Image

'സ്വര്‍ഗ്ഗവാതില്‍ പൂട്ടിയ പത്രോസ്' ( മിനിക്കഥ : ടി.എ. ചാലിയാര്‍)

Published on 20 February, 2025
'സ്വര്‍ഗ്ഗവാതില്‍ പൂട്ടിയ പത്രോസ്' ( മിനിക്കഥ : ടി.എ. ചാലിയാര്‍)

സ്വർഗ്ഗത്തിൽ ഇടി വെട്ടുകയോ...?
ശബ്ദം കേട്ടിടത്തേക്ക് കർത്താവ് നോക്കി. അപ്പോൾ സ്വർഗ്ഗവാതിൽ വളരെ വലിയ ശബ്ദത്തോടെ അടച്ചുപൂട്ടി സ്വർണ്ണ താക്കോലുമായി പത്രോസ് ഓടി വരുന്നു. കിതച്ച് പരവശനായി അടുത്തെത്തിയ പത്രോസിനോട് യേശു ചോദിച്ചു. 
"എന്താ പത്രോസേയിത്..പേടിപ്പിച്ചു കളഞ്ഞല്ലോ, ഇത്ര ശക്തിയോടെയാണോ സ്വർഗ്ഗവാതിൽ അടച്ചുപൂട്ടുന്നത് ? ഇത് എന്തുപറ്റി..ഓടി കിതച്ചു വരാൻ ?
" അപ്പോൾ പത്രോസ് പറഞ്ഞു 
" കർത്താവേ അങ്ങ് എന്തു പണിയാ കാണിച്ചത്, സ്വർഗ്ഗ വാതിലിന്റെ മുൻപിൽ അണക്കെട്ട് പൊട്ടിയ പോലേ ആത്മാക്കളുടെ പ്രളയമാണ്. തിക്കും തിരക്കും, തള്ളലും ഒഴിവാക്കാൻ കുറെ മാലാഖ പോലീസുകാരെ അവിടേക്ക് ഉടനെ വിട്ട് തന്നില്ലെങ്കിൽ എന്റെ കാര്യം കട്ടപ്പൊകയാണ്... അല്ല കർത്താവേ, നരക വാതിലെങ്ങാനും പൊളിഞ്ഞോ? അതോ ഭൂമിയിലിപ്പോൾ മുഴുവനും വിശുദ്ധരാണോ? 
യേശു പത്രോസിനെ നോക്കി എന്നിട്ട്  പറഞ്ഞു , "പത്രോസ്, നീയും തോമായേ പോലെ സംശയ രോഗിയായോ?
അപ്പോൾ കർത്താവിന് പത്രോസ് മറുപടി കൊടുത്തു,
"അതല്ല കർത്താവേ, ഇത്രയും കൂടുതൽ ആത്മാക്കളെ നരക വാതിലിന്റെ മുൻപിൽ അല്ലാതെ ഇന്നേവരെ സ്വർഗ്ഗകവാടത്തിനരികെ കണ്ടിട്ടില്ല, മാസത്തിൽ ഒരാളെങ്ങാനും വന്നെങ്കിലായി. അതിനാൽ അവിടെയിരുന്ന് ഉറങ്ങിയിരുന്ന ഞാൻ അകലേന്ന്‌ കേൾക്കുന്ന  ആരവം കേട്ടാണ് ഉണരുന്നത്. കടൽ തിരമാല പോലെ ആത്മാക്കളുടെ ചിറകടി ശബ്ദം,...നരക വാതിൽ പൊളിച്ചു വരുന്നവർ ആയിരിക്കും എന്നാണ് എന്റെ ബലമായ സംശയം. അതിനാൽ ഉടൻ തന്നെ വാതിൽ അടച്ചുപൂട്ടി പോന്നു. അപ്പോൾ യേശു ചിരിച്ചുകൊണ്ട് പറഞ്ഞു. 
"എന്റെ മണ്ടൻ പത്രോസേ, ഞാൻ പണ്ട് ഇങ്ങോട്ട് പോന്നപ്പോൾ നിനക്ക് പറഞ്ഞു തന്നത് ഓർമയില്ലേ? 
" സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്ക് ഞാൻ തരും, നീ ഭൂമിയിൽ കെട്ടുന്നതെല്ലാം കെട്ടപ്പെടും, അഴിക്കുന്നതെല്ലാം അഴിക്കപ്പെടും,എന്ന് ' ഞാൻ പോന്നപ്പോൾ തന്നതാണ് താക്കോലുകൾ. നിന്റെ പിൻഗാമി ഇപ്പോൾ അതെടുത്ത് പ്രത്യേകമായി പ്രയോഗിച്ചിരിക്കുകയാണ്. ഭൂമിയിൽ,ഇപ്പോൾ ജൂബിലി വർഷമാണ്. 2026 ജനുവരി ആറു വരെ നിന്റെ പിൻഗാമി വിശുദ്ധ വാതിൽ എന്ന് പ്രഖ്യാപിച്ച് തുറന്ന വാതിലുകളിലൂടെ കടക്കുന്നവരിൽ ആരെങ്കിലും ഇവിടേക്ക് വന്നാൽ നീ പൂട്ടിയ വാതിലിലൂടെയും അവർ കടന്നുപോരും."  
പത്രോസ് ഇത് കേട്ട് അന്തം വിട്ടുനിന്നു. എന്നിട്ട് പറഞ്ഞു. " കർത്താവേ, ഞാൻ അവിടെ ഒന്നും കെട്ടിയിട്ടുമില്ല, അഴിച്ചിട്ടുമില്ല, മാത്രമല്ല ഇങ്ങനെ ചെയ്യുമ്പോൾ എന്റെ പിൻഗാമി തുറന്നു വെച്ചിരിക്കുന്ന വിശുദ്ധ വാതിലിലൂടെ കടക്കുവാൻ സാധിക്കാത്തവർ, അല്ലേൽ അകലെയുള്ളവർ എന്തു ചെയ്യും.. ? ഒരുതരത്തിൽ പറഞ്ഞാൽ അത് അനീതിയല്ലേ കർത്താവേ?" 
അപ്പോൾ യേശു പറഞ്ഞു, അവിടേക്ക് പോകാൻ പറ്റാത്തവരെയൊക്കെ എനിക്കറിയാം, ഇതിന് പകരമവർ പശ്ചാത്തപിച്ച് അവരുടെ ഉള്ളിൽ ഒരു വിശുദ്ധ വാതിൽ രൂപീകരിക്കണം എന്നിട്ട് എന്നാളും അവർ ആ വാതിലിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യണം. അപ്പോൾ അവർക്കെല്ലാം ഇവിടെ എത്താൻ സാധിക്കും..  നിന്റെ സംശയമൊക്കെ ഇനി എന്നാണ് തീരുക പത്രോസേ? കോഴി കൂവിയാലേ നിന്റെ ബോധം തെളിയൂ, ശിഷ്യ,? 
അതുകൊണ്ട് പേടിക്കാതെ പോയി സ്വർഗ്ഗ വാതിൽ പെട്ടെന്ന് തുറന്നു കൊടുക്കുക." കർത്താവിന്റെ മറുപടി കേട്ട് പത്രോസ് ആലോചനാ മഗ്‌നനായി. തനിക്ക് കിട്ടിയ താക്കോലുകൾ ഭൂമിയിലും ഉണ്ടോ എന്ന സംശയത്തിൽ ആലോചിച്ച് നിൽക്കുമ്പോൾ, അവിടെ എവിടെയോനിന്ന് ഒരു കോഴി കൂവി. അപ്പോൾ കർത്താവ് പത്രോസിനെ നോക്കി വീണ്ടും ചിരിച്ചു.
പത്രോസ് ജ്യാളിയത കാണിക്കാതെ പുഞ്ചിരിച്ചുകൊണ്ട് ഉടൻ സ്വർഗ്ഗ വാതിലിനെ ലക്ഷ്യമാക്കി ഓടി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക