സ്റ്റോക്ക് ഓണ്‍ ട്രെന്റ്: കേരള രാഷ്ട്രീയത്തിലെ മഹാരഥന്മാരായിരുന്ന ഉമ്മന്‍ ചാണ്ടിയുടെയും, പി റ്റി തോമസിന്റെയും സ്മരണാര്‍ത്ഥം ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച പ്രഥമ ഷട്ടില്‍ ബാഡ്മിന്റന്‍ ഡബിള്‍സ്
ടൂര്‍ണമെന്റ് ആവേശോജ്ജ്വലമായി. സ്റ്റോക് ഓണ്‍ ട്രെന്റില്‍ വച്ച് സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഉദ്ഘാടനംചെയ്തു.
ഷട്ടില്‍ കളിച്ചുകൊണ്ട് ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ വലിയ ആരവത്തോടെയാണ് കാണികള്‍ ഏറ്റെടുത്തത്. രാഷ്ട്രീയ വേദികളിലും ജനസമൂഹത്തിലും തിളങ്ങുന്ന രാഹുല്‍ തനിക്ക് കായിക രംഗത്തും ആവേശം വിതറാന്‍ കഴിയുമെന്ന പ്രകടനമാണ് പുറത്തെടുത്തത്. നേരത്തെ, യു കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വലിയ ആവേശത്തോടെയാണ് രാഹുലിനെ സ്വീകരിച്ചത്.
ഓ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നീതു ജസ്റ്റിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ നാന്ദി കുറിച്ച ചടങ്ങുകള്‍ക്ക് നാഷണല്‍ വക്താവ് റോമി കുര്യാക്കോസ് ആമുഖ പ്രസംഗവും,ജോയിന്റ് സെക്രട്ടറിയും ടൂര്‍ണമെന്റ് ചീഫ് കോര്‍ഡിനേറ്ററുമായ വിജീ കെ പി സ്വാഗതവും ആശംസിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ബേബിക്കുട്ടി ജോര്‍ജ് ആശംസയും, സ്റ്റോക്ക് ഓണ്‍ ട്രെന്റ് യൂണിറ്റ് പ്രസിഡന്റ് ജോഷി വര്‍ഗീസ് നന്ദിയും അര്‍പ്പിച്ചു സംസാരിച്ചു.
ദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഐന അബിന്‍, എയ്ഞ്ചല്‍ ഷെബിന്‍, എയ്ഞ്ചല്‍ നെബു, ഒലിവിയ സന്തോഷ്, ലൗറ ഷെബിന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച 'വെല്‍ക്കം ഡാന്‍സ്' നയന മനോഹരമായി.
ഇന്റര്‍മീഡിയേറ്റ് കാറ്റഗറിയില്‍ നടത്തിയ മെന്‍സ് ഡബിള്‍സില്‍ ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ കപ്പുയര്‍ത്തിയത് ജെറമി - അക്ഷയ് കൂട്ടുകെട്ടാണ്. വാശിയേറിയ ഇഞ്ചോടിച്ചു പോരാട്ടത്തില്‍ രണ്ടാം സ്ഥാനം:
സുദീപ് - അംഗത് കൂട്ടുകെട്ടും, മൂന്നാം സ്ഥാനം പ്രിന്‍സ് - ഷിന്റോ ജോഡിയും നേടിക്കൊണ്ട് ട്രോഫികളും, കാഷ് പ്രൈസുകളും കരസ്ഥമാക്കി.
40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി നടത്തിയ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണ്ണമെന്റില്‍ സുരേഷ് - ഡോണ്‍ ടീം ചാമ്പ്യന്‍ന്മാരായി പി റ്റി തോമസ് മെമ്മോറിയല്‍ ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കി. അത്യന്തം വാശിയേറിയ മത്സരത്തില്‍ രണ്ടാം സ്ഥാനം പ്രകാശ് - സുഷില്‍ കൂട്ടുകെട്ടും, മൂന്നാം സ്ഥാനം ഹെര്‍ലിന്‍ - വിക്രാന്ത് ടീമും കരസ്ഥമാക്കി. 6 കോര്‍ട്ടുകളില്‍ ആയി നടത്തിയ മത്സരങ്ങളില്‍ ഇരു കാറ്റഗറിയിലുമായി 60 ഓളം ടീമുകള്‍ മാറ്റുരച്ചു. വീറും വാശിയും ഇടകലര്‍ന്ന മത്സരങ്ങള്‍ക്ക് സാക്ഷിയാകാന്‍ വലിയ ജനാവലിയാണ് സ്റ്റോക് ഓണ്‍ ട്രെന്റില്‍ എത്തിച്ചേര്‍ന്നത്.
രാത്രി എട്ടു മണിവരെ നീണ്ടു നിന്ന മത്സരത്തിനൊടുവില്‍ നടന്ന സമാപന സമ്മേളനവും സമ്മാനദാനവും ഓ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, കമ്മിറ്റി അംഗം ബേബി ലൂക്കോസ്, കോവന്‍ട്രി യൂണിറ്റ് പ്രസിഡന്റ് ജോഷി വര്‍ഗീസ്, സംഘാടക സമിതി അംഗം അജി എന്നിവരും ക്യാഷ് പ്രൈസുകള്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി വിജീ കെ പി, സ്റ്റോക്ക് ഓണ്‍ ട്രെന്റ് യൂണിറ്റ് ഭാരവാഹികളായ തോമസ് ജോസ്, തോമസ് പോള്‍, മുരളീ ഗോപാലന്‍, സിബി ജോസ്, ഷിജോ മാത്യു തുടങ്ങിയവരും വിതരണം ചെയ്തു.
ടൂര്‍ണമെന്റ് ചീഫ് കോര്‍ഡിനേറ്റര്‍ വിജീ കെ പി, സംഘാടക സമിതി അംഗം അജി തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി തോമസ് പോള്‍ നന്ദി പ്രകാശിപ്പിച്ചു. ദേശീയഗാനാലാപനത്തോടെ ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു. ഒഐസിസിയുടെ നേതൃത്വത്തില്‍ ഇത് നടാടെയാണ് കായിക രംഗത്ത് സംഘടന ചുവടുവെക്കുന്നത്.