എനിയ്ക്കു രണ്ടു മുഖങ്ങളുണ്ടു ;
ആ കാര്യം
ഈ വീട്ടിലെ അപ്പനോ മക്കൾക്കോ അറിയില്ല.
പക്ഷേ
ഈ വീട്ടിലെ ചുവരുകൾക്കറിയാം
പ്രത്യേകിച്ച്, കുളിമുറി ചുവരുകൾക്ക് .
അവിടെയാണല്ലോ ഞാനെന്റെ
ക്ഷോഭവും വ്യസനങ്ങളും
അണപൊട്ടിയൊഴുകുന്ന കണ്ണീരും
ചുമന്നുകൊണ്ടുചെന്നു ഡംപ് ചെയ്യുന്നതു .
ലജ്ജയില്ലാതെ, ഭയമില്ലാതെ അപ്പനേം മക്കളേം
ചീത്തവിളിക്കും.
അവർക്കുള്ള ഇടിയും തൊഴിയും പ്രാക്കും തുല്യമായ്
വീതിച്ചു കൊടുക്കുന്ന നല്ലൊരു
സോഷ്യലിസ്റ്റാണു ഞാൻ,... പിന്നെ പുറത്തിറങ്ങുന്നതു
ശാന്ത സ്വരൂപിണിയായ അമ്മ
പ്രേമവതിയും അനുസരണവുമുള്ള ഒന്നാന്തരം ഭാര്യ!!
എന്റെ മുഖം മൂടി ഒന്നു അഴിച്ചു മാറ്റണമെന്നുണ്ടു....
കാലപ്പഴക്കംകൊണ്ടതു
അഴിച്ചു മാറ്റാനാവാത്ത വണ്ണം
മുഖത്തോടു ചേർന്നു കഴിഞ്ഞു!!
എനിയ്ക്കറിയില്ലിപ്പോൾ
ഇതിൽ
ഏതാണു ഞാൻ ... ?