ലണ്ടന്‍: 'ട്രമ്പ് മോഡലി'നെ ചുവടുപിടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാരും. ഇതിനോടകം 800 പേരെ നാടുകടത്തിയതായാണ് റിപ്പോര്‍ട്ട്. യുകെ സര്‍ക്കാരിന്റെ നടപടിയെ വലിയ ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ ഏറ്റവും കൂടുതല്‍ കുടിയേറിയിട്ടുള്ള രാജ്യമാണ് യുകെ. വിദ്യാര്‍ഥി വിസകളില്‍ ബ്രിട്ടനില്‍ എത്തി ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരുണ്ട്. ഇവരെ കൂട്ടത്തോടെ തിരിച്ചയക്കാനാണ് നീക്കം.
ബ്രിട്ടീഷ് ഹോം സെക്രട്ടറി അവെറ്റ് കൂപ്പറിന്റെ നേതൃത്വത്തില്‍ ജനുവരിയില്‍ രാജ്യത്തെ 828 സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നതായും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 48 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ 609 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 73 ശതമാനം പേര്‍ അധികമായി അറസ്റ്റിലായതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ റസ്റ്റോറന്റുകള്‍, നെയില്‍ ബാറുകള്‍, കടകള്‍, കാര്‍ വാഷിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ അനധികൃത ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചു.
നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ റെസ്റ്റോറെന്റില്‍ നിന്ന് മാത്രം മതിയായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന നാലുപേരെ പിടികൂടിയതായാണ് വിവരം. വിവിധ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ അനധികൃതമായി കുടിയേറിയ 800 പേരെ നാല് ചാര്‍ട്ടേഡ് വിമാനങ്ങളിലായി നാടുകടത്തിയെന്നാണ് റിപ്പോര്‍ട്ട്. യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തലായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
അതേസമയം യുകെയില്‍ നിന്ന് നാടുകടത്തിയ ആളുകളില്‍ മയക്കുമരുന്ന്, മോഷണം, ലൈംഗിക കുറ്റകൃത്യം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരുമുണ്ടെന്നാണ് ബ്രിട്ടനിലെ അധികൃതര്‍ നല്‍കുന്ന വിവരം. അനധികൃതമായി ആളുകള്‍ ബ്രിട്ടനില്‍ എത്തുന്നത് തടയാന്‍ അന്താരാഷ്ട്ര കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്. കുടിയേറ്റത്തിന്റെ പേരില്‍ ആളുകള്‍ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഈ നീക്കം.