ഫിലഡൽഫിയ: 2026-2028 കാലയളവിലെ ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അനു സ്കറിയയുടെ സ്ഥാനാർത്ഥിത്വത്തിന് മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ (MAP) പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഫെബ്രുവരി 16, 2025, ഞായറാഴ്ച വൈകിട്ട് 6 മണിക്ക് മാപ്പ് ഐ സി സി ബിൽഡിംഗിൽ ചേർന്ന കമ്മറ്റി യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്.
മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ, ജനറൽ സെക്രട്ടറി ലിജോ ജോർജ്, ട്രഷറർ ജോസഫ് കുരുവിള, വൈസ് പ്രസിഡന്റ് കൊച്ചുമോൻ വയലത്ത്, സെക്രട്ടറി എൽദോ വർഗീസ്, അക്കൗണ്ടന്റ് ജെയിംസ് പീറ്റർ, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങൾ, ഫോമാ വൈസ് പ്രസിഡന്റ് ശാലു പുന്നൂസ്, ഫോമാ ജുഡീഷ്യൽ സെക്രട്ടറി ബിനു ജോസഫ്, മുൻ മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, തോമസ് ചാണ്ടി, മറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അഭിപ്രായ വ്യത്യാസങ്ങളില്ലാതെ, എല്ലാവരെയും ഒരുമിച്ച് ചേർത്ത് നിർത്തി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുവാനുള്ള അനു സ്കറിയയുടെ പ്രത്യേക കഴിവ് യോഗത്തിൽ ഏവരും പ്രത്യേകം എടുത്തുപറഞ്ഞു. സംഘടനാ വൈദഗ്ധ്യവും, കർമ്മക്ഷമതയും, സമഗ്ര ഏകോപനം കൈവരിക്കാൻ ഉള്ള മികവും അദ്ദേഹത്തിന്റെ മികച്ച കഴിവാണ് എന്ന് ഏവരും വിലയിരുത്തി.
അനു സ്കറിയയുടെ നേതൃത്വവൈഭവം:
മാപ്പിന്റെയും ഫോമയുടെയും വികസന പ്രവർത്തനങ്ങളിൽ നിരന്തരം സജീവമായി നിലകൊള്ളുന്ന അനു സ്കറിയയുടെ നേതൃത്വപാടവവും, സംഘാടക മികവും, വിഭിന്ന അഭിപ്രായത്തിലുള്ളവരെ ഒരേമനസ്സുള്ളവരാക്കി ഒരുമിച്ച് ചേർത്ത് പ്രവർത്തിപ്പിക്കാനുള്ള നയപാടവവും നിരവധി അവസരങ്ങളിൽ തെളിയിക്കപ്പെട്ടതും, പരക്കെ അംഗീകരിക്കപ്പെട്ടതുമായ വസ്തുതയാണ്.
"അനു സ്കറിയ ഫോമയിൽ ജനറൽ സെക്രട്ടറി ആയാൽ അത് ഫോമയ്‌ക്കും, മാപ്പിനും ഒരു വലിയ നേട്ടമായിരിക്കുമെന്നും, ഫോമാ എന്ന വൻ പ്രസ്ഥാനത്തെ ഒറ്റക്കെട്ടായി ശക്തമായി മുന്നോട്ട് പോകുന്ന ഒരു പുതിയ കാലഘട്ടത്തിന് അദ്ദേഹം പങ്കാളിത്തം നൽകും എന്ന കാര്യത്തിൽ സംശയമില്ലെന്നും, ഫോമയ്‌ക്കും, മാപ്പിനും ഇത് അഭിമാനകരമായൊരു കാലഘട്ടമായിരിക്കും." എന്നും, മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ അഭിപ്രായപ്പെട്ടു.
"അനു സ്കറിയയുടെ നേതൃത്വത്തിൽ ഫോമാ കൂടുതൽ മെച്ചപ്പെട്ടൊരു സംഘടനയാകുമെന്നും, ഫോമായുടെ വിവിധ ഭാവി പ്രവർത്തന പദ്ധതികളിൽ, ഏകോപനത്തോടെ പ്രവർത്തിക്കാൻ അനു സ്കറിയായ്ക്ക് കഴിയുമെന്നും, തന്മൂലം ഫോമാ കൂടുതൽ ഉന്നതിയിലേക്ക് എത്തിച്ചേരുമെന്നും" മാപ്പ് അംഗങ്ങൾ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു.
മലയാളി സമൂഹത്തിനും പ്രവാസി സംഘടനകൾക്കും പ്രയോജനകരമായ നിരവധി ആശയങ്ങൾ മുന്നോട്ടുവച്ചുകൊണ്ട്, ഫോമാ 2026-2028 ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നു എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അനു സ്കറിയ വ്യക്തമാക്കി.
അനു സ്കറിയ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായുള്ള ഫോമയുടെ 2026-2028 ഇലക്ഷൻ പ്രചാരണ പ്രവർത്തനങ്ങളിൽ, അനുവിന്റെ വൻ വിജയത്തിനായി ഒന്നിച്ചുനിന്നു പ്രവർത്തിച്ചുകൊണ്ട് ഇലക്ഷൻ പ്രചാരണം കൂടുതൽ ഊർജസ്വലമാക്കാനായി മാപ്പ് കുടുംബം ഒന്നടങ്കം സജീവമായി മുന്നോട്ട് വരികയാണെന്ന് യോഗം വ്യക്തമാക്കി.
വാർത്ത: റോജീഷ് സാം സാമുവൽ, മാപ്പ് പി ആർ.ഒ