ കയ്യിൽ അത് കൊടുത്തുവിടാമെന്നു അയാൾ മറുപടി അയച്ചു .

ആ ഓഫീസിൽ വേറെ ആരുടേയും നമ്പർ തനിക്കറിയില്ല എന്ന്  അപ്പോഴാണ് ഓർത്തത് . ഹന്നയുടെ ഫോൺ നമ്പർ വാങ്ങി വെക്കണം .

സിത്താര വയറു വേദനിക്കുന്ന പോലെ കാണിച്ചു . പിന്നെ പതിവുപോലെ ഉച്ചത്തിൽ കരയാൻ തുടങ്ങി .
 
അവളുടെ കരച്ചിലിന്റെ ശബ്‍ദം കേട്ടിട്ട് , ഉറങ്ങിക്കിടന്ന മറ്റു കുട്ടികളും മുറിയിലേക്ക് ഓടി വന്നു .
സുമേദ് സൈലോഫോണിൽ എന്തോ വായിക്കാൻ തുടങ്ങിയെങ്കിലും സിത്തു അത് ശ്രദ്ധിച്ചില്ല .
ഡിസ്പെൻസറിയിലേക്കു മിത്ര ഫോൺ ചെയ്തു . അതെടുത്തത് ആശയാണ് .
നേഴ്സ് ഭക്ഷണം കഴിക്കുയാണെന്നു പറഞ്ഞു .

നിമിഷങ്ങൾക്കകം നഴ്സും ആശയും മുറിയിലേക്കെത്തി.

സിത്തു കൈയും കാലുമിട്ടടിക്കാൻ തുടങ്ങി . വായിൽനിന്നും നുരയും പതയും വരുന്നു . 
മിത്ര ഇതിനിടയിൽ ഫോൺ ചെയ്തിരുന്നു . ആംബുലൻസിന്റെ ശബ്ദം പുറത്തു കേട്ടു.

സിത്താരയെ അവർ ആശുപത്രിയിയിലേക്ക് കൊണ്ടുപോയി .
ജനനിക്കൊപ്പം ആശയും വണ്ടിയിൽ കയറി .

കുട്ടികളെല്ലാം അസ്വസ്ഥരായി . അവരെ ആശ്വസിപ്പിക്കാൻ ആയമാരും മറ്റു കുട്ടികളുടെ അമ്മമാരും മിത്രയും പരിശ്രമിക്കുകയായിരുന്നു . ഏറ്റവും ശ്രമകരമായ ഒരു ദൗത്യമാണത് .

സുമേദ് ആകെ വിഷണ്ണനായി  നിലത്തിരുന്നു .

ഉച്ചക്ക് അഭിനന്ദനൊപ്പം ചിലവിട്ട സന്തോഷനിമിഷങ്ങൾ എത്ര പെട്ടെന്നാണ് പോയി മറഞ്ഞത് . തന്റെ ജീവിതംപോലെ തന്നെ .
ഹൃദ്യമായ നിമിഷങ്ങൾക്ക് എപ്പോഴും ദൈർഘ്യങ്ങൾ കുറവാണ് .
ജീവിതം എന്നും ഒരു സംഘർഷഭൂമിയാണ് ഒരുപാടുപേർക്ക് .

ജനനിയുടെ ഫോൺ  വന്നു. ഡോക്ടർ സിത്താരയെ  പരിശോധിക്കുകയാണ് .
പിന്നെ വിളിക്കാമെന്ന് പറഞ്ഞു .

കുട്ടികൾക്ക് രാത്രി ഭക്ഷണം ഏഴുമണിക്കാണ് . എല്ലാവർക്കും ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് . കാരണം അവർക്ക് എളുപ്പത്തിൽ കഴിക്കാനും  ദഹിക്കാനും അതാണ് ഉത്തമം . കൂടാതെ ഭക്ഷണം വിഴുങ്ങുവാൻ ചിലർക്കെല്ലാം  ബുദ്ധിമുട്ടാണ് . ചിലപ്പോഴത് തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടാനും സാധ്യതയുണ്ട് . ചിലർക്ക് സാധാരണ ഭക്ഷണം കൊടുക്കും എന്നാലും , എരിവും  പുളിയും  എണ്ണയും മറ്റും അധികമുണ്ടാകില്ല .

ജനനി ഒൻപതു മണിയോടെ  വിളിച്ചു . സിത്താരക്ക് , ആന്റി - എപിലെപ്റ്റിക്  ഡ്രഗ്സ്  കൊടുത്തു . അവൾ ഉറങ്ങുകയാണ് . രാവിലെ തിരികെ പോരാം .

ആശ തിരികെ സ്കൂളിൽ എത്തിയപ്പോൾ ജനനി  ആശുപത്രിയിലേക്ക് ചെല്ലേണ്ട എന്ന് പറഞ്ഞെങ്കിലും മിത്ര  പോയി .
കുറച്ചു സമയം ജനനിയുടെ കൂടെ ഇരുന്നു .

" എന്താണെന്ന് അറിയില്ല മിത്ര , ഈയിടെയായി  സിത്തു ഇടക്കിക്കിടെ വയ്യാണ്ടാകുന്നു . എന്തോ എനിക്ക് പേടിയാണ്. 
അവളെ എനിക്ക്  നഷ്ടപ്പെടുമോ ?"

" എന്തിനാ ഇങ്ങനെ ചിന്തിക്കുന്നത് ? ചുരുക്കം ചിലരൊഴിച്ചാൽ നമ്മുടെ കുട്ടികൾക്ക് എല്ലാവർക്കും ഇത് പതിവല്ലേ?"

" മിത്രക്ക് അറിയാമല്ലോ , കഴിഞ്ഞ പതിനേഴു വർഷം, ഞാൻ അവൾക്കു വേണ്ടി മാത്രമാണ് ജീവിക്കുന്നത്.
ഉറങ്ങിയിട്ട് , നന്നായി വല്ലതും കഴിച്ചിട്ട് , സന്തോഷിച്ചിട്ടു കൊല്ലം എത്രയായി .. ? "

ജനനിയുടെ കണ്ണിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകാൻതുടങ്ങി .വളരെ നാളുകൾക്കു ശേഷമാണ് ജനനി കരഞ്ഞു കാണുന്നത് .
മിത്ര ഒന്നും പറയാതെ , ആ കൈകൾ തലോടിയിരുന്നു . ചില നിമിഷങ്ങളിൽ ,  മൗനമെന്ന വാചാലത, സ്‌നേഹത്തിന്റെ സ്പർശം അതാണ് ഉത്തമം .

രാത്രിയിൽ വീട്ടിലേക്കു പോകാതെ തിരികെ സ്കൂളിലേക്കവൾ പോയി.
സുമേദ് ഉറക്കമാണ് . അവന്റെ തലയെടുത്തവൾ മടിയിൽവെച്ചു . ആ മുഖത്തേക്കവൾ നോക്കിയിരുന്നു .
തൻ്റെ അനുജൻ . പ്രാണനെപ്പോലെ താൻ കരുതുന്നവൻ , അവനു ഓട്ടിസമാണെന്നു തിരിച്ചറിഞ്ഞപ്പോൾ തോന്നിയ വേദന ഇന്നില്ല. ഈ സ്കൂളിൽ അവൻ സുരക്ഷിതനാണ്‌. ഉപാധികളില്ലാ
ത്ത സ്നേഹത്തണൽ അവനു ചുറ്റുമുണ്ട് .

ആ മുറിയിലെ ഒഴിഞ്ഞ കട്ടിലിൽ അവളും കിടന്നു.

( തുടരും ... )

 

 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക