ജോ ബൈഡൻ പ്രസിഡന്റ് ആയിരിക്കെ 2021ൽ അഫ്ഘാനിസ്ഥാനിൽ നിന്നു യുഎസ് സേന പിന്മാറുമ്പോൾ നേരിട്ട ഭീകരാക്രമണത്തിലെ പ്രധാന പ്രതിയെ പിടികിട്ടിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോൺഗ്രസിലെ പ്രസംഗത്തിനിടയിൽ വെളിപ്പെടുത്തി.
കാബൂൾ വിമാനത്താവളത്തിന്റെ ആബി ഗേറ്റിനു സമീപം നടന്ന ആക്രമണത്തിൽ 13 യുഎസ് സൈനികരും 170 അഫ്ഘാൻ സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു.
'രാക്ഷസൻ' എന്നു വിശേഷിപ്പിച്ച പ്രതിയുടെ പേര് ട്രംപ് പറഞ്ഞില്ല. എന്നാൽ മുഹമ്മദ് ഷെറീഫുള്ള എന്ന ഭീകരനെ യുഎസിലേക്കു കൊണ്ടു വരുന്നതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാൻ അയാളെ പിടിക്കാൻ സഹായിച്ചുവെന്നു ട്രംപ് പറഞ്ഞു. ഭീകര പ്രവർത്തനത്തിനു സഹായം നൽകിയെന്നും ഗൂഢാലോചനയ്ക്കു കൂട്ടു നിന്നുവെന്നുമുള്ള കുറ്റങ്ങളാണ് അയാളുടെ മേൽ ചുമത്തുക.
എഫ് ബി ഐ മേധാവി കാഷ് പട്ടേൽ എക്‌സിൽ കുറിച്ചു: "അഫ്‌ഗാനിസ്ഥാനിൽ നിന്നുളള വിനാശകരമായ പിന്മാറ്റത്തിനിടയിൽ ആബി ഗേറ്റിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിലെ ഒരു ഭീകരനെ എഫ് ബി ഐയും ജസ്റ്റിസ് ഡിപ്പാർട്മെന്റും സി ഐ എയും ചേർന്നു പിടികൂടി യുഎസ് നീതി നേരിടാൻ കൊണ്ടുവരുന്നുവെന്നു ഞാൻ അറിയിക്കട്ടെ.
"അമേരിക്കൻ ഹീറോകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതിയോടു ഒരു പടി കൂടി അടുക്കാൻ കഴിഞ്ഞു."
ട്രംപ് പ്രഖ്യാപനം നടത്തുമ്പോൾ പട്ടേലും അറ്റോണി ജനറൽ പാം ബോണ്ടിയും നീണ്ടു നിന്ന കരഘോഷം ഏറ്റു വാങ്ങി.
അഫ്‌ഗാനിസ്ഥാനിൽ നിന്നുളള പിന്മാറ്റം അരാജകത്വമായി മാറിയത് ബൈഡൻ മൂലമാണെന്നു വിമർശിച്ച ട്രംപ്, യുക്രൈൻ ആക്രമിക്കാൻ റഷ്യയ്ക്കു ധൈര്യം കിട്ടിയത് അങ്ങിനെയാണെന്നു കൂടി പറഞ്ഞു.
ഷെറീഫുള്ളയുടെ നീക്കങ്ങൾ പാക്ക് സഹായത്തോടെ സി ഐ എ നിരീക്ഷിച്ചു വരികയായിരുന്നുവെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്ക്-അഫ്ഘാൻ അതിർത്തിയിൽ നിന്ന് അയാളെ പിടിക്കാൻ ഇസ്ലാമാബാദ് അവരുടെ മികച്ച യൂണിറ്റുകളിൽ ഒന്നിനെ തന്നെ അയച്ചു.
പിടിച്ചതായി 10 ദിവസം മുൻപ് പാക്കിസ്ഥാൻ യുഎസിനെ അറിയിച്ചു.
US nets terrorist in Abbey Gate massacre