ലണ്ടന്‍: യു.കെ.യില്‍ അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായുള്ള 'യു.കെ.-വൈഡ് ബ്ലിറ്റ്‌സ് ' റെയ്ഡിന്റെ ഭാഗമായി ഇതുവരെ 800 പേരെ നാടുകടത്തിയതായി അധികൃതര്‍. അനധികൃത കുടിയേറ്റത്തിനെതിരെയുള്ള ഡൊണള്‍ഡ് ട്രമ്പിന്റെ ശൈലി മാതൃകയാക്കിയാണ് നടപടി. കുടിയേറ്റ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ റസ്റ്ററന്റുകള്‍, ബാറുകള്‍, കണ്‍വീനിയന്‍സ് സ്‌റ്റോറുകള്‍, കാര്‍ വാഷ് സെന്ററുകള്‍ തുടങ്ങിയ ഇടങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. ബ്രിട്ടീഷ് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നതിനാല്‍, അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്.
കഴിഞ്ഞ ആഴ്ച വടക്കന്‍ ഇംഗ്ലണ്ടിലെ ഹെബര്‍ സൈഡിലുള്ള ഒരു ഇന്ത്യന്‍ റസ്റ്ററന്റില്‍ റെയ്ഡ് നടത്തിയതിലൂടെ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും നാല് പേരെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ മാസം മാത്രം യു.കെ.യില്‍ 609 അറസ്റ്റുകള്‍ രേഖപ്പെടുത്തി. റസ്റ്ററന്റുകള്‍, ടേക്ക് എവേകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത്. നാടു കടത്തപ്പെടുന്ന ആളുകളെ ബസില്‍ നിന്ന് ഇറക്കി ചാര്‍ട്ടര്‍ വിമാനത്തിന്റെ സ്റ്റെയര്‍വേയില്‍ കയറുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഈ വിമാനങ്ങളില്‍ നാടുകടത്തിയവരില്‍ ചിലര്‍ മയക്കുമരുന്ന് കുറ്റുകൃത്യങ്ങള്‍, മോഷണം, ബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളികളും ഉള്‍പ്പെടുന്നു.