സ്യൂറിക്കിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ നേരത്തെ വിമാനയാത്രയുണ്ട് വാഴ്സായിലേക്ക്. ബാൾട്ടിക്ക് എയറിന്റെ വിമാനത്തിൽ കയറാൻ ഗേറ്റിൽ വരിയിൽ നിൽക്കുമ്പോൾ അടുത്തുനിന്ന ഒരു ചേച്ചി ഭയങ്കരമായി ചുമ തുടങ്ങി. കോവിഡ് ബാധിതരുടെ എണ്ണം എല്ലായിടത്തും കൂടുന്നുണ്ട്; അവസാനം ഞാന്‍ വാക്സിൻ ഷോട്ട് എടുത്തത് ഒരു വർഷം മുമ്പാണ്; എങ്ങാനും കോവിഡ് പിടിച്ചാൽ ഞായറാഴ്ചത്തെ മാരത്തോൺ കുളമാകും. അതുകൊണ്ട് വിമാനത്തിലേക്ക് ഞാന്‍ കയറിയത് ഒരു മാസ്ക് ധരിച്ചു കൊണ്ടാണ്. വിമാനത്തിന്റെയുള്ള് വെള്ളക്കാരുടെ ഒരു സാഗരം തന്നെയായിരുന്നു. ആരും മാസ്ക്ക് ധരിച്ചു കാണുന്നില്ല. എല്ലാവരും എന്നെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. തൊലി നിറം കൊണ്ടാണോ, അതോ, മാസ്ക്ക് ധരിച്ചതുകൊണ്ടാണോ എന്ന് അറിയില്ല. എന്റെ അടുത്തിരുന്ന വല്യമ്മച്ചി ചെറിയ അനുഭാവത്തോടെ നോക്കി ചിരിച്ചുകൊണ്ട് കിന്‍ഡിലില്‍ എന്തോ വായിക്കുന്നതിലേക്ക് തിരിച്ചുപോയി.
വൈകുന്നേരമായെങ്കിലും വിമാനം പറന്നുയരുമ്പോൾ പുറത്ത് നല്ല വെളിച്ചമായിരുന്നു. സ്യൂറിക്ക് എയർപോർട്ടിലെ ഏതോ ഒരു വിജനമായ റൺവേ ആണെന്നു തോന്നുന്നു, ചുറ്റുമൊന്നും കാണാനില്ല. ചില എയർപോട്ടുകൾ അങ്ങനെയാണ്, മുകളിൽ നിന്ന് നോക്കിയാൽ തികച്ചും ബോറ്. മറ്റു ചിലത്, വിമാനങ്ങള്‍ പറന്നുപൊങ്ങുമ്പോള്‍, അവയിരിക്കുന്ന നഗരങ്ങളുടെ മനോഹരമായ കാഴ്ചകളുടെ ഒരു ദൃതഘോഷയാത്ര കാണിച്ച് കണ്ണുകൾ നിറക്കും. തുടക്കത്തിൽ കുറച്ച് പരുക്കൻ യാത്രയായിരിക്കുമെന്ന് പൈലറ്റ് അറിയിച്ചു. മേഘങ്ങളുടെ നിൻനോമ്നതകളിൽ തട്ടി ഉലയുന്നതുപോലെ ചെറിയ ഒച്ചപ്പാടുകൾ ഉണ്ടാക്കി അരമണിക്കോറോളം വിമാനം പറന്നു. അതിന്ന് ഒരു ശമനമുണ്ടായപ്പോഴാണ് പ്രാണൻ നേരെ വീണത് - വിമാനത്തിൽ കേറുന്നത് തന്നെ എനിക്ക് പേടിയാണ്, അതിന്റെ കൂടെ ഇത്തരം തട്ടലും മുട്ടലും കൂടി ആയാൽ പൂർത്തിയായി. അപ്പുറത്തിരിക്കുന്ന പോളിഷ് അമ്മച്ചി വല്ല കൊന്തയും എടുത്തു പ്രാർഥിക്കുന്നുണ്ടോയെന്ന് ഞാൻ അതിന്നിടയിൽ നോക്കുന്നുണ്ടായിരുന്നു. അങ്ങനെയൊന്നും ഉണ്ടായില്ല, അവർ അക്ഷോഭ്യയായി അപ്പോഴും എന്തോ കിൻഡിലിൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു കത്തോലിക്കാ രാജ്യത്തേക്ക്, അതും ഒരു പോപ്പിനെ സംഭാവന ചെയ്ത സ്ഥലം, പറക്കുമ്പോൾ കുറച്ച് ഭക്തരെ കണ്ടേക്കാമെന്ന എന്റെ പ്രതീക്ഷ പാളി, അതും ചെറിയ ഒരു കൂട്ടപ്രാർഥനയുടെ സാഹചര്യം ഏകദേശം അരമണിക്കൂറോളം ആ വിമാനയാത്രക്കിടയില്‍ ഉണ്ടായെങ്കിലും.
പോളണ്ട് ഒരു സംസാരവിഷയമായത് ഞാൻ എപ്പോഴും കൃത്യമായി ഓര്‍ക്കാറുണ്ട്- 1980-ൽ എട്ടാം ക്ളാസ്സിൽ പഠിക്കുമ്പോൾ. സത്യദീപത്തിലും ദീപികയിലും പോളണ്ട് പുകയുന്നതായിരുന്നു പ്രധാന വാർത്ത. സോളിഡാരിറ്റിയും ലെഹ് വലെന്‍സയും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും ആ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അക്കൊല്ലം ഏതോ ഒരു ദിവസം, അധ്യാപകനില്ലാതിരുന്ന ഒരു ക്ളാസ്സിലേക്കാണ് രാമൻ സാർ കയറി വന്നത്. രാമൻ സാറിന് പഠിപ്പിക്കുന്നതിൽ വലിയ താല്പര്യമൊന്നുമില്ലായിരുന്നു. സ്കൂളിലെ അധ്യാപക യൂണിയന്റെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് നോക്കി നടത്തിയിരുന്നത്. പിന്നെ, അധ്യാപകർ ഇല്ലാത്ത ക്ളാസ്സുകൾ കണ്ടെത്തി അദ്ദേഹം ആ പീരീയഡ് മുഴുവൻ കുട്ടികൾക്ക് കമ്യൂണിസത്തെപ്പറ്റി വിശദമായി പറഞ്ഞുകൊടുക്കാന്‍ ഉപയോഗിച്ചു. കുട്ടികൾക്ക് ആർക്കും അതിൽ വലിയ പ്രശ്നമൊന്നുമില്ലായിരുന്നു, അതേക്കുറിച്ചറിയാവുന്ന കുറച്ച് കോൺഗ്രസുകാരായ രക്ഷിതാക്കൾക്ക് ചെറിയ മുറുമുറുപ്പ് ഉണ്ടായിരുന്നു. പക്ഷേ, രാമൻ സാർ പൊതുവേ ഒരു സാധു മനുഷ്യൻ ആയിരുന്നതുകൊണ്ട് അവരാരും അത് വലിയ പ്രശ്നമാക്കിയതുമില്ല.
ആദ്യത്തെ അരമണിക്കൂർ മഴമേഘങ്ങൾക്കിടയിലെ വായുശൂന്യമായ ഗർത്തങ്ങളിൽ വീണുലഞ്ഞ വിമാനം പിന്നീട് ആകാശത്തിന്റെ അതിവിചനതയിലേക്കും അതിന്റെ വിരസമായ ശാന്തതയിലേക്കും പ്രവേശിച്ചു. വാഴ്സായിലെ ഹോട്ടലിലെത്തുമ്പോൾ ഒരു സമയമാകും. ഇപ്പോൾ വെള്ളിയാഴ്ച വൈകുന്നേരം. ഞായറാഴ്ച രാവിലെ വിറ്റ്സുല നദിക്കരയിലൂടെയും അതിന്ന് കുറുകെയും പിന്നെ വാഴ്സാ നഗരത്തിലങ്ങോളമിങ്ങോളവും മൊത്തം 42 കിലോമീറ്റർ ഓടിത്തീർക്കണം, വാഴ്സാ മാരത്തോൺ ഓടി പൂർത്തീകരിക്കാൻ. അതിന്നിടക്ക് ശനിയാഴ്ച ഒരു ദിവസം മാത്രം തയ്യാറെപ്പെടുപ്പിനും നഗരം കാണുവാനും. ഞായറാഴ്ച വൈകുന്നേരം തന്നെയാണ് തിരിച്ചുള്ള ഫ്ലൈറ്റ്.
വാഴ്സാ മാരത്തോൺ ഓടുവാനായി തിരഞ്ഞെടുക്കാൻ ഒരു പ്രധാന പ്രചോദനം ശീതസമരത്തിന്റെ എന്തെങ്കിലും അവശിഷ്ടങ്ങൾ അവിടെ കാണാൻ പറ്റും എന്ന പ്രതീക്ഷയായിരുന്നു. വാഴ്സയോട് വിമാനമടുക്കുമ്പോൾ ലെഹ് വലെന്‍സയും രാമൻ സാറുമൊക്കെ മനസ്സിലേക്ക് കടന്ന് വരുന്നത് അതുകൊണ്ടായിരിക്കണം. അങ്ങനെയൊക്കെ ചിന്തിച്ച് ഞാൻ ഉറങ്ങിപ്പോയി. ദാഹിച്ച് വലഞ്ഞ് കണ്ണുതുറന്നപ്പോൾ ഫ്ളൈറ്റ് ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. പോളിഷ് വല്യമ്മച്ചി അപ്പോഴും അപ്പുറത്തിരുന്ന് വായനയിൽ മുഴുകി ഇരിക്കുകയായിരുന്നു.
വിമാനം നിലത്തിറങ്ങി അധികം വൈകാതെ പുറത്തേക്കിറങ്ങാൻ പറ്റി. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ സാധാരണ അമേരിക്കൻ വിമാനത്താവളങ്ങളിൽ കാണാറുള്ള തിരക്കൊന്നും അവിടെ ഉണ്ടായിരുന്നില്ല. പ്രതീക്ഷിച്ചതിനേക്കാൾ ചെറിയ എയർപോർട്ട്. വാഴ്സയുടെ വലിപ്പം ഏട്ടിലാണ് കൂടുതൽ എന്ന ഒരു വിചാരം അങ്ങനെയാണ് ഉണ്ടായത്. ചില സ്ഥലങ്ങൾ അങ്ങനെയാണ് - നാം അവയെക്കുറിച്ച് വളരെ കേട്ടിരിക്കും, പല പ്രസിദ്ധ കഥകളും വാർത്തകളും അവിടെയായിരിക്കും നടന്നിട്ടുണ്ടാവുക. പക്ഷേ, നേരെ കാണുമ്പോൾ അവ നമുക്ക് വളരെ ചെറുതായി തോന്നും. കേട്ടുകേൾവിയിലും നേർക്കാഴ്ചയിലും മഹാനഗരങ്ങളായി തന്നെ നിലകൊള്ളുന്ന സ്ഥലങ്ങളുമുണ്ട് - ന്യൂ യോർക്ക്, ലോസ് ആഞ്ചലസ്, ലണ്ടൻ, റോം തുടങ്ങിയവ ചില ഉദാഹരങ്ങൾ.
പുറത്തു കടക്കുന്നതിന്നുമുമ്പ് എ.ടി.എമ്മിൽ നിന്ന് കുറച്ച് പോളിഷ് സ്വോറ്റെ എടുത്തു. പോളണ്ട് യൂറോപ്യൻ യൂണിയനിൽ അംഗമാണെങ്കിലും നാണയമായി യൂറോ എടുത്തിട്ടില്ല. ഇത് യാത്ര ചെയ്യുമ്പോൾ ഒരു തലവേദനയാണ്, കാരണം സാധനങ്ങളുടെ വില കണക്കാക്കുന്നതിൽ തെറ്റുകൾ പറ്റും, ഫോറിൻ എക്സേഞ്ചുകാർ പറ്റിക്കും. ഒരു ഡോളറിന് ഏകദേശം നാല് സ്വോറ്റെയാണ് നിരക്ക്. പക്ഷേ, അത്രയൊന്നും എ.ടി.എമ്മിൽ നിന്ന് കിട്ടുന്നില്ലെന്ന് മനസ്സിലായി, അതിന്റെയൊപ്പം നല്ല ഒരു ഫീസും. ഇതെല്ലാം യാത്രയുടെ ചിലവുകൾ ആണ്, യാത്രക്കാരെ പിഴിയുക എന്നതാണ് അവർ ബന്ധപ്പെടുന്ന എല്ലാവരുടെയും ഒരു പൊതുവായ ഉദ്ദേശ്യം.
സ്വോറ്റെയുടെ കുറെ നൂറിന്റെയും അമ്പതിന്റെയും നോട്ടുകൾ പോക്കറ്റിൽ തിരുകി ഞാൻ വിമാനത്താവളത്തിന് പുറത്തുകടന്നു. നഗരമധ്യത്തിൽ തന്നെയാണ് എന്റെ ഹോട്ടൽ. മാരത്തോൺ തുടങ്ങുന്ന ഇടത്തിനു അടുത്തായിരിക്കണം ഹോട്ടൽ എന്ന് ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് ഫേസ്ബുക്കിൽ ഒരു വാഴ്സക്കാരിയോട് അതേക്കുറിച്ച് അന്വേഷിച്ചറിഞ്ഞാണ് ഹോട്ടൽ ബുക്ക് ചെയ്തത്. പാലസ് ഓഫ് കൾച്ചർ ആന്റ് സയൻസ് - രണ്ടാം ലോകമഹായുദ്ധകാലത്ത് നാത് സികൾ വെളിമ്പറമ്പാക്കിയ വാഴ്സയിലെ ശ്മശാനസമമായ അന്തരീക്ഷത്തിൽ സ്റ്റാലിൻ കെട്ടിപ്പൊക്കിയ സോവിയറ്റ് യുദ്ധവിജയത്തിന്റെ അടയാളം. സോവിയറ്റ് യൂണിയന്റെ പതനത്തിനൊപ്പം അതിന്റെ അടയാളങ്ങളെല്ലാം കിഴക്കൻ യൂറോപ്പിൽ നിലംപരിശായെങ്കിലും പാലസ് ഓഫ് കൾച്ചർ ആന്റ് സയൻസ് അവിടെ തന്നെ നിന്നു. അതിന്റെ മുമ്പിലാണ് മാരത്തോൺ തുടങ്ങുന്നതും ഓട്ടക്കാർ നഗരത്തെ വലം വച്ച് തിരിച്ചെത്തുന്നതും.
എയർപോർട്ടിന്റെ പുറത്ത് ടാക്സിക്കും ഊബറിനും വേണ്ടി ആൾക്കാർ അടുത്തടുത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ടാക്സിയുടെ വരിയിൽ വണ്ടി കാത്തുനിന്നു. എയർപോർട്ടിൽ നിന്ന് പത്ത് കിലോമീറ്ററോളം ദൂരെയാണ് ഹോട്ടൽ. സുപ്രസിദ്ധ പോളിഷ് കമ്പോസർ ഫ്രെഡറിക് ചോപ്പിന്റെ പേരിലറിയപ്പെടുന്ന ഈ എയർപോർട്ട് രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒരു പ്രധാന രംഗഭൂമിയായിരുന്നു. പോളണ്ടുകാരും പിന്നെ അവരെ കീഴടക്കി എത്തിയ നാത് സികളും ഈ എയർപോർട്ട് കേന്ദ്രമാക്കി യുദ്ധതന്ത്രങ്ങൾ മെനഞ്ഞു. സ്റ്റാലിന്റെ ചെമ്പട എത്തുന്നതിന്ന് മുമ്പ് നാത് സികൾ എയർപോർട്ട് മൊത്തം തകർത്ത് പിൻവാങ്ങി. നാത് സികൾ ചെമ്പടക്കു കീഴടങ്ങിയ ബെർളിനിലേക്ക് വലിയ ദൂരമൊന്നുമില്ല വാഴ്സായിൽ നിന്ന് - 600 കിലോമീറ്ററിൽ താഴെ. കാറിൽ 5-6 മണിക്കൂർ ഡ്രൈവ്, വിമാനത്തിലാണെങ്കിൽ വെറും ഒന്നര മണിക്കൂർ. ഞായറാഴ്ച ബെർളിനിലും നടക്കുന്നുണ്ട് ഒരു മാരത്തോൺ. അതിനാണ് കുറച്ചുകൂടി പ്രസിദ്ധിയുള്ളത്. സ്യൂറിക്കിൽ വച്ച് കസ്റ്റംസ് ഓഫീസറോട് മാരത്തോൺ ഓടാനാണ് പോകുന്നത് എന്ന് പറഞ്ഞപ്പോൾ അവർ ആദ്യം കരുതിയത് ഞാൻ ബെർളിനിലേക്കാണ് പോകുന്നതെന്നാണ്.
രാമൻ സാറിന്റെ ചിന്ത പിന്നെയും ഓർമയിലേക്ക് കടന്നു വന്നു. ചിലർ നമ്മുടെ ജീവിതത്തിൽ വലിയ ഭാഗമായിരുന്നിട്ടില്ലെങ്കിലും അവരുൾപ്പെട്ട ഒറ്റൊരു സംഭവം മനസ്സിൽ നിന്ന് പോകാതെ ഇങ്ങനെ കെട്ടിക്കിടക്കും. ലോകപ്രസിദ്ധമായ ബെർളിൻ മാരത്തൺ ഓടാതെ വാഴ്സാ മാരത്തോൺ തന്നെ തപ്പിപ്പിടിച്ച് ഇവിടം വരെ വന്നതിൽ അദ്ദേഹത്തിന് എന്തെങ്കിലും പങ്കുണ്ടോയെന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു. അന്ന് അധ്യാപകനില്ലാത്ത ക്ലാസ്സില്‍ വന്ന ശേഷം രാമൻ സാർ പതിവുപോലെ കമ്യൂണിസത്തെക്കുറിച്ച് വാചാലനായി. എന്റെയൊരു കൂട്ടുകാരന്റെ അച്ഛന്റെ പുസ്തശേഖരത്തിൽ നിന്ന് ആയിടെ വൃത്തമഞ്ജരി കണ്ടെടുത്ത്, അതിൽ വിവരിക്കുന്ന സംസ്കൃത വൃത്തങ്ങളിൽ ക്ളേശിച്ച് പദ്യങ്ങൾ നിർമ്മിക്കലായിരുന്നു അക്കാലത്തെ എന്റെ വിനോദം. ആ കമ്പത്തെക്കുറിച്ച് അറിയാമായിരുന്ന കുമാരൻ സാർ അതൊക്കെ നോക്കി തിരുത്തി തന്നു. ക്ളാസ്സിന്നിടയില്‍, തക്കം കിട്ടുമ്പോൾ, ഞാൻ ആ പദ്യങ്ങൾ ആരും കാണാതെ നബീസക്കു കൈമാറി. അവൾ ഉച്ചഭക്ഷണസമയത്തെ ഇടവേളക്ക് മാപ്പിളപ്പാട്ടു പാടുന്നതുപോലെ, വൃത്തവ്യത്യാസങ്ങളെ മാനിക്കാതെ, ആ പദ്യങ്ങൾ ചൊല്ലും. ആരും ചോദിച്ചില്ല അവ ആരാണ് എഴുതിയതെന്ന്; ഞങ്ങൾ ആരോടും പറഞ്ഞതുമില്ല. നബീസക്ക് ആ പുതിയ പാട്ടുകൾ എല്ലാം പാട്ടിൽ കമ്പക്കാരനായ ഒരു അയൽക്കാരൻ എഴുതി കൊടുത്തതാണെന്ന് അവയുടെ പുതുമ ശ്രദ്ധിച്ചവർ കരുതി. ബോറൻ ക്ളാസ്സുകളിൽ ഞാൻ സാധാരണ പദ്യനിർമിതിയിൽ വ്യാപൃതനായി സമയം കളയുമായിരുന്നു. പക്ഷേ, അന്ന് രാമൻ സാർ കമ്യൂണിസത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ അതെക്കുറിച്ചുള്ള എന്റെ സംശയങ്ങള്‍ തീർത്തുകളയാമെന്ന് തന്നെ കരുതി.
ഞാൻ അത്ര നിഷ്ക്കളങ്കനൊന്നുമായിരുന്നില്ല അന്ന്. പോളണ്ടിലെ നിന്ന് എത്തുന്ന വാർത്തകൾ കമ്യൂണിസം എന്ന ആശയത്തിന് എന്തോ കുഴപ്പമുള്ളതായി എന്നെ തോന്നിപ്പിച്ചിരുന്നു. കമ്യൂണിസ്റ്റ്കാർ നിരീശ്വരവാദികൾ ആണ്; അതുകൊണ്ട് അവരെ സൂക്ഷിക്കണം എന്ന പതിവ് കത്തോലിക്കാ പ്രബോധനത്തിൽ ഞാൻ വലിയ കഴമ്പൊന്നും കണ്ടിട്ടില്ലായിരുന്നു. പക്ഷേ, രാമൻ സാർ പറയുന്നതുപോലെ കമ്യൂണിസം ഒരു മഹനീയ ആശയമാണെങ്കിൽ കമ്യൂണിസ്റ്റുകാർ ഭരിക്കുന്ന പോളണ്ടിൽ എന്തുകൊണ്ടാണ് പണിമുടക്കും ഭക്ഷണസാധനങ്ങൾക്ക് ക്യൂ നിൽക്കേണ്ടിവരുന്നതുമൊക്കെ എനിക്ക് അറിയേണ്ടിയിരുന്നു.
"സർ, കമ്യൂണിസം ഇത്ര നല്ലതാണെങ്കിൽ കമ്യൂണിസ്റ്റ്കാർ ഭരിക്കുന്ന പോളണ്ടിൽ എന്തിനാണ് ഇറച്ചിക്കുവേണ്ടി ആ നാട്ടുകാർക്ക് ക്യൂ നിൽക്കേണ്ടത്?"
എട്ടാം ക്ളാസ്സിൽ നിന്ന് രാമൻ സാർ അത്തരമൊരു ചെറുത്തു നില്‌പ്പ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാൻ സംശയനിവാരണം ചെയ്യുവാനല്ല ആ ചോദ്യം എയ്തതെന്ന് അദ്ദേഹത്തിന് മനസ്സിലായി. എന്റെ ചോദ്യത്തിന്റെ മുനയൊടിക്കേണ്ടത് അദ്ദേഹത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ മറുപടി തികച്ചും അപ്രതീക്ഷിതമായിരുന്നു:
"എടാ, ഇറച്ചി മാത്രം കഴിച്ചാണോ മനുഷ്യൻ ജീവിക്കുന്നത്? നിന്റെ വീട്ടിൽ എത്ര വട്ടം ഇറച്ചിയുണ്ടാക്കും ആഴ്ചയിൽ? ഇറച്ചി കിട്ടാത്തതിന്റെ പേരിൽ അവർ സമരം ചെയ്യുന്നുണ്ടെങ്കിൽ അത് വെറും അഹങ്കാരമാണ്. നീ ഇത്തരം വിവരം കെട്ട ചോദ്യമൊന്നും ഇനി മുതൽ ചോദിക്കല്ലേ."
എന്റെ കൂട്ടുകാരടക്കം ക്ളാസ്സു മുഴുവൻ അത് കേട്ട് ആർത്തുചിരിച്ചു. നബീസ ചിരിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ല. രാമൻ സാർ വിജയം ആഘോഷിക്കാനായി പുറത്തുപോയി ഒരു സിഗരറ്റ് വലിച്ചു നിന്നുകൊണ്ട് എന്നെ ഒരു പുച്ഛഭാവത്തിൽ നോക്കി നിന്നു.
പോളണ്ടിൽ ഇറച്ചി ഒരു പ്രധാനഭക്ഷണമാണെന്ന് വാർത്തകളിൽ നിന്ന് തോന്നിയിരുന്നു. അല്ലെങ്കിൽ അതിന്റെ ക്ഷാമത്തിൽ അവർ എന്തിന് പ്രശ്നമുണ്ടാക്കണം? രാമൻ സാർ യാതൊരു സംശയവുമില്ലാതെ പോളണ്ടുകാരെ അഹങ്കാരികൾ എന്ന് മുദ്രകുത്തിയപ്പോൾ എനിക്കും ചെറിയ സംശയമായി. എന്നാലും സ്വന്തം താല്പര്യങ്ങള്‍ക്കുവേണ്ടി വാർത്തകൾ എങ്ങനെ വളച്ചൊടിക്കാം എന്നതിന്റെ ആദ്യപാഠമായിരുന്നു രാമൻ സാറിന്റെ ആ മറുപടിയും അതിലൂടെ എനിക്കുണ്ടായ മാനഹാനിയും.
ഒരു പക്ഷേ, മാരത്തോൺ ഓടാനെന്ന പേരിൽ നടത്തുന്ന ഈ യാത്ര പോളണ്ടുകാരുടെ പ്രധാന ഭഷണം ഇറച്ചി തന്നെയാണോ എന്ന് നേരിൽ കണ്ട് മനസ്സിലാക്കാനാണോ?
ടാക്സിക്കുവേണ്ടിയുള്ള വരി തീരെ നീങ്ങുന്നില്ല. അപ്പുറത്ത് ഊബറിന്റെ വരി പെട്ടന്ന് നീങ്ങുന്നു. ചിന്തകളിൽ നിന്ന് ഇറങ്ങി, ഞാൻ അങ്ങോട്ട് നീങ്ങി നിന്നു. ആപ്പിൽ ഹോട്ടലിന്റെ വിലാസം ഇട്ടപ്പോൾ സാധാരണ ഡ്രൈവറിന്റെ പേരിനു പകരം ഒരു കോഡാണ് കിട്ടിയത്. വരിയിൽ നിന്ന് കിട്ടുന്ന ഡ്രൈവർക്ക് ആ കോഡ് കാണിച്ചു കൊടുക്കണം, അതുപയോഗിച്ച് ഇവിടെയാണ് പോകേണ്ടതൊക്കെ അവർ കണ്ടുപിടിച്ചുകൊള്ളും. ഒരു മെലിഞ്ഞ പോളണ്ടുകാരനായിരുന്നു എന്റെ ഡ്രൈവർ. പല വലിയ നഗരങ്ങളിലും തദ്ദേശിയർ ഡ്രൈവർമാർ കുറവാണ്, മിക്കവാറും അത് കുടിയേറ്റക്കാരുടെ ആദ്യ ജോലികളിൽ ഒന്നാണ്. ടാക്സി ഡ്രൈവർ അത്യാവശ്യം ഇംഗ്ലീഷ് പറയുന്ന നാട്ടുകാരനാണെങ്കില്‍ ഹോട്ടലിൽ എത്തുന്നതുവരെ എന്തെങ്കിലുമൊക്കെ പറഞ്ഞിരുന്ന് പോകാൻ രസമാണ്. ട്രാവൽ ഗൈഡിലൊന്നും കാണാത്ത ചില വിവരങ്ങൾ അവരിൽ നിന്ന് കിട്ടാൻ സാധ്യതയുമുണ്ട്.
എന്റെ ബാഗ് തിടുക്കത്തിൽ എടുത്ത് വച്ച് ഊബർ ഡ്രൈവർ വണ്ടി എടുത്തു. ആൾ വർത്താനപ്രിയൻ ആണെന്ന് തോന്നുന്നു. ഞാൻ ചോദിക്കാതെ തന്നെ പേരു പറഞ്ഞു - തൊമാഷ്. പണ്ട് ജോലിയിൽ പരിചയമുണ്ടായിരുന്ന ഒരു പോളണ്ടുകാരൻ തൊമാഷിനെ പെട്ടന്ന് ഓർമ വന്നു. തോമസിനെ പോളിഷിൽ വിളിക്കുന്നതാണ് തൊമാഷ്. ഇംഗ്ലീഷിൽ തോമസ് (പണ്ട് എം. കൃഷ്ണൻ നായർ പതിവായി മലയാളികളെ ഓർമിപ്പിക്കാറുള്ളതുപോലെ ശരിക്കുള്ള ഉച്ചാരണം റ്റോമസ്) എന്ന് എഴുതുന്നതിന്റെ അവസാനം ഒരു "z" ചേർത്താൽ പോളിഷ് ആയി. ഊബറു വഴി എനിക്ക് നേരത്തെ അറിയാൻ പറ്റാത്തതുകൊണ്ടായിരിക്കും ആദ്യം തന്നെ അയാൾ പേരു പറഞ്ഞതെന്ന് ഞാൻ ഊഹിച്ചു. സാധാരണ ഡ്രൈവറുടെ പേര് ആപ്പിൽ നിന്ന് മനസ്സില്ലാക്കാം. ആദ്യമായിട്ടാണ് ഊബറിൽ ഇത്തരമൊരു സെറ്റപ്പ് കാണുന്നത്. തൊമാഷ് പെട്ടന്ന് സംസാരിച്ചു തുടങ്ങിയത് നന്നായി, ഞാനത് നീട്ടിക്കൊണ്ടു പോകാൻ തന്നെ തീരുമാനിച്ചു.
പുറത്ത് ഇരുട്ടാണെങ്കിലും തെരുവുവെളിച്ചത്തിൽ നന്നായി കാണാൻ കഴിയുന്നുണ്ട്. അംബരചുംബികളുടെ മറവുകൾ ഇല്ലാതെ തുറസായികിടക്കുന്ന നഗരവീഥികൾ. കാർ പൊയ്ക്കൊണ്ടിരുന്ന വഴിയുടെ നടുക്ക് ഉദ്യാനങ്ങളിലെപ്പോലെ വിശാലമായ ഇടങ്ങളിൽ വളർന്നുനിൽക്കുന്ന ചെടികളും അവയിലെ പൂക്കളും. പൊതുവേ, പുറത്തിറങ്ങി നടക്കാൻ തോന്നിപ്പിക്കുന്ന കാഴ്ചകൾ.
"ഈ സമയത്ത് പുറത്തിറങ്ങി നടക്കുന്നത് സുരക്ഷിതമാണോ?" ഞാൻ അങ്ങനെ ചോദിച്ചപ്പോൾ ഭവനരഹിതരെയും മയക്കുമരുന്നിനടിമകളായവരെയും കൊണ്ട് പൊറുതി മുട്ടിയ സാൻ ഫ്രാൻസ് സിസ്ക്കോയും അതിന്നടുത്തുള്ള പട്ടണങ്ങളും ആയിരുന്നു എന്റെ മനസ്സിൽ. അവിടെ ചില സ്ഥലങ്ങളിൽ പുറത്തിറങ്ങി നടക്കുന്നത് തന്നെ സുരക്ഷിതമല്ല. അമേരിക്കയിൽ വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമായതുകൊണ്ട് തെരുവുകളിൽ നിന്ന് അവരെ നീക്കാൻ നഗരാധികാരികൾക്ക് ചിലപ്പോൾ കോടതിയുടെ വിലക്ക് പോലും ഉണ്ടാകും. പക്ഷേ, കുറ്റവാളിസംഘങ്ങളാണ് ആ സ്വാതന്ത്ര്യത്തെ പലപ്പോഴും ഉപയോഗിക്കുന്നത് - മയക്കുമരുന്ന് വിൽക്കാനും ആൾക്കാരെയും കച്ചവടങ്ങളെയും കൊള്ളയടിക്കാനും.
"നിങ്ങൾ എവിടന്നാണ് വരുന്നത്?". അയാൾ നന്നായിട്ട് ഇംഗ്ലീഷിൽ ചോദിച്ചു. റിവർ വ്യൂ കണ്ണാടിയിലൂടെ എന്നെ നോക്കിയാണ് അയാൾ സംസാരിക്കുന്നത്. കണ്ണട വച്ച ചെറിയ മുഖം. പുറത്ത് വച്ചുകണ്ടാൽ നല്ല വിദ്യാഭ്യാസമുള്ള ഒരു ഹൈസ്കൂൾ അധ്യാപൻ ആണെന്നു തോന്നും. ചിലപ്പോൾ അത് തന്നെയായിരിക്കും അയാളുടെ പ്രധാന തൊഴിൽ. അധികവരുമാനത്തിനായി എത്രയോ പ്രൊഫഷനലുകൾ ഊബർ ഡ്രൈവർമാർ ആകുന്നു; ഇയാളും അങ്ങനെയൊരാൾ ആകാൻ മതി.
ഞാൻ മറുപടി കൊടുത്തു.
"ഇവിടെ സാൻ ഫ്രാൻ സിസ്ക്കോ പോലെയൊന്നുമല്ല. ഒരു മില്യൺ ഉക്രേനിയക്കാർ ഇവിടെ വന്ന് അടിഞ്ഞിട്ടുണ്ടെങ്കിലും ഇവിടത്തെ ക്രമസമാധാനമൊന്നും ഇതുവരെ തകർന്നിട്ടില്ല."
അയാൾക്ക് സാൻ ഫ്രാൻസ് സിസ്ക്കോയെക്കുറിച്ച് എങ്ങനെ അറിയാമെന്ന് ഞാൻ ആലോചിക്കുമ്പോൾ അത് മനസ്സിലാക്കിയപോലെ അയാൾ പറഞ്ഞു, "എനിക്ക് ഒരു സുഹൃത്ത് അവിടെ ഉണ്ട്, സിലിക്കൺ വാലിയിൽ. അവൻ എന്നോട് കാര്യങ്ങളൊക്കെ പറയാറുണ്ട്."
ഇയാളുടെ സുഹൃത്ത് എന്റെ പഴയ സഹപ്രവർത്തകൻ തൊമാഷ് ആയിരിക്കുമോ? അതേക്കുറിച്ചൊന്നും ചോദിക്കാൻ പോയില്ല. അല്ലാതെ തന്നെ അയാൾ സംസാരം തുടർന്നു.
"അമേരിക്കയിൽ നിന്ന് ബ്ളാക്ക് ലൈവ്സ് മാറ്ററും എൽ.ജി.ബി.റ്റിയുമൊക്കെ ഇവിടെ എത്തുന്നുണ്ട്." അയാൾ ഒരു സാധാരണ ഡ്രൈവർ അല്ലെന്ന് എനിക്ക് മനസ്സിലായി. ചിലപ്പോൾ നല്ലവണ്ണം ലോകകാര്യങ്ങളെക്കുറിച്ച് വായിച്ചറിയുന്ന ഒരു ഹൈസ്കൂൾ അധ്യാപകൻ തന്നെ ആയിരിക്കും. കറുത്തവർ തീരെ ഇല്ലാത്ത പോളണ്ടിൽ ബ്ളാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തെക്കുറിച്ച് അറിയണമെങ്കിൽ അത് മാധ്യമങ്ങൾ വഴി തന്നെ ആയിരിക്കണം. അധികമൊന്നും കേട്ടിട്ടില്ലെങ്കിലും അമേരിക്കയിലെ റിപ്പബ്ളിക്കൻ പാർട്ടിയെപ്പോലെ വലതുപക്ഷത്ത് നിൽക്കുന്ന പോളണ്ടിലെ ഭരണകക്ഷിയായ ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ അംഗത്തെപ്പോലെയാണ് തൊമഷിന്റെ സംസാരം: പൊതുവെ പുരോഗമനാശയങ്ങളോടുള്ള എതിർപ്പ്, അതിരുകടന്ന ദേശീയവാദത്തിന്റെ ചുവ.
ഞാൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. തൊമാഷ് നല്ല സ്നേഹത്തോടെയാണ് സംസാരിക്കുന്നതെങ്കിലും വലിയ ചർച്ചയിലൊന്നും ഏർപ്പെടാതെ ഹോട്ടലിൽ എത്തിച്ചേരുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. വിഷയം ഒന്ന് തിരിച്ചുവിടാൻ ഞാൻ ഉക്രെയിൻ പ്രശ്നത്തിലേക്ക് തിരിച്ചുപോയി. റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ ഉക്രെയിന് പോളണ്ട് വൻ തോതിൽ സഹായം ചെയ്യുന്നുണ്ട്. അതുകൊണ്ട് അക്കാര്യത്തിൽ തൊമാഷ് സന്തോഷവാനായിരിക്കും എന്ന് ഞാൻ ഊഹിച്ചെങ്കിലും അവിടെയും തെറ്റ് പറ്റി.
"പോളണ്ട് എന്തായാലും നല്ല കാര്യമാണ് ഉക്രെയിനുവേണ്ടി ചെയ്യുന്നത്. അമേരിക്കയെക്കാൾ ഉത്സാഹം നിങ്ങൾക്കാണല്ലോ സൈനികസഹായങ്ങൾ എത്തിച്ചു കൊടുക്കാൻ." ഞാന്‍ പറഞ്ഞു.
"പുറത്ത് നിന്ന് നോക്കുമ്പോൾ അത് ശരിയാണ്. ഞങ്ങൾക്ക് റഷ്യക്കാരെ ഒട്ടും ഇഷ്ടമല്ല, ഇത്ര ഹൃദയശൂന്യരായ മനുഷ്യര്‍ വേറെയില്ല. എന്ന് വച്ച്, ഞങ്ങൾക്ക് ഉക്രെയിൻകാരെയും വലിയ ഇഷ്ടമൊന്നുമില്ല. പോളണ്ട്കാർക്ക് ഉക്രെയിൻകാരും റഷ്യക്കാരും ഒരേ ആള്‍ക്കാരാണ്." അതുതന്നെയല്ലേ പൂട്ടിൻ പറഞ്ഞതെന്ന് ഞാൻ പെട്ടന്ന് ഓർത്തു - ഉക്രയിൻകാർ എന്ന ജനതയില്ല, അവർ റഷ്യയുടെ ഭാഗമാണ്. മാതൃ രാജ്യത്തിൽ പിരിഞ്ഞുപോകുന്നവരെ തിരിച്ചുകൊണ്ടു വരികയാണ് ഈ യുദ്ധത്തിന്റെ ലക്ഷ്യം.
"വാഴ്സ മുഴുവൻ ഉക്രേയിന്‍കാര്‍ ആണ്. അവരെ തടഞ്ഞിട്ട് ഞങ്ങൾക്ക് ഇവിടെ നടക്കാൻ വയ്യാതെയായിട്ടുണ്ട്." തൊമാഷ് പറയുന്നത് ശരിയാണ്. റഷ്യൻ അധിനിവേശം തുടങ്ങിയ ശേഷം 15 മില്യൺ അഭയാർഥികൾ പോളണ്ടിന്റെ അതിർത്തി കടന്ന് വന്നു. അതിൽ നല്ലൊരു പങ്ക് ജർമനി പോലെ കൂടുതൽ തൊഴിൽ സാധ്യതകളുള്ള മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി. എന്നാലും ഒരു മില്യണടുത്ത് അഭയാർഥികൾ പോളണ്ടിൽ, പ്രധാനമായും വാഴ്സയിൽ, ഇപ്പോഴും ഉണ്ട്. യൂറോപ്പിലെ ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിൽ അത്തരത്തിലുള്ള സംഖ്യകൾ താരതമേന്യ വലുതാണ്.
"മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ ഉണ്ടോ?" ഞാൻ വെറുതെ ചോദിച്ചതാണ്.
"ഇഷ്ടം പോലെ. നിങ്ങളുടെ രാജ്യത്തു നിന്നുള്ളവരുമുണ്ട്. കണ്ടോ, ദാ പോകുന്നയാൾ ഇന്ത്യാകാരനാണ്." മോട്ടോർ ബൈക്കിൽ ഫുഡ് ഡെലിവറിക്ക് പോകുന്ന ഒരാളുടെ അടുത്തുകൂടെ വണ്ടി ഓടിച്ചിട്ടാണ് തൊമാഷ് അത് പറഞ്ഞത്.
"അവനെ കണ്ടാൽ അറിയാം. തവിട്ട് തൊലി." അങ്ങനെ പറഞ്ഞിട്ട് തൊമാഷ് ഉറക്കെ ചിരിച്ചു. എന്നെക്കൂടി കളിയാക്കിയതാണോ എന്ന് ഉറപ്പില്ല. പുറത്ത് നല്ല ഇരുട്ടാണ്. മോട്ടോർ ബൈക്കിൽ ഇരിക്കുന്ന ആളുടെ തൊലിനിറം തോമാഷ് എങ്ങനെ കണ്ടെന്ന് എനിക്ക് മനസ്സിലായില്ല. "ഞങ്ങൾ ഇവരെ ഹെൽസ് ഏഞ്ചൽസ് എന്നാണ് വിളിക്കുന്നത്. നല്ല കഠിനാദ്ധ്വാനികൾ, ഞങ്ങൾക്കവരെ ഇഷ്ടമാണ്." ഇന്ത്യാക്കാരുടെ ഈ കഠിനാദ്ധ്വാനത്തിന്റെ കഥകൾ മറ്റുള്ളവരിൽ നിന്ന് കേൾക്കുന്നത് ഇപ്പോൾ പരമബോറാണ്. ഇന്ത്യാക്കാർക്ക് കുറച്ച് രസമുള്ള കാര്യങ്ങൾ കൂടി ചെയ്തു കൂടെ എന്ന് ഞാൻ ആലോചിക്കാറുണ്ട്, കഠിനാദ്ധ്വാനം മാത്രം ചെയ്യാതെ. ഞാൻ അമേരിക്കയിൽ നിന്ന് വരുന്നതെന്നാണ് ആദ്യമേ പറഞ്ഞെങ്കിലും അയാൾക്ക് ഞാൻ ഇന്ത്യാക്കാരനാണെന്നും പെട്ടന്ന് മനസ്സിലായി. ഹെൽസ് ഏഞ്ചൽസ് എന്നത് അമേരിക്കയിലെ കുപ്രസിദ്ധമായ ഒരു മോട്ടോർ സൈക്കിൾ ഗാംഗിന്റെ പേരാണെന്ന് തൊമാഷിന് അറിയാമോ ആവോ? അറിയാമായിരിക്കും, ഞാൻ വിശദീകരിക്കാൻ പോയില്ല.
"പിന്നെ കുറെ ആഫ്രിക്കക്കാരും ഉണ്ട്. നൈജീരിയക്കാരാണ് ഏറ്റവും മിടുക്കർ. യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ഒക്കെ പഠിച്ച്, പണിയെടുക്കാതെ ആനുകൂല്യങ്ങൾ പറ്റി കഴിയാൻ അവർക്ക് നല്ലവണ്ണം അറിയാം." യൂറോപ്പിലെ വലതുപക്ഷത്തിന് യൂറോപ്യൻ യൂണിയനെ കണ്ടുകൂട. അതിനോടുള്ള എതിർപ്പാണ് തൊമാഷിന്റെ വാക്കുകളിൽ അധികവും.
"അവർ കാറിൽ കയറിയാൽ സീറ്റ് ബെൽറ്റ് ഇടാൻ വിസമ്മതിക്കും. നിയമത്തോട് യാതൊരു ബഹുമാനവുമില്ലാത്ത ജാതി." യാത്ര തുടങ്ങിയപ്പോൾ വളരെ കഷ്ടപ്പെട്ട് സീറ്റ് ബെൽറ്റ് ഇട്ടത് നന്നായെന്ന് തോന്നി. എങ്ങനെയൊക്കെയാണ് ഒരാളെ മറ്റുള്ളവർ അളക്കുന്നത്.
ടാക്സി യാത്ര തുടങ്ങിയിട്ട് കുറച്ചുനേരമായി. ട്രാഫിക്ക് ഉള്ളതുകൊണ്ട് കാർ പതുക്കെയാണ് പോകുന്നത്. എന്നാലും അധികം വൈകാതെ ഹോട്ടലിൽ എത്തിയേക്കും, പത്ത് കിലോമീറ്റർ ദൂരമേയുള്ളൂ എയർപോർട്ടിൽ നിന്ന്. തക്കം കിട്ടുകയാണെങ്കിൽ സോളിഡാരിറ്റിയെയും ലേഹ് വലേന്‍സയെയും കുറിച്ച് തിരക്കാം, അവരെക്കുറിച്ച് എന്തെങ്കിലും വാഴ്സായിൽ കാണാൻ ഉണ്ടെങ്കിൽ നാളെ പോയി കാണാം എന്നൊക്കെയാണ് നേരത്തെ വിചാരിച്ചിരുന്നത്. ആ വിഷയം തന്നെ എടുത്തിട്ടു, "സോളിഡാരിറ്റിയെക്കുറിച്ചൊക്കെ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ധാരാളം കേട്ടിട്ടുണ്ട്. അവരുടെ എന്തെങ്കിലും ബാക്കിയുണ്ടോ?"
പോളണ്ടിനെക്കുറിച്ച് എനിക്ക് നല്ല വിവരമുണ്ടെന്ന് തോമാഷിന് മനസ്സിലാകട്ടെ എന്ന് ഒരു നിമിഷം ഞാൻ ആശിച്ചു. സോളിഡാരിറ്റിക്കുവേണ്ടി ഞാൻ രാമൻ സാറുമായി തർക്കിച്ചത് തൊമാഷിനെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. കമ്യൂണിസ്റ്റ്കാരെ എതിർത്തത് ഒരു വലതുപക്ഷക്കാരന് ഇഷ്ടപ്പെടാനും മതി. പക്ഷേ, അത്തരമൊരു കഥ പറച്ചിലിന് സമയവും ഭാഷയും വഴങ്ങുമെന്ന് തോന്നുന്നില്ല. സോളിഡാരിറ്റിയോട് ഞാൻ കാണിച്ച താൽപ്പര്യം തൊമാഷിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാക്കിയെന്ന് തോന്നുന്നില്ല. ശത്രുവിന്റെ ശത്രു എപ്പോഴും മിത്രമായിക്കൊള്ളണമെന്നില്ല. സോളിഡാരിറ്റിയെക്കുറിച്ചും തൊമാഷിന് വ്യക്തമായ അഭിപ്രായം ഉണ്ട്:
"കമ്യൂണിസ്റ്റ്കാർ ഗാംഗുപോലെയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ജനങ്ങൾ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടുന്ന സാധനങ്ങൾക്ക് വേണ്ടി ക്യൂ നിൽക്കേണ്ടിവന്നപ്പോൾ മുതിർന്ന നേതാക്കൾ ഈ തെരുവുകളിലൂടെ ബെൻന്റിലി പോലെയുള്ള കാറുകൾ ഓടിച്ച് രസിച്ചു. ജനങ്ങളുടെ കൈയിൽ കിട്ടിയെങ്കിൽ അവരെ പിച്ചിച്ചീന്തിയേനെ. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ കമ്യൂണിസ്റ്റ് നേതാക്കളെ ജനരോഷത്തിൽ നിന്ന് സോളിഡാരിറ്റി സംരക്ഷിച്ചു. അതുകൊണ്ട് ഞങ്ങൾക്കൊന്നും സോളിഡാരിറ്റിയോട് വലിയ താല്പര്യമൊന്നുമില്ല."
തൊമാഷ് പറയുന്നതിൽ എത്ര യാഥാർത്യമുണ്ടെന്ന് അറിയില്ല. പക്ഷേ, കുറഞ്ഞത് അയാൾക്കെങ്കിലും സോളിഡാരിറ്റിയെ ഇഷ്ടമായിരുന്നില്ല എന്ന് ഉറപ്പ്. സാറിസ്റ്റ് റഷ്യയുടെയും നാത് സി ജർമനിയുടെയും സോവിയറ്റ് യൂണിയന്റെയും അനേക വർഷങ്ങൾ നീണ്ട അധിനിവേശത്തിൽ ഏതാണ്ട് തകർന്നടിഞ്ഞ പോയ ഒരു ജനതയാണ് പോളണ്ടിലേത്. തദ്ദേശിയരായ കമ്യൂണിസ്റ്റുകാരോടെങ്കിലും എന്തെങ്കിലും പ്രതികാരം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിന്റെ ക്രൗര്യമാണെന്ന് തോന്നുന്നു തൊമാഷ് പ്രകടിപ്പിക്കുന്നത്.
കാർ യാത്രയുടെ അവസാനം കുറിച്ച് തൊമാഷ് കാർ ഒരു വലിയ ഹോട്ടലിന്റെ കവാടത്തിലേക്ക് ഓടിച്ച് കയറ്റി. അവിടത്തെ സെക്യൂരിറ്റി ഗേറ്റ് തുറക്കുവാനായി കാത്തുനിൽക്കുമ്പോൾ അല്പവസ്ത്രധാരികളായ കുറെ സുന്ദരികൾ, കാറിന്നു മുന്നിലൂടെ നടന്ന്, അടുത്തു തന്നെയുള്ള ഒരു കസീനോയിലേക്ക് കയറിപ്പോയി. ആ കാഴ്ച ഞാനങ്ങനെ നോക്കിയിരിക്കുമ്പോൾ തോമാഷ് തിരിഞ്ഞുനോക്കി, കണ്ണിറുക്കി കാട്ടിക്കൊണ്ട് പറഞ്ഞു: "കണ്ടോ ഉക്രെയിൻകാരികൾ ആണ്. ഞാൻ വേറെ ഒന്നും പറയുന്നില്ല." ആ പെണ്ണുങ്ങളെ തൊമാഷിന് ഇഷ്ടപ്പെട്ടില്ല എന്ന് സ്പഷ്ടം. കുടിയേറ്റക്കാരുടെ ജീവിതരീതികൾ ഒരു പക്ഷേ തൊമാഷിനെപ്പോലെയുള്ള യാഥാസ്തികരായ നാട്ടുകാർക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ല.
ഹോട്ടലിൽ എത്തിയപ്പോൾ തൊമാഷ് എന്റെ ബാഗൊക്കെ കാറിന്റെ ട്രങ്കിൽ നിന്ന് എടുത്തുതന്ന് സഹായിച്ചു. ആശംസകളൊക്കെ കൈമാറി നല്ല നിലയിലാണ് ഞാനും തൊമാഷും പിരിഞ്ഞത്. ഊബറിൽ സാധാരണ കൊടുക്കേണ്ടെങ്കിലും നല്ല ഒരു ടിപ്പും കൊടുത്തു, നാളെ രാവിലെ എഴുന്നേറ്റ് അയാൾക്ക് ഏതെങ്കിലും സ്കൂളിൽ പഠിപ്പിക്കാൻ പോകേണ്ട ഗതികേടുണ്ടായിരിക്കുമോ എന്ന ചിന്തയാണ് ടിപ്പ് കൊടുക്കുവാനുണ്ടായ ഒരു പ്രചോദനം.
സമയം അപ്പോഴേക്കും രാത്രി എട്ടര ആയിരുന്നു. ഞാൻ പെട്ടന്ന് ഹോട്ടലിൽ ചെക്കിൻ ചെയ്ത് എന്റെ മുറിയിലേക്ക് പോയി, ബാഗൊക്കെ വച്ചിട്ട് തിരിച്ച് ലോബിലിലേക്ക് വന്നു. യൂറോപ്പിലെ പ്രധാന തെരുവുകൾ പാതിരാത്രി ആയാലും തുറന്നിരിക്കും. പുറത്തുപോയി, രാത്രി കാഴ്ചകൾ കുറച്ചൊക്കെ കണ്ട് അവിടെ നിന്ന് അത്താഴവും കഴിക്കാമെന്നായിരുന്നു ഞാൻ ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ, പുറത്തേക്കിറങ്ങാനുള്ള ആഗ്രഹം പെട്ടന്ന് ഇല്ലാതായതുപോലെ തോന്നി. ഹോട്ടലിൽ ഒരു റെസ്റ്റോറന്റ് ഉണ്ട്, അവിടെ നിന്നു തന്നെ കഴിക്കാമെന്ന് തീരുമാനിച്ചു. റെസ്റ്റോറന്റിൽ ആരും കഴിക്കുന്നത് കണ്ടില്ല. ഞാൻ ഒരു ടേബിളിൽ ഇരുന്ന് ഒരു പോളിഷ് ബിയറും മെനുവിൽ കാണാൻ ഭംഗിയുള്ള എന്തോ ഒരു പോളിഷ് ഭക്ഷണവും ഓർഡർ ചെയ്തു. ബിയർ കൊണ്ടുവന്ന് തന്നിട്ട് സെർവു ചെയ്യുന്ന പോളിഷ്കാരി ടി.വിയിൽ എന്തോ മ്യൂസിക് ഷോ കണ്ടുകൊണ്ട് നിന്നു. വലിയ രുചിയൊന്നുമില്ലാത്ത ആ ബിയറും സിപ്പു ചെയ്തുകൊണ്ട് ഞാനും ആ മ്യൂസിക് ഷോ ആസ്വദിക്കാൻ പരിശ്രമിച്ചു. ഭക്ഷണം അധികം വൈകാതെ എത്തി. കാബേജ് ഇലയിൽ പൊതിഞ്ഞ മിൻസ്ഡ് മീറ്റും ചെറിയ ഉരുളക്കിഴങ്ങും പുഴുങ്ങിയതിൽ ടൊമാറ്റോ സോസ് ഒഴിച്ചതായിരുന്നു വിഭവം. വലിയ രുചിയൊന്നുമില്ല, പക്ഷേ, ഓട്ടത്തിന് സഹായിക്കുന്ന കാർബോഹൈഡ്രേറ്റ് അതിൽ ധാരാളമുണ്ട്. മാരത്തോണിനു മുമ്പുള്ള ദിവസങ്ങളിൽ കാർബോഹൈഡ്രേറ്റ് അടങ്ങുന്ന ഭക്ഷണം ധാരാളം കഴിക്കണം. അതാണ് ഓടുമ്പോൾ ശരീരത്തിന്റെ ഇന്ധനം, അത് ശരീരം പേശികളിലും രക്തത്തിലുമൊക്കെ പല രീതിയിൽ ശേഖരിച്ചു വയ്ക്കും.
ആ ഭക്ഷണം മൊത്തം കുറച്ച് ഉപ്പും കുരുമുളകുമൊക്കെ ഇട്ട് ഞാൻ കഴിച്ചു തീര്‍ത്തു. ബില്ല് അമേരിക്കയിലെ അപേക്ഷിച്ച് കുറവായിരുന്നു. ആ സന്തോഷത്തിൽ കുറച്ചധികം ടിപ്പുമിട്ട് ഞാൻ മുറിയിലേക്ക് പോന്നു.
മുറിയിൽ വന്ന്, ഹോട്ടലിലെ ലോബിയിൽ നിന്ന് കിട്ടിയ വാഴ്സയിലെ കാഴ്ചകളെക്കുറിച്ചുള്ള ഒരു പുസ്തകത്തിലൂടെ ഓടിച്ച് നോക്കി, ഞാൻ കട്ടിലിൽ കിടന്നു. സോളിഡാരിയുടെ അവശിഷ്ടങ്ങൾ തപ്പി പോകാനുള്ള ആവേശമൊക്കെ അപ്പോഴേക്കും പോയിരുന്നു. നടന്നുകാണാൻ പറ്റുന്ന കുറച്ച് കാഴ്ചകളൊക്കെ നാളെ കണ്ടാൽ മതി എന്ന് തീരുമാനിച്ചു. ഞായറാഴ്ച നഗരം മൊത്തം ഓടിനടന്ന് കാണാനുള്ള അവസരമുണ്ട്.
ചെറുതായി ഉറക്കം വന്ന് തുടങ്ങിയപ്പോൾ ഞാൻ കർട്ടൻ നീക്കി, ജന്നൽ തുറന്നിട്ടു. മുറിയിൽ എ.സി. ഇല്ലായിരുന്നു. പുറത്തുനിന്ന് നല്ല തണുത്ത കാറ്റ് ഉള്ളിലേക്ക് കയറി. കുറച്ചകലെ ചന്ദ്രനുദിച്ചതുപോലെ ഒരു ക്ളോക്ക് ടവർ തെളിഞ്ഞു നിൽക്കുന്നത് ജന്നലിലൂടെ കാണാമായിരുന്നു. അത് സ്റ്റാലിൻ പോളണ്ടുകാർക്ക് 50-കളിൽ പണിതുകൊടുത്ത പാലസ് ഓഫ് കൾച്ചർ അന്റ് സയൻസിന്റെ ക്ളോക്ക് ടവർ ആണെന്ന് മനസ്സിലാക്കാൻ എനിക്ക് ടൂറിസ്റ്റ് ഗൈഡിൽ നോക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.
----