എന്റെ പ്രിയേ, നമുക്കീ പൗർണ്ണമിയിൽ
ആകാശത്തെ ആറന്മുളക്കണ്ണാടിയിൽ
പരസ്പരം കണ്ട് ആശ്വസിക്കുക.
ഖഗോളസംഗീതത്തിന്നകമ്പടിയിൽ
ശ്രാവ്യം നിന്റെയാ കുപ്പിവളക്കിലുക്കച്ചിരി.
എന്നെപ്രതിയല്ലോ നിന്റെയാ മൊശ്ശടൻ
ഇപ്പോഴും നിന്നോടു കലഹിക്കുന്നത്.
ധൈര്യമായിത്തന്നെ പറയുക:
ആ പ്രേമം സത്യമായിരുന്നെന്ന്,
അതിലൊരു കുളിരുണ്ടായിരുന്നെന്ന്,
വിവാഹംവരെയും ജ്വലിച്ചുനിന്നൊരു
പ്രത്യാശയുമായിരുന്നെന്ന്; പക്ഷേ,
കല്യാണസരിക്കടിയിൽ സൂക്ഷിച്ച
എന്റെ കത്ത് പണ്ടേ എരിച്ചുകളഞ്ഞെന്ന്.
ഞാനോ ഈയാകാശംപോലെ നരച്ച്
അരിഷ്ടനായിരിക്കുന്നത് “ജീവിതമെന്ന
ബോർ” കാരണമത്രേ. അതങ്ങനായതോ,
നീയെന്നരികിലില്ലാത്തതിനാലും.
പൂർണ്ണചന്ദ്രനെ കണ്ടപ്പോഴുണ്ടായൊരു ഭാവന.
പ്രെമമെന്ന സാർവ്വലൗകികമായ കൗമാര-യൗവ്വനകുതൂഹലത്തിനായി.