നീണ്ട ഇരുപത് വർഷങ്ങൾ കടന്നു പോയി...
താലവും, താലപ്പൊലിയുമായ് കാത്ത് നിൽക്കുകയാണ് രാഗസുധ! യുദ്ധം ജയിച്ച് വരുന്ന യുവരാജാവ് സിദ്ധാർഥിനെ വരവേൽക്കാൻ..!
നാടെങ്ങും വിജയത്തിൻെറ അലയൊലികൾ നിറഞ്ഞ് നിന്നു. ‘ത്രിവേണിപുരം യുവ രാജാവ് നീണാൾ വാഴ്ട്ടെ..' രാജ്യമൊന്നാകെ വാഴ്ത്തുകയാണ് യുവരാജാവ് സിദ്ധാർഥിനെ.. താനറിയാതെ അമ്മ തമ്പുരാട്ടിയും, മന്ത്രിയും ചേർന്ന് ത്രിവേണി പുരത്തേക്ക് ദൂതനെ അയ്ക്കുകയായിരുന്നു. സഹായഹസ്തവുമായി യുവരാജാവ് സിദ്ധാർഥ് ഉടൻ മറുപടി സന്ദേശം കൊടുത്തയച്ചിരുന്നു.
'ഇത് നമ്മുടെ കടമയാണ്.സൈന്യവും, സേനയും സജ്ജമാക്കി വെയ്ക്കുക!'
അച്ഛൻ തമ്പുരാൻ ആദിത്യവർമ്മ വർഷങ്ങളായ് രോഗശയ്യയിലാണ്. അമ്മതമ്പുരാട്ടിയാണ് മന്ത്രിയുടെ സഹായത്തോടെ അളകാപുരിയിലെ രാജ്യ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.കുഞ്ഞാത്തോലിൻെറ അവസ്ഥയാണ് കൂടുതൽ പരിതാപകരം. അച്ഛൻ തിരുമനസ്സ് അവൾക്ക് വേണ്ടി ‘സ്വയം വരം’ വരെ നടത്തി നോക്കിയതാണ്. ‘വിവാഹമേ.. വേണ്ട’, എന്നുറച്ച തീരുമാനത്തിലായിരുന്നു കുഞ്ഞാത്തോൽ.. ഒടുവിൽ ഏറെ നിർബന്ധങ്ങൾക്ക് വഴങ്ങി അച്ഛൻ തിരുമനസ്സിൻെറ അവസ്ഥ കണ്ടിട്ടാവണം വിവാഹത്തിന് അവൾ സമ്മതം മൂളിയത്.
കുഞ്ഞാത്തോലിൻെറ പരിണയം കഴിഞ്ഞിട്ടിപ്പോൾ പത്ത് വർഷമായിരിക്കുന്നു. അലസനും, മടിയനുമായ പുതിയ രാജാവ് ‘പ്രഭാകര വർമ്മയ്ക്ക്’ ഒന്നിലും ഒരു ശ്രദ്ധയുമില്ല. അവർക്ക് രണ്ട് കുട്ടികൾ ‘ചിത്രസേനയും’, ‘മനുവർമ്മയും’. അങ്ങ്, ത്രിവേണിപുരത്ത് വാത്സല്യമതിയായ അമ്മതമ്പുരാട്ടി ദേവപ്രഭയുടെ അപ്രതീക്ഷിത മരണം കാശിനാഥൻ തിരുമനസ്സിനെ നടുക്കി കളഞ്ഞിരുന്നു. ഇപ്പോൾ രാജ്യ കാര്യങ്ങൾ യുവരാജാവ് സിദ്ധാർഥിൻെറ കരങ്ങളിലാണ്. സിദ്ധാർഥിന് മൂന്ന്റാണിമാർ. മൂവരിലും രണ്ട് കുട്ടികൾ വീതം.
കുതിര കുളമ്പടി ശബ്ദം അടുത്തടുത്ത് വരുകയാണ്. ആരവങ്ങൾ കേൾക്കാം..കുഞ്ഞാത്തോൽ താലത്തിലെ പൂവും, കർപ്പൂരവും, തിലകവും ഒന്നുകൂടി ദീപത്തിനടുത്തേക്ക് ഒതുക്കി വെച്ചു. വിജയശ്രീലാളിതനായ് മടങ്ങിയെത്തുന്ന രാജാവിനെ തിലകകുറി ചാർത്തി ആരതി ഉഴിയണം. അതാണ് ആചാരം. ‘യുവരാജാവ് നീണാൾ വാഴ്ട്ടെ' ആരവങ്ങൾ അവർക്കടുത്തെത്തി.
സിദ്ധാർഥ് കുതിര പുറത്തു നിന്നും ഇറങ്ങി അവർക്കടുത്തേക്ക് വന്നു. കയ്യിൽ താലവുമേന്തി നില്ക്കുന്ന കുഞ്ഞാത്തോലിനെ കണ്ടതും ഒന്ന് പകച്ചു. ആ സുന്ദരമായ മുഖം വിളറിവെളുത്തു. തലതാഴ്ത്തി നിൽക്കുകയാണ് യുവ രാജാവ്. കുഞ്ഞാത്തോലിനെ അഭിമുഖീകരിക്കാൻ സിദ്ധാർത്ഥിന് കഴിയുമായിരുന്നില്ല. എല്ലാവരും പരസ്പരം നോക്കി. രാഗിണിദേവി വേഗം കുഞ്ഞാത്തോലിൽ നിന്നും താലം വാങ്ങി യുവ രാജാവിന് തിലകകുറി ചാർത്തി ആരതി ഉഴിഞ്ഞു. ഒന്നും പറയാനാകാതെ അമ്മതമ്പുരാട്ടിയുടെ കാൽതൊട്ടു വന്നിച്ച് സിദ്ധാർഥ് വേഗം തിരികെ മടങ്ങി. സൽക്കാരങ്ങളേതുമേ സ്വീകരിക്കാതെ…! എന്തായിരിക്കും ആ ഭാവമാറ്റത്തിനു കാരണം? എല്ലാരും പരസ്പരം നോക്കി. വിങ്ങിപ്പൊട്ടികൊണ്ട് കുഞ്ഞാത്തോൽ അകത്തേക്കോടി.
ചാരുമോളിൽ നിന്നും ഇടയ്ക്കിടെ ഉയർന്ന് കേട്ടിരുന്ന താളാത്മകമായ മൂളലുകൾ മാറി പകരം പ്രാവിൻെറ നേർത്ത കുറുകലുകൾ മാത്രമായ്, മോൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.
പൊടുന്നനെ, രാധികയിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടി. പെയ്യാൻ വിതുമ്പി നിന്നിരുന്ന നൊമ്പരങ്ങളൊക്കയും നീർമുത്തുകളായി കവിളിലൂടെ ഒഴുകിയിറങ്ങി. ശബ്ദമടക്കി പിടിച്ചവൾ തേങ്ങി കരഞ്ഞു...
തേങ്ങൽ പിന്നെയൊരു പൊട്ടിക്കരച്ചിലായ് മാറി. കുഞ്ഞാത്തോലിൽ രാധിക സ്വന്തം പ്രതിബിംബം കാണുകയായിരുന്നോ..?? കരച്ചില്‍ ഒട്ടൊന്ന് ശമിച്ചപ്പോൾ പടിയിറങ്ങിപ്പോയ ഓർമ്മകൾ ഒന്നൊന്നായി അവളിലേക്ക് ഒഴുകിയെത്തി.
"എന്നെ…… ശപിക്കല്ലേ മോളെ.....!! ഒക്കെ സംഭവിച്ചു പോയി. തെറ്റ് എന്റേതാണ്."
ജയപ്രകാശിൻെറ നേർത്ത സ്വരം ഇടറിയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു. വീണ്ടും വീണ്ടും കാതുകളിലേക്ക് ഒഴുകിയെത്തുകയാണാ ചിതറിയ വാക്കുകൾ…! ആ സുസ്മേരവദനത്തിൽ സങ്കടം നിഴൽ വീശി. ഒന്നും പറയാനാകാതെ ഒരു ശിലകണക്കെ ഇരുന്നുപോയി രാധിക. അത്രയ്ക്കും ആകസ്മികമായിരുന്നു വർഷങ്ങൾക്ക് ശേഷമുള്ളയാ കൂടികാഴ്ച്ചയും തുറന്നു പറച്ചിലും..
കൊച്ചിയുടെ ഹൃദയഭാഗത്തൊരു ഫ്ലാറ്റ്! ദേവേട്ടൻെറ വളരെക്കാലത്തെ സ്വപ്നമായിരുന്നു. 'ഓമക്സിൻെറ' നാലാം നിലയിലേക്കുള്ള ലിഫ്റ്റിൽ ദേവേട്ടനോടൊപ്പം കയറിയപ്പോൾ ഒട്ടും വിചാരിച്ചിരുന്നില്ല അതിൻെറ എം.ഡി ജയപ്രകാശ് ആയിരിക്കുമെന്ന്. ദേവേട്ടൻെറ ഉറ്റ സുഹൃത്തായ ഗോപൻ മുഖേനേയാണ് ഫ്ലാറ്റ് ബുക്ക് ചെയ്തത്. നേരിൽ വരുന്നത് ഇതാദ്യം. 'ഇത് മിസ്സിസ് രാധിക' കൂപ്പിയ കൈകൾ വിറയാർന്നു. ഗോപേട്ടൻറെ സുഹൃത്താണ് ജയപ്രകാശ്. നേരിട്ടുള്ള പരിചയപ്പെടലിന് ഒടുവിൽ ദേവേട്ടൻ വളരെ സന്തോഷവാനായിരുന്നു. രാധികയെ ക്യാബിനിൽ ഇരുത്തി സുഹൃത്തിനൊപ്പം പുറത്തേയ്ക്കിറങ്ങിയൊരു ഇടവേളയിലായിരുന്നു ആ ഏറ്റു പറച്ചിൽ.. നടുങ്ങിപ്പോയി!! ഇയാൾ ഇപ്പോഴും തന്നെ ഓർത്തിരിക്കുന്നുവോ..??
മടക്കയാത്രയിൽ കാറിലിരുന്ന് അവൾ ആലോചിച്ചു.
ആ 'സ്വഭാവ മഹിമ' തനിക്കൊരിക്കലും താങ്ങാനാവുമായിരുന്നില്ല. ദേവേട്ടൻെറ കാഴ്ച്ചപ്പാടിൽ എൻജോയ്മെന്റിൻറെ അവസാന വാക്കാണ് ജയപ്രകാശ്! ഇത് കാലം കാത്തുവെച്ച കൂടി കൂടികാഴ്ച്ച ആയിരുന്നോ? അതോ, തിരിച്ചറിവിൻെറ നേരോ..? ജീവിതമൊരു സമാന്തരരേഖ പോലെയാണ്.. ഒരിക്കലും കൂട്ടി മുട്ടാനാവാത്ത സമാന്തരരേഖകൾ…! ഒരു പക്ഷേ, വിധി തന്നെ കാത്ത് സംരക്ഷിച്ചതാവാം..! അവൾ വിതുമ്പലടക്കാൻ ശ്രമിച്ചു. ശ്രീകൃഷ്ണൻ അർജ്ജുനനേകിയ 'ഗീതോപദേശം' അവൾ മനസ്സിൽ ഉരുവിട്ടു. ‘സംഭവിച്ചതൊക്കയും നല്ലതിന്, ഇനി സംഭവിക്കാനിരിക്കുന്നതും..നല്ലതിന്.’
പെട്ടെന്ന്, കാളിംഗ് ബെൽ ശബ്ദിച്ചു.
രാധിക ചിന്തകളിൽ നിന്നുണർന്നു. ദേവേട്ടനായിരിക്കും.. അവൾ പുതപ്പെടുത്ത് മോളെ പുതപ്പിച്ചു. മുടിമാടി കെട്ടിക്കൊണ്ട് ചെന്ന് വാഷ്ബേസനരികിൽ മുഖം കഴുകി. കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു. ടവ്വലിൽ മുഖമർത്തി തുടച്ചുകൊണ്ട് വേഗം ചെന്ന് വാതിൽ തുറന്നു. കാർ പാർക്ക് ചെയ്തിട്ട് ദേവനെത്തി.
"എന്താ.. എന്തുപറ്റി, തൻെറ മുഖമെന്താ വല്ലാതെ... പനിയാണോ..?”
ദേവൻ അവളുടെ നെറ്റിയിൽ കൈവെച്ചു നോക്കി.
"പനിയില്ല ചെറിയൊരു തലവേദന.."
രാധിക മെല്ലെ നെറ്റി തടവി.
"മോളുറങ്ങിയോ?"
"ഉം .."
രാധികയെ ചേർത്തു പിടിച്ചുകൊണ്ട് ദേവൻ അകത്തേക്ക് കയറി. പൊയ്മുഖങ്ങൾ നിറഞ്ഞാടുകയാണ് ചുറ്റിനും.... അതിലൊരു മുഖം മൂടി അവളും എടുത്തണിഞ്ഞു കഴിഞ്ഞിരുന്നു.
എങ്ങും… പൊയ്മുഖങ്ങൾ മാത്രം...
(അവസാനിച്ചു)
Read Part_1: https://emalayalee.com/vartha/334675