Image

ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം ചരിത്രമുഹൂര്‍ത്തമായി

മാത്യുക്കുട്ടി ഈശോ Published on 07 March, 2025
ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം ചരിത്രമുഹൂര്‍ത്തമായി

ന്യൂയോര്‍ക്ക്:  2025 മാര്‍ച്ച് ഒന്നാം തീയതി ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ ചരിത്രത്താളുകളില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട മുഹൂര്‍ത്തങ്ങളായി മാറി. വൈവിധ്യമാര്‍ന്ന പരിപാടികളാലും നേതൃ നിരകളുടെ മഹനീയ സാന്നിദ്ധ്യത്താലും വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നിനാലും തിങ്ങി നിറഞ്ഞ സദസ്സിനാലും പങ്കെടുത്ത ഏവര്‍ക്കും ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന അസുലഭ മുഹൂര്‍ത്തങ്ങളായി മാറി പ്രവര്‍ത്തനോദ്ഘാടനം. എല്‍മോണ്ടിലുള്ള സെന്റ് വിന്‍സെന്റ് ഡീപോള്‍ മലങ്കര കാത്തലിക്ക് കത്തീഡ്രലിന്റെ വിശാലമായ ഓഡിറ്റോറിയം ആ സുന്ദര നിമിഷങ്ങള്‍ക്ക്  മൂകസാക്ഷിയായി. നൂപുര ഡാന്‍സ് അക്കാഡമിയുടെ നയനമനോഹര നൃത്തനൃത്യങ്ങളും ന്യൂജേഴ്‌സിയിലെ ധോ മ്യൂസിക് ട്രൂപ്പിന്റെ അടിപൊളി സംഗീത വിരുന്നും കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്  നോര്‍ത്ത് അമേരിക്കയുടെ ഹാസ്യാവതരണവും, അംഗ സംഘടനകളിലെ കലാകാരികളുടെ മറ്റ് കലാപരിപാടികളും പങ്കെടുത്ത ഏവരെയും ആനന്ദത്തിമിര്‍പ്പിലാക്കി.

ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, മുഖ്യാതിഥി നാസ്സോ കൗണ്ടി ലജിസ്ലേറ്റര്‍ തോമസ് മക്കെവിറ്റ്, മറ്റൊരു അതിഥിയായ ന്യൂയോര്‍ക്ക് പോലീസ് ഇന്‍സ്പെക്ടര്‍ ഷിബു മധു, ഫോമാ നാഷണല്‍ നേതാക്കളായ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, നാഷണല്‍ കമ്മറ്റി അംഗങ്ങളായ ജോസ് വര്‍ഗ്ഗീസ്, എബ്രഹാം ഫിലിപ്പ്, ഫോമാ മുന്‍ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ആര്‍.വി.പി. മാത്യു ജോഷ്വ, റീജിയണല്‍ സെക്രട്ടറി ബോബി, റീജിയണല്‍ ട്രഷറര്‍ ബിഞ്ചു ജോണ്‍, വിവിധ കമ്മറ്റി അംഗങ്ങള്‍, അസ്സോസ്സിയേഷന്‍ പ്രസിഡന്റുമാര്‍,  ഫോമയുടെ മുന്‍കാല ചുമതലക്കാര്‍ തുടങ്ങി വന്‍ നിര നേതാക്കള്‍ എല്ലാവരും ചേര്‍ന്ന് വേദി നിറഞ്ഞ് നിന്ന് 'തമസ്സോമാ ജ്യോതിര്‍ഗ്ഗമയാ...' ഗാനത്തിന്റെ അകമ്പടിയോടെ നിലവിളക്ക് കൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നടത്തിയപ്പോള്‍ ചടങ്ങില്‍ പങ്കെടുത്ത  നൂറുകണക്കിന് സംഘടനാ അംഗങ്ങള്‍ ഹര്‍ഷാരവത്തോടെ ഉദ്ഘാടനത്തിന് ദൃക്‌സാക്ഷികളായി.

റീജിയണല്‍ സെക്രട്ടറി മാത്യു കെ ജോഷ്വ (ബോബി) ചടങ്ങില്‍ പങ്കെടുത്ത ഏവരെയും ഹൃദയത്തിന്റെ ഭാഷയില്‍ സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് മാത്യു ജോഷ്വ മെട്രോ റീജിയണ്‍ അടുത്ത പതിനഞ്ചു മാസക്കാലം നടപ്പിലാക്കുവാന്‍ ആഗ്രഹിക്കുന്ന പദ്ധതികളെപ്പറ്റി വിശദീകരിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ സഹായിക്കണമെന്ന ആഗ്രഹത്തോടെ 'മെട്രോ ചാരിറ്റി ബഡ്ഡീസ്' എന്ന പേരില്‍ ഒരു പ്രൊജക്റ്റ് ആരംഭിക്കുന്നതായി ആര്‍.വി.പി. പ്രസ്താവിച്ചു. പദ്ധതിയില്‍ പങ്കുചേരുവാന്‍ താല്പര്യമുള്ള ഒരു വ്യക്തിയില്‍ നിന്നും മാസം പത്തു ഡോളര്‍ വീതം ശേഖരിച്ച് പതിനഞ്ചു മാസം കൊണ്ട് ഒരാളില്‍ നിന്നും 150 ഡോളര്‍ എന്ന കണക്കില്‍ ചുരുങ്ങിയത് 50 പേരില്‍ നിന്നെങ്കിലും തുക സമാഹരിച്ച് അര്‍ഹതപ്പെട്ടവരെ സഹായിക്കണമെന്നതാണ് പദ്ധതിയുടെ ഉദ്ദേശമെന്നും മാത്യു ജോഷ്വ പ്രസ്താവിച്ചു. അതിന്റെ ഭാഗമായി പ്രസ്താവന നടത്തി അര മണിക്കൂറിനുള്ളില്‍ സദസ്സിലുണ്ടായിരുന്ന ഒരു വ്യക്തി 200 ഡോളര്‍ പ്രസ്തുത പദ്ധതിയിലേക്ക് സംഭാവന നല്‍കി.

നാഷണല്‍ പ്രസിഡന്റ്  ബേബി മണക്കുന്നേലും, സെക്രട്ടറി ബൈജു വര്‍ഗ്ഗീസും ട്രഷറര്‍ സിജില്‍ പാലക്കലോടിയും ഫോമായുടെ അടുത്ത വര്‍ഷത്തേക്കുള്ള  പരിപാടികള്‍ വിശദീകരിച്ചു. ഏകദേശം രണ്ടര മില്യണ്‍ ഡോളറിന്റെ വിവിധ പദ്ധതികളാണ് വിഭാവന ചെയ്യുന്നതെന്ന് ട്രഷറര്‍ സിജില്‍ പ്രസ്താവിച്ചു. കഴിഞ്ഞ മാസം കേരളത്തിലെ വിവിധ ആശുപത്രികളുടെ സഹകരണത്തോടെ നടപ്പിലാക്കിയ മെഡിക്കല്‍ കാര്‍ഡിന്റെ ഗുണ വിശേഷങ്ങള്‍ ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ് സദസ്സില്‍ അവതരിപ്പിച്ചു. തിരുവല്ലാ പുഷ്പഗിരി ആശുപത്രിയുമായി ഫോമാ ധാരണാ പത്രം ഒപ്പുവച്ച് ലഭിച്ച മെഡിക്കല്‍ കാര്‍ഡുകള്‍ പ്രസിഡന്റ് ബേബി ആര്‍. വി. പി. മാത്യുവിന് നല്‍കി.

ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ പുതുതായി രൂപകല്‍പ്പന ചെയ്ത വെബ്‌സൈറ്റ് പ്രകാശനം മുഖ്യ അതിഥി നസ്സോ കൗണ്ടി ലജിസ്ലേറ്റര്‍ തോമസ് മക്കെവിറ്റ് നിര്‍വ്വഹിച്ചു. ഫോമായുടെ പ്രവര്‍ത്തനങ്ങളും പ്രൊജെക്ടുകളും കേട്ട് മനസ്സിലാക്കിയ ലജിസ്ലേറ്റര്‍ മക്കെവിറ്റ് സംഘടനയുടെ പ്രവര്‍ത്തനം നസ്സോ കൗണ്ടിയിലേക്ക് കേന്ദ്രീകരിക്കുവാന്‍ അഭ്യര്‍ഥിച്ചു. വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്യുന്നതിന് സഹായിച്ച ഫോമാ മെട്രോ റീജിയണ്‍  പി.ആര്‍.ഓ-യും മാധ്യമ പ്രവര്‍ത്തകനുമായ മാത്യുക്കുട്ടി ഈശോയെയും വെബ്സൈറ്റിന് സ്‌പോണ്‍സര്‍ ചെയ്ത് സഹായിച്ച രാജ് ഓട്ടോ സെന്റര്‍ ഉടമ രാജേഷ് പുഷ്പരാജനെയും പ്രത്യേകം അഭിനന്ദിച്ചു. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ ഉന്നത പദവിയായ ഇന്‍സ്പെക്ടര്‍ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായ മലയാളി ഷിബു മധുവിനെ റീജിയണല്‍ ചെയര്‍മാന്‍  ഫിലിപ്പോസ് കെ ജോസഫ് പൊന്നാട അണിയിച്ചും പ്രശംസാ ഫലകം നല്‍കിയും ചടങ്ങില്‍ ആദരിച്ചു.

മെട്രോ റീജിയണ്‍ വിമന്‍സ് ഫോറം ഉദ്ഘാടനം വനിതയും നോര്‍ത്ത് ഹെംപ്സ്റ്റഡ് ടൌണ്‍ സൂപ്പര്‍വൈസറുമായ ജെന്നിഫര്‍ ഡിസേന നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിശിഷ്ട അതിഥിയായി പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിട്ടും ഔദ്യോഗിക തിരക്കിനാല്‍ സാധിക്കാതെ പോയ യു.എസ്. കോണ്‍ഗ്രെസ്സ്മാന്‍ ടോം സ്വാസ്സി നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേലിനും, ആര്‍.വി.പി. മാത്യു ജോഷ്വയ്ക്കും സൈറ്റേഷന്‍ നല്‍കി ആദരവ് പ്രകടിപ്പിച്ചു. ഡെമോക്രറ്റിക് പാര്‍ട്ടി പ്രവര്‍ത്തകനായ വര്‍ഗ്ഗീസ് കളത്തിലാണ് ടോം സ്വാസിയില്‍ നിന്നും സൈറ്റേഷന്‍ ക്രമീകരിച്ചത്. മറ്റ് നാഷണല്‍ നേതാക്കള്‍ക്ക് ടൌണ്‍ സൂപ്പര്‍വൈസര്‍ ജെന്നിഫര്‍ ഡിസേന സൈറ്റേഷന്‍ നല്‍കി ആദരിച്ചു.

ഫോമായുടെ കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫോമാ സ്ഥാപക നേതാക്കളില്‍ ഒരാളും കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റുമായ സജി എബ്രഹാം, മലങ്കര കാത്തലിക്ക് പള്ളി വികാരി ഫാദര്‍ നോബി അയ്യനേത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ന്യൂയോര്‍ക്ക് മെട്രോ റീജിയണിലെ പതിനൊന്ന് അംഗ സംഘടനകളിലെ ഈ വര്‍ഷത്തെ ഔദ്യോഗിക ഭാരവാഹികളെ ചടങ്ങില്‍ പരിചയപ്പെടുത്തി. ഉദ്ഘാടന പരിപാടിയുടെ ചിലവിലേക്ക് വെളിയില്‍ ആരില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാതെ റീജിയണിലെ കമ്മറ്റി അംഗങ്ങള്‍ തന്നെ സാമ്പത്തിക സഹായം ചെയ്താണ് ഈ ചടങ്ങു ക്രമീകരിച്ചത്. അതിന് എല്ലാ കമ്മറ്റി അംഗങ്ങളെയും ആര്‍. വി. പി. മാത്യു ജോഷ്വ അഭിനന്ദിച്ചു.

റീജിയണല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ റാഫിള്‍ ടിക്കറ്റ് സമ്മാനാര്‍ഹരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. റാഫിള്‍ സമ്മാന തുകയായ ഒന്നാം സമ്മാനം 250 ഡോളര്‍, രണ്ടാം സമ്മാനമായ 150 ഡോളര്‍, മൂന്നാം സമ്മനമായ 100 ഡോളര്‍ എന്നിവ സ്‌പോണ്‍സര്‍ ചെയ്ത സി. പി. എ. പിങ്കി തോമസ്, കുട്ടനാടന്‍ സന്തൂര്‍ റസ്റ്റോറന്റ് ഉടമകളായ ജൂബി ജോസ്, ഫെബിന്‍ സൈമണ്‍ തുടങ്ങിയവര്‍ നറുക്കെടുപ്പിനും സമ്മാന ദാനത്തിനും  നേതൃത്വം നല്‍കി.

നാഷണല്‍ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വര്‍ഗ്ഗീസ്, ജൂലി ബിനോയ്, കംപ്ലെയ്ന്‍സ് കൌണ്‍സില്‍ അംഗങ്ങളായ  വര്‍ഗ്ഗീസ്  കെ ജോസഫ്, ജോമോന്‍ കുളപ്പുരക്കല്‍,  ജുഡീഷ്യറി കൌണ്‍സില്‍ അംഗം ലാലി കളപ്പുരക്കല്‍, ബൈലോ കമ്മറ്റി അംഗം സജി എബ്രഹാം, ക്രെഡന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ വിജി എബ്രഹാം, റീജിയണല്‍ ചെയര്‍മാന്‍ ഫിലിപ്പോസ് കെ ജോസഫ്, വൈസ് ചെയര്‍മാന്‍ ജെസ്വിന്‍ ശാമുവേല്‍, ജോയിന്റ് ട്രഷറര്‍ റിനോജ് കോരുത്, കള്‍ച്ചറല്‍  പ്രോഗ്രാംസ് ചെയര്‍ തോമസ് ഉമ്മന്‍ യൂത്ത് ഫോറം ചെയര്‍ അലക്‌സ് സിബി ചാരിറ്റി ചെയര്‍ രാജേഷ് പുഷ്പരാജന്‍ റിക്രിയേഷന്‍ ചെയര്‍ ബേബികുട്ടി തോമസ്, വിമന്‍സ് ഫോറം ചെയര്‍ നൂപാ കുര്യന്‍ ഉപദേശക സമിതി അംഗങ്ങള്‍ കുഞ്ഞു മാലിയില്‍, ചാക്കോ കോയിക്കലേത്ത് തോമസ് ടി ഉമ്മന്‍, പി.ആര്‍. ഓ. മാത്യുക്കുട്ടി ഈശോ, കമ്മറ്റി അംഗങ്ങളായ ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ഷാജി വര്‍ഗ്ഗീസ്, ഷാജി മാത്യു, മാമ്മന്‍ എബ്രഹാം, തോമസ് ജെ പൈക്കാട്ട്, തോമസ് പ്രകാശ്, ജോസി സ്‌കറിയ, ചാക്കോ എബ്രഹാം അംഗ സംഘടനകളിലെ പ്രസിഡന്റുമാര്‍ എന്നിവരുടെ നിസ്സീമമായ സഹകരണത്തിലാണ് പരിപാടി വിജയിപ്പിച്ചത്. ഫോമാ ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ചെയര്‍മാന്‍ ബിജു ചാക്കോ,  റീജിയണല്‍ ജോയിന്റ് സെക്രട്ടറി ഡോ. ബിന്ദു തോമസ് എന്നിവര്‍ മാസ്റ്റര്‍ ഓഫ് സെറിമോണിയായി യോഗത്തെ നിയന്ത്രിച്ചു.  

 

ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം ചരിത്രമുഹൂര്‍ത്തമായിഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം ചരിത്രമുഹൂര്‍ത്തമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക