വാക്കുകൾ
പെറുക്കിപ്പെറുക്കി
ഞാനൊരു
വാക്കു പെറുക്കിയായി.
ഉയരുന്ന തെറികളിൽ
കുരുങ്ങിക്കുരുങ്ങി
കവിത കീറിയ കുപ്പായമായി
പെണ്ണുങ്ങൾ തമ്മിലുള്ള
ചീത്ത വിളിയിൽ
പേൻ നോക്കുന്ന കുസൃതികൾ
അരിശം മൂത്ത കണ്ടക്ടർ
ചില്ലറക്ഷാമം നേരിടുമ്പോൾ
റേഷൻകടയിൽ
മണ്ണെണ്ണ ഊറ്റുന്നവൻ
തുളുമ്പി മറിച്ച മണ്ണെണ്ണ കാണുമ്പോൾ
രാഷ്ട്രീയത്തർക്കങ്ങളിൽ
നേതാക്കൾ തെറിവിളി
കേൾക്കുമ്പോൾ
കുളിരുന്ന കവിത
മുളച്ച വിത്തുപോലെ
കൗതുകത്തിൽ നിറയുന്നു.
വാക്കു പെറുക്കി
ചിന്തയിൽ മനനം ചെയ്തു
വാക്കടുക്കി വെച്ച ഷെൽഫിന്
കനം കൂടിക്കൂടി താങ്ങാൻ വയ്യാതായി
കാലൊടിഞ്ഞ
വാക്കുകൾ
ജിവിതത്തിൽ മുടന്തവേ
തന്മയത്വം വിടാത്ത പുലരികളിൽ
കിളികൾ ചിലയ്ക്കവേ
നടക്കാനിറങ്ങിയ സവാരിയെ
പട്ടി കടിയ്ക്കവേ
നീലിച്ച ചില്ലകളിൽ
ഇലപൊഴിയവേ
കാലം
കലണ്ടറിൻ്റെ മുമ്പിൽ തോറ്റു വീഴുന്നു
തോറ്റംപാട്ടുകൾക്ക്
താളം നഷ്ടപ്പെട്ട കുടിയന്മാർ
തറയിലുറയ്ക്കാത്ത കാലുമായി
കാവടിയാട്ടം നടത്തുന്നു
കാഴ്ചകൾ മടുത്ത കവി
ധ്യാനനിരതനായി
നൂറ്റാണ്ടിൻ്റെ മേൽ വാക്കുകൾ കൊണ്ട്
കൊട്ടാരം കെട്ടി
വാക്ക് സൂക്ഷിയ്ക്കാൻ
കഴിയാത്ത കവി
ഭാഷയിൽ അതിർവരമ്പുകൾ ലംഘിക്കപ്പെട്ട്
അശ്വമേധം തീർത്തു കൊണ്ടേയിരിക്കുന്നു.