ന്യൂയോർക്ക് : ഫോമാ നേതാക്കളുടെയും പ്രവർത്തകരുടെയും വലിയ സാന്നിധ്യം കൊണ്ടും മനം കവർന്ന കലാപരിപാടികൾ കൊണ്ടും ഫോമാ മെട്രോ റീജിയന്റെ പ്രവർത്തനോദ്ഘാടനം ഹൃദ്യമായി.
ഉദ്‌ഘാടനം നിർവഹിച്ച ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ തങ്ങൾ സ്ഥാനമേറ്റ നാല് മാസത്തിനുള്ളിൽ നടപ്പാക്കിയ കാര്യങ്ങൾ വിശദീകരിച്ചു. വിവിധ ആശുപതികളുമായി സഹകരിച്ച് മെഡിക്കൽ പ്രിവിലേജ് കാർഡ് നടപ്പിലാക്കുന്നതാണ് ഒന്ന്. തിരുവല്ല പുഷപഗിരി മെഡിക്കൽ കോളജ് ആശുപതിയുടെ കാർഡ് നിലവിൽ ലഭ്യമായി. കോട്ടയം കാരിത്താസ്, തൊടുപുഴ സ്മിത മെമ്മോറിയൽ, ആസ്റ്റർ മെഡ്‌സിറ്റി, തുടങ്ങിയ ആശുപതികളുമായും ധാരണയായിട്ടുമുണ്ട്. നമ്മൾ കാർഡ് നൽകുന്ന നമ്മുടെ നാട്ടിലെ ബന്ധുക്കൾക്ക് പ്രത്യേക ഇളവുകളും മാറ്റ് ആനുകൂല്യങ്ങളുമുണ്ട്. സമീപസ്ഥലങ്ങളിൽ ആണെങ്കിൽ അടിയന്തരഘട്ടത്തിൽ ഡോക്ടറടക്കമുള്ള മെഡിക്കൽ സംഘം വീട്ടിൽ വന്നു ചികിത്സ നൽകും.
നാലുമാസത്തിനിടയിൽ ആറ് റീജിയനുകളുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കുവാനായി . ഹെല്പിങ് ഹാൻഡ്‌സിന്റെ പദ്ധതിക്കായി 2,55,000 രൂപ കൊടുത്തതായും വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിലും ചാരിറ്റി പ്രവർത്തനങ്ങൾ നടന്നതായും മണക്കുന്നേൽ പറഞ്ഞു.
ഫോമായുടെ ഫാമിലി കൺവൻഷൻ 2026 ജൂലൈ 30,31 ഓഗസ്റ്റ് 1,2 തീയതികളിൽ ഹൂസ്റ്റണിൽ വച്ച് നടക്കും . ഈ സെപ്റ്റംബറിൽ വിമൻസ് സമ്മിറ്റും നടക്കും. 2026 ജനുവരി 9 ന് കോട്ടയം വിൻസർ കാസിലിൽ വച്ച് കേരള കൺവൻഷൻ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോമാ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണെന്നും വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളിലടക്കം ഈ അച്ചടക്കം ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും വായിക്കാവുന്ന തരത്തിലുള്ള മെസേജുകൾ അല്ലാത്തപക്ഷം അത് അയയ്ക്കുന്നവരെ ഗ്രൂപ്പുകളിൽ നിന്ന് റിമൂവ് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി.
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയന്റെ ഉദ്ഘാടനച്ചടങ്ങ് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചതിന് ആർ.വി.പി മാത്യു ജോഷ്വ, എബ്രഹാം ഫിലിപ്പ്, ജോസ് വർഗീസ്, നാഷണൽ .സെക്രട്ടറി കൂടിയായ പോൾ ജോസ് തുടങ്ങിയവരുടെ ടീമിന് ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ് അഭിവാദ്യങ്ങൾ അർപ്പിച്ചു. ന്യൂയോർക്ക് മെട്രോ റീജിയൻ ഫോമായേ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട റീജിയൻ ആണെന്നും അമേരിക്കൻ മലയാളി സംഘടനകളിൽ ഏറ്റവും പ്രായംകൂടിയ കേരള സമാജവും (സ്ഥാപിതമായിട്ട് 52 വർഷം) ഏറ്റവും പ്രായം കുറഞ്ഞ സംഘടനയായ ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷനും ഇതേ റീജിയനിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ റീജിയണിലെ 11 അസോസിയേഷനുകൾക്കും നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിൽ അദ്ദേഹം അഭിവാദ്യം അർപ്പിച്ചു.
പിന്നോട്ട് നോക്കിയാൽ, ഫോമായിലെ നിരവധി നേതാക്കളെ സംഭാവന ചെയ്ത റീജിയനാണ് ന്യൂയോർക്ക് മെട്രോ റീജിയനെന്ന് കാണാമെന്ന് ഫോമാ ട്രഷറർ സിജിൽ പാലക്കലോടി അഭിപ്രായപ്പെട്ടു. കേരളത്തിലെയും അമേരിക്കയിലെയും കാനഡയിലെയും മലയാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഫോമാ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിലുള്ള പരിപാടികളിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ജനുവരിയിൽ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ്, നോർക്ക ഓഫീസ് എന്നീയിടങ്ങൾ സന്ദർശിക്കുകയും വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിലുള്ള സന്തോഷം സിജിൽ പാലക്കലോടി പങ്കുവച്ചു. 2.5 മില്യണിന്റെ ബജറ്റുമായി മുന്നോട്ടു പോകുമ്പോൾ ഫോമായ്ക്ക് ഓരോ അംഗങ്ങളുടെയും പിന്തുണയും സഹകരണവും ആവശ്യമാണെന്ന് ട്രഷറർ ഓർമ്മിപ്പിച്ചു.
ജെ എഫ് കെ എയർപോർട്ടിൽ ആണ് മിക്ക മലയാളികളും അമേരിക്കൻ മണ്ണിൽ ആദ്യമായി കാലുകുത്തുന്നതെന്നും അതിനാൽ തന്നെ ഈ റീജിയൻ സുപ്രധാനമാണെന്നും ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് അഭിപ്രായപ്പെട്ടു. മലയാളികൾ സ്വപ്നംകണ്ട അമേരിക്കയിൽ ന്യൂയോർക്കാണ് എന്നും നിറഞ്ഞുനിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചോദിച്ച് മുൻപ് വന്നപ്പോൾ ഒപ്പംനിന്ന് വിജയിപ്പിച്ച ഓരോരുത്തർക്കും വൈസ് പ്രസിഡന്റ് നന്ദി അറിയിച്ചു. ഫോമായുടെ ചരിത്രത്തിൽ സ്വർണ്ണലിപികളിൽ കുറിക്കാൻ പോകുന്ന രണ്ടുവർഷങ്ങളായിരിക്കും ഇതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഏവരുടെയും പ്രതീക്ഷയ്‌ക്കൊത്ത് പ്രവർത്തിക്കാൻ എന്നും ശ്രമിച്ചുകൊണ്ടേയിരിക്കുമെന്ന് ജോ. സെക്രട്ടറി പോൾ ജോസ് ഉറപ്പുനൽകി. എവിടെ പിഴവ് കണ്ടാലും അത് ചൂണ്ടിക്കാണിക്കണമെന്നും അത് തിരുത്തി മുന്നേറുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഫോമായുടെ നേതൃത്വത്തിൽ തിരുവല്ലയിൽ ഒരു ഹൗസിങ് പ്രോജക്ട് നടക്കുന്നുണ്ടെന്നും ഏപ്രിലിൽ മറ്റൊരു ഹൗസിങ് പ്രോജക്ട് നടക്കാനിരിക്കുകയാണെന്നും ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ പറഞ്ഞു. വനിതാ സംരംഭക കൂടിയായ അവർ സ്ത്രീകളും കുട്ടികളും കൂടുതലായി ഫോമായുടെ ഭാഗമാകണമെന്ന് അഭ്യർത്ഥിച്ചു. അത് സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു. ജൂലീ ബിനോയിയുടെ നേതൃത്വത്തിൽ വിമൻസ് സമ്മിറ്റിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അവർ പറഞ്ഞു.
ആർ.വി.പി. മാത്യു ജോഷ്വയുടെ പ്രസംഗത്തിൽ ചാരിറ്റിക്ക് സംഘടനാ നൽകുന്ന പ്രാധാന്യം എടുത്തു പറഞ്ഞു. ഒരാൾ 10 ഡോളർ ഒരു മാസം തന്നാൽ അടുത്ത പതിനഞ്ചു മാസം കൊണ്ട് അത് 150 ഡോളറാകും. അത്തരം 50 പേര് വന്നാൽ തന്നെ 7500 ഡോളർ സമാഹരിക്കാനാകും.
ന്യു യോർക്ക് സിറ്റി പോലീസിൽ ഇൻസ്‌പെക്ടർ റാങ്കിൽ എത്തുന്ന ആദ്യ മലയാളി ഷിബു മധുവിനെ ചടങ്ങിൽ പൊന്നാട അണിയിച്ചും ഫലകം നൽകിയും ആദരിച്ചു.
നന്ദി പറഞ്ഞ ഇൻസ്‌പെക്ടർ ഷിബു മധു നാടുമായുള്ള നമ്മുടെ ബന്ധം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
വിവിധ അംഗസംഘടനകളിലെ കലാകാരന്മാരുടെ കലാപരിപാടികളും, നൂപുര ഡാൻസ് അക്കാഡമിയുടെ ഡാൻസുകളും സംഗീത പരിപാടികളും ചടങ്ങ് മനോഹരമാക്കി.
ജെയ്‌സി ചാക്കോ അമേരിക്കൻ ദേശീയഗാനവും നക്ഷത്രയും നവോമികയും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. 'നൂപുര'യുടെ പ്രാരംഭ പ്രാർത്ഥന നൃത്തം ആകർഷകമായി.
റീജിയണൽ സെക്രട്ടറി ബോബി സ്വാഗതവും ആർവിപി മാത്യു ജോഷ്വ ആമുഖ പ്രസംഗവും നടത്തി.
ബിന്ദു തോമസും ബിജു ചാക്കോയും ചേർന്ന് ഫോമ ദേശീയ നേതാക്കളെ വേദിയിലേക്ക് ക്ഷണിച്ചു
ഫോമാ ഹെല്പിങ് ഹാൻഡ്‌സിനെപ്പറ്റി ബിജു ചാക്കോ സംസാരിച്ചു.
റീജിയന്റെ വെബ്‌സൈറ്റ് നാസൊ കൗണ്ടി ലെജിസ്ലേറ്റർ ടോം മക്‌കെവിറ്റ് ഉദ്ഘാടനം ചെയ്തു. ഫോമായുടെ ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം കൂടുതൽ കുടുംബങ്ങളെ കൗണ്ടിയിലേക്കു ക്ഷണിച്ചു. വെബ്സൈറ്റ് തയ്യാറാക്കിയ മാത്യുക്കുട്ടി ഈശോയും പങ്കെടുത്തു.
വനിതാ ഫോറം ഉദ്ഘാടനവും നടന്നു. നൂപ കുര്യൻ സംസാരിച്ചു.
ഫോമാ മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, നോർത്ത് ഹെംപ്സ്റ്റെഡ് സൂപ്പർവൈസർ ജെന്നിഫർ ഡിസേന തുടങ്ങിയവരും സംസാരിച്ചവരിൽ ഉൾപ്പെടുന്നു. അഡ്വൈസറി ബോർഡ് ചെയർ ഷിനു ജോസഫ്, മുൻ പ്രസിഡന്റ് ബേബി ഊരാളിൽ, ബിജു തോണിക്കടവിൽ, തോമസ് ടി. ഉമ്മൻ, മാത്യു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
റീജിയണൽ ചെയർ ഫിലിപ്പോസ് കെ ജോസഫ്, ആർ.വി.പി. മാത്യു ജോഷ്വ, റീജിയൺ സെക്രട്ടറി ബോബി, ട്രെഷറർ ബിഞ്ചു ജോൺ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോസ് വർഗീസ്, ജൂലി ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.