Image

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്‌ഘാടനം മാർച്ച് 1 ശനി 5-ന് എൽമോണ്ടിൽ

മാത്യുക്കുട്ടി ഈശോ Published on 27 February, 2025
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്‌ഘാടനം മാർച്ച് 1 ശനി 5-ന് എൽമോണ്ടിൽ

ന്യൂയോർക്ക്:   ഫോമാ  ന്യൂയോർക്ക് മെട്രോ റീജിയൻറെ 2024-2026    പ്രവർത്തനോദ്ഘാടനം മാർച്ച് 1 ശനി വൈകിട്ട് 5 മണിക്ക്   എൽമോണ്ടിലെ  സെൻറ് വിൻസെൻറ് ഡീപോൾ   ആഡിറ്റോറിയത്തിൽ (St. Vincent DePaul Malankara Catholic Cathedral, 1500 DePaul Street, Elmont, NY 11003) നടത്തും.

ഫോമാ നാഷണൽ നേതാക്കളെ കൂടാതെ ന്യൂയോർക്ക് അസ്സംബ്ലിമാൻ  തോമസ് മക്കെവിറ്റ്, ടൌൺ ഓഫ് നോർത്ത് ഹെംപ്സ്റ്റഡ് സൂപ്പർവൈസർ ജെന്നിഫർ ഡിസേന, ന്യൂയോർക്ക് പോലീസ്  ഇൻസ്‌പെക്ടർ ഷിബു മധു എന്നിവർ മുഖ്യാതിഥികളായിരിക്കും.

സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുന്നതായി റീജിയണൽ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വ പ്രസ്താവിച്ചു. ന്യൂയോർക്ക് സിറ്റി,  നാസ്സോ കൗണ്ടി, സഫൊക് കൗണ്ടി എന്നീ ഭാഗങ്ങളിലുള്ള 11 മലയാളീ സംഘടനകൾ ചേരുന്നതാണ് ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ.  പതിനൊന്ന് സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഘാടക സമിതിയാണ് ഉദ്ഘാടന സമ്മേളനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നത്.

ഫോമാ നാഷണൽ പ്രസിഡൻറ് ബേബി മണക്കുന്നേൽ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കും. അസ്സംബ്ലിമാൻ മക്കെവിറ്റ് മുഖ്യപ്രഭാഷണവും ടൌൺ സൂപ്പർവൈസർ ജെന്നിഫർ വിമൻസ് ഫോറം ഉദ്ഘാടനവും നടത്തും. . ഫോമാ മെട്രോ റീജിയൻറെ പുതിയ വെബ്സൈറ്റിൻറെ പ്രകാശനവും ചടങ്ങിൽ നടത്തപ്പെടും.

ന്യൂയോർക്ക്  പോലീസിൽ ഇൻസ്‌പെക്ടർ പദവിയിലെത്തുന്ന ആദ്യ  മലയാളിയായ ഷിബു മധുവിനെ ചടങ്ങിൽ ആദരിക്കുന്നതാണ്.  അസ്‌പെൻ യൂണിവേഴ്സിറ്റിയിൽ നിന്നും ക്രിമിനൽ ജസ്റ്റീസിൽ ബിരുദം നേടിയ ഷിബു മധു 2007-ൽ  ഓഫീസർ  ആട്ടി.  2013-ൽ സെർജൻറ്, 2016-ൽ ലെഫ്റ്റനൻറ്, 2018-ൽ ക്യാപ്റ്റൻ, 2021-ൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ എന്നീ നിലകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് 2024 ഡിസംബറിൽ പോലീസ് ഇൻസ്‌പെക്ടർ പദവിയിലേക്ക് ഉയർത്തപ്പെടുകയായിരുന്നു. ചെന്നിത്തല ചെറുകോൽ വെന്നിയിൽ കുടുംബാംഗമായ മധു പിള്ള - ലത ദമ്പതികളുടെ മൂത്ത മകനാണ്.  

ഫോമാ നാഷണൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ്   സെക്രട്ടറി പോൾ പി ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ, ന്യൂയോർക്ക് മെട്രോ റീജിയണിൽ നിന്നുള്ള നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളും അംഗ സംഘടനകളുടെ  ഭാരവാഹികളും സമീപ പ്രദേശത്തെ ഫോമാ റീജിയൺ ഭാരവാഹികളും  മറ്റ് സുഹൃത്തുക്കളുമായി ധാരാളം പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

വിവിധ അംഗസംഘടനകളിലെ കലാകാരന്മാരുടെ കലാപരിപാടികളും, നൂപുര ഡാൻസ് അക്കാഡമിയുടെ ഡാൻസുകളും സംഗീത പരിപാടികളും വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നും പരിപാടിക്ക് കൊഴുപ്പേകും. പ്രവേശനം സൗജന്യമാണ്. എല്ലാവരെയും ഉദ്ഘാടന വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി  ആർ.വി.പി. മാത്യു ജോഷ്വാ, റീജിയൺ  സെക്രട്ടറി ബോബി, ട്രെഷറർ ബിഞ്ചു ജോൺ എന്നിവർ സംയുക്തമായി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക