Image

പ്രണയശിൽപ്പി (കഥ: എം.പി. ഷീല)

Published on 14 February, 2025
പ്രണയശിൽപ്പി (കഥ:  എം.പി. ഷീല)

ജനാലയുടെ കൊളുത്തെടുക്കുമ്പോൾ ചില്ലുപ്പാളികളിൽ  നേർത്തമഞ്ഞ്  പറ്റിപ്പിടിച്ചിരുന്നു.  മാസങ്ങളോളം  കൈകോർത്തിരുന്ന് , വൃശ്ചികമഞ്ഞിൻറെയും  കുംഭനിലാവിൻ്റെയും  കഥ പറഞ്ഞിരുന്ന ജനൽപ്പാളികൾക്ക്  വേർപ്പിരിയാൻ  വിഷമമുണ്ടെന്ന്  ജെന്നിക്കു തോന്നി. 
 ഇരുപ്പാളികളിലും കൈപ്പത്തിയമർത്തി  അവൾ ആഞ്ഞുതള്ളി. നേർത്ത തേങ്ങലോടെ  ജനൽ മലർക്കെത്തുറന്നു.

    താഴെയിലയില്ലാതെ പൂത്തുനിൽക്കുന്ന ചെമ്പകത്തിൻറെ സുഗന്ധം  നാസാരന്ധ്രങ്ങളെ ഉന്മാദത്തോടെ തഴുകി കടന്നുപ്പോയി.  ജനൽപ്പാളികളുടെ  അരികിൽ തൂങ്ങിക്കിടന്ന തിളങ്ങുന്ന  മഞ്ഞുത്തുള്ളികൾ  ചെമ്പകത്തിൻറെ  ഇതളുകളിൽ  പൊട്ടുകുത്തി താനെയുടഞ്ഞു.  ആരെയും കോൾമയിർകൊള്ളിക്കുന്ന പീരുമേട്ടിലെ തണുത്ത കാറ്റ്  ഓരോപിടിക്കുളിര്  മുഖത്തേയ്ക്ക് വാരിയെറിഞ്ഞ് ഇടയ്ക്കിടെ കുസൃതികാട്ടിക്കൊണ്ടിരുന്നു. കാറ്റിൽ പാതിയടഞ്ഞ ജനൽപ്പാളികൾ പുറകോട്ടു തള്ളി ജെന്നി പുറത്തേയ്ക്കുനോക്കി.
    
    പ്രകൃതിയുടെ കലർപ്പില്ലാത്ത വിസ്മയക്കാഴ്ച്ചകൾ! മേഘങ്ങളെ തൊട്ടു നിൽക്കുന്ന  പച്ചക്കുന്നുകൾ. പുകയുന്ന മഞ്ഞുമറകൾ. മലഞ്ചെരുവുകളെ  കെട്ടിപ്പുണരുന്ന  നീരൊഴുക്കുകൾ. വസന്തം പീലിവീശുന്ന  താഴ്‌വര. ഒരു പുതുക്കപ്പെണ്ണിൻ്റെ മട്ടും ഭാവവുമായി പീരുമേടിൻ്റ ശാലീനത നിറഞ്ഞു തുളുമ്പുകയാണ്.
    
              ' ഗ്രീൻവാലി 'യുടെ രണ്ടാം നിലയിലുള്ള ഈ മുറിയിൽ നിന്നാൽ ഏതു മനസ്സിലും ഒരു കവി പിറവിയെടുക്കും. അതുകൊണ്ട് തന്നെയാണ്  മമ്മയുടെ  ഷെയറിലുള്ള ഈ വീട് ആർക്കും വിൽക്കാതെ സൂക്ഷിക്കുന്നത്. വല്ലപ്പോഴുമൊക്കെ മട്ടാഞ്ചേരിയിൽ നിന്ന്  ഇവിടെവന്ന് താമസിക്കുന്നത് പപ്പയ്ക്കും മമ്മിക്കും ഫ്രെഡിമോനും തന്നെപ്പോലെതന്നെ ഇഷ്ടമാണ്.
എല്ലാരേക്കാളധികം താൻ ഈ മുറി ഇഷ്ടപ്പെടുന്നുണ്ട്!
ഗവേഷണ വിദ്യാർത്ഥിയായി ജാക്ക്  ഗ്രീൻവാലിയിൽ എത്തിയതും പ്രണയാനുഭവങ്ങൾ പകർന്ന് പ്രണയശിൽപ്പിയായതും ചെമ്പകമണമുള്ള ഈ മുറിയിൽവെച്ചായിരുന്നു.

        പീരുമേട്ടിലെ തണുപ്പിനോട് പ്രണയമാണെന്ന് , അവൻ പലപ്പോഴും പറയുമായിരുന്നു. 'ഉത്തമഗീത'ത്തിലെ നായകനെപ്പോലെ അവൻ പ്രേമപരവശനായ കാമുകനാണ്. അവൻ്റ പ്രണയത്തിനും ഒരു സുഗന്ധമുണ്ട് . ജടാമാഞ്ചിയും കുങ്കുമവും വയമ്പും ഇലവംഗവും നിറഞ്ഞുനിൽക്കുന്ന സുഗന്ധദ്രവ്യ ഉദ്യാനത്തിലെ കുളിർക്കാറ്റിൻ്റെ സുഗന്ധം !  സ്നേഹം കോരിയൊഴിച്ചുള്ള  അവൻറെ സംസാരം എത്ര കേട്ടാലും മതിവരില്ല. കൈത്തണ്ടയിലും കൈവെള്ളയിലും  അവൻ കുറിക്കുന്ന വരികൾക്ക് പ്രണയത്തിൻ്റെ തീവ്രതയുണ്ടായിരുന്നു. ജാക്കിൻ്റ ശബ്ദവും സ്നേഹവും ഒരുപാട് മിസ്സു ചെയ്യുന്നുണ്ട്. ഒരു പൂക്കാലം ഒന്നോടെ  പറന്നുപ്പോയതുപ്പോലെ!

      ജനാലയുടെ കമ്പിയഴികളിൽനിന്ന്  മരവിപ്പ്  കയ്യിൽ എരച്ചുകയറിയപ്പോൾ ജെന്നി ഓർമ്മകളിൽനിന്നുണർന്നു. 
       അവിചാരിതമായാണ് ഈ ഫെബ്രുവരിയിൽ അടുത്തടുത്ത മൂന്നുദിവസം പബ്ലിക് ഹോളിഡേവന്നത്. പീരുമേട്ടിലെ മഞ്ഞിൽ നനയണമെന്ന മോഹം  പപ്പയോട് പറഞ്ഞത് താനാണ്. കഴിഞ്ഞ ക്രിസ്തുമസ്സും ന്യൂ ഇയറും  ഇവിടെ സെലിബ്രേറ്റു ചെയ്യാൻ  പപ്പയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ഫോർട്ടു കൊച്ചിയിലെ കാർണിവൽ മിസ്സാകുമെന്ന് പറഞ്ഞ് ഫ്രെഡിയാണ് ആ യാത്ര ഒഴിവാക്കിയത്.
         ജാക്കിനെ ആദ്യംപരിചയപ്പെട്ടത് ഒരു വാലൻ്റയിൻസ് ഡേയ്ക്കായിരുന്നു. പപ്പയുടെ ഇളയസിസ്റ്റർ പൗളിനാൻ്റിയൊടൊപ്പം  ഔഷധ സസ്യങ്ങൾ തേടി പീരുമേട്ടിലെത്തി, പപ്പയുടെ പെർമിഷൻവാങ്ങി  ഗ്രീൻവാലിയിൽ താമസം തുടങ്ങിയ നാളുകൾ  ഇന്നലയെന്നപ്പോല കൺമുമ്പിലേയ്ക്കോടിയെത്തി. സ്റ്റഡി ലീവായതുകൊണ്ട് ആൻറി തന്നെക്കൂടി ഇങ്ങോട്ടുക്ഷണിച്ചു. ആദ്യസമാഗമം. ഒട്ടും ഒടിവില്ലാത്ത നീണ്ടമുടി  പിന്നിലോട്ടു ചീകി, ഉയരമുള്ള വെളുത്ത പയ്യൻ.  ചുണ്ടിൽ കുസൃതിയും  പ്രണയശീലുകളുമുള്ള യുവാവ്. ആൻറിയുടെ  അതിസമർത്ഥനായ ശിഷ്യൻ. തനിക്ക് പ്രണയിക്കാൻ അവൻ്റ സംസാരം മാത്രം മതിയായിരുന്നു. എത്ര വേഗമാണ് അവൻ്റ സ്നേഹം ഉള്ളിൽ വേരുറച്ചത്.

ജന്മാന്തരബന്ധങ്ങൾ ഊടും പാവും നെയ്ത രണ്ടു മാസം! സ്നേഹിക്കാനും ഹൃദയം കൈമാറാനുംആത്മാവുകൾതമ്മിലൊന്നാവാനും എന്തിനാണ് ഏറെ നാളുകൾ! ജാക്കിനെ ആത്മാവിൽ തന്നെ കൊരുത്തതല്ലേ. ജാക്കിനൊപ്പം എല്ലാം മറന്നു ജീവിച്ച പ്രണയകാലം. അതെത്രസുന്ദരമായിരുന്നു!

     ജാക്ക് ഗ്രീൻവാലിയിൽ നിന്നും ആദ്യം യാത്ര പറഞ്ഞുപിരിഞ്ഞദിവസം! തീവണ്ടി അകന്നുപ്പോയപ്പോൾ  ഹൃദയം നഷ്ടപ്പെട്ട വേദനയായിരുന്നു.  ഇന്നും ആ നോവ് കണ്ണുകളിലേയ്ക്ക് ഊർന്നിറങ്ങും. ഡെൽഹിയിലെത്തിയിട്ടും അവൻറെ ഓരോ വിളിയിലും സ്നേഹത്തിൻ്റെ തീക്ഷണതയുണ്ടായിരുന്നു. രണ്ടു വർഷം മുമ്പ് ജറുസലേമിൽ ജോലിയിൽ പ്രവേശിച്ചിട്ടും ആ വിളിക്കോ സ്നേഹം കോരിയൊഴിച്ചുള്ള പ്രണയ സന്ദേശങ്ങൾക്കോ യാതൊരു കുറവുമുണ്ടായില്ല. അകലങ്ങളിലിരുന്നു ഒരുപാട് അടുത്തു! കാണാതിരുന്ന് ഒരുപാട് അറിഞ്ഞു!
നാലുവർഷത്തിനിടയിൽ കണ്ടത് മൂന്നു തവണമാത്രം. ആരും അറിയാതെയുള്ള  ഗ്രീൻവാലിയിലെ പ്രണയസമാഗമം! ഒരു ദിവസം പോലും ഒഴിയാതെയുള്ള അവൻ്റ വിളി തന്നെ ഒരു തീവ്ര പണയിനിയാക്കിയതവളറിഞ്ഞു. പക്ഷേ  ജാക്കിനെപ്പോഴൊ തോന്നിയ ഒരു കുറുമ്പു സ്വഭാവമാണ് ജനുവരി ഒന്നിന്  ആ തീരുമാനം എടുപ്പിച്ചത്. വിവാഹം കഴിയുന്നതുവരെ പരസ്പരം സംസാരിക്കാതിരിക്കുക. പറയാനുള്ളതെല്ലാം കരുതിവെച്ച് മധുവിധുകാലത്ത് പറഞ്ഞുരസിക്കണമത്രെ! തനിക്കത് സാധിക്കില്ലെന്നു പറഞ്ഞിട്ടും ജാക്ക് ആ തീരുമാനത്തിൽ ഉറച്ചുനിന്നു. മറുപടിയില്ലാത്ത മിസ്ക്കോളുകൾ. നാൽപതുദിവസം പിന്നിട്ട മൗനം. ഫെബ്രുവരി 14 ന് സർപ്രൈസായി അവൻ വരുമെന്ന് മനസ്സു പ്രതീക്ഷിക്കുന്നുണ്ട്. ഒടുവിൽ അവൻ്റ സ്നേഹസന്ദേശവും അങ്ങനെയായിരുന്നു. 'നിനച്ചിരിക്കാത്ത നേരത്ത് എൻ്റ ചിറകിൽ കൊരുത്ത നിന്നെക്കാണാൻ സ്നേഹപാരവശ്യത്തോടെ ഞാൻ വരും.'  

ഇന്ന് ഫെബ്രുവരി പതിനാല്! 
സർപ്രൈസായി അവൻ വരും. ഗ്രീൻവാലി വീണ്ടും പ്രണയ സംഗമത്തിനു വേദിയാകും. വീട്ടിൽ എല്ലാവരും മനസ്സുകൊണ്ട് തൻ്റെ വരനായി  ജാക്കിനെ പണ്ടേ അംഗീകരിച്ചുകഴിഞ്ഞതാണ്.
വരുമ്പോൾ അവനു നൽകാൻ ഒരു സമ്മാനവും അവൾ കരുതിയിരുന്നു. നീണ്ട വെളുത്ത ഗൗണണിഞ്ഞ വെള്ളാരം കണ്ണുളള സുന്ദരിയായ വധു. അവളെ കെട്ടിപ്പിടിച്ചിരിക്കുന്ന കറുത്ത സ്യൂട്ടണിഞ്ഞ വെള്ളാരംകണ്ണുള്ള വരൻ. ബാഗിൽ സൂക്ഷിച്ചിരുന്ന ശില്പം പുറത്തെടുത്തു ചുംബിച്ചു. ജാക്കിൻ്റ കൈവിരലുകളുടെ ചൂട് ശരീരമാകെ പടരുന്നു. അവൾക്ക് നാണം തോന്നി. ഒരു വധുവിനെപ്പോലെ അവൾ തലതാഴ്ത്തി  കുറെനേരം  കിനാവിൻ്റെ ലോകത്തിരുന്നു. 
      ഒടുവിൽ യാത്രപറഞ്ഞു പിരിയുമ്പോൾ ജാക്ക് പറഞ്ഞത്   അവൾ   ഓർത്തു.
'ഷാരോണിലെ വെളുത്ത ലില്ലിപ്പൂക്കൾകൊണ്ട് ഞാനൊരു കൂടാരം പണിയും. അവിടെ എൻ്റെ ഹൃദയത്തിലെ റാണിയായി  ഞാൻ നിന്നെ വാഴിക്കും. നമ്മുടെ പ്രണയമോർത്തു ഞാൻ പ്രേമഗാനങ്ങൾ പാടും'

ട്ണിം..ട്ണിം..

        കോളിംഗ് ബെൽ ശബ്ദിച്ചു. ആരായിരിക്കും? മമ്മിയും പപ്പയും ഫ്രെഡിയും ഷോപ്പിംഗ് കഴിഞ്ഞെത്താറായിട്ടില്ല.

ജെന്നി വേഗത്തിൽ താഴെയ്ക്കിറങ്ങി.

ക്വറിയർ ഓഫീസിൽ നിന്നാണെന്നു തോന്നുന്നു. പൊക്കം കുറഞ്ഞു കറുത്തൊരു പയ്യൻ വലിയ പായ്ക്കറ്റുമായി നിൽക്കുന്നു.

"ഹലോ മാഡം , ജെന്നി ഫ്രാങ്ക്ളിൻ , ഗ്രീൻവാലി  ഈ അഡ്രസ്സിൽ ഒരാഴ്ചയായി എത്തിയിട്ട് . ജെറുസലേമിൽ നിന്നുള്ളതാണ്. ഫെബ്രുവരി 14വരെ ഇവിടെ ആൾ എത്തിയിട്ടില്ലെങ്കിൽ മട്ടാഞ്ചേരിയിലെ  ഒരു അഡ്രസ്സ് തന്നിരുന്നു. അങ്ങോട്ടേയ്ക്ക് ഫോർവേഡ് ചെയ്യാനാണ് നിർദ്ദേശം."

പയ്യൻ്റെ കയ്യിലിരുന്ന മഞ്ഞപേപ്പറിൽ ഒപ്പിട്ടു കൊടുക്കുമ്പോൾ മനസ്സിൽ പ്രണയശിൽപ്പിയുടെ സമ്മാനം  കാണാനുള്ള ആകാംക്ഷ  ആയിരുന്നു. ജാക്കിൻ്റെ നിശ്വാസങ്ങൾ തങ്ങിനിൽക്കുന്ന മുറിയിൽവെച്ച് അവൾ സമ്മാനപ്പൊതിതുറന്നു.

സുഗന്ധമില്ലാത്ത വെളുത്ത ലില്ലിപ്പൂക്കൾക്കൊണ്ടൊരു ബൊക്കെ. ഒപ്പം ഒരു വിവാഹക്ഷണക്കത്തും

'സൂസൻ വിത്ത് ജാക്ക്'
താഴെ ജാക്കിൻ്റെ വടിവൊത്ത കയ്യക്ഷരം'

"ജെന്നീ..എൻ്റ മനസ്സിലെ തിളക്കമാർന്ന പ്രണയമാണ് നീ. വധുവായി  ജീവിതത്തിലേയ്ക്ക് കടന്നു വരുമ്പോൾ നിന്നിലെ കാമുകിയെ എനിക്ക് നഷ്ടമാകും. അവസാനത്തോളം നീ എൻ്റ പ്രണയമായി രിക്കട്ടെ!  നഷ്ടമാകുന്ന പ്രണയം അസ്ഥികളിൽ പ്രണയവസന്തമായ് പുനർജ്ജനിക്കുമെന്നല്ലേ പറയാറ്. എൻ്റ അസ്ഥികളിൽ പ്രണയവസന്തമായ് നീ പുനർജനിക്കട്ടെ. നിന്നെ മറക്കുകയല്ല. എന്നിലേയ്ക്ക് ചേർക്കുകയാണ്."

അവിശ്വാസത്തിൻ്റെ ഏതോ കരിനിഴൽ കണ്ണിൽ തിരശ്ശീലയായി. ഒരാവർത്തികൂടി നോക്കി.
കളവു പറയാത്ത അക്ഷരങ്ങൾ തനിക്കുനേരെ ചതഞ്ഞരഞ്ഞ ലില്ലിപ്പൂക്കൾ വാരിയെറിയുന്നതായി ജെന്നിക്കു തോന്നി. 
വീഴാതിരിക്കുവാൻ ജനാലയുടെ അഴികളിൽ ഇറുകെപ്പിടിച്ചു. നനവുള്ള കാറ്റ്  അപ്പോഴും വീശുന്നുണ്ടായിരുന്നു. 
ജനാലയിൽ തലചായ്ച്ച് അവൾ പുറത്തേയ്ക്കു നോക്കി. 
മേഘങ്ങളെത്തൊടുന്ന പച്ചക്കുന്നുകളില്ല.
പുകയുന്ന മഞ്ഞുമറകളില്ല.
മലഞ്ചെരിവുകളെ ചുറ്റിപ്പിണഞ്ഞൊഴുകുന്ന നീരൊഴുക്കുകളില്ല.
മനസ്സ് തന്നിൽനിന്ന് എങ്ങോട്ടോ തെന്നി മറയുന്നു..
കൺമുന്നിൽ പുതിയ കാഴ്ച്ചകൾ!

  താഴെ  മനോഹരമായ ജെറുസലേമിലെ മഞ്ഞുതാഴ്‌വര. അവിടെ പൂത്തുലഞ്ഞുനിൽക്കുന്ന  ലില്ലിച്ചെടികൾ. നടുവിൽ ജാക്കിന്  ഇഷ്ടമുള്ള ചെമ്പകം ഇലയില്ലാതെ പൂത്തുനിൽക്കുന്നു. ചെമ്പകച്ചോട്ടിൽ നവവരനായി തന്നെ കാത്തുനിൽക്കുന്ന കറുത്ത സ്യൂട്ടണിഞ്ഞ ജാക്ക്.
'ഹായ് ജെന്നീ..'
കാതോർത്തിരുന്ന ജാക്കിൻ്റെ സ്നേഹമസൃണമായ വിളി.
ജനാലയുടെ ചില്ലുപ്പാളി കാറ്റത്ത്  ഒരട്ടഹാസത്തോടെ അടഞ്ഞു. ചില്ലുപ്പാളികളിൽ വധുവായി നിൽക്കുന്ന പ്രതിബിംബത്തിൽ അവൾ നാണത്തോടെ നോക്കി. നിലത്ത്   മുട്ടികിടക്കുന്ന വെളുത്ത ഗൗൺ ഉയർത്തിപ്പിടച്ചു അവൾ പടികളോടിയിറങ്ങി.
ഒരിലപ്പോലും അവശേഷിക്കാത്ത താഴത്തെ ചെമ്പകത്തെ അവൾ ഇറുകെ കെട്ടിപ്പിടിച്ചു പ്രണയം പങ്കുവെച്ചു സ്വകാര്യം പറഞ്ഞുകൊണ്ടേയിരുന്നു.
കാറ്റിലാടിയ  ചെമ്പകത്തിൻ്റെ സുഗന്ധം അവളറിഞ്ഞില്ല. അത് തൻ്റെ പ്രണയശിൽപ്പിയല്ലെന്ന് അവളൊരിക്കലും വിശ്വസിച്ചതുമില്ല.

end
(2011 ൽ പുറത്തിറങ്ങിയ  ഇക്കാമല്ലി ഇക്കുട്ടാമല്ലി എന്ന കഥാസമാഹാരത്തിൽ നിന്ന്)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക