ഫോമായിൽ പ്രവർത്തനത്തിലും നേതൃരംഗത്തും തലയെടുപ്പുള്ള യുവനേതാക്കളിൽ ഏറെ ശ്രദ്ധേയനാണ് അനു സ്കറിയ. ആക്ഷേപങ്ങൾക്കോ ശത്രുതയ്ക്കോ ഇടംകൊടുക്കാതെ പ്രവർത്തനനിരതമാകുന്ന ചുരുക്കം ചിലരിൽ ഒരാൾ. സംഘടനയോടുള്ള പ്രതിബദ്ധതയ്ക്ക് പുറമെ സംഘടന എന്തായിരിക്കണമെന്ന വ്യക്തമായ നിലപാടുകളും അനു സ്‌കറിയയെ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സർവഥാ യോഗ്യനാക്കുന്നു.
ഫോമായുടെ 2014 മുതലുള്ള പ്രസിഡന്റുമാർക്കുമൊപ്പം ചെറുതും വലുതുമായ ഉത്തരവാദിത്തങ്ങൾ ഏറ്റവും ഭംഗിയായ രീതിയിൽ നിർവ്വഹിക്കാൻ സാധിച്ചതിലൂടെ ആർജ്ജിച്ച ആത്മവിശ്വാസമാണ് ഈ യുവനേതാവിന്റെ കൈമുതൽ. ഏറെക്കാലമായി ജനറൽ സെക്രട്ടറി സ്ഥാനത്ത് മത്സരിക്കാൻ പലരിൽ നിന്നും സ്‌നേഹപൂർവമായ അഭ്യർത്ഥന ഉണ്ടായിട്ടും കൃത്യമായ ഒരു അവസരം വന്നുചേരുന്നതുവരെ കാത്തിരിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.
ഫോമായുടെ നിലവിലെ പ്രവർത്തനങ്ങൾ എല്ലാ തട്ടിലേയും അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടോ എന്നുചോദിച്ചാൽ ഇനിയും ഏറെക്കാര്യങ്ങൾ ചെയ്യാനാകുമെന്നാണ് അനു സ്കറിയയുടെ പക്ഷം. ഇത്രയും മതി എന്ന ചിന്ത ഒന്നിനും ഭൂഷണമല്ലല്ലോ! സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാനും ആ ഒഴുക്കിനൊപ്പം നീന്താനും അദ്ദേഹത്തിന് സവിശേഷമായ പാടവമുണ്ട്.
വെറുതെ ഒരു സംഘടനയുടെ ഭാഗമാകുന്നതിന് അപ്പുറം, സേവനതല്പരതയോടെ കടന്നുവരുന്നവരുടെ കൂട്ടായ്മ എന്നതാണ് ഫോമായിൽ കാണുന്ന പ്രത്യേകത എന്ന് അനു സ്കറിയ അഭിപ്രായപ്പെടുന്നു. നല്ലൊരു ആശയം മുന്നോട്ടുവച്ചാൽ, അതിനെ ഏറ്റവും നല്ലരീതിയിൽ നടപ്പാക്കാൻ എല്ലാവിധ സഹായ സഹകരണങ്ങളും പിന്തുണയുമായി ഏവരും ഒപ്പം നിൽക്കുമെന്നത് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യാൻ പ്രേരണയാകും.
അമേരിക്കയിൽ പഠിച്ചു വളർന്ന വ്യക്തി എന്ന നിലയിൽ ഇവിടത്തെ രണ്ടാം തലമുറയുടെയും പ്രതിനിധിയാണ് അനു സ്കറിയ. എന്നാലും മലയാള ഭാഷ അന്യുനമായി കൈകാര്യം ചെയ്യുന്നതിന് തന്നെ പ്രാപ്തനാക്കിയത് അമേരിക്കയിലെ മലയാളി സംഘടനകളാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
"അമേരിക്കയിലെ മലയാളി സംഘടനകളുടെ പ്രധാന പോരായ്മ ഇവിടെ ജനിച്ചുവളർന്ന തലമുറ ഇത്തരം അസോസിയേഷനുകളിൽ നിന്ന് അകലം പാലിക്കുന്നു എന്നുള്ളതാണ്. താരതമ്യേന ചെറിയ പ്രായത്തിൽ അമേരിക്കയിൽ വന്നതുകൊണ്ട്, അത്തരക്കാരുടെ മനസ്സ് എനിക്ക് കൂടുതൽ അടുത്തറിയാം. അവരെ അസോസിയേഷനിലേക്ക് എങ്ങനെ ആകർഷിക്കാനാകുമെന്ന് ചിന്തിച്ചതിന്റെ ഫലമായാണ് 2020 ൽ ഞാൻ ഫോമാ യൂത്ത് ഫോറം ചെയർപേഴ്സൺ ആയിരിക്കെ നാല്പതോളം കുട്ടികളെ യൂത്ത് ഫോറത്തിന്റെ ഭാഗമാക്കിയത്. ഫോമായുടെ ചരിത്രത്തിൽ അത്രയധികം യുവാക്കൾ കടന്നുവന്നത് ആദ്യമായിട്ടായിരുന്നു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാൽ, യുവജനങ്ങൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നല്കണമെന്നുണ്ട്. അവരെ ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ പരിപാടികളും പദ്ധതികളും കൊണ്ടുവരാനാകും. അതൊക്കെയും ഫോമായ്ക്ക് കൂടുതൽ ജനകീയമായ മുഖം നൽകുന്നവയായിരിക്കും." അനു സ്കറിയ ഫോമായെക്കുറിച്ചുള്ള തന്റെ ഭാവികാഴ്ചപ്പാട് വ്യക്തമാക്കി.
പത്തനംതിട്ടയിലെ ഓമല്ലൂരിൽ ജനിച്ച അനു സ്കറിയ,12 വയസ്സുള്ളപ്പോൾ അമേരിക്കയിൽ എത്തിയതാണ്. ഹൈസ്കൂളും കോളജും ഇവിടെയാണ് പഠിച്ചത്. അതുകൊണ്ടുതന്നെ സംഘടനാപ്രവർത്തനങ്ങളുടെ ബാലപാഠങ്ങൾ അദ്ദേഹം സ്വായത്തമാക്കിയത് അമേരിക്കയിലെ പ്രാദേശിക അസോസിയേഷനിൽ പ്രവർത്തിച്ചുകൊണ്ടാണ്.
ഗ്രേറ്റർ ഫിലാഡൽഫിയയിലെ മലയാളി അസോസിയേഷൻ മാപ്പിലൂടെയാണ് (MAP) സംഘടന പ്രവർത്തനത്തിലേക്ക് അനു സ്കറിയ ചുവടുവച്ചത്. 2003-ൽ യൂത്ത് ചെയർ ആയി തുടക്കം.
2014 - 2015ൽ യൂത്ത് ഫോറം ആൻഡ് ആർട്സ് ചെയറായി. ശക്തമായ രീതിയിൽ മാപ്പിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും , ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും മികച്ച രീതിയിൽ പൂർത്തീകരിച്ചതും അദ്ദേഹത്തിന്റെ നേതൃപാടവം മറ്റുള്ളവർക്ക് ബോധ്യപ്പെടാൻ വഴിയൊരുക്കി. അതുകൊണ്ടുതന്നെയാണ് എതിർപ്പുകളില്ലാതെ അനു സ്കറിയയെ മാപ്പ് 2016 ൽ പ്രസിഡന്റായി തെരെഞ്ഞെടുത്തത്. തുടർന്ന് യുവജനങ്ങളുടെയും സ്ത്രീകളുടെയും പ്രവാഹം തന്നെ മാപ്പിന്റെ ഓരോ പരിപാടിക്കുമുണ്ടായി. സംഘടനയിൽ നിന്ന് മാറിനിന്നവരെയും കൂടി ഒരുമിച്ചുകൂട്ടാനും കൈ പിടിച്ച് മുന്നോട്ടു കൊണ്ടുപോകാനും കഴിഞ്ഞു എന്നതും ശ്രദ്ധേയം. യൂത്ത് വോളന്ററിയർമാർക്ക് അവസരമൊരുക്കിയതും സംഘടനാരംഗത്തെ പൊൻതൂവലായി. ചാരിറ്റി പ്രവർത്തനം , സാഹിത്യ പരിപാടികൾ, പ്രളയ സഹായം എന്നിവയ്ക്കെല്ലാം തന്നെ മാപ്പിലൂടെ നേതൃത്വം നൽകി
അനു സ്‌കറിയയുടെ നയപരമായ നേതൃത്വവും, ബന്ധങ്ങൾ സൃഷ്‌ടിക്കാനുള്ള കഴിവും ഫോമയിലും ശ്രദ്ധിക്കപ്പെട്ടു. 2018 ൽ മികച്ച ദമ്പതികളെ കണ്ടെത്തുന്ന മത്സരത്തിന്റെ കോ-ഓർഡിനേറ്റർ ആയപ്പോൾ ഏറ്റവും മികച്ച ഒരു ടീമിനെ കോർത്തിണക്കി നടത്തിയ പരിപാടി ഏറെ പ്രശംസ പിടിച്ചുപറ്റുകയും 2018 ലെ ഫോമാ എക്സിക്യൂട്ടിവിന്റെ അഭിമാന നിമിഷങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.
2018 - 2020 പ്രളയ കാലത്ത് ഫോമ ചാരിറ്റിയിലേക്ക് 24000 ഡോളറോളം സൗഹൃദ ബന്ധങ്ങളിൽ കൂടിയും ഫോമയിൽ അംഗത്വമില്ലാത്ത സൗഹൃദ കൂട്ടായ്മകളിൽ നിന്നുമായി സമാഹരിച്ചു.
2019 മുതൽ 2020 വരെ ഫിലാഡൽഫിയയിലെ അസൻഷൻ മാർത്തോമ്മാ പള്ളിയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 2023 മുതൽ 2026 വരെ വടക്കേ അമേരിക്ക മാർത്തോമ്മാ ഡയോസിസിന്റെ സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
2020-2022 ൽ ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ യൂത്ത് ഫോറം പ്രവർത്തനനിരതമായത് അനു സ്കറിയ സ്ഥാനം ഏറ്റെടുത്തതോടെയായിരുന്നു.
ഫോമയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയകരമായി നടന്നപ്പോൾ ഫോമ ഇലക്ഷൻ കമ്മീഷണർമാരിൽ ഒരാളായിരുന്നു. 2025ൽ ഫോമാ സമ്മർ ടു കേരള കോർഡിനേറ്റർ ആയി വേനലവധിക്കാലം അവിസ്മരണീയമാക്കാൻ അമേരിക്കയിൽ ജീവിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും കേരളത്തിൽ എന്തൊക്കെ ഒരുക്കണമെന്നതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് അദ്ദേഹം.
ഐടി ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുന്ന അനു സ്കറിയ, നിലവിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (MAP-മാപ്) ബോർഡ് ഓഫ് ട്രസ്റ്റി അംഗമാണ്. പിതാവ് സ്കറിയ ഉമ്മൻ ഫോമായുടെ കരുത്തുറ്റ അംഗസംഘടനകളിൽ ഒന്നായ 'മാപ്പിന്റെ' വളർച്ചയ്ക്കുവേണ്ടി നൽകിയിരുന്ന പിന്തുണ കണ്ടുവളർന്ന മകൻ, സംഘടനയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ അമ്മ ലിസിക്കുട്ടി സ്കറിയയ്ക്ക് നൂറു ശതമാനം ഉറപ്പുണ്ട്. ഭാര്യ ഡോ. ആൻസി സ്കറിയ; മക്കളായ അബിഗെയ്ൽ ആൻമേരി സ്കറിയ, അയ്ഡൻ തോമസ് സ്കറിയ, അലക്സാണ്ട്ര എലിസബത്ത് സ്കറിയ എന്നിവരും മാനസികമായ പിന്തുണയുമായി അനു സ്കറിയയ്‌ക്കൊപ്പമുണ്ട്. പിതാവ് 2019 ൽ വിടവാങ്ങി. പിതാവുതന്നെയാണ് പൊതുരംഗത്തേക്കുള്ള അനുവിന്റെ മാർഗദർശി.
അമേരിക്കയിലെ മലയാളി സംഘടനകൾ ഒന്നാം തലമുറയുടെ ഗൃഹാതുരതയ്ക്കപ്പുറം പ്രായഭേദമന്യേ കമ്മ്യൂണിറ്റി സേവനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതീകമായി നിലകൊള്ളുന്ന ഒന്നാണെന്ന് പുതുതലമുറയെക്കൂടി ബോധ്യപ്പെടുത്താൻ ഇതുപോലുള്ളവർ നേതൃനിരയിലേക്ക് കടന്നുവരേണ്ടത് അനിവാര്യമാണ്.