Image

ക്ലൈമാക്‌സില്ലാത്ത തര്‍ക്കം: ''നമുക്കെന്നും സിനിമയുടെ ഒപ്പം നില്‍ക്കാം'' എന്ന് മോഹന്‍ലാല്‍ (എ.എസ് ശ്രീകുമാര്‍)

Published on 16 February, 2025
ക്ലൈമാക്‌സില്ലാത്ത തര്‍ക്കം: ''നമുക്കെന്നും സിനിമയുടെ ഒപ്പം നില്‍ക്കാം'' എന്ന് മോഹന്‍ലാല്‍ (എ.എസ് ശ്രീകുമാര്‍)

രണ്ടാഴ്ചയായി തുടരുന്ന കേരളത്തിലെ സിനിമാ തര്‍ക്കം സംവാദ യുദ്ധത്തിലേയ്ക്ക് കടന്നിരിക്കുന്നു. സിനിമാ മേഖലയില്‍ ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലവും വിനോദ നികുതിയും മൂലം നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധി വിശദീകരിച്ചുകൊണ്ട് നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെ വാര്‍ത്താ സമ്മേളനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വരുന്ന ജൂണ്‍ 1 മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം മുതല്‍ ആരംഭിച്ച സിനിമാ മേഖലയിലെ തര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണവും രൂക്ഷവും ആവുകയാണ്.

പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിലിം വര്‍ക്കേഴ്‌സ് ഫെഡറേഷന്‍, എക്‌സിബിറ്റേഴ്സ് അസോസിയേഷന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വ്യവസായ സംഘടനകള്‍ സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജൂണ്‍ 1 മുതല്‍ സിനിമാ ഷൂട്ടിംഗുകളും പ്രദര്‍ശനങ്ങളും ഉള്‍പ്പെടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. മലയാള സിനിമാ വ്യവസായം വലിയൊരു പ്രതിസന്ധി നേരിടുന്ന ഘട്ടമാണിത്. സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്യുന്നു.

താരങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയതോടെയാണ് സിനിമാ മേഖലയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ഉയര്‍ന്ന ബജറ്റിനെക്കുറിച്ചടക്കം സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെയടക്കം വിമര്‍ശിച്ച്, സുരേഷ് കുമാറിന്റെ ആരോപണങ്ങള്‍ക്ക് എണ്ണമിട്ട് മറുപടി പറഞ്ഞുകൊണ്ടായിരുന്നു ആന്റണിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

സുരേഷ് കുമാറിനെ പിന്തുണച്ചും ആന്റണിയെ വിമര്‍ശിച്ചും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്, ഫിലിം ചേംബര്‍ എന്നിവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു പിന്തുണ പ്രഖ്യാപിച്ചു. ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ബേസില്‍ ജോസഫ്, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയവര്‍ ആന്റണിക്കു പിന്തുണ പ്രഖ്യാപിച്ചു. ആന്റണി പെരുമ്പാവൂരിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് 'നമുക്കെന്നും സിനിമയുടെ ഒപ്പം നില്‍ക്കാം' എന്ന തലക്കെട്ടോടെ മോഹന്‍ലാല്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം എല്ലാ കാലത്തും മലയാള സിനിമയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. പലകാലങ്ങളിലായി പലരും ഇതിനെ ചോദ്യം ചെയ്യുകയോ ഭാവിയില്‍ ഇതൊരു വലിയ പ്രശ്‌നമായി ഉയര്‍ന്നുവരുമെന്ന് ചൂണ്ടിക്കാട്ടുകയോ ചെയ്തിട്ടുണ്ട്. അതേസമയം, നിര്‍മ്മാതാക്കളുടെ സമരപ്രഖ്യാപനത്തില്‍ താരസംഘടനയായ അമ്മയുടെ ഭാഗം അറിയിച്ചുകൊണ്ട് സംഘടനയുടെ മുന്‍ ജോയിന്റ് സെക്രട്ടറി ജയന്‍ ചേര്‍ത്തലയും എത്തി. എന്നാല്‍ ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശങ്ങളില്‍ നിര്‍മാതാക്കള്‍ക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്.

സിനിമാ വ്യവസായത്തെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും കുതിച്ചുയരുന്ന പ്രതിഫലമാണ്. നിലവില്‍, ഒരു സിനിമയുടെ ബജറ്റിന്റെ ഏകദേശം 60 ശതമാനം അഭിനേതാക്കളുടെ പ്രതിഫലം വാങ്ങുന്നതിനാണ് പോകുന്നതെന്നും ഇത് നിര്‍മ്മാതാക്കള്‍ക്ക് അവരുടെ ബിസിനസ്സ് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാക്കുന്നുവെന്നും സുരേഷ്‌കുമാര്‍ വ്യക്തമാക്കുന്നു. 2024 ല്‍ മാത്രം 176 സിനിമകള്‍ക്ക് നഷ്ടം സംഭവിച്ചുവെന്നും വ്യവസായം 1000 കോടിയിലധികം നഷ്ടം നേരിട്ടുവെന്നും സുരേഷ് കുമാര്‍ വെളിപ്പെടുത്തി.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അഭിപ്രായം സുരേഷ് കുമാര്‍ മാത്രമായി എങ്ങനെയാണ് തീരുമാനിക്കുക എന്നതായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന്. ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചെയര്‍മാനും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീറും രംഗത്തു വന്നു. ആന്റണി പറഞ്ഞ കാര്യങ്ങള്‍ 100 ശതമാനം ശരിയാണ്. ഇത് ജനറല്‍ ബോഡി വിളിച്ച് കൂട്ടി എടുക്കേണ്ട തീരുമാനമാണ്. ആന്റണി പെരുമ്പാവൂര്‍ ഇന്ന് മലയാളത്തിലെ ലീഡിങ് ആയ ഒരു നിര്‍മ്മാതാവാണ്. അപ്പോള്‍ അവരെയൊന്നും അറിയിക്കാതെ ഇത്രയും വലിയൊരു തീരുമാനം എടുത്തത് ശരിയായില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും സംഘടനയ്ക്ക് അത്രയേറെ വേണ്ടപ്പെട്ടവരാണെന്നും ഒരു സിനിമ സമരം ഉണ്ടായാല്‍ ആന്റണി പെരുമ്പാവൂര്‍ അതിന്റെ മുന്നില്‍ തന്നെ ഉണ്ടാവുമെന്നുമാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായ ലിസ്റ്റിന്‍ സ്റ്റീഫന്റെ അഭിപ്രായം.

എന്നാല്‍ സംഘടനയുടെ കൂട്ടായ തീരുമാനമാണ് താന്‍ വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞതെന്ന് ആന്റണിയുടെ വിമര്‍ശനം വന്നതിന് പിന്നാലെ ജി സുരേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. സുരേഷ് കുമാറിനെ പിന്തുണച്ചും ആന്റണി പെരുമ്പാവൂരിനെ വിമര്‍ശിച്ചും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസ്താവനയും ഇറക്കി. ഫിയോക്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക എന്നീ സംഘടനകളുടെ സംയുക്ത യോഗത്തിലെ തീരുമാനമായിരുന്നു പ്രഖ്യാപിച്ചിരിക്കുന്ന സിനിമാ സമരമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആയ ആന്റോ ജോസഫ് അവധിയിലായതിനാലാണ് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ സുരേഷ് കുമാര്‍ തീരുമാനം പരസ്യമായി പറഞ്ഞതെന്നും വിശദീകരണമുണ്ട്.

സിനിമ സമരമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പ്രഖ്യാപിക്കുമ്പോഴും സംഘടനയുടെ തീരുമാനത്തോട് യോജിക്കാന്‍ ആകില്ല എന്നാണ് താരങ്ങള്‍ അടക്കമുള്ളവരുടെ പ്രതികരണം. താരങ്ങളുടെ പ്രതിഫലം കുറയ്ക്കാത്തതാണ് മലയാള സിനിമയ്ക്ക് നഷ്ടം ഉണ്ടാക്കുന്നത് എന്ന ജി സുരേഷ് കുമാറിന്റെ ആരോപണങ്ങളോട് രൂക്ഷമായ ഭാഷയിലാണ് നടന്‍ ജയന്‍ ചേര്‍ത്തല പ്രതികരിച്ചത്. കോടികള്‍ വാങ്ങുന്ന മകള്‍ (നടി കീര്‍ത്തി സുരേഷ്) ഒരു രൂപയെങ്കിലും ഇന്നുവരെ കുറച്ചോ..? എന്നാണ് ജയന്‍ ചേര്‍ത്തലന്‍ ചോദിക്കുന്നത്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉണ്ടാക്കിയ കടം തീര്‍ക്കാന്‍ 'അമ്മ' സംഘടനയാണ് പണം നല്‍കിയതെന്നും അതിന് വേണ്ടി താരങ്ങള്‍ പൈസ വാങ്ങാതെ ഷോ ചെയ്തിട്ടുണ്ടെന്നും ജയന്‍ ചേര്‍ത്തല മാധ്യമങ്ങളോട് പറഞ്ഞു. 'പാലം കടക്കുവോളം നാരായണ, പാലം കടന്നു കഴിഞ്ഞാല്‍ കൂരായണ' എന്നതു പോലെ പണം ഉണ്ടാക്കാന്‍ മാത്രം താരങ്ങള്‍ വേണം പടമെടുത്ത് കഴിഞ്ഞാല്‍ താരങ്ങള്‍ക്ക് അയിത്തം ആണെന്നും ജയന്‍ ആരോപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഏത് ഭാഷയിലാണെങ്കിലും ഒരു സിനിമ കമേഴ്ഷ്യലി ഹിറ്റ് ആവാന്‍ വേണ്ടിയിട്ടാണ് താരങ്ങളെ അഭിനയിപ്പിക്കുന്നത്. സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ ഹിറ്റുകളും ഉണ്ടാകുന്നത് താരങ്ങള്‍ ഉള്ളതുകൊണ്ടല്ലേ യെന്നും ജയന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ രംഗത്തെ തര്‍ക്കം തുടരട്ടെയെന്നും വിവാദങ്ങള്‍ ഉണ്ടാകുന്നത് സിനിമ രംഗത്തെ ശക്തിപ്പെടുത്തുമെന്നും സിനിമാ നിര്‍മാതാക്കള്‍ സമരത്തിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നുമാണ് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഉത്തരവാദിത്തമുള്ള മന്ത്രി ഗുരുതരമായ ഈ വിഷയത്തില്‍ എടുത്തിരിക്കുന്നത് തീര്‍ത്തും നിഷ്‌ക്രിയമായ നിലപാടാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക