Image

എങ്ങനെ നീ മറക്കും..! ( പ്രണയ ദിനം സ്പെഷ്യൽ : പ്രകാശൻ കരിവെളളൂർ )

Published on 14 February, 2025
എങ്ങനെ നീ മറക്കും..! ( പ്രണയ ദിനം സ്പെഷ്യൽ : പ്രകാശൻ കരിവെളളൂർ )

 

 

1983 ൽ ഇറങ്ങിയ ഈ സിനിമ എം. മണിയുടെ പേരിലാണ് അന്നറിയപ്പെട്ടത്. സിനിമയുടെ സ്വഭാവം വച്ച് പിന്നീട് മനസ്സിലായി തിരക്കഥ എഴുതിയ പ്രിയദർശൻ തന്നെ സംവിധാനത്തിലും ഇടപെട്ടെന്ന് . 1984 ലാണ് ഞങ്ങളുടെ ടാക്കീസിൽ ( കരിവെള്ളൂർ ലീന ) ആ  സിനിമ വന്നെത്തിയത് . അന്ന് നായകൻ ശങ്കറാണ് . എന്നാൽ ഈ സിനിമയിൽ സുഹൃത്തായ മോഹൻലാലിനും തുല്യ പ്രാധാന്യമുണ്ട് . സൗഹൃദത്തിൻ്റെ മാത്രമല്ല , പ്രണയത്തിൻ്റെയും ദേവദാരു മനസ്സിൻ്റെ താഴ് വരയിൽ പൂത്തിറങ്ങിയ സിനിമയാണ് എങ്ങനെ നീ മറക്കും . ചിരി തൂകി ശരത് കാല സന്ധ്യയും ഓർമ്മയിൽ തെളിയുന്നു .

ഞാനന്ന് ഒമ്പതാം ക്ളാസിൽ പഠിക്കുന്നു. ഒമ്പത് ഡി . മീശ മുളക്കാത്ത നവകൗമാരം . ട്രൗസറിൽ നിന്നും മുണ്ടിലേക്ക് മാറിയ പ്രായം . അക്കാലത്ത് ഞങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ മമ്മൂട്ടിക്ക് വലിയ താരമൂല്യമൊന്നുമില്ല . ശങ്കറാണ് സർവാരാധ്യൻ . മാനറിസം കൊണ്ട് മോഹൻലാൽ പ്രേക്ഷകർക്ക് ഒരരുമയായി മാറി വരുന്നതേയുള്ളൂ . റഹ്മാനായിരുന്നു ഹരം കൊള്ളിച്ചെത്തിയ പുതിയ താരം .
ഞങ്ങൾ അടുത്ത കൂട്ടുകാർ - പ്രസന്നനും പ്രസാദും പിന്നെ ഞാനും . പ്രസന്നൻ പാടും . കാണാനും സുന്ദരൻ . അവൻ സ്വയം ശങ്കറായി അവരോധിച്ചു . പ്രസാദ് മോഹൻലാൽ ഫാനായിരുന്നു . അവർ രണ്ടു പേരും കൂടി മീശ തീരേയില്ലാത്ത എന്നെ റഹ്മാനാക്കി. റഹ്മാൻ അന്ന് പത്മരാജൻ്റെ കൂടെവിടെ കൊണ്ട് മനസ്സിൽ കൂടു കൂട്ടിയിരുന്നു . ഞങ്ങൾക്ക് മൂന്നു പേർക്കും കൂടി മൂന്നാം ബെഞ്ചിലിരിക്കുന്ന ഒരു മേനകയുണ്ടായിരുന്നു . അവളറിയാതെ , ആരുമറിയാതെ ഞങ്ങൾക്ക് അവളോടൊരിഷ്ടം . ആരും കാണാതെ , അവൾ പോലും കാണാതെ ഞങ്ങൾ അവളെ പാളി നോക്കാൻ തുടങ്ങി . ചിരിക്കാനോ മിണ്ടാനോ ഉള്ള ധൈര്യം ഞങ്ങൾക്ക് മൂന്നാൾക്കുമില്ല .
പത്തിൽ ഞാനും പ്രസാദും സീയിലായി . പ്രസന്നനും അവളും പത്ത് ഡി യിൽ . ഞങ്ങൾക്ക് അവനോട് ഒരസൂയ.
എന്നാലും ട്യൂഷൻ ക്ളാസിൽ  അവൾ ഞങ്ങളുടെ ഡിവിഷനിലാണെന്നത് ആശ്വാസം .

എന്തായിരുന്നു അന്നത്തെ പ്രണയം? ( പ്രേമം എന്ന വാക്കിനായിരുന്നു കൂടുതൽ പ്രചാരം ) . ഇന്നും എനിക്കറിയില്ല .
വർഷം നാല്പത് കഴിഞ്ഞു . മകനും മകളും കൗമാരം കടന്നു.

ഇന്നും ഞങ്ങൾ മൂന്ന് പേരും അവളെ പ്രണയിച്ചത് ഞങ്ങൾ മൂന്നു പേർക്കല്ലാതെ മറ്റാർക്കുമറിയില്ല . അത് അവൾക്ക് പോലും അറിയില്ല എന്നതാണ് ഏറ്റവും വലിയ രസം .

അബോർഷനും ഡൈവോർസുമൊക്കെ ഇരുപത് വയസ്സിന് മുമ്പേ സാധ്യമായ ന്യൂജൻ ഗൈസ് - അവരീ മൂന്ന്  അമ്മാവന്മാരെ എന്തായിരിക്കും വിളിക്കുക ?
കൺട്രീസ് എന്നോ ? അത് ഔട്ട് ഡേറ്റഡ് അല്ലേ ? ചിലപ്പോ ഫൂൾസ് എന്നായിരിക്കും.

എന്നാൽ ഞങ്ങൾക്ക് അഭിമാനം എന്ന് പറയാൻ ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു വിഡ്ഢിത്തങ്ങളേ ഉള്ളൂ .

നിനക്കായി മാത്രം പാടുന്നു ഞാൻ എന്ന് പാടിയ കൂട്ടുകാരൻ ഒരു പ്രണയം പകർന്ന നോവു കൊണ്ടാണ് ഇങ്ങിനി മടങ്ങി വരാൻ കഴിയാത്ത വിധം തെക്കോട്ടുള്ള ഒരു വണ്ടിയിൽ യാത്ര പറയാതെ പോയത് . പ്രസന്നൻ പകരുന്ന സങ്കടം കൂടിയാണ് എനിക്ക് ആദ്യ പ്രണയത്തിൻ്റെ ഓർമ്മകൾ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക