അല്‍ഹസ്സ: അസുഖബാധിതനായി സാമ്പത്തികപ്രതിസന്ധിയിലായ പ്രവാസി നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ഒരു മാസം മുമ്പാണ് ദമാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന സുരേഷ് എന്ന പ്രവാസിയ്ക്ക് കുടലില്‍ പഴുപ്പ് ബാധിച്ചു അത്യാസന്നനിലയിലായത്. കമ്പനിയുടെ ഇക്കാമയോ, ഇന്‍ഷുറന്‍സോ ഇല്ലാത്തതിനാല്‍ ആശുപത്രി ചികിത്സ ബുദ്ധിമുട്ടായി വന്നു. തുടര്‍ന്ന് തന്റെ ബന്ധുവായ, നവയുഗം അല്‍ഹസ ഷുഖൈഖ് യൂണിറ്റ് മെമ്പറും, നോര്‍ക്ക കണ്‍വീനറുമായ സുജി കോട്ടൂരിന്റെ സഹായം സുരേഷ് തേടിയത്. സുജി കോട്ടൂര്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ചു നവയുഗം അല്‍ഹസ്സ ജീവകാരുണ്യവിഭാഗം സുരേഷിന്റെ കേസ് ഏറ്റെടുക്കുകയായിരുന്നു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ജലീല്‍ കല്ലമ്പലവും, സിയാദ് പള്ളിമുക്കും കൂടി നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ സുരേഷിനെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുകയും, ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ചികിത്സയുടെ ഫലമായി അസുഖത്തിനു നല്ല കുറവുണ്ടാകുകയും ചെയ്തു.
എന്നാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ചികിത്സ ചിലവ് വര്‍ദ്ധിയ്ക്കുകയും, വലിയൊരു തുക ആശുപത്രി ബില്ലായി വരികയും ചെയ്തതോടെ സുരേഷ് വീണ്ടും വിഷമത്തിലായി. തുടര്‍ന്ന് ഷാജി മതിലകം ആശുപത്രി അധികൃതരുമായി സംസാരിച്ച് ബില്‍ തുക മൂന്നിലൊന്നായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ 37000 റിയാലോളം തുക ബില്ലായി അടയ്ക്കാനുണ്ടായിരുന്നു.
തുടര്‍ന്ന് സിയാദ് പള്ളിമുക്ക്, ജലീല്‍ കല്ലമ്പലം, ഷിബു താഹിര്‍, സുന്ദരേഷന്‍, ഹനീഫ, സൈയ്ദലവി, ഹനീഫ, അന്‍വര്‍ എന്നിവരുടെ നേതൃത്വത്തില്‍ നവയുഗം അല്‍ ഹസ മേഖല ഷുഖൈഖ് യൂണിറ്റ് കേന്ദ്രീകരിച്ചു ചികിത്സാസഹായ ഫണ്ട് സ്വരൂപിച്ചു ആശുപത്രി ബില്ല് അടച്ചു. നവയുഗം കേന്ദ്രനേതാക്കളായ ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവം, അല്‍ഹസ്സ മേഖല നേതാക്കള്‍ എന്നിവര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു.
തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് വാങ്ങി, ഇതിനുവേണ്ടി പ്രവര്‍ത്തിച്ച നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരോടും, സഹായിച്ച സുമനസ്സുകളോടും നന്ദി പറഞ്ഞുകൊണ്ട് സുരേഷ് നാട്ടിലേക്ക് മടങ്ങി.
ഫോട്ടോ: സുരേഷ് എയര്‍പോര്‍ട്ടില്‍ നവയുഗം നേതാക്കള്‍ക്കൊപ്പം.