ദാവീദ്. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്കോടി വരുന്ന മറ്റൊരു ചിത്രം കൂടിയുണ്ട്. ഗോലിയാത്ത്. പോര്‍മുഖത്ത് യുദ്ധമുറകളും കൈക്കരുത്തും മാത്രമല്ല, ഒരുവന് വിജയം സമ്മാനിക്കുന്നത്, മറിച്ച് ചെറിയവനാണെങ്കിലും എതിരാളിയുടെ നീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ച് അവന്റെ മര്‍മ്മം നോക്കി പ്രഹരിക്കാന്‍ കഴിഞ്ഞാല്‍ ഏതു വമ്പനും വീഴും. ചെറുപ്പത്തില്‍ ചിത്രകഥകളില്‍ വായിച്ചറിഞ്ഞ ദാവീദിന്റെ കഥ അതു പോലെ ആയിരുന്നു. തെറ്റാലിയില്‍ കൊരുത്ത കൊച്ചു കല്ലു കൊണ്ട് ഗോലിയാത്ത് എന്ന ഭീമനെ വീഴ്ത്തിയ കൊച്ചു ദാവീദിന്റെ വിജയകഥ.
മാസ്സ് ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് വേണ്ടി വളരെ ത്രില്ലിങ്ങായ ഒരു ചിത്രമാണ് നവാഗത സംവിധായകനായ ഗോവിന്ദ് വിഷ്ണു ഒരുക്കിയിട്ടുള്ളത്. ഭാര്യയും കുഞ്ഞുമായി വളരെ സ്‌നേഹത്തോടെ കഴിയുന്ന ഒരു കൊച്ചു കുടുംബമാണ് ആഷിഖ് അബു എന്ന ചെറുപ്പക്കാരന്റേത്. മകളാണ് അയാളുടെ എല്ലാം. ഒപ്പം സ്‌നേഹമയിയായ ഭാര്യയും. സ്വഗ്ഗ്ഗതുല്യമായ ജീവിതം. തികച്ചും അപ്രതീക്ഷിതമായാണ് ആഷിഖിന് സമാനതകളില്ലാത്ത ഒരു വെല്ലുവിളി ഏറ്റെടുക്കേണ്ടി വരുന്നത്. അതും ലോക ബോക്‌സിങ്ങ് ചാമ്പ്യനില്‍ നിന്ന്. അതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അയാള്‍ ആദ്യമെല്ലാം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ അയാള്‍ക്ക് ആ വെല്ലുവിളി സ്വീകരിക്കേണ്ടി വരികയാണ്. വെല്ലുവിളി ഏറ്റെടുത്ത് എതിരാളിയെ നേരിടാന്‍ ആഷിഖ് അബു തീരുമാനിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ദാവിദായെത്തിയ ആന്റണി പെപ്പെയുടെ കിടലന്‍ പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ലളിത സുന്ദരമായ ഒരു കൊച്ചു ജീവിതം നയിച്ച ദാവീദിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രതിസന്ധികള്‍ വളരെ മനോഹരമായ ഒരു കഥയായി വികസിപ്പിച്ചിട്ടുണ്ട്. ഫുള്‍ ആക്ഷനാക്കി മാറ്റാതെ കുടുംബവും സ്‌നേഹവും സൗഹൃദവും ആക്ഷനും മാസ്സും കൂട്ടിക്കലര്‍ത്തി ഏതു വിഭാഗത്തില്‍ പെട്ട പ്രേക്ഷകനും ഇഷ്ടപ്പെടന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ആഷിഖിന്റെ കുടുംബജീവിതവും അച്ഛനും മകളും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ഇഴയടുപ്പവുമൊക്കയാണ് ആദ്യ പകുതിയില്‍. മികച്ച രീതിയിലാണ് ആദ്യ പകുതി അവസാനിക്കുന്നതും.
രണ്ടാം പകുതി ഒരു ബോക്‌സര്‍ എന്ന നിലയില്‍ ആഷിഖിന്റെ ട്രാന്‍സ്‌ഫോര്‍മേഷനും അതോടൊപ്പം സിനിമയുടെ ട്രാക്ക് മാറലുമാണ്. അടിക്ക് അടി, ഇടിക്ക് ഇടി എന്ന രീതിയില്‍ കഥ പിന്നീട് മാറുകയാണ്. ആര്‍ഡിഎക്‌സിനു ശേഷം ആന്റണി പെപ്പെക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ആഷിഖ്. നാട്ടിന്‍പുറത്തെസാധാരണ ചെറുപ്പക്കാരനായും പിന്നീട് ബോക്‌സിങ്ങ് റിങ്ങിലെ ഇടിമുഴക്കമായും മാറുന്ന ആഷിഖിനെ ആന്റണി പെപ്പെ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ബോക്‌സിങ്ങ് ചാമ്പ്യനെ നേരിടാന്‍ ഒരുങ്ങുന്ന ആഷിഖിന്റെ കളത്തിലേക്ക് ഗുസ്തി ആശാനായ രാഘവനായി വിജയരഘവന്‍ കൂടി എത്തുന്നതോടെ ഇടിക്ക് ഹരമേറുന്നു. വില്ലനായി എത്തിയ ഇസ്മയിലാണ് പ്രേക്ഷകരുടെ മനംകവര്‍ന്ന താരം. ക്‌ളൈമാക്‌സ് രംഗങ്ങളൊക്കെ അതിഗംഭീരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. നായികയായി ലിജോ മോളും മികച്ച അഭിനയം കാഴ്ച വച്ചു. സൈജു കുറുപ്പിന്റെ കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.
സാലു കെ ജോസഫിന്റെ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റെ സംഗീതവും രാകേഷിന്റെ എഡിറ്റിങ്ങും മികച്ചതായി.
ക്‌ളാസ്സ് മികവോടെ തിയേറ്ററില്‍ തന്നെ കണ്ട് ആസ്വദിക്കേണ്ട സിനിമയാണ് ദാവീദ്. ഒടിടിയില്‍ വരാന്‍ കാത്തിരിക്കരുത്.