എത്രയെഴുതിയാലും മടുക്കാത്ത വിഷയം ഒന്നേയുള്ളു അതാണ് പ്രണയം. പ്രണയമെന്ന ആ മഹാനുഭൂതിയുടെ ഉത്തുംഗ മുഹൂർത്തത്തെക്കുറിക്കുന്ന അക്ഷരങ്ങളെ, അടുക്കി വച്ചൊരു മുല്ലപ്പൂമാലയുടെ മനോഹാരിതയോടെ നമ്മുടെ വാനമ്പാടി കെ.എസ് .ചിത്ര ആലപിച്ച ഒത്തിരി ഗാനങ്ങളിൽ എനിക്ക് ഏറെയിഷ്ടമുള്ള ഒരു ഗാനമുണ്ട്. ശ്രീ. ജയകുമാർ എഴുതി സണ്ണി സ്റ്റീഫൻ സംഗീത സംവിധാനം ചെയ്ത ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊൻപതിൽ പുറത്തിറങ്ങിയ 'ഉത്രം നക്ഷത്രം' എന്ന ചിത്രത്തിലെ " അനുഭൂതി പൂക്കും നിൻ മിഴികളിൽ ' എന്ന ആ മനോഹര
ഗാനത്തെക്കുറിച്ചാണ് ഈ പ്രണയ ദിനത്തിൽ ഞാനെഴുതാൻ ആഗ്രഹിക്കുന്നത്.
പ്രണയത്തെപ്പോലെ ഒരാളെ ഒരുപോലെ സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന വേറൊരു വികാരവും ഇല്ല എന്നതാണ് സത്യം. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ പ്രണയിച്ചിരിക്കണം.
ആദ്യമായിട്ടുള്ള കണ്ടുമുട്ടൽ, ഒന്നു നോക്കിയതിന് ശേഷം വീണ്ടും അറിയാത്ത ഭാവത്തിൽ ഒന്നു കൂടിയുള്ള ആ നോട്ടം. തന്നെത്തന്നെയാണ് നോക്കുന്നതെന്ന് ഉറപ്പു വരുത്തിക്കഴിയുമ്പോൾ ഉള്ളിലുണ്ടാകുന്ന ഒരു വികാരമുണ്ട്. പിന്നെ തിരിഞ്ഞു നോക്കുമ്പോൾ കണ്ടില്ലെങ്കിലുള്ള ഒരു അമ്പരപ്പുണ്ട്, ഒരു വേദന, എന്തോ ഒരു വിഷമം. അന്നത്തെ ദിവസം മുഴുവൻ അതു തന്നെയാകും ചിന്ത - ആരാണവൻ?
ആകെയൊരു ആകാംക്ഷ. ഉണ്ണാനും ഉറങ്ങാനും കഴിയാത്ത ഒരവസ്ഥ.
പിറ്റേ ദിവസം അതേ സ്ഥലത്ത് വീണ്ടും നമ്മുടെ കണ്ണുകൾ പരതുന്നു, തൊട്ടുപിന്നിൽ ഒരനക്കം കേട്ട് നോക്കുമ്പോൾ ദേ അവൻ. കണ്ണുകൾ കണ്ണുകളോട് എന്തൊക്കെയോ സംവദിക്കുന്നതു പോലെ. ശരിക്കും വിയർക്കുന്നുണ്ടോ എന്നൊരു സംശയം, എങ്ങനെയും അവിടുന്ന് രക്ഷപെട്ടാൽ മതിയെന്ന ചിന്ത. തിരികെ വീട്ടിലെത്തിയാൽ ഏതോ സ്വപ്ന ലോകത്ത് അകപ്പെട്ടതു പോലെ. എവിടെ നോക്കിയാലും അവൻ്റെ ആ കണ്ണുകൾ.അതിൻ്റെ ആഴങ്ങൾ എന്തോ പറയുന്നതുപോലെ. ഉള്ളിലന്നുവരെ ഇല്ലാത്ത ഒരു സന്തോഷം. ശരിക്കും ഞാൻ പോലുമറിയാതെ പ്രണയത്തിലാവുകയാണ്.
അപ്പോഴേക്കും ചുറ്റിലും എത്ര അരുതുകളുണ്ടെന്നു പോലും അറിയാതെ പ്രണയമെന്ന വികാരം കീഴ്പ്പെടുത്താൻ തുടങ്ങിയിട്ടുണ്ടാകും. ഇനി കാണരുത് എന്നെത്ര വിലക്കിയാലും കാണാനുള്ള മനസിൻ്റെ വെമ്പൽ. കാത്തിരുപ്പുകൾക്ക് അകമ്പടി സേവിക്കുന്ന ഹൃദയമിടിപ്പുകൾ. ഒടുവിൽ കാത്തിരുന്ന് കാണുന്ന നിമിഷം ആ കണ്ണുകളെ നേരിടാനാകാതെ ലജ്ജയോടെ മുഖം തിരിക്കുന്ന നിമിഷം. തിരികെ പോരാൻ ശ്രമിക്കുമ്പോൾ അവൻ്റെ തടഞ്ഞു നിർത്തൽ.... ഒടുവിലൊരു കുളത്തിൻ്റെ കൈവരികളിലിരുന്ന് മുഖത്തോട് മുഖം നോക്കി ഒന്നും പറയാനാകാതെ ഒരായിരം കാര്യങ്ങൾ മൗനമായി പറയുന്നതു പോലെയല്ലേ ഈ ഗാനം എന്ന് നിങ്ങൾക്കും തോന്നും, സംശയമില്ല.
ആ ഗാനത്തിൻ്റെ വരികൾ നിങ്ങൾക്കായി സമർപ്പിക്കുന്നു.
"അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻവെറുതെയിരുന്നേറെ നേരംകരളിന്റെയുള്ളിലോ കാവ്യം ?
അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽഅനുരാഗ സംഗീതമായീമധുരമെൻ മൗനവും പാടി
അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾനീയെന്റെ ജീവനായ് തീരും
(അനുഭൂതി..പാടി)
ഉള്ളം നിറയും ഋതുകാന്തിയായ് നീഇന്നെൻ കിനാവിൽ തുടിച്ചുകളഭം പൊഴിയും ചന്ദ്രോദയം പോൽനീയെന്റെ ഉള്ളിൽ വിരിഞ്ഞു
മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌നീയെൻ പുണ്യം പോലേ
(അനുഭൂതി..പാടി)
മിഴിയിൽ തെളിയും നിറമുള്ള വാനിൽഒരു രാജഹംസം പറന്നുപറയാൻ വൈകും ഒരുവാക്കിനുള്ളിൽഅഭിലാഷമധുരം കിനിഞ്ഞൂമധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌നീയെൻ പുണ്യം പോലേ
(അനുഭൂതി..തീരും)
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻവെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം....."
ഒരേ ഹൃദയത്തോടെയും, മനസ്സോടെയും പ്രണയ തീവ്രതയിൽ പങ്കുവയ്ക്കുന്ന ഒരായിരം കാര്യങ്ങൾ. ഒരിക്കലും വേർപെടില്ലെന്ന വിശ്വാസത്തിൽ മൗനത്തിൽ പോലും പരസ്പരം സംസാരിക്കുന്നവർ.
പ്രണയം നഷ്ടപ്പെട്ടാൽ ജീവിതം തന്നെ കൈ വിട്ടു പോകുന്ന ഒരവസ്ഥയുണ്ട്. മനസ്സാഴങ്ങളെ തിരിച്ചറിഞ്ഞിട്ടു പോലും കൈവിരലുകൾക്കുള്ളിലെ ജലകണങ്ങൾ പോലെ നഷ്ടമാകുന്ന പ്രണയങ്ങളും ഉണ്ട്.
തിരിച്ചറിയപ്പെടാതെ പോകുന്ന പ്രണയങ്ങൾ ഏറെയുള്ള ഈ കാലത്ത് അന്നെഴുതിയ ഈ ഗാനം ഇന്നുമെൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാമതാണ്.