" ഏറ്റവും സുന്ദരമായ അനുഭവമാണ് പ്രണയം! എന്നാൽ എല്ലായ്പോഴും പ്രണയം സുന്ദരവും സുരഭിലവുമായിക്കോളണമെന്നില്ല." പ്രണയദിനത്തിൽ കോളേജ് യൂണിയൻ നടത്തുന്ന പ്രസംഗ മത്സരത്തിൻ്റെ വേദിയിൽ നിന്നും മത്സരാർത്ഥികൾ പ്രണയത്തെക്കുറിച്ചു പറഞ്ഞ് ആവേശം കൊള്ളുന്നു.
കാഴ്ചക്കാർ കൈയ്യടിച്ചും കൂക്കി വിളിച്ചും പ്രോത്സാഹിപ്പിയ്ക്കുന്നു.
കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്നു. ബോറടിച്ചപ്പോ എഴുന്നേറ്റു പുറത്തേയ്ക്കിറങ്ങി. തനിയ്ക്കു പണ്ടേ ഈ വക ഏർപ്പാടിനോടൊന്നും യാതൊരു താത്പര്യവുമില്ല. എങ്ങനേലും പഠിച്ച് ഒരു ജോലി വാങ്ങണം. യാത്രകൾ പോണം. പ്രണയവും വിവാഹവുമൊന്നും തനിയ്ക്കു ശരിയാവില്ല. മറ്റുള്ളവർക്കു വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു തീർക്കാൻ തനിയ്ക്കാവില്ല.
നേരെ ലൈബ്രറിയിലേയ്ക്കു നടന്നു. റാക്കിലെ പുസ്തകങ്ങൾക്കിടയിൽ നിന്നും ഒന്നു രണ്ടെണ്ണമെടുത്ത് റീഡിങ്ങ് കോർണറിലെ കസേരയിലിരുന്നു.
ലൈബ്രറിയിൽ അധികമാരുമില്ല. പുസ്തകം നിവർത്തി പേജു മറിച്ചു. .പെട്ടെന്ന് തൊട്ടു മുന്നിലുള്ള കസേര പുറകിലേയ്ക്ക് വലിച്ചിടുന്ന ശബ്ദം കേട്ട് അവർ മുഖമുയർത്തി.
ഹായ്! റീമ തനിയ്ക്കെന്നെ ഓർമ്മയുണ്ടോ? ഞാൻ രാഹുൽ.. കുറച്ചു കാലം തൻ്റെ വീടിനടുത്ത് താമസിച്ചിരുന്നു.
പെട്ടെന്നവൾ ഷോക്കടിച്ചതു പോലിരുന്നു. സന്തോഷമാണോ സങ്കടമാണോ എന്നൊന്നും പറയാനാവാത്ത അവസ്ഥ.
നന്ദിനിയാൻ്റിയും രാഹുലും ഗോപനങ്കിളും തൊട്ട വീട്ടിലായിരുന്നു താമസം. ഒരു കുടുംബം പോലെയായിരുന്നു.
ഗോപനങ്കിൾ ലീവെടുത്ത് ദുബായിയിലേയ്ക്ക് പോയി. അധികം വൈകാതെ ആൻ്റിയും രാഹുലും അങ്ങോട്ടു പോയി. വല്ലാത്ത സങ്കടമായിരുന്നു കുറേക്കാലം..
അന്ന് വീട്ടിൽ ഫോണൊന്നുമില്ല. അമ്മയും ആൻ്റിയും ഇടയ്ക്ക് കത്തുകളയയ്ക്കും.
പതിയെപ്പതിയെ എല്ലാരും അവരവരുടെ തിരക്കുകളിലേയ്ക്ക് പോയി.
രാഹുലിൻ്റെ കൂടെയായിരുന്നു സ്ക്കൂളിൽ പോക്കും വരവും. തൻ്റെ ഏറ്റവുമടുത്ത കൂട്ടുകാരൻ അവനായിരുന്നു.
അവൻ പോയപ്പോ വല്ലാത്ത ഒറ്റപ്പെടലായിരുന്നു.
അന്നും ഇന്നും തനിയ്ക്കതു പോലെ അടുപ്പമാരോടും തോന്നിയിട്ടില്ല.
രാഹുലേ നിന്നെ ഇതു വരെ ഞാനിവിടെ കണ്ടിട്ടില്ലല്ലോ?
റീമയുടെ ചോദ്യം കേട്ട് അവൻ കുസൃതിച്ചിരിയോടെ അവനവളെ നോക്കി.
അതു വരെ അനുഭവിക്കാത്തൊരു ഫീൽ!
അവളറിയാതെ കണ്ണുകൾ താഴ്ത്തി. ഈശ്വരാ തനിയ്ക്കിതെന്തു പറ്റി?
താനിവിടെ ഉണ്ടെന്നറിഞ്ഞ് വന്നതാ. ഞാൻ കഴിഞ്ഞ ആഴ്ചയാ നാട്ടിലെത്തീത്. തൻ്റെ കൂട്ടുകാരാ ഇവിടെക്കാണുംന്ന് പറഞ്ഞത്.
ലൈബ്രേറിയൻ ചൂണ്ടുവിരലമർത്തി നിശ്ശബ്ദം എന്ന ബോർഡ് ചൂണ്ടിക്കാട്ടി.
പെട്ടെന്ന് കൈ നീട്ടി രാഹുൽ അവളുടെ കയ്യിൽ പിടിച്ചു അനുസരണയുള്ള കുട്ടിയെപ്പോലെ പുസ്തകങ്ങൾ ഷെൽഫിൽ തിരിച്ചു വച്ച് പുറത്തിറങ്ങുമ്പോൾ പ്രണയത്തിൻ്റെ സുഗന്ധം തന്നെ പൊതിയുന്നത് അവളറിഞ്ഞു.