Image

ലണ്ടൻ മലയാള സാഹിത്യവേദിയുടെ  പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; മാടവന ബാലകൃഷ്‌ണ പിള്ള, ഡോ. അജി പീറ്റർ, ഡോ. ജെ. രത്‌നകുമാർ പുരസ്‌കാര ജേതാക്കൾ

രാജേഷ് നാലാഞ്ചിറ   Published on 06 March, 2025
ലണ്ടൻ മലയാള സാഹിത്യവേദിയുടെ  പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; മാടവന ബാലകൃഷ്‌ണ പിള്ള, ഡോ. അജി പീറ്റർ, ഡോ. ജെ. രത്‌നകുമാർ പുരസ്‌കാര ജേതാക്കൾ



കല സാഹിത്യ സാംസ്‌കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ചു ലണ്ടൻ മലയാള സാഹിത്യവേദി   നൽകി വരുന്ന പുരസ്‌കാരങ്ങൾക്ക്  പ്രസിദ്ധ പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള, യുകെയിലെ കലാരംഗത്തും സാംസ്‌കാരിക രംഗത്തും പ്രസിദ്ധനായ ഡോ. അജി പീറ്റർ, ഓമനിലെ മലയാള മിഷൻ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ഡോ. ജെ രത്‌നകുമാർ എന്നിവർ അർഹരായി. 

പുരസ്‌കാരങ്ങൾ 2025 ഏപ്രിൽ 12 ന് വൈകുന്നേരം 4 മണിയ്ക്ക് കോട്ടയം
ഐ എം എ ഹാളിൽ ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട്  അദ്ധ്യക്ഷത വഹിക്കുന്ന പുരസ്‌കാര സന്ധ്യ 2025 എന്ന പ്രോഗ്രാമിൽ  പ്രമുഖ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ സാന്നിധ്യത്തിൽ നൽകുന്നതായിരിക്കും.

കോട്ടയം സ്വദേശിയായ മാടവന ബാലകൃഷ്‌ണ പിള്ള കല സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പകരം വെക്കാനാവാത്ത വ്യക്തിയാണ്. 41 വർഷക്കാലം മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ കോളമിസ്റ്റ് ആയിരുന്നു. 'തിരക്കിനിടയിൽ ' എന്ന തന്റെ കോളം വളരെ പ്രസിദ്ധമാണ്. ഏകദേശം 15000 ലേഖനങ്ങളും 8 പുസ്തകങ്ങളും രചിച്ച മാടവന ബാലകൃഷ്‌ണ പിള്ള 25 വർഷം ജേർണലിസം അധ്യാപകനും ഗാന്ധിജി യൂണിവേഴ്സിറ്റി അടക്കം നിരവധി കലാശാലകളിൽ സ്കൂൾ ഓഫ് ജേർണലിസം വിഭാഗ മേധാവിയും ആയിരുന്നു.

  യുകെയിലെ ബേസിംഗ് സ്റ്റോക്ക് ബറോ മുൻ കൗൺസിലറും,  ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന പ്രഭാഷകനും പ്രമുഖ സംരംഭകനും   കൂടിയായ ഡോ. അജി പീറ്റർ  നിരവധി നാടകങ്ങൾക്കും സംഗീത ആൽബങ്ങൾക്കും രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ടു. നല്ലൊരു അഭിനേതാവും കൂടിയായ അജി പീറ്റർ കലാ പ്രവർത്തങ്ങൾക്ക് ഒപ്പം സാമൂഹ്യ രംഗത്തും വളരെ സജീവമായി ഇടപെടുന്നു.
 
കേരളത്തിൽ കണ്ണൂർ സ്വദേശിയായ ഡോ. ജെ രത്‌നകുമാർ ഒമാനിൽ താമസിക്കുന്നു. ഇൻഷുറൻസ് മേഖലയിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച അദ്ദേഹം
 നിരവധി പുരസ്‌കാരങ്ങൾ ആ രംഗത്ത് നേടിയിട്ടുണ്ട്. വർഷങ്ങളായി  സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. നിരവധി പ്രസ്ഥാനങ്ങളുടെ
 അമരക്കാരനായ അദ്ദേഹം നിലവിൽ ലോക കേരള സഭാംഗവും മലയാള മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റായും വേൾഡ് മലയാളി ഫെഡറെഷൻ ഗ്ലോബൽ
 ചെയർമാനായും പ്രവർത്തിക്കുന്നു.

പുരസ്‌കാര സന്ധ്യ 2025 ന്റെ  പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്  ലണ്ടൻ മലയാള സാഹിത്യവേദി പ്രോഗ്രാം കോർഡിനേറ്റർ ജിബി ഗോപാലൻ കേരളത്തിലെ പ്രോഗ്രാം കോർഡിനേറ്റർ സന്തോഷ് ഫിലിപ്പ് നന്തികാട്ട് എന്നിവരാണ് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക