മാമ്പ്രത്ത് ജയേഷ്. വയസ് 38 കഴിഞ്ഞു. കല്യാണം കഴിക്കാന്‍ വേണ്ടി വര്‍ഷങ്ങളായി പെണ്ണ് കണ്ടു നടക്കുകയാണ്. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. കക്ഷിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം തന്നെ കല്യാണം കഴിക്കുക എന്നതാണ്. നല്ല വീട്, ജോലി, സമ്പത്ത് എല്ലാമുണ്ട്. പക്ഷേ, മനസിനിണങ്ങിയ പെണ്ണിനെ കിട്ടുന്നില്ല. കല്യാണം വൈകുന്നതിന് കാരണം അയാളുടെ ചില അസാധാരണ ഡിമാന്‍ഡുകളാണ്. അതു കൊണ്ടു തന്നെ പല കല്യാണാലോചനകളും പാതി വഴിയില്‍ മുടങ്ങി പോവുകയാണ്. പക്ഷേ അയാള്‍ വീണ്ടും പ്രതീക്ഷയോടെ അടുത്ത പെണ്ണ് കാണലിനായി തയ്യാറെടുക്കും. അക്കാര്യത്തില്‍ അയാള്‍ സ്ഥിരോത്സാഹിയാണ് എന്നു പോലും വിശേഷിപ്പിക്കാം. നല്ല പങ്കാളിയെ കിട്ടാന്‍ വേണ്ടി ആണും പെണ്ണും മാര്യേജ് ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് പതിവാണ്. എന്നാല്‍ ജയേഷിന് സ്വന്തമായി പേഴ്‌സണല്‍ മാര്യേജ് അസിസ്റ്റന്റ് ഉണ്ട് എന്നതാണ് രസകരം.
എം. മോഹനന്‍ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ നായകനാകുന്ന 'ഒരു ജാതി ജാതകം' രസകരമായ ഒരു കല്യാണ വിശേഷം തന്നെയാണ്. തുടക്കം മുതല്‍ പ്രേക്ഷകനെ ചിരിപ്പിക്കുക എന്നതാണ് വിനീതിന്റെ ദൗത്യമെന്ന് പോലും തോന്നിപ്പോകും. നമ്മുടെ നാട്ടിലും കാണാം ഇത്തരം ചെറുപ്പക്കാരെ. പെണ്ണു കാണാന്‍ പോകുമ്പോള്‍ ലോകത്തെങ്ങുമില്ലാത്ത ഡിമാന്‍ഡ് പറഞ്ഞ് ഒടുവില്‍ നടക്കാന്‍ സാധ്യതയുള്ള കല്യാണം കൂടി ഒഴിഞ്ഞു പോകുന്ന അവസ്ഥ. കല്യാണ പ്രായംകഴിയുമ്പോഴും അവര്‍ ഡിമാന്‍ഡില്‍ നിന്നു പിടിവിടില്ല. സമപ്രായക്കാരൊക്കെ കെട്ടി കുട്ടികളുമായി നടക്കുന്നതു കാണുമ്പോള്‍ ദീര്‍ഘനിശ്വാസമുതിര്‍ക്കുന്ന ചില ഹതഭാഗ്യരെയും കാണാം. എന്നാല്‍ ജയേഷ് അങ്ങനെ നിരാശപ്പെടുന്ന ആളല്ല. മാത്രവുമല്ല, ഒരു കല്യാണം മുടങ്ങിയെന്ന് കരുതി അതോര്‍ത്ത് ദുഖിച്ചിരിക്കാനും പുള്ളിയെ കിട്ടില്ല. അടുത്ത പെണ്ണു കാണല്‍ ഉടന്‍ തന്നെ നടത്തിക്കളയും, അതാണ് കക്ഷി.
പരിചിതമായ കഥാപരിസരമാണെങ്കിലും കഥയുടെ രസച്ചരട് പലയിടത്തും ദുര്‍ബലമാകുന്നുണ്ട്. കരുത്തുറ്റ ഒരു തിരക്കഥയില്ലാത്തതിന്റെ കുറവ് പലയിടത്തും പ്രേക്ഷകന് അനുഭവപ്പെടും. തന്നെ കൊണ്ടാകും വിധം കളം നിറഞ്ഞു നില്‍ക്കാന്‍ വിനീത് ശ്രീനിവാസന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതു കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല, തിരക്കഥയിലെ പോരായ്മ. എങ്കിലും സാധ്യമായ വിധം നര്‍മ്മത്തിന്റെ മേമ്പൊടി നിറച്ചാണ് കഥയൊരുക്കിയിരിക്കുന്നത്. രസകരമായ ചില ട്വിസ്റ്റുകളുമുണ്ട്.
മാമ്പ്രത്ത് ജയേഷിനെ അവതരിപ്പിച്ച വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ നട്ടെല്ല്. അഭിനയ ജീവിതത്തില്‍ ഇതു വരെ കാണാത്ത ഒരു വിനീതിനെയാകും പ്രേകഷകര്‍ ഈ ചിത്രത്തില്‍ കാണുക. ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ അല്‍പ്പം അമിതാഭിനയം തന്നെ പുറത്തെടുക്കാനും ഇളകിയാടാനും വിനീത് ശ്രമിച്ചിട്ടുണ്ട്. അത് നൂരു ശതമാനം ഏറ്റിട്ടില്ലെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ ഒരു പരിധി വരെ വിനീത് ജയിച്ചു എന്ന് പറയാം.
എട്ടു നായികമാരാണ് ചിത്രത്തിലുള്ളത്. അവര്‍ ജയേഷിന്റെ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ മികച്ചപ്രകടനവും കാഴ്ച വയ്ക്കുന്നു. നിഖില വിമല്‍, സയനോര ഫിലിപ്പ്, ഇന്ദു തമ്പി, ഹരിത. ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് നായികമാര്‍. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്. ഇവരെ കൂടാതെ ബാബു ആന്റണിയും ചിത്രത്തില്‍ രസരകരമായ ഒരു കഥാപാെ്രത്ത അവതരിപ്പിക്കുന്നു. അമല്‍ താഹ, മുദുല്‍ നായര്‍, പി.പി കുഞ്ഞിക്കണ്ണന്‍, നിര്‍മ്മല്‍ പാലാഴി, വിധു പ്രതാപ് എന്നിവരും ഈ ചിത്രത്തിലെ താരങ്ങളാണ്.
കാമഡിക്കൊപ്പം നന്‍മയും സ്‌നേഹവും ആവോളം ചാലിച്ചാണ് സംവിധായകന്‍ ഒരു ജാതി ജാതകം ഒരുക്കിയിട്ടുള്ളത്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തലിന്റെ ഛായാഗ്രഹണവും മികച്ചതായി. രാകേഷ് മണ്ടോടിയുടെ തിരക്കഥയും സംഭാഷണവും കുറേ കൂടി കരുത്തുറ്റതായിരുന്നെങ്കില്‍ നന്നായേനെ. മനു മഞ്ജിത്ത് ഗുണ ബാലസുബ്രഹ്മണ്യം ടീമാണ് പാട്ടുകളൊരുക്കിയിരിക്കുന്നത്. പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ പോയാല്‍ സന്തോഷത്തോടെ കണ്ടു പോരാന്‍ പറ്റിയ ചിത്രമാണ് 'ഒരു ജാതി ജാതകം'.