'നോ, നോ. ദാസ്. നീ എന്തായാലും വരണം'.
നാലഞ്ച് വർഷം സഹപ്രവർത്തകനും സുഹൃത്തുമായ ശ്രീനിവാസാണ് നിർബന്ധിയ്ക്കുന്നത്.
അവന്റെ വിവാഹമാണ്. ജന്മനാടായ വിജയവാഡയിലെ ഒരുൾനാടൻ ഗ്രാമത്തിൽ വെച്ച്. പ്രശ്‌നമെന്തെന്നു വച്ചാൽ, അതേ സമയത്ത് തന്നെയാണ് തിരുവനന്തപുരത്ത് വെച്ച് ജയദാസിന്റെ ചേട്ടന്റെ കല്യാണവും. എന്തായാലും നാട്ടിൽ പോകുന്നതിനു മുൻപ് ഒരു ദിവസം വിജയവാഡ വരെ ചെല്ലാമെന്ന് ജയദാസിനെക്കൊണ്ട് സമ്മതിപ്പിച്ചിട്ടേ ശ്രീനി അടങ്ങിയുള്ളൂ.
അമ്മയും, ഒരനിയത്തിയും അനിയനുമടങ്ങുന്നതാണ് ശ്രീനിയുടെ കുടുംബം.മൂന്നോ നാലോ വർഷങ്ങൾക്കു മുൻപെടുത്ത ഒരു കുടുംബഫോട്ടോ ശ്രീനിയുടെ റൂമിൽ ഇരിയ്ക്കുന്നത് ജയദാസ് പലപ്രാവശ്യം കണ്ടിട്ടുണ്ട്.
കല്യാണത്തിന് പത്തുദിവസം മുൻപ് ശ്രീനി ലീവിൽ പോയി. അതിനടുത്ത ഒരു ദിവസം തന്നെ ജയദാസ് വിജയവാഡയിൽ അവന്റെ വീട്ടിൽ എത്തി. ഒന്ന് രണ്ടു മണിക്കൂർ തങ്ങി അന്ന് തന്നെ തിരികേ ഹൈദരാബാദിലേയ്ക്ക് പോകാൻ അനുവദിയ്ക്കണമെന്ന് അയാൾ ശട്ടം കെട്ടിയിരുന്നു. അല്ലെങ്കിൽ രണ്ടു ദിവസത്തേയ്ക്ക് അവിടെ തങ്ങാതെ അവർ വിടില്ലെന്ന് ഉറപ്പായിരുന്നു.
ലിവിങ് റൂമിൽ ശ്രീനിയുമായി സംസാരിച്ചിരിയ്ക്കെ അവന്റെ അമ്മ നിറഞ്ഞ ചിരിയോടെ മുന്നിൽ വന്നു നിന്നു. കുറച്ചു നേരത്തേ കുശലം പറച്ചിലിനു ശേഷം ഉള്ളിലേയ്ക്ക് പോകുമ്പോൾ അവർ പറഞ്ഞു.
'നിങ്ങൾ സംസാരിച്ചിരിക്കു.. ഞാനിതാ വരുന്നൂട്ടോ..'.
അല്പസമയം കഴിഞ്ഞു. വാതിൽക്കൽ പാദസരങ്ങളുടെ കിലുക്കം. അലസമായി അവിടേയ്ക്ക് നോക്കിയ ജയദാസിന് തന്റെ കണ്ണുകൾ അവിടെ നിന്നെടുക്കാനായില്ല.
അതീവസുന്ദരിയായ ഒരു യുവതി തങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്നു.
കയ്യിൽ രണ്ടു പ്ളേറ്റുകൾ നിറയെ എന്തൊക്കെയോ.
ചെറിയ നാണത്തോടെ പിടയ്ക്കുന്ന മിഴികൾ അയാളുടെ നേർക്ക് ഒന്ന് പായിച്ച് തിരക്കിട്ട് അവൾ മുന്നോട്ടു കടന്നു വന്നു. കയ്യിലിരുന്ന പ്ലേറ്റ് ടീപ്പോയിൽ വയ്ക്കാൻ ശ്രമിച്ച അവളുടെ കൈയ്യൊന്നു വഴുതി, പ്ളേറ്റുകളിലൊന്ന് നിലത്ത് വീണു. അതിൽ നിന്നും വിജയവാഡ സ്പെഷ്യൽ പുനുഗുലുവും, കച്ചോരിയും, മിർച്ചി ബജ്ജിയും മറ്റും നിലത്തു ചിതറിപ്പരന്നു.
' അയ്യോ..എന്താ കുട്ടീ ഈ കാട്ടീത്?' പിന്നാലെ ചായയും കൊണ്ട് വന്ന അമ്മ ശാസിച്ചു.
പരിഭ്രമവും, അതിലേറെ ജാള്യതയും മൂലം മുഖം കുനിച്ചിരുന്നു നിലം വൃത്തിയാക്കാൻ തുടങ്ങിയിരുന്നു അവൾ. പെട്ടെന്നുണ്ടായ ഈ സംഭവത്തിൽ എന്ത് ചെയ്യണമെന്ന് ആശയക്കുഴപ്പമുണ്ടായെങ്കിലും, ജയദാസ് സോഫയിൽ നിന്ന് എഴുന്നേറ്റ് സമീപത്തു ചെന്നിരുന്ന് പുഞ്ചിരിയോടെ സഹായിക്കാൻ തുടങ്ങി. തൊട്ടടുത്തു ജയദാസിനെ കണ്ടപ്പോൾ, ഇപ്പോഴും ജാള്യതയുടെ പിടിയിൽ നിന്നു മോചിതയാകാത്ത അവളുടെ മുഖകമലം ഒന്നു കൂടെ കുങ്കുമവർണ്ണമണിഞ്ഞതയാൾ കണ്ടു. ഒപ്പം, വിടർന്ന നേത്രങ്ങളിൽ മിന്നിമറഞ്ഞ മറ്റെന്തോ കൂടെ അയാൾക്ക് വായിച്ചെടുക്കാനായി.
ഇത് വരെ കാണാത്ത പുതിയ അർത്ഥതലങ്ങൾ തേടുന്ന,
നിമിഷനേരത്തേയ്ക്ക് അയാളുടെ പുഞ്ചിരിമാച്ചു കളയാൻ മാത്രം പര്യാപ്തമായ, എന്തോ ഒന്ന്.
നാലു വർഷം മുൻപെടുത്ത ഫോട്ടോയിൽ കണ്ട കുട്ടി തന്നെയോ ഇവൾ എന്ന് അതിശയിയ്ക്കുകയായിരുന്നു ഇതിനിടയിലും ജയദാസിന്റെ മനസ്സ്. പെൺകുട്ടികൾ ഇങ്ങനെയും മാറുമോ? ഫോട്ടോയിൽ കണ്ട ആളെവിടെ? വിടർന്ന ചെമ്പകപ്പൂ പോലെ ഇപ്പോൾ മുന്നിൽ ഇരിയ്ക്കുന്ന ഈ സൗന്ദര്യധാമമെവിടെ? കൗമാര-യൗവനകാലങ്ങളിൽ പെൺകുട്ടികളിൽ വസന്തം വിരിയിക്കുന്ന പ്രകൃതിയുടെ മായാജാലത്തെയോർത്ത് അയാൾ വിസ്മയം പൂണ്ടു.
താഴെ വീണ സാധനങ്ങൾ കഴിയുന്നത്ര പ്ളേറ്റിലേയ്ക്ക് തിരിച്ചെടുത്ത്, പെട്ടെന്നെഴുന്നേറ്റ് അവൾ ഉള്ളിലേയ്ക്ക് നടന്നു. പക്ഷേ, അടുത്ത നിമിഷത്തിൽ അടുക്കളയിൽ വീണ്ടും പ്ലേറ്റ് താഴെ വീഴുന്ന ശബ്ദം എല്ലാവരും വ്യക്തമായി കേട്ടു.
'ഈ കുട്ടിയ്ക്കിതെന്താ പറ്റ്യേ?' അമ്മ വീണ്ടും അകത്തേയ്ക്ക് പോയി അല്പസമയത്തിനുള്ളിൽ പുതിയൊരു പ്ലേറ്റിൽ വിഭവങ്ങളുമായി എത്തുമ്പോൾ, അടുക്കളയിൽ ഇപ്പോൾ അവളുടെ മുഖഭാവം എന്തായിരിക്കുമെന്ന ചിന്തയിലായി അയാൾ.
ഒരു മണിക്കൂറോളം സംസാരിച്ചിരുന്ന ശേഷം ജയദാസ് യാത്ര പറഞ്ഞിറങ്ങി. ശ്രീനി പടിയ്ക്കൽ വരെ വന്ന് യാത്രയാക്കി വീട്ടിലേയ്ക്ക് തിരിച്ചു കയറി. വിവാഹത്തിന് മുൻപ് ഇനി അയാൾക്ക് എന്തെല്ലാം ചെയ്തു തീർക്കാനുണ്ട്.
അല്പം നടന്നാൽ തൊട്ടടുത്തു തന്നെ ഒരു ബസ് സ്റ്റോപ്പുണ്ട്. വിജയവാഡ ബസ് സ്റ്റാൻഡിലേയ്ക്കുള്ള ബസ്സുകൾ അവിടെ നിന്നു കിട്ടും. വിജയവാഡയിൽ നിന്ന് ഉദ്ദേശം ആറു മണിയ്ക്കൂർ യാത്രയുണ്ട് ഹൈദരാബാദിലേയ്ക്ക്.
വഴി അല്പം വളഞ്ഞു ശ്രീനിയുടെ വീടിനെ ചുറ്റിയാണ് പോകുന്നത്. ആലോചനയിൽ മുഴുകി മുന്നോട്ടു നീങ്ങവേ, ആരോ തന്നെ നോക്കി നിൽക്കുന്ന പോലെ ഒരു തോന്നൽ ജയദാസിൽ ശക്തിയായി. പെട്ടെന്ന് കണ്ണുകൾ വെട്ടിച്ച് അയാൾ ഇടത്തോട്ട് നോക്കി.
അവിടെ, അടുക്കളയുടെ പിന്നിൽ ആ കണ്ണുകൾ.
അവനെത്തന്നെ നോക്കി നിൽക്കുകയാണ്. അവയിലെ പേരറിയാത്ത ആ നക്ഷത്രത്തിളക്കം ഇവിടെ നിന്നു പോലും അയാൾക്ക് ദൃശ്യമാവുകയും, ഹൃദയത്തിൽ കുളിർ കോരിയിടുകയും ചെയ്തു. വിദ്യുൽപ്രവാഹത്തിനടിമപ്പെട്ട പോലെ, വികാരവിവശനായി അയാൾ അറിയാതെ കൈവീശി. ഒരു മന്ദസ്മിതം താനറിയാതെ ചുണ്ടുകളിൽ വിരിഞ്ഞതു കണ്ടാകണം, അവളിൽ നിന്നും തിരിച്ചും നനുത്ത ഒരു പുഞ്ചിരി. കപോലങ്ങളിൽ സിന്ദൂരത്തുടിപ്പ്.
എവിടെ നിന്നോ വീശിയെത്തിയ ഒരിളം തെന്നൽ അന്തരീക്ഷം മുഴുവൻ അനുരാഗപരാഗരേണുക്കൾ വാരിവിതറിക്കൊണ്ട് അവരെ വലംവെയ്ക്കുന്നതായി അയാൾക്കനുഭവപ്പെട്ടു. അവയെ തന്നിലേയ്ക്കാവാഹിച്ച് പ്രണയപരവശനായി അയാൾ നിലകൊണ്ടു.
'ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവു'മാണെന്ന കേശവൻ നായരുടെ വരികൾ ഉറക്കെ വിളിച്ചു കൂവണമെന്ന് ഇപ്പോൾ ജയദാസിനു തോന്നി. ശബ്ദം പുറത്തു വരാത്തതിനാൽ, അത് മനസ്സിൽ ആവർത്തിച്ചുരുവിട്ട് തെല്ലിട കൂടെ അങ്ങനെ നിന്നു.
പിന്നെ മനസ്സില്ലാമനസ്സോടെ, സ്വപ്നാടനത്തിലെന്നോണം
മന്ദം ചുവടുകൾ വെച്ചു മുന്നോട്ടു നീങ്ങി.
അയാൾ കണ്ണിൽ നിന്നു മറഞ്ഞിട്ടും, എല്ലാം മറന്ന് അവൾ അവിടെത്തന്നെ നിന്നു.
ജയദാസിന്റെ മനസ്സിൽ നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന ചമ്പകമരം പോലെ.
തനിയ്ക്ക് സംസാരശേഷി ഉണ്ടായിരുന്നെങ്കിലെന്ന് ഉൽക്കടമായി ആഗ്രഹിച്ചു കൊണ്ട്.
**ശുഭം**