“പ്ലീസ് .... മമ്മീ ..... പ്ലീസ്.....”
ചാരുമോൾ രാധികയെ വട്ടം ചുറ്റി പിടിച്ച് കവിളിലൊരുമ്മ കൊടുത്തു. ഒരു പനിനീർ പൂവിൻെറ സ്പർശനംപോലെ രാധികക്കത് അനുഭവപെട്ടു. ഇത് ചാരുമോളുടെ സ്ഥിരം അടവാണ്.എന്നത്തേയും പോലെ അവളതിൽ വീണു.
കുറെ നേരമായ് മോൾ ശ്യാഠ്യം പിടിക്കുന്നു. അവൾക്കിപ്പോൾ ‘കഥ’ കേൾക്കണം. എന്തുകഥയാ താൻ എന്നുമെന്നും പറയുക? രാധിക ആലോചിച്ചു. കഥ പറഞ്ഞില്ലെങ്കിൽ തനിക്കിന്ന് ഉറങ്ങാൻ കഴിയില്ല. ദേവേട്ടൻ ഒന്ന് വേഗം വന്നിരുന്നെങ്കിൽ...! എത്രനേരമായ്… മോളെ ഉറക്കാൻ ശ്രമിക്കുന്നു. കഥകൾ കേട്ടും വായിച്ചും മോൾക്ക് സാഹിത്യ ഭാഷ നല്ല വശമായിരിക്കുന്നു. അല്പം സാഹിത്യം ഇട കലർത്തി രാധിക പുതിയൊരു കഥയ്ക്ക് തുടക്കമിട്ടു. അവൾ മെല്ലെ കഥ പറഞ്ഞ് തുടങ്ങി.
ഒരു രാജകൊട്ടാരത്തിൽ സുന്ദരിയായൊരു കൊച്ചു രാജകുമാരി ഉണ്ടായിരുന്നു. അളകാപുരി രാജാവിൻെറയും, റാണിയുടേയും ഏക മകൾ! പൂമ്പാറ്റയെ പോലെ സുന്ദരി ആയിരുന്നു അവൾ!
"ഹായ്…!! എന്തു നല്ല കഥ. ന്താ…. മമ്മീ രാജകുമാരീടെ പേര്?"
ചാരുമോളുടെ കുഞ്ഞികണ്ണുകളിൽ തിരയിളക്കം. ആ മുഖത്ത് ഒരായിരം പൂർണചന്ദ്രന്മാര് ഒന്നിച്ച് ഉദിച്ചതുപോലെ. അവൾ ബെഡിൽ കിടന്ന് കൊണ്ട് ഇടതു കാൽ അല്പം ഉയർത്തി രാധികയ്ക്ക് മേലേ വെച്ചുകൊണ്ട് അവൾക്ക് അഭിമുഖമായി തിരിഞ്ഞ് കിടന്നു.
പുറത്തു നിന്നും കുളിരുള്ള തണുത്ത കാറ്റ് മുറിക്കുള്ളിലേക്ക് വീശിയടിച്ചു. ജനൽപാളികൾ തുറന്ന് കിടക്കുകയാണ്. ആകാശത്ത് അങ്ങിങ്ങായ് കുഞ്ഞു നക്ഷത്രങ്ങൾ കണ്ണു ചിമ്മുന്നു. അമ്പിളികലയെ മറച്ചുകൊണ്ട് വെള്ളിമേഘങ്ങൾ അതിനുമേലെ വന്നു മൂടി. ചന്ദ്രൻ മേഘപാളികൾക്ക് ഇടയിൽ നിന്നും പുറത്തേക്ക് വരാൻ വെമ്പൽ കൊള്ളുന്നു!!
“പറ മമ്മീ… ന്താ…. രാജകുമാരീടെ പേര്? എന്ത് ഡ്രെസ്സാ.. രാജകുമാരീടെ..?”
മോൾ ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു. രാധിക മെല്ലെ മോളുടെ നെറ്റിയിൽ തലോടിക്കൊണ്ട് തുടർന്നു.
രാജകുമാരീടെ പേര്.. 'രാഗസുധ' എന്നായിരുന്നു.
എല്ലാവരും ഓമനിച്ച് അവളെ ‘കുഞ്ഞാത്തോൽ' എന്ന് വിളിക്കും. കൊട്ടാരത്തിൽ എവിടേയും അവൾക്ക് പ്രവേശനമുണ്ട്. പൂവിനോടും, പൂമ്പാറ്റയോടും, കിളികളോടും ഒക്കെ കിന്നാരം പറഞ്ഞ് കൂട്ടുകാരോടൊത്ത് കളിച്ച് തിമിർത്ത് നടക്കുകയാണാ എട്ട് വയസ്സുകാരി കുഞ്ഞാത്തോൽ.
ഒരുനാൾ രാജാവ് ആദിത്യവർമ്മ തിരുമനസ്സും അമ്മ തമ്പുരാട്ടിയായ രാഗിണി ദേവിയുമൊത്ത് രാജസദസ്സിൽ ഇരിക്കവേ, അയൽ രാജ്യമായ ത്രിവേണിപുരത്ത് നിന്നും രാജാവ് കാശിനാഥൻ തിരുമനസ്സ് തൻെറ പട്ടമഹിഷിയായ ദേവപ്രഭയുമൊത്ത് കൊട്ടാരം സന്ദർശിക്കാൻ എത്തി. ആദിത്യവർമ്മ തിരുമനസ്സ് ഇരുവരെയും ആദരപൂർവം സ്വീകരിച്ച് ഇരുത്തി. വിശേഷങ്ങൾ ആരാഞ്ഞു.
അമ്മ തമ്പുരാട്ടിയുടെ പട്ടുചേലയ്ക്ക് മറവിൽ കൂടി ‘കുഞ്ഞാത്തോൽ' ഇരുവരേയും നോക്കി കണ്ടു. രാജ്യ കാര്യങ്ങൾ സംസാരിച്ചിരുന്ന കാശിനാഥനും, ദേവപ്രഭയും തങ്ങളെ ഉറ്റു നോക്കുന്ന കുഞ്ഞുമാലാഖയെ പോലിരിക്കുന്ന കുഞ്ഞാത്തോലിനെ കണ്ടു. ദേവപ്രഭ അവളെ അടുത്തു വിളിച്ച് മടിയിലിരുത്തി കൊഞ്ചിച്ചു. നിഷ്കളങ്കമായ ആ ‘കലപില’ സംസാരം ദേവപ്രഭയ്ക്ക് ഒത്തിരി ഇഷ്ട്മായി.അവർ കുഞ്ഞാത്തോലിൻെറ നെറുകയിലൊരു മുത്തം കൊടുത്തു. സൽക്കാരാദികൾ സ്വീകരിച്ച് അവർ മടങ്ങാൻ തുടങ്ങി. ദേവപ്രഭയ്ക്ക് പുഞ്ചിരി തൂകി നിൽക്കുന്ന കുഞ്ഞാത്തോലിനെ കൊഞ്ചിച്ച് മതി തീർന്നില്ല. അവർ വിനയപൂർവ്വം രാഗിണിദേവിയുടെ കരം കവർന്നു. പിന്നെ മടിച്ചു മടിച്ച് പറയുകയായ്,
“ഈ…. കുഞ്ഞാത്തോലിനെ….. എനിക്ക് തരുമോ?”
രാഗിണിദേവിയും, ആദിത്യവർമ്മയും, കാശിനാഥനും ഒരുപോലെ അമ്പരന്നു. “എന്തായിത്... ങ്ഹെ?”
ദേവപ്രഭ അല്പം മടിച്ചുകൊണ്ട് തുടർന്നു.. “എൻെറ കുമാരന് എന്നുമൊരു കൂട്ടായ്... എനിക്ക് തന്നൂടെ….. ഈ കുഞ്ഞാത്തോലിനെ?”
ഓഹ്..!! ഏകമകനായ സിദ്ധാർഥ് രാജകുമാരന് പരിണയം ചെയ്യാൻ വേണ്ടിയാണ് ‘കുഞ്ഞാത്തോലിനെ’ ചോദിക്കുന്നത്.
"അവൾ.. കുട്ടിയല്ലെ?" ആദിത്യവർമ്മ പറഞ്ഞു.
"എന്നാലും.. നമുക്ക് ഒരു വാക്ക് തന്നൂടെ…?" കാശിനാഥൻ തിരുമനസ്സ്
ചോദിച്ചു.
“ഒക്കെ.. ഈശ്വരനിശ്ചയംപോലെ നടക്കട്ടെ..!” മുകളിലേക്ക് നോക്കി നിറഞ്ഞ സന്തോഷത്തോടെ ആദിത്യവർമ്മ മൊഴിഞ്ഞു.
എല്ലാവരുടെയും മുഖം വിടർന്നു. ആദിത്യവർമ്മ ഇരുവരെയും സന്തോഷത്തോടെ യാത്രയാക്കി. രണ്ട്മൂന്ന് ദിനരാത്രങ്ങൾ കൂടി കൊഴിഞ്ഞ് വീണു.
ഒരു വൈകുന്നേരം, പ്രകൃതി തൻെറ ക്യാൻവാസിൽ കുങ്കുമ വർണ്ണങ്ങൾ ചാലിച്ച് തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായ് കൊട്ടാരത്തിൽ രണ്ട് അതിഥികൾ എത്തിച്ചേർന്നു. ത്രിവേണിപുരത്തെ അടുത്ത കിരീടാവകാശിയായ യുവ രാജാവ് സാക്ഷാൽ ‘സിദ്ധാർഥ് രാജകുമാരൻ’!! കൂടെ മന്ത്രി പുത്രനുമുണ്ട്. സുന്ദരനായ രാജകുമാരന് ഏകദേശം പതിനാറ്-പതിനേഴ് വയസ് പ്രായം വരും. ആദിത്യവർമ്മ തിരുമനസ്സ് ഏറെ വാൽസല്യത്തോടെ കുമാരന്മാരെ സ്വീകരിച്ച് ഇരുത്തി. വിശേഷങ്ങൾ തിരക്കി. ‘സായാഹ്ന സവാരിക്ക് ഇറങ്ങിയതാണ്. ഈ വഴി പോയപ്പോൾ വെറുതേയൊന്ന് കയറിയതാ..’. തിരുമനസ്സിന് കാര്യം മനസിലായ്. ഇത് ‘കുഞ്ഞാത്തോലിനെ’ കാണാനുള്ള വരവ് തന്നെ!
"ആരവിടെ, റാണി രാഗിണിദേവിയോട് ‘കുഞ്ഞാത്തോലിനെ’ കൂട്ടി വരാൻ പറയൂ…” ആദിത്യവർമ്മ കൽപ്പിച്ചു.
ഏറെ താമസിക്കാതെ അമ്മതമ്പുരാട്ടിയുടെ കൈ പിടിച്ച് ചുവന്ന ഫ്രോക്കിട്ട് എത്തിയ കുഞ്ഞാത്തോൽ ആദ്യ കാഴ്ച്ചയിൽ തന്നെ കുമാരൻെറ മനം കവർന്നു. മധുര പലഹാരങ്ങളും, മധുര പാനീയവും കഴിച്ച്, കുറച്ചുനേരം അവിടെ ചെലവഴിച്ച് ആദിത്യതിരുമനസ്സ് നൽകിയ സമ്മാനങ്ങളും സ്വീകരിച്ച് കുമാരൻമാർ യാത്രയായി. ഇടയ്ക്കിടെ ഈ സന്ദർശനം പതിവായി. ‘പാവം….കുഞ്ഞാത്തോൽ..!’ കാര്യങ്ങൾ മനസ്സിലാക്കാൻ വളരെ വൈകി.
കാലചക്രം അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരുന്നു. സിദ്ധാർഥ് രാജകുമാരൻ ഉന്നത വിദ്യാഭ്യാസത്തിനായ് രാജ്യത്തിന് പുറത്തേക്ക് പോയിരിക്കുകയാണ്. കാലം കുഞ്ഞാത്തോലിൽ പല മാറ്റങ്ങളും വരച്ചിട്ടു.അവൾ വളർന്നു സുന്ദരിയായൊരു രാജകുമാരിയായ്, സിദ്ധാർഥ് രാജകുമാരൻെറ വരവിനായ് കാത്തിരിക്കുകയാണ്.. കുഞ്ഞാത്തോൽ..!!
തോഴിമാർ അവളുടെ കാതിൽ രഹസ്യം പറഞ്ഞ് കളിയാക്കാറുണ്ട്. അതുകേട്ട് വിരിയാനൊരുങ്ങുന്ന പൂവിൻെറ കാതിൽ മഞ്ഞുതുള്ളി ഓതിയ രഹസ്യംപോലെ അവൾ കോരിത്തരിക്കാറുണ്ട്… ഋതുഭേദങ്ങൾ അവളിൽ വർണ്ണങ്ങൾ വിരിയിച്ച് നിൽക്കുകയാണ്.. മഴവില്ലിൻെറ ചാരുതയുണ്ട് സ്വപ്നങ്ങൾക്ക്. അതിന് നിറമേകാന്‍ രാജകുമാരനും കൂട്ടിനെത്തി. ഇലകളുടെ മർമ്മരവും, പുഴയുടെ ഒഴുക്കും, മഴയുടെ താളവും, പൂമ്പാറ്റയുടെ ചിറകടി ശബ്ദവും ഒക്കെ അവളിൽ പുതിയ വിസ്മയങ്ങൾ തീർക്കുകയാണ്…..
കുമാരൻ യാത്ര പോകുന്നതിന് തൊട്ടു മുൻപ് അവളുടെ ഒരു ചിത്രം ചോദിച്ചിരുന്നു. അമ്മ തമ്പുരാട്ടിയോട് വാങ്ങി വരാമെന്ന് പറഞ്ഞപ്പോൾ ‘അയ്യോ!...വേണ്ട.. വേണ്ടാന്ന്’ പറഞ്ഞ് ജാള്യത മറയ്ക്കാൻ ശ്രമിക്കുന്ന ആ മുഖം അവളെ ഇന്നുമേറെ അസ്വസ്ഥത പെടുത്താറുണ്ട്. പിന്നീട് തോഴി രാധ പറഞ്ഞാണ് അറിഞ്ഞത്. തൻറെയൊരു ചിത്രവും വാങ്ങിയാണ് കുമാരൻ പോയിരിക്കുന്നതെന്ന്..!
ഒരു മദ്ധ്യാഹ്നത്തിൽ, വെയിൽ അല്പം ചാഞ്ഞു തുടങ്ങിയിരുന്നു. ‘രാധ’ ഓടിക്കിതച്ച് വന്നറിയിച്ചു. ‘ത്രിവേണിപുരത്ത് നിന്നും അച്ഛൻ തമ്പുരാനും, അമ്മ തമ്പുരാട്ടിയും എഴുന്നുള്ളിയിരിക്കുന്നുവെന്ന്…’ ഇതെന്താ, പതിവിന് വിപരീതമായ് അച്ഛൻ തമ്പുരാൻ എഴുന്നുള്ളിയത്..?? സാധാരണ അമ്മ തമ്പുരാട്ടിയാണല്ലോ മധുര പലഹാരങ്ങളുമായ് തന്നെ കാണാനെത്താറുള്ളത്..? അവൾ വേഗം അണിഞ്ഞൊരുങ്ങാൻ തുടങ്ങി. തന്നെ ഇപ്പോൾ താഴേക്ക് വിളിപ്പിക്കും. പക്ഷേ…. ഏറെ താമസിക്കാതെ അവർ മടങ്ങിപ്പോയി. തന്നെ കാണതെയോ..?? അവൾക്ക് സങ്കടം സഹിക്കാനായില്ല.. കണ്ണുകളിൽനിന്നും മുത്ത് മണികൾ പൊഴിഞ്ഞു. കാരണം തേടിയവൾ അമ്മതമ്പുരാട്ടിയുടെ അരികിലെത്തി. തമ്പുരാട്ടിയുടേയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു. കാരണമറിയാത്തൊരു നിശബ്‌ദത കൊട്ടരമാകെ ചൂഴ്ന്ന് നിന്നിരുന്നു. അച്ഛൻ തമ്പുരാൻെറ മുഖം വല്ലാതെ വലിഞ്ഞ് മുറുകിയിരിക്കുന്നു. ‘എന്താ..സംഭവിച്ചേ? ആരോടാണൊന്ന് ചോദിക്കുക?’ കാരണമറിയാതെ അവൾ വിഷമിച്ചു. പേരറിയാത്തൊരു നൊമ്പരം അവളിൽ പതിയെ ഊറി കൂടി.
“അയ്യോ.. കഷ്ടം! പാവം... കുഞ്ഞാത്തോൽ!”
ചാരുമോളുടെ സ്വരം വിങ്ങി. കഥയിൽ അവൾ അത്രയ്ക്ക് ലയിച്ചിരിക്കുന്നു.
ദിവസങ്ങൾ മാസങ്ങളായി രൂപാന്ദരം പ്രാപിച്ചു.
കൊട്ടാരം പരിചാരകർ കുഞ്ഞാത്തോലിനെ നോക്കി അടക്കം പറഞ്ഞ് തുടങ്ങി. ഒരിക്കൽ കോണിപ്പടികൾ ഇറങ്ങി താഴേക്ക് വരുമ്പോൾ അവരുടെ സംസാരം കാതുകളിൽ തുളഞ്ഞു കയറി. സിദ്ധാർഥ് രാജകുമാരൻ വേറെ വിവാഹം കഴിക്കാൻ പോകുന്നുവത്രെ..!! തീയ്യിൽ ചവിട്ടയത് പോലെ കുഞ്ഞാത്തോലിന് പൊള്ളലേറ്റു. കാൽകീഴിൽ ഭൂമിയിളകി മറിയുന്നതുപോലെ, അവൾക്കതൊട്ടും വിശ്വസിക്കാനായില്ല. തൻെറ സ്വന്തം കാതുകൾ തന്നെ ചതിക്കുമോ..? ‘കുമാരൻെറ സ്വഭാവം മോശമായിരുന്നുവെന്ന്’ കേട്ട് നിൽക്കാൻ അവൾക്കായില്ല.. അവൾ പെരുമഴപോലെ ആർത്തലച്ചു കരഞ്ഞു. ഒടുവിൽ രാധയും അത് ശരിവച്ചു. തൻെറ സ്വപ്നങ്ങൾ.. മോഹങ്ങൾ.. എല്ലാംമെല്ലാം… ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു..
ദിവസങ്ങൾക്കുള്ളിൽ കുഞ്ഞാത്തോൽ ഒരു ജീവശ്ശവമായി മാറി കഴിഞ്ഞിരുന്നു. ഭ്രാന്തിനും ജീവിതത്തിനും ഇടയിൽ അവൾ നന്നേ വീർപ്പു മുട്ടി.
(തുടരും.............)