പ്രൊഡ്യൂസര്‍ അസോസിയേഷന്‍ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനത്തില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് സംവിധായകന്‍ വിനയന്‍. മലയാള സിനിമ മേഖലയില്‍ പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്നുളളത് സത്യമാണ്. എന്നാല്‍ ആ വിഷയങ്ങളില്‍ സമരം നടത്തുന്നത് പോലുള്ള കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടത് സംഘടനയുടെ ജനറല്‍ ബോഡി വിളിച്ച ശേഷം പ്രസിഡന്റും സെക്രട്ടറിയുമല്ലേ എന്ന് വിനയന്‍ ചോദിച്ചു. ആന്റണി പെരുമ്പാവൂര്‍ സമൂഹ മാധ്യമങ്ങളില്‍ ഉന്നയിച്ച പല വിഷയങ്ങളോടും താന്‍ യോജിക്കുന്നു എന്നും വിനയന്‍ കുറിച്ചു.
‘മലയാള സിനിമാ മേഖലയില്‍ പരിഹരിക്കപ്പെടേണ്ടതായ നിരവധി ഇഷ്യൂസ് ഉണ്ടെന്നുളളത് സത്യമാണ്. പ്രത്യേകിച്ച് സര്‍ക്കാരിന്റെ വിനോദ നികുതി പോലുള്ളവ.. അതിനെപ്പറ്റിയൊക്കെ നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചതിലും തെറ്റില്ല. അദ്ദേഹം ഒരു സീനിയര്‍ നിര്‍മ്മാതാവാണ്. വ്യക്തിപരമായി അഭിപ്രായം പറയാം, പക്ഷേ നിര്‍മ്മാതാക്കളുടെ സംഘടന ജൂണ്‍ മാസം മുതല്‍ സമരം ചെയ്യുന്നു എന്നൊക്കെ പറയേണ്ടത് ആ സംഘടനയുടെ ജനറല്‍ബോഡി വിളിച്ചു കൂട്ടി തീരുമാനിച്ച ശേഷം സംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ അല്ലേ? ആണ് എന്ന കാര്യത്തില്‍ സംശയമില്ല.. അവര്‍ സജീവമായി ഇവിടുണ്ടല്ലോ? നിര്‍മ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂര്‍ ഈ എഫ്ബി പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പലകാര്യത്തോടും അതുകൊണ്ടു തന്നെ ഞന്‍ യോജിക്കുന്നു,’ എന്ന് വിനയന്‍ കുറിച്ചു.