സാമാന്യയുക്തി മാറ്റി വച്ച് ചിരിക്കാന്‍ തയ്യാറായി ചെന്നാല്‍ രണ്ടു മണിക്കൂര്‍ നോണ്‍ സ്റ്റോപ്പായി ചിരിച്ചുകൊണ്ടിറങ്ങി പോരാം. അതാണ് 'പൈങ്കിളി' പ്രേക്ഷകന് നല്‍കുന്ന അനുഭവം. 'ആവേശം' സിനിമയില്‍ ഹോസ്റ്റല്‍ വാര്‍ഡനായി എത്തിയ ശ്രീജിത്ത് ബാബു ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് 'പൈങ്കിളി' . 'ആവേശം' സിനിമയുടെ സംവിധായകനായ ജിത്തു മാധവന്‍ കഥയും തിരക്കഥയും രചിച്ച ചിത്രത്തിന് ആവേശം ആവോളമുണ്ട്. എല്ലാ വിഭാഗത്തില്‍ പെട്ട പ്രേക്ഷകരെയും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന വിധം ആസ്വാദ്യകരമായി ഒരുക്കിയ ചിത്രം.
പ്രേമത്തില്‍ തനി പൈങ്കിളിയാണ് സുകു സുജിത് കുമാര്‍. ഫേസ് ബുക്കില്‍ തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് സ്വയം ആസ്വദിച്ച് മതിമറക്കുകയാണ് കക്ഷിയുടെ പ്രധാന വിനോദങ്ങളിലൊന്ന്. ജോലിയെന്ന് പറയാന്‍ ടൗണില്‍ കക്ഷിക്കൊരു സ്റ്റിക്കര്‍ കടയുണ്ട്, അത്ര തന്നെ. ദോഷം പറയരുതല്ലോ. നാട്ടുകാര്‍ക്കെല്ലാം സുകു വളരെ ഉപകാരിയാണ്. അച്ഛനും അമ്മയും അമ്മൂമ്മയുമൊക്കെ സുകുവിനെ വളരെ ഓമനിച്ചാണ് വളര്‍ത്തിയത്. ഇപ്പോഴും പുന്നാരം തന്നെ. സുകുവിന്റെ അച്ഛന്‍ സുജിത്ത് കുമാറും പ്രത്യേക സ്വഭാവക്കാരനാണ്. അല്‍പ്പം നൊസ്സുണ്ടോ എന്നു തോന്നുന്ന കഥാപാത്രം.
ഇനി ഷീബ ബേബിയെ പരിചയപ്പെടാം. വീട്ടുകാര്‍ ഷീബയ്ക്ക് വേണ്ടി ഒരുപാട് വിവാഹോലോചനകള്‍ കൊണ്ടു വരുന്നുണ്ട്. പക്ഷേ ഷീബയ്ക്ക് പ്രണയിച്ച് വിവാഹം കഴിക്കാനാണ് താല്‍പ്പര്യം. പക്ഷേ അതൊന്നും ഒരിക്കലും നടന്നില്ല. ഓരോ കല്യാണവും ഉറപ്പിക്കുകയുംവിവാഹത്തിന്റെ തലേന്ന് ഷീബ ഒളിച്ചോടുകയും ചെയ്യും. അങ്ങനെ കല്യാണം മുടങ്ങും. പ്രത്യേകിച്ച് ആരോടും വലിയ സ്‌നേഹമോ കടപ്പാടോ കക്ഷിക്കില്ല. വീട്ടുകാര്‍ ഉറപ്പിക്കുന്ന ഒരു കല്യാണത്തില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി പതിവു പോലെ ഷീബ ഒളിച്ചോടുകയാണ്. ആ ഓട്ടം ചെന്നു നില്‍ക്കുന്നതാകട്ടെ, സുകുവിന്റെ അടുത്തും. കടയിലെ ഒരാവശ്യത്തിനായി ഏറ്റവുമടുത്ത സുഹൃത്തുക്കളായ കുഞ്ഞായിയും പാച്ചുവുമായി കോയമ്പത്തൂരിലേക്ക് പോകുന്ന വഴിക്കാണ് സുകുവിന്റെ അടുത്ത് ഷീബയെത്തുന്നത്. തുടര്‍ന്നുള്ള യാത്രയില്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുന്നു. അത് സുകുവിന്റെ അന്നു വരെയുള്ള ജീവിതം മാറ്റി മറിക്കുകയാണ്. ജീവിതം വള്ളിക്കെട്ടാകുക എന്നു പറഞ്ഞാലുള്ള അവസ്ഥയിലേക്കാണ് സുകു വീണു പോകുന്നത്.
അസാധാരണമായ ടൈമിങ്ങും അഭിനയ പാടവം കൊണ്ടും ആദ്യന്തം സുകു സുജിത്ത് കുമാറായി അര്‍മാദിച്ച സജിന്‍ ഗോപുവിന്റെ കിടലന്‍ പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതോടൊപ്പം യുവത്വത്തിന്റെ പ്രസരിപ്പും ഊര്‍ജ്ജസ്വലമായ പെര്‍ഫോമന്‍സ് കൊണ്ടും നായകനൊത്ത പ്രകടനവുമായി അനശ്വര രാജനും ചിത്രത്തില്‍ ആദ്യന്തം തിളങ്ങി. രണ്ടിനും വട്ടുണ്ടോ എന്നു പ്രേക്ഷകര്‍ പല വട്ടം ചിന്തിച്ചു പോകും വിധത്തിലാണ് പ്രകടനം.
കഥയും കഥാപാത്രങ്ങളുമെല്ലാം തികച്ചും അസാധാരണം എന്നു തോന്നുമെങ്കിലും പ്രേക്ഷകര്‍ക്ക് നോണ്‍ സ്റ്റോപ് ചിരി സമ്മാനിക്കുന്നതില്‍ തികഞ്ഞ ധാരാളിത്തമാണ് കാണിക്കുന്നത്. ഒട്ടും യുക്തിയില്ലാത്ത പല കോമഡി സീനുകള്‍ ഉണ്ടെങ്കിലും അതെല്ലാം സാന്ദര്‍ഭിക കോമഡിയായി തന്നെ ഒരുക്കിയതിനാല്‍ ഒട്ടും വിരസത അനുഭവപ്പെടുന്നില്ല. നായകന്‍ സജിന്‍ ഗോപു മുതല്‍ കഥയില്‍ വന്നു പോകുന്ന എല്ലാ കഥാപാത്രങ്ങളുടെ കൈയ്യിലും ഒരു കോമഡിക്കുള്ള വെടിമരുന്നുണ്ട്. സിനിമയില്‍ മുറിയുടെ മൂലയ്ക്കിരുന്ന് വെറുതേ വര്‍ത്തമാനം പറയുന്ന അമ്മൂമ്മ മുതല്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന തങ്കന്‍ കൊച്ചച്ചന്‍ വരെ പ്രേക്ഷകനെ ആവശ്യത്തിന് ചിരിപ്പിക്കുന്നുണ്ട്. അബു സലിം, ജിസ്മ വിമല്‍, ചന്തു സലിം കുമാര്‍, റോഷന്‍ തുടങ്ങിയവരും ചിരിപ്പിക്കുന്ന ദൗത്യം മികച്ച രീതിയില്‍ നിര്‍വഹിച്ചു. പ്രേക്ഷകനെ ചിരിപ്പിക്കാന്‍ പല വഴികള്‍ തേടുമ്പോഴും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ക്‌ളീഷേ രംഗങ്ങളുമെല്ലാം ചിത്രത്തില്‍ നിന്നൂ പൂര്‍ണ്ണമായി ഒഴിവാക്കിയത് ചിത്രത്തിന്റെ മറ്റൊരു പ്‌ളസ് പോയിന്റാണ്.
ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റെ സംഗീതവും കിരണ്‍ ദാസിന്റെ എഡിറ്റിങ്ങും അര്‍ജ്ജുന്‍ സേതുവിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ കരുത്തു കൂട്ടി. എല്ലാ ടെന്‍ഷനും കുറച്ചു നേരത്തേക്കെങ്കിലും മറക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ധൈര്യമായി 'പൈങ്കിളി' കണ്ടോളൂ.