1.പ്രണയകാലം
പ്രണയമെന്നുമാ നക്ഷത്രജാലക-
പ്പടി തുറന്ന് വരുന്ന കിനാവുകൾ
തിളതിളങ്ങുന്ന പട്ടുടുപ്പിട്ടവർ
ചിറകിൽ മിന്നാമിനുങ്ങ് പാറുന്നവർ
പ്രണയമെന്നുമാ മാമ്പൂമണക്കുന്ന-
മഴയിഴയിൽ കൊരുത്ത മിന്നൽപ്പിണർ
കൊഴിയുമെന്നോർത്ത് നിൽക്കവേ കാറൊളി-
ച്ചുരുളിലെങ്ങോ മറഞ്ഞ് പോകുന്നത്
പ്രണയമെന്നും നിഗൂഢഗാനത്തിൻ്റെ
വരികൾ ചെമ്പകപ്പൂ മണക്കുന്നത്
ലയമതാലിലത്തളിരിലച്ചില്ലകൾ
ശ്രുതിയതോ സാഗരത്തിൻ്റെ തന്ത്രികൾ
പവിഴമല്ലി കൊഴിഞ്ഞ മുറ്റത്തിലായ്
കനലിലഞ്ഞി പടർന്നത് മാതിരി
പ്രണയമെന്നും പതിഞ്ഞ താളത്തിൻ്റെ
ഹൃദയമാലികാദലമർമ്മരശ്രുതി.
പ്രണയമെന്നും ഒരാത്മഗീതത്തിൻ്റെ
പറയുവാനായ് മറന്ന ഭാഷാലിപി..
മഴയൊളിപ്പിച്ചൊരൊറ്റ മേഘത്തിൻ്റെ
ജലതരംഗം, ഒരാനന്ദഭൈരവി...
2.പ്രണയാനന്തരകാലം
-----------------------------------------
പ്രണയസ്വപ്നാടനം കഴിഞ്ഞെത്തുന്ന-
പുലരി, മഞ്ഞ് പോലാകെ തണുത്തത്
പകൽ വെളിച്ചത്തിലാറ്റിലൂടങ്ങനെ -
തനിയെ തോണി തുഴഞ്ഞ് പോകുന്ന പോൽ.
വഴി പിരിഞ്ഞതാം രണ്ട് ദിക്കെന്ന പോൽ
പ്രണയശൂന്യം തിരിച്ച് പോകുന്നവർ
യവനികക്കുള്ളിൽ നിന്നിറങ്ങി കഥയ്ക്കനുകഥ-
നെയ്തകന്ന് പോകുന്നവർ
വഴിവിളക്കുകളെല്ലാം കെടുത്തി രാവി-
രുളിലാഹൂതി ചെയ്യുന്ന മാതിരി
സ്മൃതികളെല്ലാമടർത്തിമാറ്റി കരി-
യിലകളാക്കിയുപേക്ഷിച്ചതെന്ന പോൽ..
ഇടിമുഴക്കങ്ങൾ മിന്നൽപ്പിണർപ്പുകൾ
ജനലഴിക്കുള്ളിലെത്തിനോക്കുന്ന നാൾ
പതിയെ ജാലകമെല്ലാമടച്ചൊരു മറവി-
ചേർത്തങ്ങ് താഴിട്ട് പൂട്ടവേ
മണലെഴുത്താകെ മാഞ്ഞുപോകുന്ന പോൽ
കടലതുൾക്കടൽ തേടി നീങ്ങുന്ന പോൽ
മിഴികളിൽ കാറ്റ് കെട്ട് പോകുന്ന പോൽ
തിരകളെല്ലാം തിരക്ക് കൂട്ടുന്ന പോൽ?
കുതറിയോടുന്ന മാൻകുട്ടിയെപ്പോലെ-
പിടിതരാതെ മനസ്സ് പായുന്ന പോൽ
എവിടെയോ ഏകതാര കേട്ടത് മാതിരി
എവിടെയോ മഞ്ഞ് വീഴുന്ന മാതിരി..