കവന്‍ട്രി: യു കെ സന്ദര്‍ശിച്ച യുവ എം എല്‍ എ രാഹുലിന് കവന്‍ട്രിയില്‍ ഗംഭീര പൗരസ്വീകരണവും ആദരവും ഒരുക്കി ഓ ഐ സി സി (യു കെ). കൊവന്‍ട്രിയിലെ ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് സംഘടിപ്പിച്ച പൗരസ്വീകരണത്തില്‍ യു കെയുടെ വിവിധ ഇടങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നിരവധി പേര്‍ പങ്കെടുത്തു.
തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി സംഘടിപ്പിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഓ ഐ സി സി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് നിര്‍വഹിച്ചു. നാഷണല്‍ വക്താവും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ റോമി കുര്യാക്കോസ് ആമുഖ പ്രസംഗം നല്‍കി. ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡന്റ് മണികണ്ഠന്‍ ഐക്കാട് ആശംസകള്‍ നേര്‍ന്നു.
പരിപാടിയില്‍ പങ്കെടുത്തവരുമായി സംവാദിക്കുന്നതിനും രാഹുല്‍ സമയം കണ്ടെത്തി. സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് കാച്ചിക്കുറുക്കിയും ചിന്തിപ്പിക്കുന്നതുമായ മറുപടികളിലൂടെ അദ്ദേഹം പരിപാടിയിലെ മിന്നും താരമായി മാറി.
ചടങ്ങില്‍ വച്ച് ഓ ഐ സി സി (യു കെ) കവന്ററി യൂണിറ്റ് രാഹുലിന് സ്‌നേഹാദരവ് നല്‍കി. സംഘടനയുടെ കവന്ററി, ലെസ്റ്റര്‍ യൂണിറ്റുകളുടെ ഇന്‍സ്റ്റലേഷനും ഭാരവാഹികള്‍ക്കുള്ള ചുമതലാപത്രം കൈമാറുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
യു. കെയിലെ ജനങ്ങള്‍ തനിക്ക് നല്‍കുന്ന സ്‌നേഹത്തിനും അംഗീകാരത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച ശ്രീ. രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തവരോടൊപ്പം സ്‌നേഹവിരുന്നും ആസ്വദിച്ച ശേഷമാണ് മടങ്ങിയത്. കവന്‍ട്രി യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിന്‍ സെബാസ്റ്റ്യന്‍ നന്ദി പ്രകാശിപ്പിച്ചു.