കോളേജിന്റെ പടികൾ ഓടി കയറുന്ന തിരക്കിലായിരുന്നു ഞാൻ,ഫസ്റ്റ് ഇയർ കുട്ടികൾ വരുന്ന ദിവസം കൂട്ടുകാരെല്ലാം ഇപ്പോതന്നെ താന്താങ്കളുടെ സ്ഥലം പിടിച്ചിട്ടുണ്ടാകും, നാശം പിടിച്ച കോളേജ് ബസ് ഒരിക്കലും ഇല്ലാത്ത പോലെ ഇന്ന് വന്നപ്പോൾ താമസിക്കുകയും ചെയ്തു. ഏതായാലും പെട്ടെന്ന് ചെല്ലാം... എന്നൊക്കെ മന:സിൽ കരുതി പടികൾ ഓടിക്കയറുന്നതിനിടക്ക് പിന്നിൽ നിന്നും ഒരു സ്വരം
" ചേട്ടാ......ഈ ഫസ്റ്റ് ഇയറിന്റെ ക്ലാസുകൾ എവിടാ"
ഫസ്റ്റ് ഇയർ എന്നു കേട്ടപ്പോൾ സടൻ ബ്രേക്ക് ഇട്ട പോലെ നിന്നു
കുട്ടിത്തം മാറാത്ത മുഖം, നല്ല ഭംഗിയുള്ള വലിയ കണ്ണുകൾ, നെറ്റിയിൽ വലിയൊരു കുങ്കുമപ്പൊട്ട്, നല്ല നീളൻ മുടി ഭംഗിയായി പിന്നിയിട്ടിരിക്കുന്നു മുഖത്തിന് ചേരുന്ന ജിമുക്കി കമ്മൾ, കഴുത്തോട് പറ്റിക്കിടക്കുന്ന ചെറിയ ഒരു മാല.
" ആഹാ... കൊള്ളാമല്ലോ... പരിചയപ്പെടാനുള്ള ആൾ ഇതാ തൊട്ടു മുൻപിൽ "
മന:സിൽ ഓർത്തു
"ഫസ്റ്റ് ഇയർ ആണോ" ഞാൻ ചോദിച്ചു
"അതേ ചേട്ടാ... കൂട്ടുകാരെല്ലാം നേരത്തെ പോയി... എവിടേക്കാ പോകണ്ടത് എന്നറിയില്ല"
പെട്ടെന്ന് എന്നിലെ ഉത്തരവാദിത്വം ഉണർന്നു
" കുട്ടി എന്റെ കൂടെ പോന്നോളു ഞാൻ കൊണ്ടാക്കിത്തരാം"
ഓടിക്കയറിയ പടികൾ പിന്നെ പതിയെ കയറാൻ തുടങ്ങി, കൂട്ടുകാരൊക്കെ കുട്ടo കൂടി പുതിയ പുതിയ കുട്ടികളെ പരിചയപ്പെടുന്നു, ഞാനോ കഴുകൻ മാരുടെ കണ്ണിൽ നിന്നും കോഴിക്കുഞ്ഞിനെ കാക്കുന്ന ശ്രദ്ധയോടെ ആ പെൺകുട്ടിയെയും കൂട്ടി അവളുടെ ക്ലാസിൽ കൊണ്ടു ചെന്നാക്കി...
ദിവസങ്ങൾ കടന്നു പൊയ്ക്കോണ്ടെ ഇരുന്നു, ദിവസവും ആ കുട്ടിയെ കാണുക ഒരു പതിവായി, കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് കടന്നതിന്റെ കൗതുകം വേറെയും, അങ്ങനെ കണ്ടു കണ്ട് അനുരാഗം എന്ന വികാരം രണ്ടു പേരിലും ഉടലെടുത്തു. കോളേജിലേക്ക് പോകുന്നത് തന്നെ അവളെ കാണാൻ മാത്രമായി, ശനിയും ഞായറും ദിവസങ്ങളെ ശപിച്ചു,
അവൾക്കു വേണ്ടി കൊച്ചു കൊച്ചു സമ്മാനങ്ങൾ, മുല്ലപ്പു മാല ഒക്കെ ഞാൻ കരുതാൻ തുടങ്ങി, എനിക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനും, കൊടുക്കുന്ന മുല്ലപ്പു മാല വിരിച്ചിട്ട നീളൻ മുടിയിൽ ചൂടാൻ അവളും,അങ്ങനെ പരസ്പരം സ്നേഹിച്ചും,കരുതിയും, കളി പറഞ്ഞും, ചിരിച്ചും കാലം കടന്ന് പോയി, കോളേജ് മുഴുവനും ഞങ്ങളുടെ സ്നേഹത്തിന് കുട്ടു നിന്നു,ആദ്യമൊക്കെ കൂട്ടുകാർ കളിയാക്കിയെങ്കിലും പിന്നീട് അവരും കട്ടക്ക് കൂടെ നിന്നു.
കോളേജ് കാലത്തിന്റെ അവസാന ദിവസം, ഒരുമിച്ച് കയറിയ പടവുകൾ തിരിച്ചിറങ്ങിയപ്പോൾ മന:സ് വല്ലാതെ പിടഞ്ഞു, നിഷ്കളങ്ക പ്രണയത്തിൽ ഒട്ടും മായം ചേർക്കാതെ മന:സും ശരീരവും പരിശുദ്ധിയോടെ....എന്നും ഓർക്കാൻ ഒരായിരം ഓർമ്മകളും മനസിലേറ്റി...... ഒരു കാലത്തിന്റെ ഒടുക്കവും മറ്റൊരു യാത്രയുടെ തുടക്കവും....
എങ്കിലും കാറ്റിലൂടെ ഒഴുകി വരുന്ന മുല്ലപ്പുവിന്റെ ഗസം അവളുടെ നീളൻ മുടിയിൽ ചൂടിയ, ഞാൻ കൊടുത്ത മുല്ലപ്പുവിന്റെ ഓർമ്മകളെ എന്നിലുണർത്തും, നീളൻ മുടിയുള്ള, വലിയ കണ്ണുകളുള്ള,എന്റെ മന:സിലേക്ക് അനുരാഗത്തിന്റെ ആദ്യാനുഭവമായി കടന്നു വന്ന പെൺകുട്ടി... എവിടെ ആയിരുന്നാലും സുഖമായിരിക്ക............