കുളിരുള്ള കൈകളാൽ മിഴിപൊത്തി നില്ക്കുന്ന കനവുകളാണെന്റെ പ്രണയം
മിഴികളറിയാതെ ഹൃദ്തന്തികൾ മീട്ടുന്ന
മൃദുലമാം വിരലുകളാണെന്റെ പ്രണയം
കനവുകൾ പൂക്കുന്ന സന്ധ്യയ്ക്കു വന്നെന്നെ പുണരുന്ന തണുവുള്ള കാറ്റാണെൻ പ്രണയം
അലസമായുറങ്ങുന്ന രാവിനെ പൊതിയുന്ന
വെള്ളിനിലാവാണെൻ പ്രണയം
നിഴലും നിലാവും ഇഴചേർത്തു തുന്നിയ
രാവിന്റെ പുടവയാണെൻ പ്രണയം
പിച്ചകപ്പൂമണം വാർമുടിയിൽ ചൂടുന്ന
കാർമുകിൽ പെണ്ണാണെൻ പ്രണയം
പുൽനാമ്പിൽ പുലരിയിൽ കുളിരണിയും
പുലർമഞ്ഞുതുള്ളിയാണെൻ പ്രണയം
ഒരുവാഴപ്പൂവിൽ നിന്നെൻ ചുണ്ടിലിറ്റിയ
മധുരമാം തേൻകണമെൻ പ്രണയം
വിടരുന്ന പൂമൊട്ടിൽ മൃദുവായി ചുംബിയ്ക്കും
വർണ്ണശലഭമാണെന്നുമെൻ പ്രണയം
വാർമഴവില്ലിനെ മാറോടു ചേർക്കുന്ന
നീലാകാശമാണെന്റെ പ്രണയം
മണിമുത്തായി വന്നെന്നെ ഇക്കിളികൂട്ടുന്ന
പുതുമഴയാണെന്റെ പ്രണയം
പ്രണയമെ നിൻമാറിൽ മുഖംചേർക്കുമെന്നെ
പുണരും കരങ്ങളാണെന്നുമെൻ പ്രണയം