Image

പ്രണയാലാസ്യത്തിൽ പ്രകൃതി ( പ്രണയ വാര കവിത: ജയൻ വർഗീസ് )

Published on 13 February, 2025
പ്രണയാലാസ്യത്തിൽ പ്രകൃതി ( പ്രണയ വാര കവിത: ജയൻ വർഗീസ് )

പടിഞ്ഞാറേ മാനത്തെ    

പവിഴപ്പൂമ്പാടത്ത് 

പകലോനാം പുലയന്റെ    

കാളപൂട്ട് !

ചേറിന്റെ മണമുള്ള   

ചെന്താമരപ്പെണ്ണിൻ 

മാറത്ത് പ്രണയത്തിൻ   

കേളികൊട്ട് !


 

മാനത്തെ മാളോന്റെ   

പാടത്തെപൊന്നാര്യൻ 

താളത്തിലാടുമ്പോൾ ,

കൊടിയുടുത്തു വെൺ   

മേഘത്തിൻ പന്തലിൽ 

മോഹക്കാറെത്തുമ്പോൾ ,

നാണംപുരണ്ട ചിരിയുമായ്   താരകൾ 

പൂവിളി പാടുമ്പോൾ ,

താലിയണിഞ്ഞു തരളിതയായിവൾ 

വ്രീളാവിവശയാകും ,  മാരന്റെ 

മാറിൽപ്പടർന്നു കേറും !


 

താരകപ്പൂചൂടി   

താളത്തിൽ ,മേളത്തിൽ

രാവുകൾപാടുമ്പോൾ ,

താമരപ്പൂമണ -

ക്കാറ്റിന്റെയോരത്തു 

ചാരത്തിരിക്കുമ്പോൾ ,

രോമാഞ്ച തീരത്തിലാരാരും   കാണാത്ത 

പൂവിതൾ  നോവുമ്പോൾ ,

ആദ്യത്തെ രാത്രിയി   

ലാനെഞ്ചിൻ ചൂടിലോ -

രാവണിപ്പൂവാകും ,പിന്നെ 

രാവാകെ   വീണുറങ്ങും !!

Join WhatsApp News
Sudhir Panikkaveetil 2025-02-14 16:19:25
നാട്ടുചേലിൽ പ്രണയക്കാതിരുകൾ വിളയുന്ന ഇളംചൂടിൽ പ്രകൃതി രതിദേവതയാകുമ്പോൾ കവി മോഹാലസ്യപ്പെടുന്നു. അപ്പോൾ തലയിൽ നിറയെ നക്ഷത്രപ്പൂക്കൾ ചൂടി രാത്രി വരുന്നു. ഒരു ആദ്യ യാമിനിയുടെ ചിട്ടവട്ടങ്ങൾ ഒരുക്കി ആരെയും മോഹിപ്പിച്ച് കൊണ്ടിരിക്കുന്നു പ്രകൃതി, നിത്യകാമുകി. ശ്രീ ജയൻ എന്ന ബഹുമുഖപ്രതിഭയുടെ തൂലികയിൽ നിന്നു ഒരു സർഗ്ഗസൃഷ്ടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക