Image

മലയാളം (കവിത: ദീപ ബിബീഷ് നായർ)

Published on 21 February, 2025
മലയാളം (കവിത: ദീപ ബിബീഷ് നായർ)

മലയാള ഭാഷതൻ മാധുര്യമോതിയ
മഹനീയ കവികൾ തൻ തൂലികത്തുമ്പിലെ

മനസിന്റെയാഴത്തിലുള്ളൊരു കല്പന
കവിതയായ് കാട്ടിയ സുന്ദര മലയാളം

അക്ഷര ശകലങ്ങളെണ്ണമറ്റാത്തൊരു
അക്ഷയപാത്രമായ് മാറിയ മലയാളം

ഹരിതാഭയുള്ളൊരാ കേരള മണ്ണിന്റെ
ഹരിതയാം ഭംഗിയിലലിയുന്നു മലയാളം

ആദിമ ദ്രാവിഡ ഭാഷതൻ സൗന്ദര്യ -
മാകെ ജ്വലിപ്പിച്ച മധുരമാം മലയാളം

തുഞ്ചത്തെഴുത്തച്ഛൻ ആത്മാവു നൽകിയ
മാമലനാടിൻ്റെ ഭാഷയാം മലയാളം

ഭാരതഭാഷതൻ ശ്രേഷ്ഠമാം ശ്രേണിയിൽ
വേറിട്ടു നിന്നൊരാ സുന്ദര മലയാളം

ഭാരത സംസ്കാരമുൾക്കൊണ്ടൊരാ ഭൂവിൻ
ഭാഷതൻ പ്രൗഢിയിലലിയുന്നു മലയാളം

മലനാട്ടിൻ മക്കളെ മറക്കാതിരിക്കണെ
മനതാരിലുണരുമീ മാതാവിൻ ഭാഷയെ...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക