ആത്മാവിന്റെ
ഇരുണ്ട ഇടനാഴിയിലൂടെ
മുടന്തി നടക്കുന്നവൻ
തിരകൾ കാണും
കടലിനെ വിസ്മരിക്കും
സ്വന്തം കല്ലറയ്ക്കായി
മണലിൽ കൊട്ടാരങ്ങൾ പണിയും
നിഴലുകൾ കൂട്ടിച്ചേർത്തു കൊണ്ട്
പുതിയൊരു വെളിച്ചത്തെ സൃഷ്ടിക്കുവാൻ പരിശ്രമിക്കും
കഷ്ടം അവന്റെ വാഴ് വ്
അവനിയിൽ പാഴായിപ്പോവുന്ന
കേവലമൊരു കിനാവ് !
2
കിണറുണ്ട്
പുഴയുണ്ട്
കടലുണ്ട്
മുങ്ങി മരിക്കാൻ പക്ഷെ
കടലോളം നല്ലതെന്തുണ്ട്
അവിടെ മുത്തായി പരിണമിക്കും
ഒരുവന്റെ അസ്ഥികൾ.
3
ഒരുവൻ ഉണർന്നിരിക്കുമ്പോഴും
സ്വപ്നത്തിൽ മയങ്ങുമ്പോഴും
സുഷുപ്തിയിലെ സുഖദമായ
ഇരുട്ടിൽ ആഴ്ന്നിറങ്ങി ശയിക്കുമ്പോഴും
കടൽ അവനു വേണ്ടി മന്ദസ്ഥായിയിൽ
മൂളുകയാണൊരു താരാട്ട് അർദ്ധബധിരനാകയാൽ അവൻ
അതു കേൾക്കുന്നില്ലെന്നു മാത്രം.
4
അപാരതയുടെ
അനേകം നീർക്കുമിളകൾ
പൊട്ടി കടലുണ്ടായി
കടലിനു കാവൽ നിൽക്കാൻ
കരയുണ്ടായി
കടലിനും കരയ്ക്കും കാവൽ
നിൽക്കാൻ നക്ഷത്രങ്ങളുണ്ടായി
നക്ഷത്രങ്ങളെണ്ണി തിട്ടപ്പെടുത്താൻ
അപാരത മനുഷ്യനെ സൃഷ്ടിച്ചു.
എണ്ണിയെണ്ണി കുഴയുമ്പോൾ
കുഴഞ്ഞു വീഴുമ്പോൾ
ഒരുവൻ എണ്ണത്തെ വിസ്മരിച്ച്
അപാരതയുടെ കടലിൽ
ലയിച്ചെന്നു വരും.
5
മലയാളമല്ലല്ലൊ
ഊർജ്ജമലയാളമല്ലേ
അപാരതയുടെ ഭാഷ!
അതിൽ സ്വരങ്ങളും
വ്യഞ്ജനങ്ങളുമില്ലല്ലോ
സ്പന്ദനങ്ങൾ മാത്രമല്ലേയുള്ളൂ.
6
കടലിനെ
വിസ്മയത്തിന്റെ വലയിൽ
പിടിച്ചിട്ട കുട്ടി
പൊട്ടിച്ചിരിച്ചു
യുവമിഥുനങ്ങൾ
ചെമ്മാനം നോക്കി പ്രാർത്ഥിച്ചു:
ഈ കടലും തീരവും പോലെ
അനുസ്യൂതമാകട്ടെ
നമ്മുടെ പ്രണയവും
ഏകാകിയായ
വൃദ്ധന് തോന്നി
തന്നെപ്പോലെ കടലും
ഒറ്റപ്പെട്ടു പോയ
ഒരു മരതകതുരുത്താണെന്ന്.
7
ഒരിക്കൽ
അവനൊരു തുള്ളിയായിരുന്നു
അപാരതയോട് ചേർന്നപ്പോൾ
അവനിതാ ഒരു വൻകടലായി!